Sunday, 20 December 2020

പെലയന്‍ തോമ

എന്റെ പിതാവിന്റെ ജന്മസ്ഥലത്തെ വട്ടപ്പേരാണ്.

പെലയനെന്ന് വിളിച്ചത് പുലയസമുദായക്കാരല്ല!റോമന്‍ കാത്തലിക്കായി ജീവിക്കാമായിരുന്നിട്ടും ജാതി നോക്കാതെ സൗഹൃദങ്ങള്‍ സൂക്ഷിച്ചതിന് സവര്‍ണ്ണരെന്ന് സ്വയം അവകാശപ്പെടുന്നവര്‍ പതിച്ചു നല്‍കിയ വിശേഷണമാണ്.കൂട്ടത്തില്‍ കൂടാത്ത കുരങ്ങനോട് വാനരന്‍മാര്‍ കാണിക്കാറുള്ള വെറുപ്പ്!

ആ വിളിയൊക്കെ പോയി.

പിന്നെ വന്നത് ഞാനാണ്!!

സ്കൂളില്‍ ഒന്നും രണ്ടും സ്ഥാനമൊക്കെ വാങ്ങിയിരുന്ന കുറേക്കാലം റാങ്കുള്ളവര്‍ ആയിരുന്നില്ല സുഹൃത്തുക്കള്‍!ചില അദ്ധ്യാപകര്‍ നേരിട്ട് ഉപദേശിച്ചിട്ടുണ്ട്.പഠിക്കുന്നവരുടെ കൂടെ കൂടണം.എന്നാലേ പുരോഗതിയുണ്ടാവൂ.

പഠനമൊക്കെ ഒരു വഴിക്കാക്കി കോര്‍പ്പറേറ്റ് ദുനിയാവിലെത്തി.അവിടേയും സൗഹൃദം സാറമ്മാരില്‍ ഒതുക്കിയില്ല..തീര്‍ച്ചയായും ഉപദേശങ്ങള്‍ ഒരുപാട്.പെലയെന്ന് വിളിക്കാതെ വിളിക്കലുകളും!!

ഒരുപാട് കര്‍മ്മമണ്ഡലങ്ങളില്‍ ബലഹീനപക്ഷത്ത് നിന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ വളരെ സങ്കടത്തോടെ പറയട്ടെ,നേരും നെറിവും പ്രവൃത്തികളില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ ഭൂരിപക്ഷത്താലും വേട്ടയാടപ്പെടും.

നന്മയെന്തെങ്കിലും ഉണ്ടായാല്‍ അത് സ്വീകരിച്ചവര്‍ പോലും അത് പ്രകടിപ്പിക്കുകയില്ല!!

സാമൂഹികനീതി നടപ്പിലാക്കിയതിന് സമൂഹം നെഞ്ചിലേറ്റുന്ന ആപ്പീസറമ്മാരൊക്കെ ഏതെങ്കിലും മസാലപ്പടങ്ങളിലേ ഉണ്ടാവൂ!!ശരിയായ ജീവിതത്തില്‍ അധികാരം അല്‍പ്പം വളഞ്ഞ വഴിയില്‍ ഉപയോഗിക്കുന്നവരേ പിടിച്ചു നില്‍ക്കാറുള്ളൂ.സാറന്മാര്‍ ഏതു വിധേനയും സാറത്തം നിലനിര്‍ത്തണം.

സമത്വം എന്നത് മറ്റൊരു തമാശ!ഞങ്ങള്‍ ദുര്‍ബലരല്ലെന്നു പറഞ്ഞ് മുറവിളി കൂട്ടുന്നവര്‍ പറയുന്നത് അംഗീകരിച്ചാല്‍ അപ്പോള്‍ മുറവിളിയുടെ ദിശ മാറും.ചിന്തകള്‍ ബലപ്പെട്ട കാലം മുതലേ ജാതി,മത,ലിംഗ,പ്രായ ഭേദമന്യേ വ്യക്തിത്തത്തെ സമഭാവനയോടെ വീക്ഷിക്കാന്‍ ശ്രമിച്ചു പോന്ന എനിക്ക് നിഷ്കാസനങ്ങളും ഹ്യുമിലിേഷനുകളും ചതിവുകളുമാണ് ഇന്നോളമുണ്ടായത്.

അഴിമതിയും സ്വജനപക്ഷപാതവുമൊന്നും വിവരിക്കാന്‍ ഇപ്പോള്‍ ഊര്‍ജ്ജം അവശേഷിക്കുന്നില്ല.

സാമാന്യജനത്തിന്റെ പ്രവൃത്തികള്‍ അവരുടെ സൂക്തങ്ങള്‍ക്കെതിരെ ചരിക്കുന്നു എന്ന ദുഃഖസത്യം മനസ്സിലാവാറുണ്ടെങ്കിലും പെലയനായി(?) തുടരാന്‍ എന്തോ ഇഷ്ടമാണ്!ന്യായ അന്യായങ്ങളുടെ തുലാസ്സില്‍ എന്റെ ജീവിതം ആടുമ്പോള്‍ എല്ലാവരും -അഴിമതിക്കാരനും അഴിമതിയുടെ ദൂഷ്യഫലമേറ്റ് ജീവിതത്തിന്റെ ഗതി മാറിയവനും  എല്ലാം - എന്റെ രക്തത്തിനായി ആക്രോശിക്കാറാണ്.എങ്കിലും ഇതൊക്കെ ഏതെങ്കിലും വിധേന തുടരുക തന്നെ ചെയ്യും. മനുഷ്യനോടൊപ്പം നീങ്ങല്‍ എന്റെ തീരുമാനമാണ്..ആര് തള്ളിപ്പറഞ്ഞാലും...ഏത് വാനരന്‍ വാനരസംഹിത ഉദ്ധരിച്ചാലും

Tuesday, 15 December 2020

നാമം

പേരായ ശബ്ദം നാമം!

"ചീച്ചീ,ഈ സീറ്റ്..ഇന്റയാനെന്ന് തോന്നുന്നു"മലയാളം സംസാരിച്ചു വലിയ ശീലമില്ലാത്ത ഒരാളുടെ ശൈലി പോലെ തോന്നിയതിനാല്‍ ഞാനും തലയുയര്‍ത്തി നോക്കി.യൂറോപ്പിലെവിടെയോ ജനിച്ചു വളര്‍ന്ന മലയാളി വേരുകളുള്ള ഒരു ചെറുപ്പക്കാരന്‍ എന്നു വ്യക്തം.മാന്യതയും കൗതുകവും സ്ഫുരിക്കുന്ന മുഖവും ആകാരവും.

"ആ...അപ്പറത്ത് ആദ്യം വെയിലാരുന്നു കെട്ടോ. അതാ മാറിയിരുന്നെ.മോനിരുന്നോ!"ചേച്ചി സമാധാനപ്രിയയാണ്.അതോ പകുതി സായിപ്പിനെ കണ്ടപ്പോള്‍ പകുതി കവാത്ത് മറന്നതോ.

"താങ്ക്സ് ചീച്ചീ..പേരെന്റാ?"

"എന്തുവാ മോനേ?"

"പേര്..പേര്!"

"പേര് ഓമന!"

"നല്ല പേരാനല്ലോ!ഓമന മീന്‍സ് ഡിയര്‍ അല്ലേ?"

"അതേ..പണ്ടത്തെ പേരുകളൊക്കെ അങ്ങിനെയാണ്.വലിയ പാരമ്പര്യത്തിന്റെ തലക്കനം പേറാത്ത എല്ലാ സംസ്കാരങ്ങളിലേയും പേരുകള്‍ ഇതുപോലെ സ്വീറ്റ് എന്‍ സിമ്പിളായിരിക്കും.ശ്രദ്ധിച്ചിട്ടുണ്ടോ?!"ഉത്തരം പറഞ്ഞത് ഞാനാണ്.ഓമനച്ചേച്ചി ചിരിച്ചുകൊണ്ടിരുന്നതേ ഉള്ളൂ.

"ആഹാ.അങ്കിളിനിതിനെക്കുരിച്ചി നല്ല അരിവുണ്ടെന്നു തോന്നുന്നു!"ചെറുപ്പക്കാരന്‍ എന്നെ സംസാരിപ്പിക്കാനുള്ള ശ്രമത്തിലാണ്.ഞാനും ആഗ്രഹിക്കുന്നത് അതു തന്നെ!

"നല്ല അറിവൊന്നുമില്ല.കുറച്ചൊക്കെ കണ്ടും കേട്ടും വായിച്ചും സംസാരിച്ചും ഓര്‍ത്തു വെച്ച ചില കാര്യങ്ങളുണ്ട്.അത്ര മാത്രം!"

"പരയൂ"


"നോമന്‍ക്ളേച്ചര്‍ അഥവാ നാമകരണശാസ്ത്രത്തെ എനിക്കു മനസ്സിലായതുപോലെ,പറഞ്ഞു ഫലിപ്പിക്കാനുള്ള എളുപ്പത്തിന് രണ്ടായി തിരിക്കാം.ഒന്ന് മാക്സിമം നന്മ വാരിപ്പൂശിയ പേരുകള്‍,രണ്ടാമത്തേത് പുച്ഛത്തില്‍ നിന്നും ഭയത്തില്‍ നിന്നും ഉണ്ടാവുന്നത്!"

"വൗ"

"ശാസ്ത്രത്തിലെ പല പേരിടലുകളും ലത്തീനും ഗ്രീക്കിനും മുന്‍ഗണന കൊടുക്കുന്നവയാണ്.ഇവ പഠിക്കാന്‍ അല്‍പ്പം പാടു പെടണം എന്നതുകൊണ്ടു തന്നെ തൊഴിലിന്റെയും തൊഴില്‍ ചെയ്യുന്നവരുടേയും നിലവാരം ഉയര്‍ത്താന്‍ സഹായകരമാവും.ചരിത്രപരമായി അല്‍പ്പം പാരമ്പര്യം ഉള്ള സംസ്കാരങ്ങളിലെ പേരുകളും അല്‍പ്പം നന്മ വാരിപ്പൂശിയതായി തോന്നിയിട്ടുണ്ട്...

ഇനി രണ്ടാമത്തേത്..അല്‍പ്പം ബ്ളാക് ഹ്യൂമര്‍ കലര്‍ന്നതെന്ന് മനസ്സിലാക്കാവുന്ന ഇത്തരം പേരുകള്‍ കുടിയേറ്റത്തിന്റെയും കടന്നു കയറ്റത്തിന്റേയും ബാക്കിപത്രമാണ്.

പാപുവ ന്യൂ ഗിനിയയില്‍ സ്വര്‍ണ്ണവേട്ടക്കെത്തിയ കങ്കാരുക്കള്‍ തദ്ദേശീയകുട്ടികളെ മങ്കികള്‍ എന്നു വിളിച്ചു..കുട്ടി എന്നതിന്റെ ശരിയായ വാക്ക് അതാണെന്നു ധരിച്ച് പാവങ്ങള്‍ അത് അനുകരിച്ചു.കറുമ്പന്‍,മണിയന്‍,കൊലുമ്പന്‍ ഇത്തരം പേരുകളൊക്കെ പുച്ഛത്തോടെ അക്ഷരാഭ്യാസവും ദൈവപൂജയുമൊക്കെ കൈയ്യടക്കി വെച്ചിരുന്ന സ്വയംപ്രഖ്യാപിത വരേണ്യവര്‍ഗ്ഗം സാധാരണക്കാരനുമേല്‍ അടിച്ചേല്‍പ്പിച്ചതു തന്നെ.മലയോരമേഖലയിലെ കുടിയേറ്റവും ഒരുപാട് ഗ്രാമ്യമായ പേരിടലുകള്‍ക്ക് കാരണമായി.അരിക്കണ്ടി,കമ്പംതൂറി എന്നൊക്കെ പേരിടുമ്പോള്‍ നഗരത്തില്‍ നിന്ന് കാട്ടുമുക്കിലെത്തിയവരുടെ ധാര്‍ഷ്ട്യവും പുച്ഛവും കാണാം.പ്ളാവും മാവും ആലും കൂട്ടിയ വീട്ടുപേരുകളിലും കൊച്ചു കാമാക്ഷിയെന്നും മറ്റും തദ്ദേശീയായ ഒരുവളെ പുച്ഛിക്കുന്ന സ്ഥലപ്പേരുകളിലും ഒരുപാട് കഥകള്‍ ഒളിഞ്ഞിരിപ്പുണ്ട്!"

"അമേസിങ്ങ്!നാനിതിനെ പറ്റി ആദ്യായി കേക്കുവാ .അങ്കിലിന്റെ പേരെന്റാ?"

"പേര് ജോണ്‍"



"വീറ്റുപേര്?"

"ജോണ്‍ വില്ല!"ഞാനൊന്നു പരുങ്ങി.

"അതു പുതിയ പേരല്ലേ.പഴയ വീറ്റുപേര്?"

"ആ അത്..കുട്ടകക്കൂസില്‍!!"

ഇതില്‍ കൂടുതല്‍ ചരിത്രപഠനത്തിന് യോഗ്യനാരുണ്ട്.

Monday, 14 December 2020

ശാക്തീകരണം

എല്ലാ ശാക്തീകരണത്തിന്റെയും അടിസ്ഥാനം സാമ്പത്തിക സ്വാതന്ത്ര്യം തന്നെയാവും.

പലപ്പോഴും ശാക്തീകരണമെന്ന ലേബലൊട്ടിച്ച് വിതരണം ചെയ്യപ്പെടുന്നത് വേറെയെന്തൊക്കെയോ ആണ്!

ഉദാഹരണത്തിന് ഒരു വവ്വാലിനെ ചിറകെല്ലാം മുറിച്ചു കളഞ്ഞ് തല ഭൂഗുരുത്വാകര്‍ഷണത്തിന് എതിരായി ഉയര്‍ത്തിപ്പിടിച്ച് ഞങ്ങള്‍ കുഞ്ഞു കുറുക്കന്‍മാരേപ്പോലെ അഭിനയിച്ചാല്‍ ശാക്തീകരണം സംഭവിക്കും എന്നു വിശ്വസിപ്പിച്ചു എന്നു വിചാരിക്കൂ.

അഭിനയം ജീവിതത്തിന്റെ ഭാഗമെന്ന് സ്ഥാപിക്കുന്ന മഹദ്വചനങ്ങളും പശ്ചാത്തലസംഗീതംപോലെ മുഴങ്ങുന്നുണ്ടാവും.

വവ്വാല്‍ സ്വത്വത്തോട് മേല്‍പ്പറഞ്ഞ ദ്രോഹങ്ങളെല്ലാം ചെയ്ത് കുറുക്കവത്കരിക്കപ്പെടുമ്പോള്‍ ശരിക്കും കുറുക്കന്‍ നീ ഒറിജിനലല്ല എന്നു പറയും.

വവ്വാലിനുമത് എങ്ങിനെയെങ്കിലും തോന്നിത്തുടങ്ങും.

പിന്നീടങ്ങോട്ട് സൈക്കോളജിക്കല്‍ ത്രില്ലറുകളാണ്!!

ട്രെന്റുകള്‍ക്ക് പിറകേ പോവുന്നതാണ് നമ്മുടെ സമൂഹത്തിലെ അസമത്വങ്ങള്‍ക്കു കാരണമെന്ന് കുറച്ചെങ്കിലും പഴങ്കഞ്ഞി കുടിക്കുന്ന ആര്‍ക്കും മനസ്സിലാവും.

ആരെങ്കിലും അവരുടെ പാഷനുകളെ പിന്തുടര്‍ന്നു ജീവിതം ആസ്വദിക്കാന്‍ തുടങ്ങിയാല്‍ സകലരും ആ വഴിയേ പോവുക.ഇത്തരത്തില്‍ തൊഴിലാളി തൊഴില്‍ അനുപാതത്തിലെ സാച്വറേഷന്‍ പോയിന്റ് പെട്ടെന്ന് താണ്ടി സമൂഹം പിന്നീട് വരുന്ന ശരിയായ താത്പര്യമുള്ളവരുടെ അവസരങ്ങള്‍ ദുഷ്കരമാക്കുന്നു.'റാറ്റ് റേസ്' എന്നൊക്കെ പറയും പോലൊരു അവസ്ഥ സമൂഹത്തില്‍ സംജാതമാകുന്നു.

സമൂഹത്തില്‍ എല്ലാത്തരം ജോലി ചെയ്യുന്നവരുടേയും അനുപാതം നീതിയുക്തമായി നിലനിര്‍ത്തപ്പെടാനുള്ള ശ്രമങ്ങള്‍ വേണമെന്നു പറയുമ്പോള്‍ അതിനെ തൊഴിലടിസ്ഥാനത്തിലുള്ള ജാതി വ്യവസ്ഥയുമായി ദയവായി കൂട്ടി വായിക്കരുത്.

എല്ലാത്തരം ജോലി ചെയ്യുന്നവരും ജീവിതസൗഭാഗ്യങ്ങള്‍ നീതിയുക്തമായി പങ്കിട്ടെടുക്കുന്ന രാജ്യങ്ങള്‍ ഭൂഗോളത്ത് ഉണ്ട് എന്നു പറയുന്നത് അതിശയോക്തിയല്ല.

ഭരണം ഒരു തൊഴിലായി കാണുന്നവരുണ്ടെന്നൊക്കെ കേള്‍ക്കുമ്പോള്‍ ഭരണം പാരമ്പര്യമായി കാണുന്നവര്‍ക്ക് അതിശയമുണ്ടായേക്കാം!

ഫോര്‍ട്ട് കൊച്ചി ബാസ്റ്റിന്‍ സ്ട്രീറ്റിലെ Ministry of tribal affairs ന്റെ ഒരു റീട്ടെയ്ല്‍ ഔട്ട്ലെറ്റ് സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചു.ഇടനിലക്കാരുടെ കുതന്ത്രങ്ങളില്ലാതെ തൊഴിലെടുക്കുന്നവര്‍ക്ക് പരമാവധി വില കിട്ടും പോലെയാണ് ഈ സ്ഥാപനത്തിന്റെ പ്രവൃത്തനശൈലിയെന്നത് വളരെ മതിപ്പുളവാക്കി.(ഇടനിലക്കാരുടെ പ്രവൃത്തനശൈലിയോട് അന്ധമായ വെറുപ്പുണ്ടെന്നു തന്നെ കരുതിക്കോളൂ!കൃഷി മരണശയ്യയിലാവാനുള്ള കാരണം അവരാണെന്നു ഞാന്‍ വിശ്വസിക്കുന്നു.)

ശരിയായ ശാക്തീകരണത്തില്‍ പങ്കാളികളാവാന്‍ ഇത്തരം ഇടനിലക്കാരില്ലാത്ത ഉത്പന്നങ്ങളെ ദയവു ചെയ്ത് പ്രോത്സാഹിപ്പിക്കൂ.

അനുപാതങ്ങള്‍ നിലനില്‍പ്പിനെ അടിസ്ഥാനമാക്കിയാവട്ടെ!

ശാക്തീകരണശ്രമങ്ങള്‍ ആത്മാര്‍ത്ഥമാവട്ടെ!

Friday, 4 December 2020

തീമഴയും ടോക്സിനും

വില്ലന് നിറപ്പകിട്ടില്ലെങ്കില്‍ പിന്നെ നായകനെങ്ങിനെ അതുണ്ടാവും!!

മോനന്ന് ഹൈസ്കൂളിലാണ് നേരം കളയാറ്.

കല്ല്യാണപ്പുരകളില്‍ ചെന്നാല്‍ കലവറയില്‍ സഹായത്തിന് കൂടുക എന്ന പരമ്പരാഗതമായ ചടങ്ങ് നടത്തപ്പെട്ടു എന്നതില്‍ നിന്ന് പിതാശ്രീയും കൂടെയുണ്ടെൂന്നത് മനസ്സിലാക്കാവുന്നതാണല്ലോ!

മറ്റുള്ളവരിലെ സംസാരപ്രിയരെ കണ്ടെത്തി തൊട്ടുണര്‍ത്തുക എന്ന മറ്റൊരു പാരമ്പര്യം അദ്ദേഹം പൊടുന്നനെ പിന്തുടര്‍ന്നു.

പാചകത്തിന് മേല്‍നോട്ടം വഹിക്കാനെത്തിയ ഒരാളായിരുന്നു ഇര.

കാലാവസ്ഥ,വിലക്കയറ്റം,രാഷ്ട്രീയകാറ്റുകള്‍,പഴമയും പുതുമയും തമ്മിലുള്ള താരതമ്യപഠനം ഇത്യാദിയെല്ലാം താണ്ടി പാചകവീരന്‍ അദ്ദേഹത്തിന്റെ ഇഷ്ടവിഷയത്തിലെത്തിച്ചേര്‍ന്നു.

"മോനോട് ചോദിക്കാം..അവന്‍ പഠിക്കുന്ന ആളല്ലേ?ഈ വെള്ളത്തില്‍ എന്തൊക്കെ ഉണ്ടെൂന്ന് പഠിച്ചോ?"

"വെള്ളത്തില് മൂലകങ്ങള്..സൂക്ഷ്മജീവികള്..സൂക്ഷ്മസസ്യങ്ങള്..."

"അതല്ലടാ..ഈ കെമസ്ട്രീല് വെള്ളത്തിനെന്താ പറയുന്നെ?"

"ഓ,രാസനാമം?അത് എച്ച് ടു ഓ"

"അതിലീ എച്ചും ഓയും?!"

"ഹൈഡ്രജനും ഓക്സിജനും"

"ഹൈഡ്രജന്‍ പെട്ടെന്ന് തീപിടിക്കുമെന്ന് കേട്ടിട്ടുണ്ടോ?!"

"മ്.."

"അതുപോലെ ഓക്സിജന്‍ തീ കത്താന്‍ സഹായിക്കുമെന്നും കേട്ടിട്ടില്ലേ?!"

"ഉംം.ആം"

"തീമഴയെന്നൊക്കെ അറിവൊള്ളോര് പറയുമ്പോള്‍ നമ്മക്ക് പുച്ഛം..എച്ചും ഓയും കൂടി തീമഴ പെയ്യിക്കാത്തതേ സര്‍വ്വേശന്റെ കാരുണ്യമുള്ളതു കൊണ്ടാ.."

അതങ്ങനെ കഴിഞ്ഞു.

പക്ഷേ കാലം വൃത്തത്തിലാണല്ലോ ചരിക്കാറ്!

ഒരു മുഴുവന്‍ സമയ ശാസ്ത്ര വിദ്യാര്‍ത്ഥിയായി മാറിയ മോനെ പാചകന്‍ വീണ്ടും കണ്ടുമുട്ടി.

"മോനീ പീയൂഷഗ്രന്ഥിയെപ്പറ്റിയൊക്കെ പഠിച്ചോ?"

"പീയൂഷം എന്നു പറഞ്ഞാല്‍ പിറ്റ്യൂറ്ററി..ആം പഠിച്ചല്ലോ..?"മോന്‍ ചോദ്യഭാവത്തില്‍ നോക്കി.

"പീയൂഷഗ്രന്ഥി പുറത്തു വിടുന്ന രാസവസ്തുക്കളെപ്പറ്റി പഠിച്ചോ?"

"ഹോര്‍മോണുകളാണോ?ഓക്സിടോസിന്‍,വാസോ."

"ആ..നില്ലു നില്ല്..ഓക്സി ടോക്സിന്‍..അതു തന്നെ..ഈ ടോക്സിന്‍ എന്നു പറഞ്ഞാല്‍ എന്താണ്?"

"ടോക്സിന്‍ എന്നു പറഞ്ഞാല്‍ വിഷം എന്നാണ്..പക്ഷേ ഇതിന്റെ സ്പെല്ലിങ്ങ് അതല്ലല്ലോ.."

"സ്പെല്ലിങ്ങിലൊക്കെ എന്തിരിക്കുന്നു?നമ്മുടെ ബോഡിക്കകത്തു തന്നെ ടോക്സിനുണ്ടായിട്ടും ജീവനോടെ ഇരിക്കുന്നത് എന്തുകൊണ്ടാണ്?"

"സര്‍വ്വേശ്വരന്‍..?!"

"കറ കറക്ട്!"

ഇതുപോലെയുള്ളവര്‍ ഇല്ലെങ്കില്‍ സര്‍വ്വേശ്വരന്‍ കഷ്ടത്തിലായേനെ..

ഫിലാസഫി

പ്പോഴത്തേതുമെന്നപോലെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന ഒരു വേനല്‍ക്കാലരാത്രി.സംഭവം നടക്കുന്നത് സ്ഥാവരമോ ജംഗമമോ എന്ന് പ്രയോഗാര്‍ത്ഥം ആധാരമെഴുത്തുകാര്‍ പോലും സംശയിക്കുന്ന പിതൃഗൃഹത്തിന്റെ പൂമുഖത്തു വെച്ചാണ്.

നോം മാതാശ്രീയോട്,"ലേശം കഞ്ഞി?!"

"ഏത് കഞ്ഞി?പോയ വഴി വല്ലതും കനത്തില്‍ അടിച്ചെന്നു കരുതി ഞാനതെടുത്തു പശൂനുള്ള വെള്ളത്തിലിട്ടു!!അല്ലേലും ശരീരത്തിന്റെ ഭാഗമായി മൊവീലൊള്ളതല്ലേ?കഞ്ഞി വേണമെന്ന് നേരത്തേ വിളിച്ചങ്ങോട്ട്
പറയാരുന്നല്ലോ?!"

ഇനിയും തുടര്‍ന്നാല്‍ തളര്‍ച്ച കൂടുമെന്നറിയാവുന്നതിനാല്‍ പിന്നീട് ശ്വാസം കഴിക്കുന്ന ശബ്ദം പോലും പുറത്ത് വരാതെ പിന്‍വാങ്ങി.അല്ലെങ്കിലും ഒരിക്കലുമില്ലാത്ത പഴത്തൊലിയൊക്കെ കാടിവെള്ളത്തില്‍ അന്ന് ആരെങ്കിലും നിക്ഷേപിച്ചിരിക്കും..തീര്‍ച്ച!

പക്ഷേ കാലം അതിന്റെ പകിടയെറിഞ്ഞു.അതേ പൂമുഖത്തു വെച്ച് മാതാശ്രീ നമ്മോട് ചോദിച്ചു,"എന്താ നെന്റെ ജീവിതത്തിന്റെ ഫിലോസഫി?!"

പ്രതികാരവാഞ്ജയാല്‍ അണപൊട്ടി നിന്ന നമ്മുടെ വാചകങ്ങള്‍ കുതിച്ചു ചാടി,"ജീവിതത്തിന്റെ ഫിലോസഫി ജീവിതം തൊടങ്ങണേനു മുന്നേ ചോയിക്കേണ്ടതല്ലേ?!അത് ചോയിച്ചില്ലല്ലോ?നേരം തെറ്റിയ ചോദ്യങ്ങള്‍ക്ക് കമ്പനി ഉത്തരവാദിയല്ല പോലും.ഉപഭോക്തൃസംരക്ഷണനിയമത്തിലത് പറഞ്ഞിട്ടുണ്ടത്രെ!"

#അങ്ങിനെ അന്നും പട്ടിണി

Saturday, 28 November 2020

അക്കര

ലോകത്തെവിടെ ചെന്നാലും വിവരങ്ങളെല്ലാം കൃത്യമായി,വിശദമായി ചോദിച്ചറിയുക എന്നത് പുതിയ ശീലമാണ്.ഒന്നും ചോദിക്കാതിരുന്ന കുറേക്കാലങ്ങളെ തള്ളിപ്പറയും പോലെ ചോദ്യങ്ങളിങ്ങനെ തള്ളിക്കയറി വരികയാണ്.

അങ്ങിനെയൊരു ദിവസം വൈക്കം ബോട്ടു ജെട്ടിയിലെത്തി.ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ വരിയായി നിന്നു.ടിക്കറ്റു കൊടുക്കുന്ന ആള്‍ യന്ത്രം പോലെ വേഗത്തില്‍ തലയുയര്‍ത്തി നോക്കുക പോലും ചെയ്യാതെ ജോലി ചെയ്യുന്നു.എന്റെ ഊഴവുമെത്തി.

പത്തു രൂപ കൗണ്ടറിനകത്തേയ്ക്ക് നീട്ടി ഞാന്‍ പറഞ്ഞു "ചേട്ടാ..ഒരു അക്കര!"

"എന്താണെന്ന്?!"അദ്ദേഹം തല ഉയര്‍ത്തി.

"ഒരു അക്കര.ടിക്കറ്റെത്രയാ?"

"അക്കരക്കാണേല്‍ ചാര്‍ജ്ജ് കൂടുതലാണല്ലാ..എട്ടു രൂപാ!!"അദ്ദേഹം മനസ്സു തുറന്നു.

എന്തായാലും ഒരു ടിക്കറ്റെടുത്തേക്കാം

Sunday, 22 November 2020

DSLR കഥകള്‍


എന്നെങ്കിലും DSLR എടുത്തു ഫോട്ടോഗ്രഫി വയറ്റില്‍ പിഴപ്പാകുന്ന ഒരു കാലമാണ് ഇപ്പോള്‍ മിക്ക ദിവസവും സ്വപ്നങ്ങളില്‍!!

അങ്ങനെയങ്ങിനെ മ്മടെ കല്ല്യാണ ദിവസവുമെത്തി.ഫോട്ടംപിടുത്ത ജീവിതത്തില്‍ കൂടെ ട്രെയിനിങ്ങിന് നടക്കുന്ന ആളു തന്നെയാണ് വര്‍ക്ക് ചെയ്യുന്നത്.

"ചേട്ടായീ,കാമറായിവടെ വെക്കട്ടെ?!"തുടങ്ങി ലവന്റെ മുടിഞ്ഞ സംശയം.

"ഓക്കേഡാ!"

"ലൈറ്റിങ്ങ് ശരിയാണോ?!"ലവന്‍.

"നീ പൊളിക്കടാ!"കലി കയറിത്തുടങ്ങിയതിനെ മോട്ടിവേഷനിട്ട് മൂടി.വന്ന വഴികള്‍ മറക്കാന്‍ പാടില്ലല്ലോ!

"പക്ഷേ ഫ്രെയിമില്‍ എല്ലാം വരുന്നില്ലല്ലോ!"ലവന്‍ വിടുന്നില്ല.

"ഞാനിപ്പം അങ്ങ് വരാം"വിസ്മിതനേത്രയായ പ്രിയവധുവിനെ പിന്‍താണ്ടി ഞാന്‍ കാമറക്കടുത്തെത്തി.

"ഇത് നോക്കടാ.ഇപ്പോ ശരിയായോ?!"

"ആ ..ഇപ്പോ കുഴപ്പില്ല..പക്ഷേ.....
എന്നെ കൊണ്ട് പറ്റൂന്ന് തോന്നുന്നില്ല ചേട്ടായീ.മിക്കവാറും കൊളവാക്കിത്തരും!"

"നീയാ സ്റ്റേജേലോട്ട് കേറി നില്ല്..ഞാനെടുത്തു കാണിക്കാം"ഫോട്ടോഗ്രാഫറുണര്‍ന്നു.

"പക്ഷേ..അത് ശരിയാകുവോ..ചേട്ടായീടെ കല്ല്യാണായിട്ട്.."

"അതിനെന്താ?ഫോട്ടോ വെട്ടി എന്നെ കയറ്റിയാ പോരെ?രാത്രീലിരുന്ന് എഡിറ്റിക്കോ!പഠിക്കാത്തേന് പണിഷ് മെന്റാവട്ടെ"

ബൊക്കെ ഒരു കിലോയില്‍ താഴെ തൂക്കമുള്ളതായിരുന്നതുകൊണ്ട് വധു വരനെ എറിഞ്ഞ് കൊന്നു എന്നു പത്രത്തില്‍ വന്നില്ലെന്നു മാത്രം.

Monday, 2 November 2020

സാമൂഹികപരിഷ്കരണമാണു സാറേ ഇവന്റെ മെയിന്‍!!

എന്റെ ജീവിതം കുറ്റിയടിച്ച് കെട്ടിയ പൈയ്യിനേപ്പോലെ പലപ്പോഴും ഒരേ പാറ്റേണിലായിപ്പോവുന്നതിന്റെ കാരണം മനസ്സിലാവാഞ്ഞിട്ടല്ല!

അത് ഈ പരസ്യപ്രസ്താവനകള്‍ക്കൊണ്ടു തന്നെയാണ്!!!

'തുറന്ന ജീവിതം' എന്നു ഒപ്റ്റിമിസ്റ്റിക്കായും 'വിടുവായത്തരം' എന്നു പെസിമിസ്റ്റിക്കായും പറയാവുന്ന സംഗതി.

എന്റെ ഭൂരിഭാഗം പരിചയക്കാരും ഇപ്പോള്‍ ഏതെങ്കിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലുണ്ട്.നമ്മുടെ ഉത്തരാധുനീക നിലപാടുകളെല്ലാം എല്ലാവരും വായിച്ച് മനസ്സില്‍ സംഗ്രഹിച്ച് പല രീതിയില്‍ അവധിക്ക് വെച്ചിട്ടുമുണ്ട്!

"ആഹാ..അവനു ഞങ്ങളെ പുച്ഛമാണല്ലേ?എന്തുമാത്രം പുച്ഛിക്കുമെന്ന് നോക്കാം!"

"കുളമായിക്കിടക്കുന്നത് ഒറ്റക്ക് അടുക്കിപ്പെറുക്കലാണിവന്റെ വീക്ക്നെസ്സെങ്കില്‍ അവനു അടുക്കിപ്പെറുക്കാന്‍ കുറേക്കൂടി കുളമാക്കി കൊടുത്തേക്കാം!" (ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര്!)

ജീവിതം ചെറുതാണെന്ന ചെറിയ പേടി ഉള്ളതിനാല്‍ ഇവ്വക വിലകുറഞ്ഞ പണികള്‍ക്ക് നിന്നുകൊടുക്കാതെ ഞാനിങ്ങനെ ഓട്ടത്തിലായിരുന്നു.

ലോകം മുഴുവന്‍ പരിഷ്കരിക്കല്‍ എന്റെ ജോലി അല്ലേയല്ല.ഞാന്‍ പണമായി
പ്രതിഫലം വാങ്ങുന്ന ജോലികള്‍ സംതൃപ്തിയോടെ ചെയ്യാന്‍ ആവശ്യമായത് എത്ര വേദനാജനകമെങ്കിലും ഏറ്റെടുക്കാറുണ്ട്.

അതെല്ലാം വലിയ തെറ്റാണെന്ന് മനസ്സിലാവുന്നു.

ഓടാനുള്ള വലിയോരു കാരണം പ്രശ്നങ്ങള്‍ പങ്കു വെക്കാന്‍ ശരിയായ വേദി ഇല്ലാതാകുന്നതു കൊണ്ടു കൂടിയാണ്!!

ഞാനെന്റെ വേദനകള്‍ പങ്കു വെക്കാന്‍ ശ്രമിച്ചവരൊക്കെ വെറുതേ കാട് അടച്ചു വെടി വെക്കുകയായിരുന്നു എന്നു വേദനയോടെ പറയേണ്ടി വരും..അതിന് ഞാനും ഉത്തരവാദിയാണ്.ബന്ധങ്ങളെ തിരഞ്ഞെടുത്തതിലും വളര്‍ത്തിയതിലുമുള്ള എന്റെ അപാകതകള്‍ തന്നെയാണ് പ്രശ്നപരിഹാരത്തിനുള്ള വഴികള്‍ അടച്ചുകൊണ്ടിരുന്നത്.

മിക്കപ്പോഴും ദൈവവിശ്വാസമാണ് ബ്രോഡ് സ്പെക്ട്രം മരുന്ന്.കാക്ക കൊണ്ടുപോയ മുട്ടായിക്കു പകരം തന്റെ തന്നെ തള്ളവിരല്‍ വായില്‍ തിരുകപ്പെട്ട ഒരു കുഞ്ഞിന്റെ വികാരമാണ് ആത്മീയതയും ഭൗതികതയും കലര്‍ത്തുമ്പോള്‍ ഉണ്ടാവുന്നത്.

പിന്നെ ഉള്ളത് അടച്ചു വിമര്‍ശിക്കലാണ്.ഇനിയിതും പറഞ്ഞ് ഇങ്ങോട്ട് വരരുതെന്ന മട്ടില്‍.

പിന്നെയുള്ളതാണ് ക്ളാസ്സിക്.ഗുണ്ടായിസം..നിന്നെ തൊട്ടാല്‍ തൊട്ടവനെ ഞങ്ങള്‍ തട്ടും.

ചെറുതും വലുതുമായ കാര്യങ്ങള്‍ക്ക് അമിക്കബിളായ സൊലൂഷന്‍ തരാന്‍ ശ്രമിക്കുന്നൊരാള്‍ ഇപ്പോള്‍ ഇടക്കിടെ ഫോണില്‍ വരാറുണ്ട്..അവളെയോര്‍ത്ത് ഞാന്‍ സന്തുഷ്ടനുമാണ്.

പ്രശ്നങ്ങള്‍ ആരോടൊക്കെ പറയണമെന്നത് അടുത്ത പ്രശ്നം!!!ഞാന്‍ നിഴലു പോലെ ഒരു അലോപ്പതി വൈദ്യന്റെ കൂടെ പന്തീരാണ്ടു നടന്നാലും വിദ്യാഭ്യാസയോഗ്യത ഇല്ലാതെ സര്‍ജറി ചെയ്യാന്‍ എനിക്കാവുമെന്ന് തോന്നുന്നില്ല.ഞാന്‍ മാത്രം ക്വാളിഫൈ ചെയ്ത ജോലി ചെയ്യാന്‍ അദ്ദേഹത്തിനുമാവില്ല.

സമൂഹം ഓരോ ജോലി ഓരോരുത്തര്‍ക്കു വിഭജിച്ചു കൊടുത്തിരിക്കുന്നത് സുഗമമായ നടത്തിപ്പിനാണ്.താങ്കള്‍ ഒപ്പിടാന്‍ പോകുന്ന രേഖയുടെ വിശദാംശം പറഞ്ഞാലേ ഈ പേന വിലയ്ക്ക് തരൂ എന്ന് ഒരു കടക്കാരന്‍ നയതന്ത്രപ്രതിനിധിയോട് പറഞ്ഞാല്‍ അതിനെ 'മനുഷ്യത്വം' എന്നൊക്കെ നിര്‍വ്വചിക്കാന്‍ ഒരുപാട് തൊഴില്‍ രഹിതരുണ്ടാവും..തീര്‍ച്ച..

ജോലിയുടെ ഉത്തരവാദിത്വവും മനുഷ്യത്വവും സൗഹൃദവും എന്റര്‍ടെയിന്‍മെന്റുമൊക്കെ വെവ്വേറെ സംഗതികളാണത്രെ!!

ആലോചിച്ചിട്ട് എന്റെ പ്രശ്നത്തിന്
ഒരൊറ്റ പരിഹാരമേ ഉള്ളൂ..

സോഷ്യല്‍ മീഡിയ എല്ലാം ഡിലീറ്റി പുതിയതങ്ങ് തുടങ്ങുക..കുപ്പി എറിഞ്ഞ് പൊട്ടിക്കുന്നതിന്റെയും ഡ്രം അടിച്ച് കര്‍ണ്ണപുടം തകര്‍ക്കുന്നതിന്റെയും ചേരി തിരിഞ്ഞ് തല കീറുന്നതിനെ പ്രമോട്ട് ചെയ്യുന്നതിന്റെയും കുറേ പോസ്റ്റുകള്‍ കുത്തി നിറക്കുക..

വരാനുള്ളവന്‍ കുളമായത് നന്നാക്കുന്നവനല്ല,കുളമായത് വീണ്ടും കുളമാക്കുന്നവനാണെന്നൊരു തോന്നല്‍ സോഷ്യല്‍ മീഡിയ ശാസ്ത്രജ്ഞര്‍ക്കുണ്ടായാല്‍ ഒരുപക്ഷേ നുമ്മക്ക് ഇത്തിരി ഫ്രീ ടൈം കിട്ടിയേനെ✌️ഐഡിയ എങ്ങിനെയുണ്ട്??!!

Sunday, 1 November 2020

ഹോബി

ആറ്റുനോറ്റ് ഞമ്മക്കും ഒരു പാശ്ചാത്യ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ തരായി!

സമയം പറപറന്നു.വിമാനവും കൂടെ പറന്നു.

അല്‍പ്പമൊരു ചങ്കിടിപ്പോടെ പാശ്ചാത്യമണ്ണില്‍ കാലു കുത്തി.

ആദ്യക്ളാസ്സ്.പരിചയക്കാരന്‍ യൂണിവേഴ്സിറ്റി കോളേജിന്റെ വിശാലമായ പടിവാതിലില്‍ കൊണ്ടുചെന്നാക്കി.

വിശാലമായ പുല്‍ത്തകിടിയും ഭംഗിയുളള തണല്‍ മരങ്ങളും.

പൗരാണികതയുടെ പ്രൗഢിയും ആധുനികതയുടെ സൗകര്യങ്ങളുമുള്ള വലിയ കെട്ടിടങ്ങള്‍.

മരത്തിലും മതിലിലും പേരും ലൗ ചിഹ്നവും പോറി സ്വത്വം വെളിപ്പെടുത്താനും കാലത്തെ ജയിക്കാനും മനസ്സു വെമ്പി..നോക്കാം..സമയമുണ്ടല്ലോ!

വിശാലമായ ക്ളാസ് റൂമാണ്.ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ മേശയും കസേരയും.കൊള്ളാം!

അദ്ധ്യാപഹയന്‍ വന്നു.ആഢ്യത്വം തുളുമ്പുന്ന ഒരാള്‍.

പ്രതീക്ഷിച്ചതുപോലെ ഓരോരുത്തരേയും എഴുന്നേല്‍പ്പിച്ചു നിര്‍ത്തി സ്വയം പരിചയപ്പെടുത്തുന്ന കലാപരിപാടി ഉണ്ടായില്ല.

പകരം എല്ലാവര്‍ക്കും റൈറ്റിങ്ങ് പാഡുകള്‍ നല്‍കപ്പെട്ടു.സ്വയം പരിചയപ്പെടുത്തി ഒരു പേജില്‍ കവിയാതെ എഴുതുവാനുള്ള നിര്‍ദ്ദേശവും ലഭിച്ചു.എഴുതി.അദ്ധ്യാപകന്‍ ആ ചെറിയ സമൂഹത്തിന്റെ കടലാസു കഷണങ്ങളെല്ലാം തിരികെ വാങ്ങി പതിയെ പരിശോധിക്കാനാരംഭിച്ചു.


പരിശോധനയ്ക്കൊടുവില്‍ അദ്ദേഹം മൊഴിഞ്ഞു"നിങ്ങളെല്ലാവരും തങ്ങളുടെ ഓരോരുത്തരുടേയും ഹോബി അഥവാ എക്സ്ട്രാകരിക്കുലര്‍ ആക്ടിവിറ്റീസ് എന്നു എഴുതിയിരിക്കുന്ന ഭാഗത്തിന്റെ ഒരു ഡെമോണ്‍സ്ട്രേഷന്‍ കാണിക്കേണ്ട സെഷനാണ് അടുത്തതായി.

വെള്ളിടി വെട്ടി..ഷൂട്ടിങ്ങ് എന്നാണ് എഴുതിയിരുന്നത്!തോക്കിന്റെ പട്ട റീക്കോയില്‍ നിമിത്തം മൂക്കിന്റെ പാലാരിവട്ടം പാലം തകര്‍ക്കുന്ന ഒരുപാട് സീനുകള്‍ മനസ്സില്‍ വന്നു.

രക്ഷപെടാന്‍ ഒരു വഴിയുമുണ്ടെന്നു തോന്നുന്നില്ല.നാട്ടിലാരുന്നേല്‍ വല്ല ജാതി,മത,ലിംഗ,വിഭാഗ കാരണവും പറഞ്ഞ് ഉടക്കി രക്ഷപെടാമായിരുന്നു.ഈ ഐസുംകട്ട പോലെയുള്ള അദ്ധ്യാപഹയനോട് എന്തു പറയാന്‍.പക്ഷേ ആവശ്യം സൃഷ്ടിയുടെ മാതാവും പിതാവുമൊക്കെയാണല്ലോ!

ഷൂട്ടിങ്ങ് റേഞ്ചിലേയ്ക്ക് നടന്നു.നോക്കിയാല്‍ കാണാത്ത ദൂരത്താണ് ലക്ഷ്യസ്ഥാനം.ചങ്കു പടപടാ മിടിച്ചു.

തോക്കെടുത്തു കുറേ തുടച്ചു മിനുക്കി..എന്തൊരു മുടിഞ്ഞ ഘനമാണിതിന്..

അവസാനം ഉടായിപ്പ് പഠിപ്പിച്ച ഗുരുക്കളെ മനസ്സില്‍ ധ്യാനിച്ച് ഒരു സാധനങ്ങട് അലക്കി"സര്‍,ഞാന്‍ ഷൂട്ടിങ്ങിലെന്റെ സ്പെഷ്യലൈസേഷന്‍ പ്രതിപാദിക്കാന്‍ മറന്നു.എന്റെ ഐറ്റത്തിന് ടാര്‍ഗറ്റ് പലക ആവശ്യമില്ല!"

"ഓഹ്..ഓകായ്.പിന്നെയെന്താണ് ആവശ്യം?"അദ്ദേഹം ശാന്തഗംഭീരസ്വരത്തില്‍ ആരാഞ്ഞു.

"ലഭ്യമാണെങ്കില്‍ രണ്ടു മൂന്ന് ബ്ളാങ്ക് ബുള്ളറ്റുകള്‍ മതി..ബ്ളാങ്ക് ഷോട്ടുകളാണ് എന്റെ സ്പെഷ്യലൈസേഷന്‍."

"ഓകായ്..പെര്‍ഫെക്ട്"

പിന്‍കുറിപ്പ്:-

ശബ്ദവും പുകയും മാത്രമുള്ള സിനിമയിലും മറ്റും ഉപയോഗിക്കുന്ന ഡമ്മി ബുള്ളറ്റുകളാണ് പ്രതിപാദിച്ചത്!

Wednesday, 28 October 2020

നല്ല ചൂടും നല്ല തണുപ്പും

വിശദീകരണമാണ്!!ചിലപ്പോള്‍  വായനക്കാര്‍ക്കും പ്രയോജനപ്പെട്ടേക്കാം. 

പതിവുപോലെ തുടക്കം തട്ടിക്കൂട്ട് കഥ.

ഒരാള്‍ മോശമില്ലാത്ത രീതിയില്‍ തിരക്കുള്ള ഒരു ഹോട്ടേലില്‍ സപ്ളൈയറായി ജോലിക്ക് കയറി.

ദിവസങ്ങള്‍ കടന്നു പോയി.

ജോലി എളുപ്പമായി വരുന്നു.പക്ഷേ ഒരുപാട് സമയവും എനര്‍ജിയും പോകുന്ന ഒരു കാര്യം മാത്രം ബാക്കിയായി.

അതിഥികള്‍ക്ക് ചൂടുവെള്ളവും തണുത്ത വെള്ളവും ചെറു ചൂടു വെള്ളവും ചെറു തണുപ്പു വെള്ളവുമൊക്കെ മാറി മാറി കൊടുക്കേണ്ടി വരിക എന്നതായിരുന്നു ആ കാര്യം.

ദിവസങ്ങള്‍ വീണ്ടും കടന്നു പോയി.

സപ്ളൈയര്‍ തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തി.

അതിഥികള്‍ ഭക്ഷണം കഴിക്കാറാവുമ്പോളേക്കും ഇദ്ദേഹം നല്ല തണുപ്പുള്ളതും നല്ല ചൂടുള്ളതുമായ വെള്ളം രണ്ടു പാത്രങ്ങളില്‍ മേശപ്പുറത്ത് വെക്കും.കാലി ടംബ്ളറുകളും അവിടെ ഉണ്ട്.ചൂടും തണുപ്പും ആവശ്യത്തിന് ഇടകലര്‍ത്തിയോ അല്ലാതെയോ ഉപയോഗിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി സപ്ളൈയര്‍ അടുത്ത ജോലികളിലേയ്ക്ക് പ്രവേശിക്കും.

സമയം ഒരുപാട് ലാഭം..

സൃഷ്ടിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിലപ്പെട്ട 'സമയം'!!

അതിഥികളും താരതമ്യേന കൂടുതല്‍ സംതൃപ്തര്‍.

ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ അവതരിപ്പിക്കേണ്ടി വരുമ്പോഴെല്ലാം ഇത്തരമൊരു നിലപാടാണ് സ്വീകരിക്കാന്‍ ഇഷ്ടം.

എന്നു കരുതി ഈ രീതി ഞാന്‍ കണ്ടു പിടിച്ചതാണെന്ന് അവകാശപ്പെടാനാവില്ല.

പാശ്ചാത്യരില്‍ നിന്നാണ് ഇത് കണ്ട് പഠിക്കാനായത്.

ഏത് ആശയം (കമ്പ്യൂട്ടര്‍,ഇന്റര്‍നെറ്റ് ഒക്കെ ഉദാഹരണങ്ങളാണ്) അവതരിപ്പിക്കുമ്പോഴും സിനിമകളായോ മറ്റോ അതിന്റെ ഏറ്റവും നല്ല വശങ്ങളും ഏറ്റവും മോശം വശങ്ങളും  അവതരിപ്പിക്കാറുണ്ട്  പാശ്ചാത്യര്‍..

ഇംഗ്ളീഷ് സിനിമ തൊണ്ടതൊടാതെ വിഴുങ്ങുന്ന ഒരാളുടെ ജല്‍പ്പനങ്ങളാണ് ഇതെന്ന് നെഗറ്റീവടിക്കാന്‍ തോന്നുന്നെങ്കില്‍  എന്റെ വീട്ടിലേയ്ക്കു വരൂ..അവിടെ ഇപ്പോഴും ചോറും നാടന്‍ കറികളുമാണ്..കൈലിമുണ്ടാണ് സാധാരണ ഉടുക്കാറ്..നല്ലതെന്ന് തോന്നുന്നത് എവിടെ,ഏതു സംസ്കാരത്തില്‍ കണ്ടാലും പഠിക്കാന്‍ ശ്രമിക്കാറുണ്ട്!

വികാരപ്രകടനങ്ങളെപ്പറ്റിയും കൂടിയാണ് ഈ കഥാകഥനമെന്നു മനസ്സിലായിരിക്കുമല്ലോ..

പലപ്പോഴും പൊതു സദസ്സുകളില്‍ ചൂടും തണുപ്പുമുള്ള വികാരപ്രകടനങ്ങള്‍ നടത്തേണ്ടി വരുമ്പോള്‍ അതിനു കിട്ടുന്ന പ്രതികരണങ്ങള്‍ കൂടുതല്‍ കുഴപ്പിക്കുന്നതാണ്.

എന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ ഇടക്കൊന്നു തിരിഞ്ഞു നോക്കുമ്പോള്‍ തന്നെ രസമാണ്.

സന്തോഷം ഞാന്‍ അവതരിപ്പിച്ചിരുന്ന കാലത്ത് അതി സന്തോഷം കാണിച്ച പലരും യഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ അപരിചിതരെപ്പോലെയോ ശത്രുക്കളെപ്പോലെയോ ആയി.(കാര്യത്തെ കുറിച്ച് പഠിക്കാതെയും അന്വേഷിക്കാതെയും അപവാദം പ്രചരിപ്പിക്കുന്നതും ശത്രു സമാനമായ പ്രവൃത്തിയാണ്!)

ഇങ്ങനെ നമ്മള്‍ വികാരപ്രകടനങ്ങളെ അടിച്ചമര്‍ത്തുന്നത് ആവേശത്തോടെ പിന്‍തുടരുന്നവരാണെങ്കില്‍ സമൂഹത്തില്‍ ഒരുപാട് അസുഖങ്ങളെ (ലൈംഗികാതിക്രമങ്ങളും കൊലപാതകങ്ങളുമടക്കമുള്ള കുറ്റകൃത്യങ്ങളും) തീറ്റിപ്പോറ്റുന്നതും നമ്മളാണെന്ന് ഉറപ്പിക്കാം!!

നമ്മളുടെ ഉത്തരവാദിത്വത്തിലുള്ള ഒരാള്‍ കോപത്തെക്കുറിച്ച് സംസാരിച്ചാല്‍ ഒരുപക്ഷേ നമുക്ക് അതിനെ പിന്‍തുണക്കാനാവില്ല.

അത് ഞാനും ചെയ്യാറില്ല.

പക്ഷേ കോപിച്ചതിന്റെ പേരില്‍ മാത്രം ഒരാളെ എന്റെ ജീവിതത്തില്‍ നിന്നും സ്ഥിരമായി ഒഴിവാക്കാന്‍ ഞാന്‍ മുതിരാറില്ല.

സോഷ്യല്‍ മീഡിയയിലും ജീവിതത്തിലും അങ്ങിനെ തന്നെ.

ഞാന്‍ ഒഴിവാക്കാറ് കഠിനമായ പക്ഷപാതമുള്ളവരെയാണ്.കാരണം അവര്‍ക്ക് പുതിയതൊന്നും പറയാനുണ്ടാവില്ല..എന്നും ഒരേ പഴങ്കഥ കേള്‍ക്കാന്‍ എന്തിന് ഈ ചെറിയ ജീവിതം പാഴാക്കണം?!

അവസാനമായി ഒരാളുടെ പ്രവൃത്തികൊണ്ട് അയാളെ അളക്കുന്നതിനെപ്പറ്റി..

സാധാരണ രീതിയില്‍ ചിന്തിക്കുമ്പോള്‍ ഒരാളെ അളക്കാനുള്ള
ഏറ്റവും മികച്ച മാര്‍ഗ്ഗം അയാളുടെ പ്രവൃത്തികളാണെന്ന് തോന്നിപ്പോയേക്കാം!!

പക്ഷേ കുറേ കാലത്തെ ചിന്തകളും സ്വന്തം ജീവചരിത്രവും തന്ന ആവശ്യങ്ങളും എന്നെ വേറൊരു ആശയത്തോട് അനുഭാവം പ്രകടിപ്പിക്കാനാണ് പ്രേരിപ്പിക്കുന്നത്.യേശു പറഞ്ഞ 'ഒരു വൃക്ഷത്തെ അതിന്റെ ഫലങ്ങളില്‍ നിന്ന് അളക്കുക'എന്നതാണ് പ്രസ്തുത ആശയം.

അമ്മയെയും അപ്പനേയും 
അതിഭാവുകത്വം കൂടിയ പ്രസ്താവനകളിലൂടെ വാഴ്ത്തി പൊതുജനസമക്ഷം എഴുതുന്നവരേക്കാള്‍ അനുകൂലിക്കേണ്ടതിനെ അനുകൂലിച്ചും എതിര്‍ക്കേണ്ടതിനെ എതിര്‍ത്തും താങ്ങാവേണ്ടിടത്ത് താങ്ങായും തിരുത്തേണ്ടിടത്ത് തിരുത്തിയും മുന്നോട്ടു പോകുന്നവരെയാണ് ഞാനെന്നും അംഗീകരിക്കാനും അനുകരിക്കാനും ശ്രമിക്കാറ്.

നമ്മളുടെ വികാരപ്രകടനങ്ങളൊക്കെ പാളിപ്പോയ തീവ്രവാദമായി ചുമ്മാ പറയാനിഷ്ടപ്പെടുന്നവരുണ്ടെങ്കില്‍ അറിയൂ  എന്തെങ്കിലും നിര്‍മ്മിക്കുന്നതിന്റെ ആയിരത്തിലൊന്നു പോലും വൈഷമ്യം തകര്‍ക്കാനില്ല..ഞാനും നല്ലത് പലതും നിര്‍മ്മിച്ചിട്ടുമുണ്ട്..

നന്ദി..ശുഭദിനം

Saturday, 24 October 2020

മിനി മുത്തോറ്റില്‍ (ഒരു സൈക്കോളജിക്കല്‍ ഞരമ്പു കഥ)

"ഹലോ"മാക്സിമം തേന്‍ കോരിയൊഴിച്ചു.

"ഹലോ സര്‍.ഗുഡ് ഈവനിങ്ങ്"മറുതലയ്ക്കല്‍ കിളിനാദം..മനസ്സിലൂടെ കുളിരിന്റെ ഒരു മിന്നലങ്ങ് കടന്നുപോയി!!

"നമസ്കാരമുണ്ട്.സാറേന്നു വിളിക്കുമ്പോ എന്തോ ഒരകല്‍ച്ച പോലെ!"

"അയ്യോ.വേറെയെന്താ വിളിക്കുക?ക്ളൈയന്റ്സിനെ അങ്ങിനെ വിളിക്കാനാണ് മാനേജുമെന്റ് പറഞ്ഞേക്കുന്നെ!"കിളിനാദം സത്യസന്ധതയാലന്ധയായി.

"ഓ..എന്നാ മാനേജുമെന്റ്..അച്ചായാന്നു വിളിക്കുവാ നമ്മക്ക് താത്പര്യം..എങ്ങനാ?!"

"സര്‍,ഓഫീസില്‍ വരാമോ?സംസാരിക്കാമല്ലോ.ഇപ്പോ ലോണ്‍ മേളയുണ്ട്."

"ആഹാ.ഇതിന് ഓഫീസൊക്കെയൊണ്ടോ..ലോണൊന്നും വേണ്ട..റെഡി പൈസയാണ്"

"എന്തായാലും സര്‍ ഓഫീസില്‍ വരൂ.."

"ആഹാ..ധൃതിയായോ കാണാന്‍!മിനീന്നൊള്ള പേര് എനിക്ക് ഭയങ്കര ഇഷ്ടവാ.."

"താങ്ക്യു സര്‍.ഇത് വാട്സാപ്പ് നമ്പറാണോ?"

"അതേല്ലോ..ഞാനതൊന്നും നോക്കാറില്ല..സമയം വേണ്ടേ..പക്ഷേ ഇനി നോക്കിക്കോളാം.."

"സറിന് ഞാന്‍ ഓഫീസ് ലൊക്കേഷന്‍ അയച്ചു തരാവേ..ഇപ്പോള്‍ തന്നെ..താങ്ക്യൂ  സോ മച്ച്"

"ഓ..നിര്‍ത്താല്‍ ധൃതിയായോ?"

അങ്ങിനെയാണ് മിനി മുത്തോറ്റിലെന്ന സ്വപ്നസുന്ദരിയുടെ സ്വര്‍ഗ്ഗങ്ങള്‍ ഇട്ടു കൊടുത്ത മഴവില്‍ നമ്പറില്‍ വിളിച്ച് മ്മടെ അച്ചായന്‍ ഒരാവശ്യവുമില്ലാതെ സ്വര്‍ണ്ണം പണയം വെക്കുന്ന ഒരു വിശ്വസ്ത കസ്റ്റമറായി മാറിയത്..

Thursday, 22 October 2020

അവളും ഞാനും

അവള്‍ കാറ്റ്..

വിത്തുകളെല്ലാം മണ്ണിലെത്തിച്ച്;

ശ്വാസമായി ജീവനില്‍ നിറഞ്ഞ്;

ഉലയിലൊരുപാടു തങ്കം ഊതിയുരുക്കി;

മുറിവിലൊക്കെ തണുവായ് നിറഞ്ഞ്;

പതിരെല്ലാം പാറ്റിയെറിഞ്ഞ്;

ധാര്‍ഷ്ട്യമൊക്കെ തട്ടിയുടച്ച്;

മുടിയിഴകള്‍ തഴുകിത്തലോടി;

എനിക്കേറ്റവും പ്രിയപ്പെട്ട...കാറ്റ്!

ഞാന്‍ കടല്‍..

ഭയമറിയാത്തവളെ നെഞ്ചിലിട്ട് താരാട്ടുന്ന;

മുത്തും പവിഴവും എവിടെയെന്നറിയാത്ത;

ഒരുപാടു യാത്രകളുടെ കഥ പേറുന്ന;

അവളുടെ കടല്‍❤️

Monday, 12 October 2020

"സൈക്കോളജി സേയ്സ്..ഒന്നു മിണ്ടായിരിക്കട ചെറക്കാ.."

"ജാണ്‍,ഹാവ് യു എവര്‍ ബീന്‍ ടു വിക്ടോറിയ ടെര്‍മിനസ്?'

'നോ സര്‍.ഈസ്ന്റ് ദാറ്റ് ജസ്റ്റ് എ റെയില്‍വെ സ്റ്റേഷന്‍?"

"യാ യാ..വിക്ടോറിയ ടെര്‍മിനസ് ഈസ് എ ഡെഡ് എന്റ്.ഡു യു നോ വാട്ട് എ ഡെഡ് എന്റ് ഈസ്?ട്രാക്ക്സ് എന്റ് ദേര്‍.ടെര്‍മിനസ് ലീവ്സ് ഒണ്‍ളി വണ്‍ ചോയ്സ്..ടു ടേണ്‍ ബാക്ക്."

"വാട്ട് എബൗട്ട് പാസഞ്ചേഴ്സ്,സര്‍?തിങ്ക് ദേ  ആള്‍ ഗെറ്റ് ഡൗണ്‍ ദേര്‍ ആന്റ് റീച്ച് ഹോം."

"വാട്ട്..ഐ റിയലി ഡോണ്ട് അണ്ടര്‍സ്റ്റാന്റ് വാട്ട് ദ ഫ..ക്രാപ്പ് ആര്‍ യു സേയിങ്ങ്"

"ഓഹ്..മൈ ബാഡ്"

"ലെറ്റ് മീ മേക്ക് ഇറ്റ് ക്ളിയര്‍ മാന്‍.ഐ ആം യുവര്‍ സൂപ്പര്‍വൈസര്‍.യു ഹാവ് സം റ്റു റ്റേക്ക് കെയര്‍ ഓഫ് റ്റൂ..ഐ ഹാവ് ട്രൈഡ് ആള്‍ മൈ സ്ട്രാറ്റജീസ് ജസ്റ്റ് റ്റു മേക്ക് യു എ ലിറ്റില്‍ ബിറ്റ് അഗ്രസ്സീവ്..ജസ്റ്റ് എ ലിറ്റില്‍ ബിറ്റ്..ഐ നോ യു ആര്‍ ട്രൈയിങ്ങ് ടു റൈറ്റ് ബിഗ് ബിഗ് എസ്സേയ്സ് ടു ഈച്ച് ആന്റ് എവരി ഷിറ്റ്ഹോള്‍സ് എറൗണ്ട്.ഐ ഹാവ് സീന്‍ യു പ്രീച്ചിങ്ങ് അസ് വെല്‍.യു നോ വണ്‍ തിങ്ങ്,ദിസ് ഈസ് മൈ ഫിഫ്റ്റീന്‍ത് ഇയര്‍ ഇന്‍ ദിസ് കണ്‍ട്രി.ഫിഫ്ടീന്‍ത്..വണ്‍ ഫൈവ്..കാന്‍ യു ഗെറ്റ് ദാറ്റ് പോയിന്റ്?നോവണ്‍ റിയലി റീഡ്സ് യുവര്‍ ബ്ളഡി മെയില്‍സ്.ആന്റ് നോ വണ്‍ വില്‍ എവര്‍ ലിസണ്‍ ടു യുവര്‍ ജെന്റില്‍ പ്രീച്ചിങ്ങ്സ്.ആള്‍ യു ഗോട്ട് ടു ഡു ഈസ് റ്റു സ്ക്രൂ  ദെം..ഡോന്റ് ബീ എ ഡെഡ് എന്റ്.ഐ നോ യു നോ ഹൗ ടു ഷൗട്ട്."

"ഇറ്റ് ഈസ് നോട്ട് ദാറ്റ് ഐ ഡോന്റ് നോ ഹൗ ടു ഷൗട്ട് സര്‍.ആള്‍ ഐ വാണ്ട് ഈസ് റ്റു ഗെറ്റ് ദ ജോബ് ഡണ്‍.ഐ ലിറ്ററലി ഡോന്റ് കെയര്‍ എബൗട്ട് ആള്‍ ദോസ് ലീഡര്‍ഷിപ്പ് ക്വാളിറ്റി ക്ളിഷെ"

"ദിസ് ഈസ് ഹോപ്ലെസ്സ് യാര്‍.യു കാന്റ് ടേക്ക് യുവര്‍ ഓണ്‍ സ്വീറ്റ് ടൈം ഫോര്‍ ഓള്‍ ദിസ് ഫ*ങ്ങ് തിങ്ങ്സ്."

"സര്‍,ഐ അണ്ടര്‍സ്റ്റാന്റ് യുവര്‍ ഏരിയ ഓഫ് എക്സ്പീരിയന്‍സ് ഈസ് കൊമേഴ്സ്.ഈഫ് ഐ ആം നോട്ട് റോങ്ങ്,ഇന്‍പുട്ട് ഈക്വല്‍ ഔട്ട്പുട്ട് ഈസ് ദ അള്‍ട്ടിമേറ്റ് എഫിഷ്യന്‍സി യു കാന്‍ അണ്ടര്‍സ്റ്റാന്റ്.മൈ ബേസിക് എഡ്യൂക്കേഷന്‍ വാസ് ഓണ്‍ സയന്‍സ്.ഈഫ് വീ ഹാപ്പന്‍ ടു ഈറ്റ് 200 ഗ്രാം ഓഫ് റൈസ് ആന്റ് എക്സ്ക്രീറ്റ് ദ സെയിം ക്വാണ്ടിറ്റി,ഇറ്റ് മീന്‍സ് ഔവര്‍ ബോഡി അസ് എ കളക്റ്റീവ് ഓഫ്
കോംപ്ളക്സ് സിസ്റ്റംസ് ഈസ് ഹാവിങ്ങ് സം സീരിയസ് ട്രബിള്‍.എഫിഷ്യന്‍സി ഈസ് വാട്ട് ഔവര്‍ ബോഡി അസ്സിമിലേറ്റഡ് ആന്റ് കണ്‍വേര്‍ട്ടഡ് ഇന്റു മാറ്റര്‍ ഓര്‍ വര്‍ക്ക്"

ദിങ്ങനെയാണ് ഒരു ജോലി പോയത്😂 

Sunday, 11 October 2020

വിജയമന്ത്രം


ഞങ്ങളുടെ നാട്ടില്‍ പ്രശസ്തനായ ഒരു മേസ്തിരിയുണ്ട്.അദ്ദേഹത്തിന്റെ പേര് 'x' എന്നിരിക്കട്ടെ!!!കഥയിലാണെങ്കില്‍ പോലും,ഏതെങ്കിലും ജാതിയെയോ ലിംഗത്തേയോ വിഭാഗത്തെയോ സൂചിപ്പിക്കുന്ന ഒരു പേരു പറഞ്ഞാല്‍ അതിന്റെ പേരില്‍ ജീവിതം തകര്‍ക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ഒരു പാട് ഊളകളോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇത്തരമൊരു ഒളിച്ചുകളി.

കഥയിലേയ്ക്കു തിരിച്ചു വരട്ടെ?

കഥ കാണാന്‍ രണ്ടു കണ്ണുകള്‍ വേണമായിരുന്നല്ലോ!എളുപ്പത്തില്‍ കിട്ടുന്ന രണ്ടെണ്ണം ഇങ്ങെടുക്കുവാ.നാടു ചുറ്റി നടന്ന് പൊട്ടും പൊടിയും വാരുന്ന സ്ഥിരം കണ്ണുകളാണ്.

മേസ്തിരി എല്ലായിടത്തുമുണ്ടാവും.ഏതു  കൊടികുത്തിയ എഞ്ചിനീയര്‍ വരച്ച പ്ളാനും അപ്രൂവ് ചെയ്യപ്പെടുന്നത് ഇദ്ദേഹത്തിന്റെ സന്നിധിയിലാണ്.

നേരത്തേ പറഞ്ഞ കഥ കാണുന്ന കണ്ണുകള്‍ മേസ്തിരിയുടെ പുകളിന്റെ മുകളിലും പറന്നിറങ്ങി.

"ചേട്ടാ,ശൂ....ഓയ്..ചേട്ടാ.."വിളി മേസ്തിരിയെയാണ്.

തിരിഞ്ഞു നോക്കുന്നില്ലെങ്കിലും കടക്കണ്ണിലൂടെ (കടക്കണ്ണ് പെണ്ണിനു മാത്രമെന്നു കരുതുന്നവര്‍ പാക്കിസ്ഥാനിലേയ്ക്കോ മറ്റോ ഉടനെ പോകേണ്ടതാണ്)എന്നെ കാണുന്നുണ്ടെന്നത് വ്യക്തമാണ്.

"ഒരു കാര്യം ചോയിക്കാനാരുന്നു..ഓയ്.."വീണ്ടും വീണ്ടും ഞാനാണ്.

ഇത്രയൊക്കെയായപ്പോള്‍ അദ്ദേഹം വളരെ മെല്ലെ തിരിഞ്ഞു.ഒരു ശില്‍പ്പി മാര്‍ബിള്‍ കഷണത്തെയെന്നപോലെ എന്നെ ആപാദചൂഡം നോക്കി എന്നു പറയുമ്പോള്‍ ഓസില്‍ മാര്‍ബിള്‍ കഷണമാകാനുള്ള ശ്രമമല്ലേ എന്നു സംശയിച്ചാല്‍ അതില്‍ തെറ്റു പറയാനില്ല.

എന്തായാലും നോക്കി.ശേഷം മുഖം കൊണ്ട് എന്താ കാര്യം എന്ന അര്‍ത്ഥത്തില്‍ ഒരു ആംഗ്യം കാണിച്ചു.

"ചേട്ടന്റെ ഈ ജനസമ്മിതിയുടെ രഹസ്യം എന്താ?"ഞാന്‍ അക്ഷമനാണ്.

മുന്‍വിധിപോലെ അദ്ദേഹം കേട്ട ഭാവം നടിച്ചില്ല. 

"അങ്ങനെ ചോയിച്ചതല്ല.ഞാനും പലയിടത്തും ജോലി ചെയ്തിട്ടുണ്ട്.ജോലി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട് എന്നു പറയുന്നതാവും കൂടുതല്‍ ശരി.പക്ഷേ എല്ലായിടത്തും നമ്മള്‍ അധികപ്പറ്റായിരുന്നു എന്നപോലെ.ജോലി നടക്കാന്‍ വേണ്ടിയാണ് നിന്നെ സഹിക്കുന്നതെന്ന് പോലും പലരും പറഞ്ഞിട്ടുണ്ട്.പക്ഷേ ആലോചിക്കുമ്പോള്‍ ഇതേ ഡയലോഗ് ഞാന്‍ അവരോട് പറയേണ്ടതല്ലേ എന്നു തോന്നിയിട്ടുമുണ്ട്.അലഞ്ഞ് അലഞ്ഞ് മടുത്തു.എവിടെയെങ്കിലും പിടിച്ചു നില്‍ക്കണം.അതേ സമയം തന്നെ നമ്മടെ ആദര്‍ശങ്ങളോടും ഇഷ്ടങ്ങളോടും നീതി പുലര്‍ത്താന്‍ സാധിക്കുകയും വേണം.കൂലി തരുന്നവര്‍ക്കൊട്ടു നഷ്ടബോധം തോന്നാനും പാടില്ല.

എന്താണ് ചേട്ടന്റെ ഈ വിജയത്തിന്റെ രഹസ്യം??!പറയാമോ?പ്ളീസ്"

"ഇന്നെന്താഴ്ച?"

"ങ്ങേ?!"

"ഇന്ന് ദെവസം ഏതാന്ന്?"മുറുക്കാന്‍ നിറഞ്ഞ വായ കൊണ്ട് മേസ്തിരി പറഞ്ഞൊപ്പിച്ചു.

"ചൊവ്വ.ചൊവ്വാഴ്ച."മൊബൈലില്‍ നോക്കി ഉറപ്പും വരുത്തി.തൂസ്ഡേയും തേഴ്സ്ഡേയും കുഞ്ഞിലേപ്പോലെ ഇപ്പോഴും മാറിപ്പോകുന്നുണ്ടെല്ലോയെന്നോര്‍ത്ത് മനസ്സില്‍ ചമ്മി.ചിരിച്ചു.

"ഷമയമൊണ്ടേ ഇന്നത്തേക്ക്
കൂടെ പോരെ!" മേസ്തിരിയാണ്.

"സമയമുണ്ട് ചേട്ടാ.സമയമേ ഒള്ളൂ."ഞാന്‍ ആവേശോജ്ജവലിത വിനയകളേബരനായി.

"ആ ഷഞ്ചി.."

"സഞ്ചി ഞാനെടുത്തോളാം!"അങ്ങനെ സഞ്ചിയുമെടുത്ത് നടക്കുകയായാണ്.എങ്ങോട്ടാണെന്ന് ചോദിക്കാന്‍ മനസ്സിലെ അക്ഷമന്‍ വെമ്പുന്നുണ്ടെങ്കിലും പേടി അതിനെയെല്ലാം മൂടിക്കളഞ്ഞു.

ഇടക്ക് പെട്ടിക്കടയെത്തിയപ്പോള്‍ നില്‍ക്കാന്‍ സിഗ്നല്‍ വന്നു.നിന്നു.ചുരുങ്ങിയ വാക്കുകളില്‍ അവിടുത്തെ ഡീലും കഴിഞ്ഞു.നോട്ടിനു പകരം ഒന്ന് ഒന്നരക്കിലോ മുറുക്കാന്‍ പൊതിയായി സഞ്ചിയിലെത്തി.

നടപ്പ് തുടരപ്പെട്ടു!

NRI അച്ചായന്റെ ഔട്ട് ഹൗസിന്റെ പണി നടക്കുന്നിടത്താണ് ആ തീരെ ചെറുതല്ലാത്ത യാത്ര അവസാനിച്ചത്.

ചെന്നപാടെ അക്ഷമരമായ സഹപണിക്കാര്‍ ചോദ്യശരങ്ങളുമായി പൊതിഞ്ഞു.

"യെവനേതാ പുതിയത്?!"അത് എന്നെയാണ്.

"ഞാന്‍ ചുമ്മാ.."

"കൈലിയുടുക്കാതെ ജീന്‍സിട്ടോണ്ട് ഈ  പണി നടക്കത്തില്ല.ഞങ്ങള് പറയാനൊള്ളത് പറഞ്ഞു."

"ഇന്നലെയടിച്ചതിന്റെ തലവേദന ഇതുവരെ മാറിയിട്ടില്ല"അടുത്തയാള്‍..

"കൈയ്യേലും കാലേലും ഈ മലരെല്ലാം കൊണ്ടു കേറി മുറിഞ്ഞതിന്റെ വേദന മറന്നു ഒന്നു കിടന്നൊറങ്ങണ്ടേ?അതിനല്ലേ ഇല്ലാത്ത കാശു മൊടക്കി കള്ളു മേടിക്കുന്നെ."മറുപടിയും ആ ടെമ്പററി നാടകഗ്രൂപ്പില്‍ നിന്ന് തന്നെ വന്നു.

"കൂലി കിട്ടീട്ട് ആഴ്ച രണ്ടായി..മലര്"അടുത്ത ഇന്റര്‍വ്യൂവര്‍..

"ബോധമില്ലാത്തവമ്മാരാ ഇതെല്ലാം ഒണ്ടാക്കി വെച്ചേക്കുന്നെ..ഇടിഞ്ഞു പൊളിഞ്ഞു അച്ചായന്റേം കെട്ടിയൊക്കടേം തലേല്‍ വീണ് എല്ലാം ജയിലില്‍ പോകണ്ടി വരുമോന്നാണ്..ഇവിടെ കാമറാ ഒള്ളതാ.പണിക്ക് വന്നില്ല എന്നൊന്നും പറഞ്ഞ് രക്ഷപെടാന്‍ പറ്റില്ല...മലര്..പിള്ളേര് പട്ടിണിയാകും"ലവന്‍ കടക്കണ്ണെറിഞ്ഞ് ഗൂഡമായി ചിരിച്ചു.

"മേശിരി പതിവുപോലെ ഇന്നും ലേറ്റ്.ഇനി പണി തീര്‍ക്കാനെന്നും പറഞ്ഞ് പാതിരാത്രി വരെ നിക്കണ്ടി വരും..മലര്"അവസാനിക്കാറായെന്ന് തോന്നുന്നു..അളക്കലുകളുടേയും ഇന്റിമിഡേഷന്റെയും ആദ്യഘട്ടം.

ഈ സമയം മേശിരി അച്ചായന്റെ വീട്ടില്‍ ചെന്ന് ആളെവിടെ എന്ന് ആംഗ്യഭാഷയില്‍ ചോദിക്കുകയായിരുന്നു.

"പപ്പ ഏതോ ഓഫീസില്‍ പോയേക്കുവാണല്ലോ ചേട്ടാ..അര്‍ജന്റ് വല്ലതുമാണോ?മൊബൈലില്‍ വിളി ofക്കാം."മോള് മൊബൈലെടുക്കാന്‍ അകത്തേയ്ക്ക് പോവാന്‍ തുടങ്ങിയപ്പോള്‍ മേസ്തിരി വേണ്ടെന്ന് ആംഗ്യം കാട്ടി തിരിഞ്ഞു  നടന്നു.

"എവിടെ തൊടങ്ങണം മേശിരീ"ഒരുത്തന്‍ ചോദിച്ചു..കേട്ടഭാവം നടിച്ചില്ല.

"ഇന്നലത്തെ ഷേഡിന്റെ പണി വാക്കി തീര്‍ക്കാം..ഇന്ന് മഴ കാണില്ല.ഇന്ന് കൊണ്ട് തീരുവാരിക്കും."വേറൊരാള്‍.

മേസിശി കൈകൊണ്ട് ആംഗ്യം കാട്ടി  ഷെഡ്യൂളിന് അപ്രൂവല്‍ കൊടുത്തു. 

"ഷവ്വല് എവിടെയാന്ന് കണ്ടോ മേശിരീ..കാണുന്നില്ല"വേറൊരുത്തന്‍..മേശിരി കേട്ട ഭാവം നടിച്ചില്ല.

എന്നോട് മറ്റു പണിക്കാരുടെ കൂടെ കൂടിക്കോളാന്‍ ആംഗ്യഭാഷയില്‍ നിര്‍ദ്ദേശിച്ച് മേശിരി കണക്കുകളുടെ ലോകത്തേയ്ക്ക് കടന്നു.

ഞാനവരുടെ കൂടെ ചേര്‍ന്നു.കാണുന്ന പോലെ അല്ല.പഠിക്കാനേറെ ഉണ്ട്.

ഇടയ്ക്ക് വിശ്രമമുണ്ട്.തമാശകളുണ്ട്.ചെറിയ പിണക്കങ്ങളുണ്ട്.പണി നീങ്ങുന്നുണ്ട്.സമയവും...

ഭക്ഷണം കഴിക്കാനായി..അച്ചായന്‍ എത്തിയിട്ടില്ല.എല്ലാവരും എത്തിയിട്ടും മേശിരി വന്നില്ല.ഞങ്ങള്‍ നല്ല രുചിയോടെ ചോറുണ്ടു.കഴിയാറായപ്പോള്‍ മേശിരി വന്നു.സമയമെടുത്ത് മുറുക്കാനെല്ലാം കഴുകിക്കളഞ്ഞ് വന്ന് ഇരുന്നു.ചോറ് വിളമ്പി.

"ഇച്ചിരീം കൂടെ ചൂടുണ്ടാരുന്നേല്‍..വാതത്തിന്റെ പ്രശ്നമൊള്ളതാ.."മേശിരി..

"ചൂടൊണ്ടാരുന്നതാ ചേട്ടാ..അല്ലേലിവരോട് ചോയിച്ചു നോക്കിക്കോ."അച്ചായന്റെ മോളാണ്.

"ഇച്ചിരി ആവി കേറ്റുന്ന താമസമല്ലേ ഉള്ളൂ..മേശിരി ഇരി."അച്ചായന്റെ ഭാര്യ മകളുടെ വിവരക്കേടിനെ പരിഹരിച്ചു.

അങ്ങനെ ദിവസം കഴിയാറായി.അച്ചായന്‍ വന്നു.മേശിരി മറ്റൊരു ആളായി മാറി.മുറുക്കാനൊക്കെ തുപ്പിക്കളഞ്ഞു.അച്ചായനോട് സുദീര്‍ഘമായ സംഭാഷണത്തിലേര്‍പ്പെട്ടു.കൂലി കണക്കു പറഞ്ഞ് വാങ്ങി എല്ലാര്‍ക്കും വീതിച്ച് നല്‍കി.

എന്നെ ഒന്നുകൂടി ഇരുത്തി നോക്കി പൊക്കോളാന്‍ ആംഗ്യം കാണിച്ചു.

കിട്ടിയ 800 രൂപകൊണ്ട് രാവിലത്തെ പെട്ടിക്കടയില്‍ നിന്ന് ഒന്ന് ഒന്നരക്കിലോ മുറുക്കാന്‍ വാങ്ങണമെന്ന ലക്ഷ്യത്തോടെ ഒരു വിശ്വവിജയിയേപ്പോലെ ശരീരംവേദനയ്ക്കിടയിലും ഞാന്‍ ദൃഡമായ കാലടികളോടെ നടന്നു.

Sunday, 4 October 2020

അണ്ണവരിന്‍ കതൈ

ബ്രഹ്മാണ്ഡമാന കതൈയാണ്!!

തുടക്കം കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ പരമ്പരാഗത സംഭവമാണെന്നൊക്കെ തോന്നിപ്പോയേക്കാം.ക്ഷമി..

തിരൈപ്പടത്തില്‍ വേഷം തെണ്‍ട്രി കോടമ്പക്കത്തെത്തി പോക്കറ്റടിക്കപ്പെട്ട ഒരു കോടി ആളുകളില്‍ ഒരാളായിരിക്കും നമ്മുടെ കഥാനായകന!!

എന്തായാലും പട്ടിണിക്കും പരിവട്ടത്തിനും കൊഞ്ചം കൊഞ്ചം തെരിയുന്ന ഭാഷയിലുള്ള അധിക്ഷേപങ്ങള്‍ക്കും ഒരു കുറവുമില്ലെന്നു ധരിച്ചു കൊള്‍ക.

ഗ്യാസു കയറുന്ന വയറ് എത്രമാത്രം വലിയ മോട്ടിവേഷനാണെന്ന് പറഞ്ഞാല്‍ രസികര്‍ക്ക് രസിക്കുമോന്നറിയില്ല.

ന്നാലും..

വെറും വയറ്റില്‍ ചെയ്യാവുന്ന ചില കൂലിവേലകള്‍ പാത്ത് സ്വരുക്കൂട്ടിയ ദുട്ടുകൊണ്ട് ഗസറ്റില്‍ പരസ്യം ചെയ്ത് കഥാനായകന്‍
പേര് അവറാച്ചനില്‍ നിന്നും 'വണക്കം' എന്നാക്കി മാറ്റി അതിന്റെ സര്‍ട്ടിപ്പിക്കേറ്റും വാങ്ങി.

ഇപ്പോ തോന്നുന്നുണ്ടാവും വെറും വയറ്റിലെ ഗ്യാസ് തലയിലും കയറിപ്പോയതാവുമെന്ന്,അല്ലേ?

പാപ്പോം..

അടുത്ത നടപടി അഥവാ നടന്നു പോയി ചെന്നു നിന്ന പടി സ്ഥലത്തെ പുണ്യപുരാതന ലോവര്‍ പ്രൈമറി സ്കൂളിന്റേതാണ്.

തമിള്‍ പഠിക്കാനാവുമോ?!!

അതും പാപ്പോം..

"പാപ്പാ,ഉന്‍ പേര് എന്നതാടാ ഉവ്വേ?"

"മാരിമുത്തു..അണ്ണേ..ഉന്‍ പേര്"

"പേര് സൊല്ലാടാ..അതുക്ക് മുന്നേ ഒരു വെളയാട്ട് വെളയാടലാടാ.."

"വിളയാട്ടാ..എന്ത വിളയാട്ടണ്ണേ?"

"ഇത് വന്ത് പുത്തന്‍ പുതു വെളയാട്..സൊല്ലട്ടേ!?"

"ആമാണ്ണേ..ചീഘ്രം ചൊല്ല്ങ്കേ.."

"ചൊല്ലട്ടടേടാ??"

"ആമ ആമ.."മാരിമുത്തു ആകാംക്ഷ കൊണ്ട് ബൗന്‍സ് ചെയ്തു തുടങ്ങി.

"സിമ്പിളാടാ..നീ കൊഞ്ചം തള്ളി നിക്കണം..ഞാന്‍ ഉന്നെ ഇപ്പടി (വലതു കരം മെല്ലെ ഉയര്‍ത്തി)സിഗ്നല് പോടും..അപ്പോ നീയെന്റെ പേര് ഒറക്കെ ചൊല്ലണം..അപ്പോ ഞാന്നിനക്ക് ഒരു നെല്ലിക്കായ് ഇട്ടു തരും.."

"ഹായ്..നെല്ലിക്കാവാ..വിളയാട്ട് റൊമ്പ ഈസിയായിരുക്ക്.സ്റ്റാര്‍ട്ട് പണ്ണലാമേ?!"ലവന്‍ ആവേശക്കൊടുമുടിയിലാണ്.

പറയാമ്മറന്നു..പൊതു'ശശ്മാന'ത്തിലടുത്തുള്ള  നോമാന്‍സ് ലാന്റിലെ നെല്ലിയില്‍ കല്ലെറിഞ്ഞ് പത്തിരുപത് നെല്ലി മണികള്‍ വീഴ്ത്തി സൂക്ഷിച്ചിരുന്നു.

"പേരെ കൊഞ്ചം ചൊല്ലുങ്കണ്ണെ!"

"എന്റെ പേര് വന്ത് വണക്കം!!"

"വെറൈറ്റിയായിരിക്ക്..വെളയാട്ട്??"

"ആടാ..സ്റ്റാര്‍ട്ട് പണ്ണിക്കോ!!"

വീളയാട്ട് തുടങ്ങി!!

വിളയാട്ടു വീരന്‍മാര്‍ എതിര്‍ചേരിയില്‍ ഒരുപാടു വന്നു!!

സീസണല്‍ ആയി നെല്ലിക്ക ചാമ്പക്കയ്ക്കും ളൂബിക്കായ്ക്കുമൊക്കെ വഴിമാറി!!

എന്തായാലും വലതു കൈ ഒന്നു പൊക്കിയാല്‍ നൂറു നൂറു കണ്ഡങ്ങള്‍ ആവേശത്തോടെ മ്മടെ കഥാനായകന്റെ ഗസറ്റ് പേരായ "വണക്കം അണ്ണേ്ണ്ണേണ്ണേ..!"എന്ന് അലറി വിളിക്കുന്ന ഒരു പരിതസ്ഥിതി സംജാതമായി!!

പോകെപ്പോകെ കായൊന്നും കൊടുക്കാതെ തന്നെ 'വണക്കം അണ്ണേ' വിളികള്‍ തപാലിലും നേരിട്ടും എത്തിത്തുടങ്ങി!!

ഞങ്ങള്‍ 'വണക്കം അണ്ണൈ മുന്നേറ്റ കഴകം'  രൂപീകരിച്ചു!!

ജാഥയ്ക്കും സിനിമയ്ക്കും ബിരിയാണി വാങ്ങി ചെമ്പാണി..സോറി..ആളെ കൊടുക്കുന്ന കലാപരിപാടിയില്‍ തുടങ്ങി വട്ടിപ്പലിശ + കൊട്ടേഷന്‍ കൊമ്പോ ഓഫറിലെത്തിയ വളര്‍ച്ച പെട്ടെന്നായിരുന്നു..

കഥാനായകന്‍ ചുമ്മാ അങ്ങ് നിന്ന് ഒരു ഇരവില്‍ M.P.ആയി!!!

തിരൈപ്പടങ്ങള്‍ സൃഷ്ടിക്കുന്ന കടവുളായി!!

സൃഷ്ടികളില്‍ ഒരു രംഗബോധവുമില്ലാത്ത കോമാളിയേപ്പോലെ കടന്നു വരാനുള്ള പെഷ്യല് അധികാരം വരെ കരസ്ഥമാക്കി!!!

അങ്ങിനെയങ്ങനെയങ്ങനെ...

നന്‍ട്രി

Friday, 2 October 2020

മുഷിവ്

ഒരു ജീവിതത്തെ ബാധിക്കാവുന്നതില്‍ ഏറ്റവും ഭീതിതമായ മാനസികാവസ്ഥ എന്തെന്നു ചോദിച്ചാല്‍ ഞാന്‍ പറയും 'മുഷിവ്' ആണെന്ന്.

ഒന്നും നേടാനാകാത്തവനും ഒരുപാടു നേടിയവനുമൊക്കെ മുഷിവിന്റെ മുന്നില്‍ തുല്യരാണ്.


മറ്റു പല അസുഖങ്ങളുടേയും സ്വഭാവവൈകല്യങ്ങളുടേയും തുടക്കമാണീ മുഷിവ്. 

എങ്ങിനെയാണ് മുഷിവുണ്ടാവുന്നത്?

മുഷിവുണ്ടാകാന്‍ കാരണം ക്വോട്ടുകളില്‍ പറയുംപോലെ നമ്മള്‍ കംഫര്‍ട്ട് സോണുകളില്‍ തുടരുന്നതാണ്.

ഞാന്‍ ചെയ്തതുപോലെ പഠനം ഇടക്കുവെച്ച് ഉപേക്ഷിക്കുന്നതിനെയോ ജോലികള്‍ മാറി മാറി പരീക്ഷിക്കുന്നതിനെയോ ന്യായീകരിക്കാനല്ല ഈ എഴുത്ത് എന്ന് ആദ്യമേ തന്നെ പറയട്ടെ.അതൊക്കെ 'പതിയെ പഠിക്കുന്ന' എന്റെ പരാജയങ്ങള്‍ മാത്രമാണ്.

പിന്നെയെന്താണ് കംഫര്‍ട്ട് സോണ്‍?

സാധാരണകുടുംബങ്ങളില്‍ ജനിച്ചു വളരുന്ന എല്ലാവരും അവരുടെ മാതാപിതാക്കളും ബന്ധുജനങ്ങളും ജീവിച്ചിരിക്കുവോളം ഒന്നും അറിയാത്ത കുഞ്ഞു വാവകളായി പരിഗണിക്കപ്പെടാറാണ് പതിവ്.

എല്ലാ മനുഷ്യരിലും ഒരു കുട്ടിയുണ്ട്,ആ കുട്ടിയ്ക്കും മതിയായ ശ്രദ്ധ കിട്ടണം.

പക്ഷേ ജീവിതത്തിലെ നിര്‍ണ്ണായകമായ നിമിഷങ്ങളില്‍ നമ്മളെ കുട്ടികളാക്കി കണ്ണുപൂട്ടി ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന ആളുകളല്ല,സമചിത്തതയോടെ ജീവിതത്തെ നേരിടാന്‍ പ്രേരിപ്പിക്കുന്നവരെയാണ് നമുക്ക് ആവശ്യം.

നമ്മുടെ സുഹൃത്ത്വലയങ്ങളും തൊഴിലിടങ്ങളുമൊക്കെ നമ്മളെ ഉറങ്ങാന്‍ പ്രേരിപ്പിക്കുന്നത് അത്ര നല്ല സൂചനയല്ല!

സാമൂഹികബന്ധപ്പാടുകള്‍ മുഷിവിന് കാരണമാവുമോ?

തീര്‍ച്ചയായും!

ഏതൊരു ഗ്യാങ്ങിനും സിസ്റ്റത്തിനും പറയാനുണ്ടാവുന്ന ക്ളിഷെ ഡയലോഗാണ് 'ഇതിനിപ്പോ എന്താ കുഴപ്പം'(നിലവിലുള്ള രീതികളെക്കുറിച്ച്).

പുരാതനശിലായുഗത്തിലുള്ളവരിലും ഇതുപോലെ ചിന്തിക്കുന്ന ഭൂരിപക്ഷം ഉണ്ടായിരുന്നിരിക്കാം.പക്ഷേ നമ്മള്‍ അവിടെ നിന്ന് ഒരുപാട് മുന്നോട്ടു പോന്നു.വസ്ത്രം ധരിക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ ശീലിച്ചു.

മാറ്റങ്ങളെക്കുറിച്ച് സംസാരിച്ച പലരേയും നമ്മള്‍ വേദന തീറ്റിച്ചു.എന്നിട്ടും മാറ്റം സംഭവിക്കുന്നു.പിന്നെയെന്തിനാണ് നിഷ്പ്രയോജനകരമായ വേദനിപ്പിക്കലുകള്‍?

മുഷിവിനെ നേരിടാന്‍ നമ്മളെ കംഫര്‍ട്ട് സോണുകള്‍ക്ക് പുറത്തേയ്ക്ക് തള്ളിയിടണം!

അതു ചെയ്തു തരാന്‍ മറ്റാരുമില്ലെങ്കില്‍ സ്വയം ചെയ്യണം!!

വീണ്ടും പറയുന്നു,പഠനവും ജോലിയുമൊന്നും ഉപേക്ഷിക്കുന്ന കാര്യമല്ല,ജീവിതത്തില്‍ ആയിരിക്കുന്ന/കഴിയാവുന്ന അവസ്ഥകളില്‍
പുതിയ രീതികള്‍ അടിക്കടി പരീക്ഷിക്കാന്‍ മടിക്കരുതെന്നു മാത്രമാണ് ഇതിലൂടെ പറയാനാഗ്രഹിച്ചത്.

Tuesday, 22 September 2020

മെത്തയിലെ അട്ട

നമ്മളിന്നീ നാട്ടില്‍ കാണുന്ന ഓളമുണ്ടാക്കുന്ന എല്ലാം എവിടെ നിന്നു വന്നു എന്നു ചോദിച്ചാല്‍ സംശയലേശമന്യേ പറയാം വെള്ളക്കാരുടെ നാട്ടില്‍ നിന്നാണെന്ന്.

കാരണം പലപ്പോഴും, മിക്കപ്പോഴും,എല്ലായ്പ്പോഴും പരിവേഷങ്ങളുള്ളവരോട് നമുക്കുള്ള അമിതവിധേയത്വവുമായിരിക്കാം.

കാരണമെന്തായാലും നമ്മുടെ തൊഴില്‍ സംസ്കാരം(വ്വോ..ലതു തന്നെ മാര്‍ക്കറ്റിങ്ങും അഡ്മിനിസ്ട്രേഷനും എച്ചാറും),വസ്ത്രധാരണരീതി,ഭക്ഷണശൈലി,ജീവിതവീക്ഷണങ്ങള്‍,രോഗങ്ങള്‍,വിദ്യാഭ്യാസം എല്ലാം ഇപ്പോ വെള്ളസംസ്കാരത്തെ വിജയകരമായോ അല്ലാതെയോ അനുകരിക്കാനുള്ള ശ്രമത്തിലാണെന്ന് പറയാതെ വയ്യ.

അങ്ങിനെയിരിക്കെയാണ് മെത്തയില്‍ കയറിക്കൂടിയ ഒരു അട്ടയുടെ മുന്‍പിലേയ്ക്ക് ഒരുകൂട്ടം യുക്കെക്കാര്‍ ഓട്ടോയും വിളിച്ചു വന്ന ത്.

വന്നപടിയെ പിറകിലൊളിപ്പിച്ചു പിടിച്ച മ്മടെ കുഞ്ഞിക്കൈ പിടിച്ചുപറിച്ചെടുത്തു അരമുക്കാ മണിക്കൂറ് ഷോള്‍ഡര്‍ ഡിസ്ലൊക്കേഷന്റെ വക്കോളം കുലുക്കി തളര്‍ത്തിക്കളഞ്ഞു.

കൈ വിട്ടപ്പോള്‍ നന്നായിട്ടൊന്നു വയറൊഴിഞ്ഞ സുഖത്തിന്റെ   ഒരു തനിയാവര്‍ത്തനം ഫീലു ചെയ്തു എന്നു പറയുന്നതില്‍ അതിശയോക്തി ഉണ്ടാവില്ല.

യാ യാ എന്നു പറയാന്‍ വലിയ ബുദ്ധിമുട്ടില്ലാത്തകൊണ്ട് സംഭാഷണം ഒരു പ്രശ്നമേ ആയില്ല!

ഓരോ മാരണത്തില്‍ കൊണ്ടുപോയി തള്ളിയിടുന്ന ജീവിതമേ നിന്നെ ഞാനെന്റെ വധുവായി കണ്ടോട്ടെ എന്ന് മനസ്സിലെ കവി കാല്‍നഖം കൊണ്ട് പോറി..സോറി  കോറി..

സായിപ്പുമുണ്ട് മദാമ്മയുമുണ്ട്.

കയ്യിലഞ്ചാറ് ഫോണ്‍ വീതമുണ്ടെങ്കിലും ആരും വിളിക്കുന്നില്ല!!

മ്മളാരുന്നേല്‍ ഇപ്പോ പാല്‍,പത്രം,പീടിക,ഭാര്യ,ശിന്നവീടരൊക്കെ പടപടാ വിളിച്ച് തലയുടെ ഫ്രീക്വന്‍സിയേ മാറ്റിക്കളഞ്ഞേനെ.

സായിപ്പ് തൊണ്ട കാര്‍പ്പിക്കുന്നില്ല,ഡിങ്ങ് ഡോങ്ങ് ചൊറിഞ്ഞു കാണിക്കുന്നില്ല,മദാമ്മ കള്ളനാണമൊന്നും കാണിക്കുന്നില്ല,മുരടനക്കി ശ്രദ്ധ തിരിച്ചിട്ട് ഷാളൊക്കെ പെട്ടന്നെടുത്തു മൂടി കാണുന്നവരെ ഹ്യുമിലിയേറ്റ് ചെയ്യുന്നില്ല..

അല്‍ഫുതം!!

ഇവരൊക്കെ ബിസിനസുകാരു തന്നെ??

കണ്ണുരുട്ടിയൊന്നു നോക്കുവെങ്കിലും ചെയ്യടേന്ന് പറയണമെന്നുണ്ടായിരുന്നു.

പഴയ ലിപിയും പുതിയ ലിപിയും തമ്മിലൊരു ബലംപിടിത്തം വേണ്ടെന്നു കരുതി പറഞ്ഞില്ല.

സമയം ചെല്ലുന്തോറും മനസ്സിലായി അവരാരും അതിമാനുഷരല്ല;ഉള്ള കഴിവുകളെ പിശുക്കില്ലാതെ ചിലവഴിക്കുന്നവരാണെന്ന്.

"ഓകായ്..വീ ഹാവ് ഗാട്ട് യുവര്‍ ക്രെഡിറ്റ് ആപ്ളിക്കേഷന്‍ അപ്രൂവ്ഡ്....ഡേയ്റ്റിങ്ങ് ഈസ് ഓവര്‍.

ആര്‍ വീ ഗോയിങ്ങ് ടു എന്‍ജോയ് സം സെക്സ് റ്റുഗേതര്‍?

ആര്‍ യു ഗോയിങ്ങ് ടു ട്രൈ ഫക്ക് മീ അപ്?

ഓര്‍ ഡു യു വാന്റ് ടു ഗെറ്റ് ഫക്ക്ഡ് അപ്?

ട്രസ്റ്റ് മീ..എന്‍ജോയിങ്ങ് സെക്സ് ടുഗേതര്‍ ഈസ് റിയലി ഹാര്‍ട്ട്വാമിങ്ങ്!"

(തലയില്‍ തോര്‍ത്തുമുണ്ടിട്ട കുലപുരുഷ/സ്ത്രീകള്‍  ഇതു വായിക്കാതെ ദയവായി കണ്ടം വഴി ഓടിപ്പോവുക)

മദാമ്മ ആന്റിയുടെ മൊബൈല്‍ നമ്പര്‍ എന്താണെന്നു ചോയിക്കാനെന്റെ ആര്‍ഷഭാരതഹൃദയം വെമ്പിയെങ്കിലും വായിലൊരു ബക്കറ്റ് വെള്ളം നിറഞ്ഞതിനാലാ അടി എലിമീശ വണ്ണത്തില്‍ മിസ്സായി😂

Monday, 14 September 2020

എന്റെ മാര്‍ക്കറ്റിങ്ങന്വേഷണപരീക്ഷണകഥകള്‍

തലക്കെട്ടു കേട്ടു ഒരു പ്രത്യേകവിഭാഗത്തിനായി മാത്രം എഴുതുന്നതാണെന്ന് തെറ്റിദ്ധരിക്കരുതേ..

ആര്‍ക്കും വായിക്കാം..

എപ്പോളും വായിക്കാം..

കഥയെഴുതാന്‍ മാത്രമൊക്കെ വളര്‍ന്നു പോയോ എന്നാവും ഞാനിങ്ങനെ ഒരു തലക്കെട്ടു വായിച്ചാല്‍ ആദ്യം ചിന്തിക്കുക.

ഒരിക്കലുമില്ല!!

പച്ചക്കറിയും കറിമസാലയും പുസ്തകങ്ങളും  കണ്‍സ്ട്രക്ഷന്‍ കെമിക്കലുകളും ഒക്കെ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ച കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ വിലയിരുത്തിയാല്‍ ഞാന്‍ കഷ്ടി പാസ് മാര്‍ക്കു വാങ്ങിയ ഒരാളാണ്.പേരിനു പോലും ഒരു എ പ്ളസ് ഇല്ല.

പിന്നെയെന്ത് കോക്കനട്ടിനാണീ ഖണ്ഡകാവ്യം എന്നു ചോദിച്ചാല്‍...

മാര്‍ക്കറ്റിങ്ങ് ഒരു ജീവിതശൈലിയാണ് എന്നത് എല്ലാവര്‍ക്കുമറിയാവുന്നതാണല്ലോ.

സ്ഥാവരജംഗമവസ്തുക്കളെല്ലാം നശിച്ച് അര്‍ദ്ധപട്ടിണിയില്‍ നിന്നപ്പോള്‍ പോലും എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി കിട്ടിയ ഒരു കേന്ദ്രസര്‍ക്കാര്‍ ജോലി അന്തര്‍മുഖത്വത്തില്‍ തന്നെ തുടരാനുള്ള ത്വര കൊണ്ട് വേണ്ടെന്നു വെച്ച ഒരു അമ്മയുടെ ഛായയും സാദൃശ്യവുമുള്ള മകനായ,ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രം,അഡ്ജസ്റ്റ്മെന്റ് ഡിസോഡര്‍,ഡിപ്പ്ര്‍ഷന്‍ എന്നീ വായില്‍ കൊള്ളാത്ത പേരുകളുള്ള അസുഖങ്ങളുടെ കട്ട കയ്പ്പുള്ള മരുന്നുകള്‍ കുറച്ചു മാസങ്ങള്‍ രുചിച്ചറിഞ്ഞ എനിക്ക് ജീവിതശൈലി തേടി കണ്ടുപിടിക്കേണ്ടത് സര്‍വൈവലിന് എത്രമാത്രം ആവശ്യകമാണെന്നത് ഇനി വിശദീകരിക്കേണ്ടതില്ലെന്ന് കരുതുന്നു.

മാര്‍ക്കറ്റിങ്ങിനെ വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്ന പലരുടേയും കൂടെ സഹവസിക്കാന്‍ കഴിഞ്ഞപ്പോള്‍ മനസ്സിലായി സെയില്‍സ്/മാര്‍ക്കറ്റിങ്ങിനപ്പുറം ക്വാളിറ്റി സെയില്‍സ്/ക്വാളിറ്റി മാര്‍ക്കറ്റിങ്ങ് എന്നൊന്ന് കൂടി ഉണ്ടെന്ന്.

എന്താണിതിന്റെ വ്യത്യാസം എന്നു ചോദിച്ചാല്‍ വലിയ ഏച്ചുകെട്ടലുകളില്ലാതെ മാര്‍ക്കറ്റിങ്ങ് സാധ്യമാകുന്ന ഒരു അവസ്ഥയെ ക്വാളിറ്റി മാര്‍ക്കറ്റിങ്ങ് എന്നു പറയാമെന്നു തോന്നുന്നു.

ഇനിയും മനസ്സിലായില്ലെങ്കില്‍ നൃത്തമോ മാര്‍ഷ്യല്‍ ആര്‍ട്സോ പഠിക്കുന്നവരെ ശ്രദ്ധിക്കൂ..തുടക്കത്തില്‍ അവരുടെ അംഗചലനങ്ങളെ ഡാന്‍സോ ചുവടുകളോ ആക്കാന്‍ ഓരോരുത്തരും കഷ്ടതപ്പെടും.എന്നാല്‍ കാലക്രമേണ അവരുടെ അംഗചലനങ്ങളെല്ലാം ചുവടുകളായി തോന്നിക്കുന്ന ഒരു കാലം വരും.

ഇതുമുഴുവന്‍ അഭിനയമല്ലേ എന്ന ചോദ്യവുമുണ്ടാവാം!

എന്താണ് അഭിനയമല്ലാത്തത് എന്ന ഒരു ചോദ്യം സ്വയം ചോദിക്കാനായാല്‍ ഈ പ്രശ്നം തീര്‍ച്ചയായും പരിഹരിക്കപ്പെടും.

മരിച്ചു കിടക്കുന്ന ഒരു മാതാവിന് മുലയൂട്ടല്‍ സാധ്യമല്ല.സ്നേഹത്തിന്റെ ഉത്തമോദാഹരണമായി കാണപ്പെടുന്ന  മുലയൂട്ടലില്‍ പോലും ഇപ്രകാരം
'എന്റെ','എനിക്ക്' എന്നിങ്ങനെ സ്വാര്‍ത്ഥത എന്ന് വിളിക്കാവുന്ന ഒരുപാട് എലമെന്റുകള്‍ വളരെ വ്യക്തമായി ദര്‍ശിക്കാവുന്നതാണ്.എന്നുകരുതി അതിനെ അഭിനയം എന്നു ആരും വിളിക്കാനിടയില്ലല്ലോ!

ഇനിയും ഉദാഹരണം  പറഞ്ഞു വെറുപ്പിക്കണം എന്നുണ്ടെങ്കില്‍ നമുക്ക് മുറ്റത്ത് ഒരു തുളസി ഉണ്ടെന്ന് കരുതൂ.വൈകുന്നേരം പുറത്തുനിന്ന് വരുമ്പോള്‍ അതിന്റെ ചുവട്ടില്‍ കാലു കഴുകുന്ന ഒരു ശീലം നമ്മള്‍ തുടങ്ങുകയാണ്.കാലിനും നല്ലത്..തുളസിക്കും നല്ലത്..തുളസി വലുതാവുമ്പോള്‍ വീണ്ടും നമുക്ക് നല്ലത്..ഇങ്ങിനത്തെ അനാചാരം ടൈപ്പ് സംഗതികളിലൊന്നും വിശ്വാസമില്ലെന്ന് സ്ഥാപിക്കാനായി മാത്രം കാലു കഴുകാതെ ഇരുന്നാലോ??!!എന്താവുമെന്ന് ആലോചിച്ചു നോക്കൂ..

സാമൂഹികമായ ഇടപെടലുകള്‍ - കൊടുക്കല്‍ വാങ്ങലുകള്‍ എന്നും പറയാം - ആണല്ലോ ഒരു വ്യക്തിയെ പരുവപ്പെടുത്തി എടുക്കുന്നത്.മാര്‍ക്കറ്റിങ്ങ് സമൂഹത്തോട് ലിമിറ്റ്ലെസ്സായി ഇടപെടാനുള്ള അവസരമാണ്.

ക്വാളിറ്റി മാര്‍ക്കറ്റിങ്ങിന്റെ അടിസ്ഥാനം നല്ല മാനുഷികബന്ധങ്ങളാണെന്ന് എന്നോട് പറഞ്ഞു തന്ന ഒരാളുണ്ട്.പേര് തത്കാലം മെന്‍ഷന്‍ ചെയ്യുന്നില്ല.മറ്റു ഒരുപാടു പേര്‍ പറയാതെ പറഞ്ഞിട്ടുണ്ടാവും..പക്ഷേ എന്റെ ശൈലിയോട് ചേര്‍ന്നു നില്‍ക്കുന്നത് അദ്ദേഹത്തിന്റെ തുറന്ന സംസാരമായതിനാല്‍ സ്ട്രൈക്കിങ്ങായി തോന്നി.

മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ എല്ലാ ജീവിതങ്ങളുടേയും നിലവാരം മാനുഷികബന്ധങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയാം.നല്ല ബന്ധങ്ങള്‍ നട്ട്,നനച്ച്,കേടു പോക്കി,പരിപാലിക്കുന്നവര്‍ക്ക് ജീവിതത്തില്‍ മറ്റുള്ള ഘടകങ്ങളെല്ലാം താനേ വന്നു ചേരും.

ഞാനിപ്പോ ഈ വിടുവായത്തരം കാട്ടിയതു കൊണ്ട് ചിലപ്പോള്‍ നിലവിലുള്ള ബന്ധങ്ങളെല്ലാം ഒന്ന് ഉലഞ്ഞേക്കാം.കാരണം കണ്ണടച്ചു പാലു കുടിയാണ് ലോകത്തിന് സ്വീകരിക്കാനെളുപ്പമുള്ള സമീപനരീതി.എന്തായാലും ആ റിസ്ക് ഞാനെടുത്തു കഴിഞ്ഞു.ചെയ്യുന്നതിന്റേയും പറയുന്നതിന്റെയും പിതൃത്വം (ഓണര്‍ഷിപ്പ്) ഏറ്റെടുക്കുന്നത് കൊണ്ട് ഫില്‍ട്ടര്‍ ചെയ്യപ്പെടുന്ന ബന്ധങ്ങളുണ്ടെങ്കില്‍ അത് ഫില്‍ട്ടര്‍ ചെയ്യേണ്ടത് തന്നെയാണ് എന്നതാണ് എന്റെ അഭിപ്രായം.

നല്ല മാനുഷികബന്ധങ്ങളുണ്ടാവാന്‍ വേണ്ട ഏറ്റവും പ്രധാനഘടകമായി തോന്നിയത് ആത്മവിചിന്തനമാണ്(സെല്‍ഫ് റിവ്യൂ).നമ്മള്‍ ഫോട്ടോകളെടുക്കാനിറങ്ങുമ്പോള്‍ നമ്മുടെ കാമറയെപ്പറ്റി ബോധ്യമുള്ളവരായിരിക്കണമല്ലോ.

അതുപോലെ...

ആത്മവിചിന്തനത്തെക്കുറിച്ച് ഘട്ടം ഘട്ടമായി പറയാന്‍ ശ്രമിക്കാം.

മറ്റു ചില ഘടകങ്ങളെ അക്കമിട്ടു നിരത്താന്‍ ശ്രമിക്കുകയാണ്.

1.സാമൂഹികനാടകങ്ങള്‍ (സോഷ്യോ ഡ്രാമകള്‍) ഓടു സംയമനത്തോടെ പ്രതികരിക്കാന്‍ ശ്രമിക്കുക.

എന്താണ് സോഷ്യോ ഡ്രാമയെന്ന് സംശയമുള്ളവരുണ്ടോ?!

മറ്റു വീടുകളില്‍ സന്ദര്‍ശനത്തിനു പോകുമ്പോള്‍ അതിഥി ധനികനാണെങ്കില്‍ ആതിഥേയര്‍ അവരുടെ സ്വത്ത് വിവരങ്ങളെല്ലാം കുത്തിത്തിരുകി,ഏച്ചുകെട്ടി,അടിച്ചേല്‍പ്പിച്ച് വിളമ്പാറില്ലേ.

ഈ അല്‍പ്പത്തരം സോഷ്യോ ഡ്രാമയാണ്.

ചേട്ടന്‍ ചേച്ചിക്ക് കണ്ണുകൊണ്ട് സിഗ്നല്‍ കൊടുക്കുമ്പോള്‍ ഈ നാടകം തുടങ്ങാറാണ് പതിവ്.

അതിഥി പാവപ്പെട്ടവനാണെങ്കില്‍ നാടകത്തിന്റെ സംഭാഷണം മാറും.പട്ടിണിയും പരിവട്ടവുമാവും നിറയെ.

ഇത്തരം ഡ്രാമകള്‍ എല്ലാ ജീവിതസാഹചര്യത്തിലും ഉണ്ടാവും.

ഒരുപാട് പ്രതികരിച്ചാല്‍ സ്വന്തം ക്വാളിറ്റിയും ആ ബന്ധത്തിന്റെ ക്വാളിറ്റിയും കോമ്പ്രമൈസ് ചെയ്യേണ്ടി വരും.തീര്‍ച്ച.

2.മറ്റുള്ളവരെ അളക്കാനുള്ള തിരക്കിട്ട ശ്രമങ്ങള്‍-

എല്ലാവരും,എതിര്‍ലിംഗത്തിലുളളവര്‍ വളരെ വിസിബിളായി,പരസ്പരം അളക്കാന്‍ ധൃതിപ്പെടാറുണ്ട്.

ആരുമില്ലാത്ത സ്ഥലത്തു വെച്ച് ഒന്നു മുട്ടിയുരുമ്മിയും അല്‍പ്പം അശ്ളീലം വിളമ്പിയുമൊക്കെ പ്രതികരണങ്ങള്‍ക്കായി കാത്തു നില്‍ക്കുന്ന എന്നെയും നിങ്ങളെയും മനസ്സില്‍ സങ്കല്‍പ്പിക്കാനാവുന്നുണ്ടോ?

ഇതിനെക്കുറിച്ച് അധികം വിശദീകരിക്കാന്‍ വിഷമമുണ്ട്.

അല്‍പ്പം ഭീഷണിയുടെ സ്വരത്തില്‍ തന്നെ ഇതിന്റെ ബാക്കി പറയാമെന്നു തോന്നുന്നു.

മനുഷ്യന് കണ്ടുപിടിക്കപ്പെടാത്ത ഒരുപാട് കഴിവുകളുണ്ട്.

അമ്പെയ്ത്തും വെടിവെപ്പും കണക്കിലെ കളികളുമൊക്കെയായി അമ്പരപ്പിക്കുന്ന വീഡിയോകള്‍ കാണുന്നവരാണ് നമ്മള്‍.അവരൊക്കെ സ്വന്തം കഴിവുകളെ സ്ഫുടം ചെയ്ത് എടുത്തവരാണ്.

ഇവരെയൊക്കെ നമുക്ക് അളക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?അല്ലെങ്കില്‍ നമ്മുടെ അളവിന്റെ (പൊട്ട)കിണറ്റിലാണോ  അവരിപ്പോള്‍ ഉള്ളത്.

നമ്മള്‍ ചാവേറുകളേയും നിന്‍ജകളേയും അതിമാനുഷരായി കാണുന്നത് അവരുടെ നിശ്യദാര്‍ഡ്യം കൊണ്ടു മാത്രമല്ലേ?

നിശ്ചയദാര്‍ഡ്യം താരതമ്യേന കുറഞ്ഞ എന്നെ ഉപദ്രവിക്കാന്‍ എളുപ്പമാണ്.

അതുകൊണ്ടു തന്നെ ആളുകളെ അനാവശ്യമായി പ്രകോപിപ്പിക്കാനും ഏകപക്ഷീയമായി
കടന്നു കയറി അധീശത്വം സ്ഥാപിക്കാനുള്ള വിലകുറഞ്ഞ ശ്രമങ്ങള്‍ നടത്താനോ ഞാന്‍ ധൈര്യപ്പെടാറില്ല.

നമ്മള്‍ മറ്റൊരാളുടെ ലെവല്‍ അളക്കുമ്പോള്‍ നമ്മള്‍ ഏതു ലെവല്‍ വരെ പോകും എന്ന ഒരു സ്റ്റേറ്റ്മെന്റ് ഫ്രീയായി നല്‍കുകയല്ലേ ചെയ്യാറ്?!

3.മുന്‍വിധികള്‍ - നമുക്ക് ഒഴിവാക്കാനാവുന്ന സംഗതിയല്ല.പക്ഷേ അത് നമ്മുടെ ശരീരഭാഷയെ പോലും സ്വാധീനിക്കുന്നെങ്കില്‍ തീര്‍ച്ചയായും അടിച്ചമര്‍ത്തേണ്ടതു തന്നെയാണ്.

4.സമഭാവന:-

നമ്മുടെ കര്‍മ്മ മണ്ഡലങ്ങളില്‍ സമഭാവന ആദ്യം കയ്ച്ചിട്ട് പിന്നെ മധുരിക്കുന്ന ഒരു ഗുണമാവും.തീര്‍ച്ച.

5.നിരാകരിക്കുക അല്ലെങ്കില്‍ നല്ലതു മാത്രം പങ്കു വെക്കുക.ചീത്തയെന്തെങ്കിലും പങ്കുവെച്ചാല്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുക.

6.കോണ്‍സ്പിറസി തിയറികള്‍ :-

വിശദീകരിക്കുന്നില്ല.

തനി നാട്ടിന്‍പുറത്തുകാരനായ എന്റെ വല്യപ്പന്റെ തിയറി 'ചൊല്ലിക്കൊട്,തല്ലിക്കൊട്,തള്ളിക്കള'എന്നതായിരുന്നു.

തള്ളിക്കളയുന്നതിനോട് അത്ര യോജിപ്പില്ലെങ്കിലും വലിയ വലിയ കോണ്‍സ്പിറസി തിയറികളില്‍ മനസ്സ് പുണ്ണാക്കും മുന്‍പേ പറയാനുള്ള കാര്യം വ്യക്തമായി പറഞ്ഞിരുന്നോ എന്ന് വിചിന്തനം ചെയ്താല്‍ ഒരുപാട് ഊര്‍ജ്ജം ലാഭിക്കാം.തീര്‍ച്ച.

7.നല്ലതു ചെയ്യാന്‍ ഇന്‍ഹിബിഷനുണ്ടാവാതെ ഇരിക്കുക:-

കൂട്ടത്തില്‍ കൂടുമ്പോള്‍ പലപ്പോഴും ഇഷ്ടമില്ലാത്ത തിന്‍മയാണ് ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും എന്തൊക്കെയോ ശരിയാവാനുണ്ടെന്നതിന്റെ ഇന്റിക്കേഷനാണത്.

നല്ലതെന്നു തോന്നുന്നതു ചെയ്യാന്‍ കൂട്ടത്തിനെ കാക്കുന്നതില്‍ അര്‍ത്ഥമില്ല.കൂട്ടത്തിനെ കാത്താല്‍ പല നന്‍മയും ചാപിള്ളയാവും.

8.ഏറ്റവും പ്രധാനമായത് ആശയവിനിമയമാണ്.മറ്റൊരാളോട് ആവശ്യമുള്ളത്,ആവശ്യത്തിന് സംസാരിക്കാനും അയാള്‍ക്ക് അതേ രീതിയില്‍ പ്രതികരിക്കാനും സാധിക്കുന്നെങ്കില്‍ ഇനി അവര്‍ക്കിടയില്‍ മഞ്ഞ് ഉരുകാനില്ല(ലൈഫ് ടൈം വാറന്റി അല്ല)എന്നു മനസ്സിലാക്കാം.സംസാരത്തില്‍ അനാവശ്യ ആമുഖങ്ങളും ദുരഭിമാനപ്രകടനവും
അനാവശ്യ പുകഴ്ത്തലുകളും കള്ളങ്ങളും കടന്നു വരുമ്പോള്‍  മനസ്സിലാക്കാം ബന്ധം ബാലാരിഷ്ടതകളിലേയ്ക്ക് തിരിച്ച് പോവുകയാണെന്ന്.

ഇതെല്ലാം ഒരു കണ്‍ക്ളൂഷനാണെന്നു അവകാശവാദമൊന്നുമില്ല.ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വരിക തന്നെ ചെയ്യും..ചെയ്യണം..ബന്ധങ്ങളിലെ ക്വാളിറ്റി ജീവിതമാകെ പടരുകയും വേണം.

നന്ദി..(മുഴുവന്‍ വായിച്ച ആരേലുമുണ്ടേല്‍ അവര്‍ക്ക് പ്രത്യേക നന്ദി.ഇലഞ്ഞിയില്‍ എനിക്കു പറ്റുള്ള ഒരു കടയില്‍ നിന്ന് നിങ്ങള്‍ക്കൊരു ചായ വാങ്ങി കുടിക്കാവുന്നതാണ്.കാശ് ഞാന്‍ എന്നേലും കൊടുത്തോളാം🙂)

Friday, 4 September 2020

കരടിയും സിംഹവും

ആനിമല്‍ പ്ളാനറ്റിന്റെ അഗാതതയിലൂടെ ഊളിയിടവേയാണ് ആ സത്യം മനസ്സിലാക്കാനായത്.(ഒറ്റക്കിരുന്ന് ടി.വി.കാണുന്ന സമയത്ത് അവിചാരിതമായി ആരെങ്കിലും കടന്നു വരുമ്പോളല്ലേ ഈ ആനിമല്‍ പ്ളാനറ്റ് ഊളിയിടല്‍ എന്ന  ആക്ഷേപഹാസ്യത്തെ തല്‍ക്കാലം നമുക്ക് മാറ്റി വെക്കാം)

കരടിയും സിംഹവും - ഇതില്‍ ഏത് മൃഗമാണ് കൂടുതല്‍ അപകടകാരി?

പഠനം നടത്തിയവര്‍ പറയുന്നു അത് കരടിയാണെന്ന്.(അതേതു കരടിയെന്ന ഊള ചോദ്യം പാടില്ല!)

കാരണവും പഠിതാക്കള്‍ തന്നെ പറയുന്നു.കരടിയ്ക്ക് ഭയം കൂടുതലാണ്.അസുരക്ഷിതത്വബോധം കണ്ണില്‍ നിറഞ്ഞ ഈ പാവം (ക്രൂരന്‍)പരിചയമില്ലാത്ത ആരെ/എന്തിനെ കണ്ടാലും വലിയ നഖങ്ങളും ദ്രംഷ്ടകളുമുപയോഗിച്ച് ആക്രമിച്ച് കീഴ്പ്പെടുത്താനൊരുമ്പെടുന്നു.പക്ഷേ സിംഹമോ?അതിന് സ്വഭാവികമായ സുരക്ഷിതത്വബോധം ഉണ്ട്.എപ്പോള്‍/എന്തിന്/എങ്ങിനെ ആക്രമിക്കണം/തിരിച്ച് ആക്രമിക്കണമെന്ന് അതിനറിയാം. 

ഇവ സാമാന്യവത്കരിക്കപ്പെട്ട പ്രസ്താവനകളാണ്.

ജീവികള്‍ക്കും സാമാന്യവത്കരണത്തിന് അതീതമായ വ്യക്തിത്വം ഉണ്ടാവാം!

എന്റെ ജീവിതത്തിലേയ്ക്ക് നോക്കിയാല്‍ ഏറിയ സമയവും ഞാനൊരു കരടിയേപ്പോലെയായിരുന്നു എന്നു തോന്നി.ചുറ്റുമുള്ളതെല്ലാം എന്നെ ആക്രമിക്കാനൊരുങ്ങുന്നുവെന്ന തോന്നല്‍ ഒരുപാട് സംഘര്‍ഷങ്ങളെ വിളിച്ചു വരുത്തി.

അങ്ങിനെയിരിക്കെയാണ് ഞാന്‍ ആനിമല്‍ പ്ളാനറ്റ് കാണാനിടയായത്.

പ്രചോദനമുള്‍ക്കൊണ്ട് കോഴിക്കോട് മാനാഞ്ചിറ ഭാഗത്ത് സിംഹമായി നിന്ന എന്നെ കുറച്ചാളുകള്‍ കമ്പിയഴികളിട്ട വാഹനത്തിലേയ്ക്ക് സ്നേഹപൂര്‍വ്വം കയറ്റി വയറു നിറയെ ആഹാരം തന്ന് (സംശയിക്കണ്ട,കോയിക്കോട് സിംഹത്തിനു  വരെ ബിരിയാണി തന്നെ)ഗുജറാത്തിലെ ഗിര്‍ വനത്തില്‍ കൊണ്ടുപോയി വിട്ടു.കാരണം തലയെടുപ്പില്ലാത്ത സിംഹങ്ങള്‍ അവിടെയാണത്രെ കാണപ്പെടുന്നത്.

സിംഹമായോ കരടിയായോ തിരിച്ചു വരാന്‍ വണ്ടിക്കൂലിയില്ലാതെ വിഷമിക്കുന്ന എന്നെ സഹായിക്കാന്‍ താത്പര്യമുള്ള സുഃമനസ്സുകള്‍ അക്കൗണ്ട് ഡീറ്റയ്ല്‍സിനായി ഇന്‍ബോക്സ് ചെയ്യണേ

Saturday, 29 August 2020

കപടവ്യക്തിത്വം

തലക്കെട്ട് വായിച്ച് മുന്‍വിധികളൊന്നുമെടുക്കരുതേ!

ഇതു സ്വന്തം ചിന്താധാരകളിലുണ്ടായ ചില മാറ്റങ്ങളെ രേഖപ്പെടുത്താനുള്ള ഒരു ശ്രമം മാത്രമാണ്.പലപ്പോഴും മറ്റാരോടു പറയുന്നതിലും ആത്മാര്‍ത്ഥമായി സ്വന്തം ജീവിതരേഖ എഴുതി സൂക്ഷിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ് ഞാന്‍.പലപ്പോഴും പല ഓണ്‍ലൈന്‍ സുഹൃത്തുക്കളും കഥയറിയാതെ ആട്ടം കണ്ട് കണ്‍ഫ്യൂഷനടിച്ച് അസുഖകരമായ ഒരു ഫീലിങ്ങു മാത്രം ഓര്‍ത്തുവെച്ചു നടക്കുന്നതിന് എന്റെ സംഘര്‍ഷ,സങ്കട കഥകള്‍ കാരണമായിട്ടുണ്ടാവാം.അതിനൊരു പരിഹാരമായി കുറച്ചു നല്ലതെന്തെങ്കിലും എഴുതണമെന്ന് ഇടക്കിടെ തോന്നാറുണ്ട്.

വ്യക്തിത്വം അഥവാ പേഴ്സണാലിറ്റി എന്ന വാക്ക് മുഖംമൂടി എന്നര്‍ത്ഥമുള്ള 'പേഴ്സോണ'യില്‍ നിന്ന് വന്നതാണെന്നത് നമ്മുടെ പല മഹദ് വചനങ്ങളുമെന്നപോലെ അധരവ്യായാമമായി മാറിയ ഒന്നാണോ?!

ശൈശവത്തെയും ബാല്യത്തേയും ഓര്‍മ്മിക്കാന്‍ കഴിയുന്നുണ്ടോ?

ഇല്ലെങ്കില്‍ മറ്റൊരു വ്യക്തിയുടേത് നിരീക്ഷിക്കാമല്ലോ!

എന്ത് കഴിക്കണമെന്ന് അറിയില്ല,എവിടെ വിസര്‍ജ്ജിക്കണമെന്നറിയില്ല,ആശയവിനിമയം പരിമിതം,സ്വജീവന്‍ സംരക്ഷിക്കാന്‍ കാര്യമായി അറിയില്ല,ആരെ വിശ്വസിക്കണമെന്നറിയില്ല,വിശ്വാസമുള്ള ആളുകള്‍ മറ്റുള്ളവരോട് അടുത്ത് ഇടപഴകുന്നത് ഇഷ്ടമല്ല(അമ്മ വേറൊരു കുഞ്ഞിനെ എടുക്കുന്നത് മിക്ക കുഞ്ഞുങ്ങള്‍ക്കും ഇഷ്ടപ്പെടാറില്ല).ഇതിനെയൊക്കെ മെരുക്കി നിര്‍ത്തിയാണ് നാം വ്യക്തിത്വം എന്ന കുപ്പായമണിയാറ്.

അപ്പോള്‍ ഈ കപടവ്യക്തിത്വം?!

വഞ്ചനാപരമായ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനെയല്ല ഞാന്‍ ഇനി പ്രതിപാദിക്കുന്നതെന്ന് മുന്‍കൂറായി തന്നെ  
പറയട്ടെ!

സാമൂഹികബന്ധപ്പാടുകളൊക്കെ സ്വന്തമായി തുടങ്ങി വന്ന സമയത്ത് പല പ്രൊഫഷണലുകളേയും 'കപടവ്യക്തിത്വം എന്ന് ഒളിഞ്ഞും തെളിഞ്ഞും വിളിച്ചിട്ടുണ്ട്.

പൊളിറ്റിക്കലായി ദേഷ്യം പ്രകടിപ്പിക്കാന്‍ പ്രയോജനപ്രദമായ ഒരു ആരോപണമാണ് ഇത് എന്ന് സമ്മതിക്കാതെ വയ്യ.നമുക്ക് അത്ര ബോധിക്കാത്ത ഒരാള്‍ വികാരപ്രകടനങ്ങളൊക്കെ അഭിനയിക്കാറാണെന്ന് പറയുമ്പോള്‍ വല്ലാത്തൊരു മനഃസുഖമായിരുന്നു.

പക്ഷേ പിന്നീടാലോചിച്ചപ്പോള്‍ വാച്യാര്‍ത്ഥത്തില്‍ തന്നെ ഇല്ലോജിക്കലാണ് 'കപടവ്യക്തിത്വം'  എന്ന പ്രയോഗം എന്നു തോന്നി.

മൃഗവാസനകളെ ഒതുക്കി നമ്മളണിഞ്ഞ താത്കാലിക മുഖംമൂടിയായ വ്യക്തിത്വത്തിന് വേറൊരു മുഖംമൂടി ഉണ്ടാവുമോ?

മേഡ് ഇന്‍ കുന്ദംകുളം പ്രൊഡക്ടിന്റെ ഡ്യൂപ്ളിക്കേറ്റ് എന്നൊക്കെ പറയുംപോലെ ആവില്ലേ ഇത്.(കുന്ദംകുളം കാര്‍ ക്ഷമിക്കുക).

ബാക്കിയുള്ള വരികള്‍ നിങ്ങള്‍ക്കായി ഒഴിച്ചിടുന്നു.

Saturday, 15 August 2020

ബന്ധങ്ങളുടെ തരംഗസ്വഭാവം

ആദ്യമേ തന്നെ പറയട്ടെ,ഇത് ശാസ്ത്രീയപഠനമൊന്നുമല്ല.ഒരു തിയറിയെ ഞാന്‍ എങ്ങിനെ മനസ്സിലാക്കി എന്നു വിവരിക്കാനുള്ള ഒരു ശ്രമം മാത്രമാണ്.

ഭൗതികശാസ്ത്രത്തില്‍ തരംഗങ്ങളുടെ സ്വഭാവത്തെപ്പറ്റി വിവരിക്കുന്ന ഭാഗത്ത് എതിര്‍ദിശയില്‍ സമ്മേളിക്കുന്നവയുടെ പരിണിതഫലങ്ങളേപ്പറ്റിയും പറയുന്നുണ്ട്.

പാഠപുസ്തകങ്ങളിലെ തന്നെ ഉദാഹരണങ്ങള്‍ പരിശോധിച്ചാല്‍,കടലില്‍ തീരത്തു നിന്നു വീക്ഷിക്കുന്ന നമ്മുടെ നേരെ വരുന്ന തിരമാലയും പിന്‍വാങ്ങുന്ന തിരമാലയും കണ്ടുമുട്ടുമ്പോള്‍ മൂന്നു സാധ്യതകളാണുള്ളത്.

അതിലാദ്യത്തേത് രണ്ടു തിരമാലകളും അവയുടെ ആവൃത്തി അഥവാ ഉയരത്തിന്റെ പരമാവധിയിലേയ്ക്ക് എത്തിപ്പെടും (കണ്‍സ്ട്രക്ടീവ് ഇന്റര്‍ഫെറന്‍സ്).

രണ്ടാമത്തെ സാധ്യത തിരമാലകളുടെ ഉയരം ഇല്ലാതായിപ്പോകലാണ്.

മൂന്നാമത്തേതാവട്ടെ വിപരീതദിശയിലുള്ള പരിണിതഫലവും..തിരമാലകള്‍ കിരീടം പോലെ മുകളിലേയ്ക്ക്  ഉയരാതെ കാണാനാവാത്ത ആഴങ്ങളിലേയ്ക്ക് സഞ്ചരിക്കപ്പെടുന്നു(ഡിസ്ട്രക്റ്റീവ് ഇന്റര്‍ഫെറന്‍സ്).

പരിണിതഫലം കണ്‍സ്ട്രക്ടീവാകുന്നതിലും ഡിസ്ട്രക്ടീവാകുന്നതിലും നള്ളിഫൈ ചെയ്യപ്പെടുന്നതിലും തിരമാലകള്‍ ഉത്തരവാദികളാണോ?

അല്ല!!

വിശേഷബുദ്ധിയോ ജീവന്‍ പോലുമോ ഇല്ലാത്ത അവ വെറും സാഹചര്യങ്ങളുടെ മാത്രം നിയന്ത്രണത്തിലാണ്.

വിശേഷബുദ്ധിയുള്ള മനുഷ്യര്‍ തമ്മില്‍ ഇടപെടുമ്പോഴോ?

ആണും പെണ്ണും,
മാതാപിതാക്കളും മക്കളും,ഗുരുവും ശിഷ്യരും,തൊഴില്‍ ഉടമയും തൊഴിലാളിയും,സേവനദാദാവും സ്വീകര്‍ത്താവും,ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും അങ്ങിനെ നമ്മളാകുന്ന തരംഗങ്ങള്‍ എത്രയോ തീരങ്ങളില്‍ കണ്ടുമുട്ടാറുണ്ട്.

ഇന്റ്വിജലി എത്ര നല്ല മനുഷ്യരും കണ്ടുമുട്ടുന്നിടത്ത് നള്ളിഫിക്കേഷനും ഡിസ്ട്രക്ടീവ് ഇന്റര്‍ഫെറന്‍സും വരാറുണ്ടെങ്കില്‍ അത് വിശേഷബുദ്ധിക്ക് ഒരു വെല്ലുവിളിയല്ലേ?

സ്വതസിദ്ധവും അനുനിമിഷം വളരുന്നതുമായ ഭാവന നമുക്ക് ബന്ധങ്ങള്‍ വളര്‍ത്താന്‍ ഉപയോഗിച്ചാലോ?

ഞാനാകുന്ന തരംഗം സാഹചര്യങ്ങളാല്‍ ഒരുപാടു ബാധിക്കപ്പെടുമെങ്കിലും തോണിയുടെ പങ്കായം പോലെ വിശേഷബുദ്ധിയെന്നൊരു സമ്മാനം നമ്മളിലുണ്ടല്ലോ.

ഇടക്കൊന്നു പിണങ്ങിയും ഒരുപാട് ചിരിച്ചും ആവശ്യത്തിന് കരഞ്ഞും ഹൃദയം തുറന്ന് സംസാരിച്ചും നമുക്കും ഔന്നത്യങ്ങള്‍ തേടുന്ന തിരമാലകളാവാം.

ആമേന്‍😂

Wednesday, 22 July 2020

ഒപ്റ്റിമിസത്തെക്കുറിച്ചോര്‍ത്ത്

ഒപ്റ്റിമിസം ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ്.

ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതെന്നും പറയാവുന്നതാണ്.

മറ്റൊരാള്‍ എത്ര ഒപ്റ്റിമിസ്റ്റിക്കാണെന്ന് ആലോചിച്ച് സ്വന്തം കൈയ്യിലുള്ള ഒപ്റ്റിമിസം എറിഞ്ഞുടക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ?

ചെറിയ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയട്ടെ,മനുഷ്യരില്‍ അപൂര്‍വ്വം ചിലരേ സ്ഥിരമായി ഒപ്റ്റിമിസ്റ്റിക്കായി തുടരാറുള്ളൂ.മറ്റെല്ലാവര്‍ക്കും തങ്ങളുടെ നെഗറ്റീവ് എനര്‍ജി ചിലവഴിക്കാന്‍ അവരവരുടേതായ മാര്‍ഗ്ഗങ്ങളുണ്ട്.

വല്ലപ്പോഴും ഓഫീസില്‍ സന്ദര്‍ശനത്തിനെത്തുന്ന M.D. മിക്കപ്പോഴും സ്റ്റാഫുകളോട് വളരെ സ്നേഹമായി പെരുമാറും.ഓഫീസ് അവേഴ്സിലെല്ലാം ഒരുമിച്ചുള്ള സൂപ്രണ്ടിനോ മാനേജര്‍ക്കോ മറ്റുള്ളവരോട് അത്ര സ്നേഹസ്വരത്തില്‍ സംസാരിക്കാനായെന്നു വരില്ല.

ഇതിനര്‍ത്ഥം M.D.പോസിറ്റിവിറ്റിയുടെ നിറകുടമെന്നും മാനേജര്‍ കരിങ്കാലി എന്നും ആണോ?

ഒരിക്കലുമല്ല!!

M.D.തന്റെ തനിക്കൊണം വെളിപ്പെടും മുന്‍പേ സീനില്‍ നിന്ന് എസ്കേപ്പാവാറുള്ള ഒരു സ്മാര്‍ട്ട് ആസ്സ് ആണെന്നു മാത്രം മനസ്സിലാക്കിയാല്‍ മതി.

അതുകൊണ്ട് മറ്റുളളവര്‍ ഭയങ്കര ഒപ്റ്റിമിസ്റ്റിക്കാണെന്നു തെറ്റിദ്ധരിച്ച് സ്വന്തം മനസമാധാനം ഒരിക്കലും കളയേണ്ടതില്ല. 

കൂടെ കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനാവൂ എന്നു കാരണവന്‍മാര്‍ പറഞ്ഞു വെച്ച അല്‍പ്പം നെഗറ്റീവ് സ്വരമുള്ള ചൊല്ല് ഇടക്കിടെ ഓര്‍ത്താല്‍ ഈ കമ്പാരിസണ്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാവുന്നതാണ്. 

Thursday, 16 July 2020

ഹാനികരം

 മിഡില്‍ ഈസ്റ്റിലെ ചെറിയൊരു ജോലിയില്‍ പ്രവേശിച്ചതിന്റെ മൂന്നാം വര്‍ഷമാണ് ആദ്യ അവധി കിട്ടിയത്.

മഴക്കാലത്തോടുള്ള സ്നേഹം നിമിത്തം ജൂണ്‍ മാസത്തിലാണ് ലീവിനപേക്ഷിച്ചത്.മഴക്കാലത്തിന് ഈയുള്ളവനോടുള്ള സ്നേഹം കാരണമാവും ആ വര്‍ഷം ജൂലൈ ആദ്യം,കൃത്യമായി പറഞ്ഞാല്‍ തിരിച്ചു പോവുന്ന അന്നാണ് പെയ്തു തുടങ്ങിയത്.

ഇത്തരം ചെറിയ സൗന്ദര്യപ്പിണക്കങ്ങളുണ്ടെങ്കിലും മഴ പ്രിയങ്കരി തന്നെ.

അതെന്തെങ്കിലുമാവട്ടെ!!

ആദ്യത്തെ ലീവിനു പോക്ക് ഒരുപാട് സ്വപ്നങ്ങളൊക്കെ കണ്ട് മധുരമനോജ്ഞമാക്കാവുന്ന ഒരു വേളയാണ്.

സ്വപ്നം കാണുന്നതില്‍ ഒട്ടും പിറകിലല്ലാത്തതിനാല്‍ ലീവ് ഒരു ആഘോഷമാക്കാന്‍ തീരുമാനിച്ചു.കൈയ്യിലുള്ള ചെറിയ സമ്പാദ്യത്തിന്റെ ഒരു പങ്ക് സമ്മാനങ്ങള്‍ വാങ്ങാനായി ഉപയോഗിക്കണം എന്നും തീരുമാനിച്ചു.

ക്രിസ്തുമസ് അപ്പൂപ്പനെപ്പോലെ സമ്മാനപ്പൊതികളുമായി പ്രിയജനങ്ങളുടെ വീട്ടില്‍..ആഹാ!

മാത്രമല്ല ഞങ്ങളുടെ കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ അതിഥിവേഷം കെട്ടിയതും ഞാനാവും.തീരെ ചെറുപ്പത്തിലേ ഒഴിവു സമയം കിട്ടിയാല്‍ വീട്ടില്‍ നിന്ന് ഇങ്ങോട്ടു പറയും 'ഇവിടെ ഒറ്റക്കിരുന്നു മുഷിയണ്ട.ബന്ധുവീട്ടിലെ പിള്ളേരുടെ കൂടെ കൂടിക്കോളൂ' എന്ന്.

അങ്ങിനെ ഞാനൊരു സ്ഥിരം അതിഥിയായി.എല്ലാ ബന്ധുജനങ്ങളോടും അതിനുള്ള കടപ്പാടും സ്നേഹവും ഉണ്ടാവുകയും ചെയ്തു.അതുകൊണ്ടു തന്നെ കഴിയുംവിധം സമ്മാനങ്ങള്‍ കൊടുക്കേണ്ട ബാധ്യതയുണ്ടെന്നും സ്വയം ആലോചിച്ചുറപ്പിച്ചു.

എന്തു തരം സമ്മാനങ്ങള്‍ എന്നതായി അടുത്ത ചിന്ത.

കള്ളും പുകയില ഉത്പന്നങ്ങളും വേണ്ട എന്നു ആദ്യമേ കരുതി.സമ്മാനങ്ങളില്‍ ഒരു സന്ദേശമുണ്ടല്ലോ!അതു കൊടുത്തവര്‍ക്കും വാങ്ങുന്നവര്‍ക്കും പിന്നീടൊരു മനഃസാക്ഷിക്കുത്തിന്റെ ആവശ്യമില്ല.ഷോകേസില്‍ വക്കാവുന്ന വസ്തുക്കളും വേണ്ട എന്നു വെച്ചു.ഉപകാരമുള്ള എന്തെങ്കിലുമായേക്കാം.

അങ്ങിനെ പല ഫ്ളേവറുകളുള്ള ചായപ്പാത്തികള്‍,സ്പൂണുകള്‍,ഫോര്‍ക്കുകള്‍,കോടാലിത്തൈലമെന്നു പ്രശസ്തമായ ഔഷധം,ടൈഗര്‍ ബാം,ടോര്‍ച്ചുകള്‍,പെര്‍ഫ്യൂമുകള്‍,മിഠായികള്‍,തൊപ്പികള്‍,ചോക്കളേറ്റ് പൗഡര്‍ എന്നിവയൊക്കെ വാങ്ങി.കോളേജു കുമാരികളായ കസിന്‍മാരെ ഉദ്ദേശിച്ച് കുറച്ചു ചുരിദാര്‍ പീസുകളും കൂടെയുണ്ട്.

മധുരമനോജ്ഞമായ ലീവ് യാഥാര്‍ത്ഥ്യമായി.

മഴക്കാലമൊഴിച്ച് ബാക്കിയെല്ലാം എന്നെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു.

ദിവസങ്ങള്‍ പറക്കുകയാണ്.

തറവാടിന്റെ ഭാഗത്തുള്ള പ്രിയരെയെല്ലാം കണ്ടു തീര്‍ത്തു.

ചെറിയ ചെറിയ സമ്മാനങ്ങള്‍ കൊടുത്തു.

സന്തോഷം പടരുന്നു.

കടപ്പാട് വീടുന്നു.

ദിവസങ്ങള്‍ കുറവാണ്.അമ്മവീടിന്റെ ഭാഗത്തേയ്ക്കും പോവേണ്ടതുണ്ട്.

അവിടെയുള്ള ബന്ധുവീടുകളുടെ അംഗബലം കണക്കെടുത്തു ചെറിയ സമ്മാനങ്ങള്‍ ഒന്നു രണ്ടു കവറുകളില്‍ എടുത്തു വെച്ചു.അടുത്ത ദിവസം അതിരാവിലെ ബസ് കയറണം.തയ്യാറെടുപ്പുകളെല്ലാം നേരത്തേ കഴിഞ്ഞ സ്ഥിതിക്ക് പുറത്തേയ്ക്ക് ഒന്നു ഇറങ്ങിയേക്കാം.

പുറത്തിറങ്ങി.

പ്രലോഭകന്‍ ഏതോ സുഹൃത്തിന്റെ രൂപത്തില്‍ വന്നു.

ഷാപ്പില്‍ പോകാം.

തെങ്ങിന്‍കള്ളടിക്കാം...

അടിക്കാം..

മഴയോ ഇല്ല.മരനീരെങ്കിലും പെയ്യട്ടെ.

മാന്യതയുടെ പരിധി വിടാതെ കള്ളടിച്ചു.വീടണഞ്ഞ് നേരേ കയറി കിടന്നു.അതിരാവിലെ ചെറിയ ക്ഷീണത്തോടെ ഉണര്‍ന്ന് സമ്മാനപ്പൊതികള്‍ ബാഗിലാക്കി ബസു കയറി.

ആദ്യ വീട്ടില്‍ അപ്പനും അമ്മയും രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ്.

എല്ലാവരും വീട്ടിലുണ്ട്.

സന്തോഷം..

വിശേഷങ്ങള്‍ പറഞ്ഞു.

സാമ്പ്രദായികമായി പഴയകാലം സ്മരിച്ചു.

ചായപലഹാരങ്ങള്‍ സ്വീകരിച്ചു.

അവസാനം എല്ലാവരുടേയും ശ്രദ്ധ ഉറപ്പുവരുത്തി സമ്മാനക്കവറുകളെടുത്ത് തലയിട്ടു നോക്കി.

ഞെട്ടിപ്പോയി!

ചുരിദാര്‍ തുണിയൊഴിച്ച് മറ്റെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.

ബാഗിലെങ്ങാനും ചാടി പോയതാവുമോ?

തപ്പി നോക്കി.

അല്ല!!

കാര്യങ്ങള്‍ ചുരുളഴിയാന്‍ അധികനേരം വേണ്ടി വന്നില്ല.

സമ്മാനക്കവറുകളില്‍ തലേദിവസം
ചെക്കിങ്ങ് നടന്നു.'ഈ ലൊട്ടുലൊടുക്ക് സാധനങ്ങളൊന്നും അങ്ങോട്ടു ചുമക്കണ്ട'എന്ന തുക്കടാന്യായത്തോടെ സ്വന്തം വീട്ടുകാര്‍ എല്ലാം അടിച്ചു മാറ്റിയിരിക്കുന്നു.

അതിവിടെ എങ്ങിനെ പറയാന്‍?!

പെണ്‍കുട്ടിക്കുള്ള ചുരിദാര്‍ തുണി ചമ്മലോടെ കൊടുത്തു.ഞാന്‍ തന്നെ കൊടുത്ത പ്രതീക്ഷയുടെ പൂത്തിരിയും കണ്ണില്‍ കൊളുത്തി നില്‍ക്കുന്ന മറ്റുള്ളവരെ അവഗണിച്ച് കവറു മടക്കി ബാഗിലിട്ട് പൂട്ടി.

"അതെന്നാടാ പെണ്ണിനു മാത്രേ ഫോറിന്‍ സമ്മാനവൊള്ളോ?" ചമ്മല്‍ പൂര്‍ത്തിയായി.

ഈ കഥയുടെ സന്ദേശമെന്താണെന്നു ചോദിച്ചാല്‍ തെങ്ങിന്‍കള്ള് നല്ലതല്ല എന്നാവും നിങ്ങള്‍ പറയുക.ഉറപ്പാണ്.സമ്മാനങ്ങള്‍ എന്നോടു പറയാതെ അടിച്ചുമാറ്റി എന്നെ പക്ഷപാതിയാക്കിയവരെ നിങ്ങള്‍ സംരക്ഷിക്കും.

Wednesday, 15 July 2020

പടരുന്ന ഭയവും പകരാത്ത ജാഗ്രതയും

 വളരെ സേഫ് ആയി വാഹനമോടിക്കാറുള്ള ഒരാളോട് എങ്ങിനെയാണ് ഇത് ചെയ്യുന്നതെന്ന് ചോദിച്ചു.അദ്ദേഹത്തിന്റെ മറുപടി ഡ്രൈവിങ്ങില്‍ മാത്രമല്ല ജീവിതത്തിലെവിടെയും മുതല്‍ക്കൂട്ടാവുന്നതായിരുന്നു.

"വാഹനം ഓടിക്കുന്ന ആള്‍ പിഴവുകള്‍ സംഭവിക്കാവുന്ന ഒരു മനുഷ്യനാണെന്ന ബോധ്യം സ്വയമുണ്ടാവണം.വാഹനം മനുഷ്യനിര്‍മ്മിതമെന്നും തകരാറുകള്‍ സംഭവിക്കാവുന്നതാണെന്നും ബോധ്യം വേണം.മറ്റു വാഹനമോടിക്കുന്നവരൊക്കെ ലേശം വട്ടുള്ളവരാണെന്ന് സങ്കല്‍പ്പിക്കണം.വട്ടുള്ളവരുടെ തൊട്ടടുത്ത് പോവാന്‍ ആരുമൊന്ന് മടിക്കുമല്ലോ!ഈ പറഞ്ഞ കാര്യങ്ങള്‍ക്കൊക്കെ തുല്യപ്രാധാന്യമുള്ള മറുവശവുമുണ്ട്. പിഴവു സംഭവിച്ചേക്കാമെന്നു കരുതി വാഹനം ഉപയോഗിക്കാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.റോഡില്‍ കൂടെ മറ്റു വാഹനങ്ങളിലുള്ള ഡ്രൈവര്‍മാരെ വട്ടന്‍മാരായി സങ്കല്‍പ്പിച്ചാല്‍ മതി;അവരെ പ്രകോപിപ്പിച്ച് ഉറക്കെ വട്ടനെന്ന് വിളിക്കേണ്ടതില്ല.വാഹനം ഫിറ്റാണോ എന്ന് ചെക്കു ചെയ്യുക,മുന്‍പില്‍ പോകുന്ന വാഹനവുമായി അകലം പാലിക്കുക,അനാവശ്യ പിരിമുറുക്കങ്ങളില്‍ നിന്ന് മാറി നില്‍ക്കുക..ഇങ്ങനെയൊക്കെയാണ് സേഫായി വണ്ടി ഓടിക്കാന്‍ ശീലിക്കുന്നത്"

ഈ വാക്കുകളെ കോവിഡ് 19 നുമായി ബന്ധിപ്പിച്ചാലോ?

മുന്‍കൂറായി പറയട്ടെ,കൊറോണ വൈറസിനെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങള്‍ പുരോഗമിക്കുന്നതേ ഉള്ളൂ.അതിനെപ്പറ്റി അവസാനവാക്ക് പറയാന്‍ ശേഷിയുള്ള ആരും ഇന്ന് ഉണ്ടെന്ന് കരുതുന്നില്ല.നമ്മുടെ മുന്നിലുള്ളത് വൈറസ് രോഗങ്ങളെപ്പറ്റിയുള്ള പൊതുവായ നിരീക്ഷണങ്ങള്‍ ആണ്.വൈറല്‍ പനി വരുമ്പോള്‍ ചെയ്യാറുള്ളതുപോലെ തിളപ്പിച്ചാറിയ വെള്ളം നന്നായി കുടിക്കുക,സമീകൃതാഹാരം ശീലിക്കുക,ആവശ്യത്തിന് ഉറങ്ങുക,ശുചിത്വശീലങ്ങള്‍ പാലിക്കുക,
സമയത്ത് വൈദ്യസഹായം തേടുക,നിലവിലെ ചികിത്സയോട് സഹകരിക്കുക എന്നിവയൊക്കെയാണ് ഇപ്പോഴുള്ള വൈറസ് പ്രതിരോധമാര്‍ഗ്ഗങ്ങള്‍.ഇത് സാമാന്യം ഫലപ്രദവുമാണെന്ന് ഉദാഹരണങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

സേഫ് ഡ്രൈവിങ്ങ് പാഠത്തിലെ പോലെ നമ്മള്‍ മറ്റു ഡ്രൈവര്‍മാരെ വട്ടന്‍മാരെന്നു കരുതി അകലം പാലിച്ച് ഓടിക്കാതെ ആക്സിഡന്റാക്കി അവരെ വട്ടന്‍മാരെന്ന് ഉറക്കെ വിളിച്ച് ബഹളം ഉണ്ടാക്കാനുളള പ്രവണത കാണിക്കാറുണ്ടോ?

പ്രവാസികള്‍ക്ക് അസുഖം കൂടുതലെന്ന് മാധ്യമങ്ങളില്‍ കണ്ടാല്‍ അവര്‍ക്കെതിരെ ബഹളം ഉണ്ടാക്കും!!

അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ക്ക് രോഗമെന്നു കേട്ടാല്‍ അവരെ നാട്ടിലേയ്ക്ക് അടുപ്പിക്കില്ല!!

ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും അഗ്നിശമനസേനാംഗത്തിനും എക്സൈസ് ജീവനക്കാരനും രോഗമെന്നു കേട്ടാല്‍ അവരെ പേടി!!

പൊതുജനത്തിന് ആണ് ഇന്ന് രോഗം കൂടുതല്‍ എന്നു കേട്ടാല്‍ നമ്മള്‍ ആരെയായിരിക്കുമാവോ മാറ്റി നിര്‍ത്തുക?!

മാധ്യമങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വ്യക്തമായ അജണ്ടകളുണ്ട്.ഒരേ വാര്‍ത്ത നാലോ അഞ്ചോ മാധ്യമങ്ങളില്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്ന വസ്തുത ആണിത്.


പൗരബോധമുള്ള ആളുകള്‍ സ്വയം സംരക്ഷിക്കുക,മറ്റുള്ളവരുടെ നിയമലംഘനങ്ങളെ നിയമപരമായി എതിര്‍ക്കുക..അതിനപ്പുറമുള്ള ചേരിപ്പോരുകള്‍ ഈ ദുരിതകാലത്തെ കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കും.

പിന്നെഴുത്ത്:ഉപദേശസ്വരം പോലും ഇഷ്ടമില്ലാത്ത എന്നെപ്പോലുള്ളവര്‍ ഇതിനെ ഉറക്കെ ചിന്തിച്ചതായി കണക്കാക്കിയാല്‍ മതി.

ഇതൊക്കെ പറയുന്നതുകൊണ്ട് ഡയറക്ടായി ഒരു ലാഭവുമില്ല.സമൂഹം നല്ല ദിശയില്‍ നീങ്ങിയാല്‍ അതിന്റെ ഭാഗമായി നിന്ന് ഒരു വിഹിതം ആസ്വദിക്കാം..അത്രമാത്രം

Tuesday, 7 July 2020

വിവാദനായികമാര്

വിവാദനായികമാര്‍ ഇടക്കിടെ പൊങ്ങിവരുമ്പോള്‍ മനസ്സില്‍ വരുന്നത് രണ്ട് ചോദ്യങ്ങളാണ്.

1.സമൂഹത്തിന് ഇത്ര ലൈംഗികദാരിദ്ര്യം ഉണ്ടോ?സമൂഹം എന്നത് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പറഞ്ഞതാണ്.പീഡിപ്പിക്കാനുള്ള ഉപകരണം കൈയ്യിലില്ലെങ്കിലും (നിയമപരമായി സേഫാണ്)വാക്കുകൊണ്ട് പീഡിപ്പിക്കുന്നതില്‍ സ്ത്രീവേഷധാരികളായ മനുഷ്യരും ഒട്ടും  പിറകിലല്ലെന്ന് പല സംഭവങ്ങളിലൂടെ മനസ്സിലായി.

2.പരമ്പരാഗതമായി നമ്മള്‍ പറഞ്ഞു പോരുന്നതാണ് 'അവന്റെ/അവളുടെ മുഖം കണ്ടാലേ അറിയാം ആള് മോശമാണ്'(കള്ളലക്ഷണം എന്നും ചില നാട്ടില്‍ പറയും) എന്നത്.

ഇപ്രകാരം
പറയാത്തവരും ചിന്തിക്കാത്തവരുമുണ്ടെങ്കില്‍ വിവരത്തിന് കത്തിടണേ!

പക്ഷേ ലോകം കണ്ട എല്ലാ ചൂഷകരും സാമൂഹികവിരുദ്ധരും വലിയ തോതില്‍ ക്രിമിനല്‍ ആക്റ്റിവറ്റികള്‍ നടത്തിയവരും നടത്തുന്നവരും ഒരു കള്ളലക്ഷണവും ഇല്ലാതെ സമൂഹത്തിന്റെ ലക്ഷണശാസ്ത്രടെസ്റ്റില്‍ ഉന്നതവിജയം നേടിയവരല്ലേ? 

സമയവും സൗമനസ്യവുമുള്ളവര്‍ ഒന്ന് ആലോചിക്കൂ.

 അപ്രിയവചനങ്ങള്‍ ഇഷ്ടമല്ലാത്തവര്‍ അവഗണിക്കൂ.

Monday, 6 July 2020

ഓവര്‍ തിങ്കിങ്ങിനെപ്പറ്റി കൊഞ്ചം ഓവര്‍ തിങ്കിങ്ങ്

ഓവര്‍ തിങ്കിങ്ങ് എങ്ങിനെയായിരിക്കും ഒരു വ്യക്തിയെ ബാധിക്കുക??

എന്റെ തന്നെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയാം.

ദാ ഇതു കേട്ടപ്പോള്‍ തന്നെ നമ്മളില്‍ പലരും കോവിഡ് പോസിറ്റീവ് ആയ ഒരാളെ കാണും പോലൊരു മാനസികാവസ്ഥയില്‍ എത്തിയിട്ടുണ്ടാവും!!

ഇതാ ഒരു ഓവര്‍തിങ്കര്‍...

ഇതാ..

ഇതാ..

ഏതു നിമിഷവും 'ഈ ജീവി' ഓവര്‍തിങ്ക് ചെയ്തു തുടങ്ങാം..

എന്താവും സംഭവിക്കുക!!ഓ മൈ ഗോഡ്!!

ഹലോ..

മാന്യരേ..

ഒരു നിമിഷം..

നിങ്ങളില്‍ ആരാണ് ഓവര്‍ തിങ്ക് ചെയ്യാത്തത്?

ഒന്നു പറയാമോ?

'ഞാന്‍ ഭയങ്കര കൂളാണ്','ഒരുപാടൊന്നും ആലോചിച്ചു കൂട്ടാറില്ല' എന്നൊക്കെ ഇടക്കിടെ അല്ലെങ്കില്‍ അടിക്കടി പ്രഖ്യാപിക്കുന്ന പല മഹാനുഭാവരും സന്ദര്‍ഭം വരുമ്പോള്‍ അവരുടെ ചിന്തകള്‍ എത്ര കുഴഞ്ഞു മറിഞ്ഞതാണെന്ന് വെളിവാക്കാറുണ്ട്.ഇത് പൂര്‍ണ്ണമായും അവരുടെ സത്യസന്ധതയെ മാത്രം ബാധിക്കുന്ന ഒരു കാര്യമായി അവശേഷിക്കും.ആരോഗ്യകരമായ എന്തു സംവാദവും ഈ വിഷയത്തില്‍ സ്വീകരിക്കപ്പെടുന്നതാണ്.

പക്ഷേ എന്നെപ്പോലൊരു ഓവര്‍ തിങ്കറും നിങ്ങളില്‍ പലരുമായി ഒരു മാറ്റമുണ്ട്.

ഓവര്‍ തിങ്കിങ്ങ് പോലുള്ള കാര്യങ്ങളില്‍
ഞാന്‍ എന്റെ കാര്യങ്ങള്‍ തുറന്നു സമ്മതിച്ച് എന്റെ അടുത്ത ഇഷ്ടത്തിലേയ്ക്ക് പോവാന്‍ താത്പര്യപ്പെടുന്ന ആളാണ്!

നിങ്ങളില്‍ പലരും ചില നുണകളില്‍ കടിച്ചു തൂങ്ങി കിടക്കാനിഷ്ടപ്പെടുന്നവരും.

തീര്‍ച്ചയായും പ്രായോഗികജീവിതം താലോലിക്കുക ഇത്തരം പിടികൊടുക്കാത്ത ഓവര്‍ തിങ്കറെ ആവും.

ഓവര്‍ തിങ്കറുടെ പരാജയം!!

അതാണു പറഞ്ഞു വരുന്നത്..

ജീവിതത്തില്‍ ചിലപ്പോഴൊക്കെ ചില കാര്യങ്ങള്‍ മറന്നു പോയി സമയബന്ധിതമായി ചെയ്യാന്‍ കഴിയാതെ പോയിട്ടുണ്ട്.

ജോലി ഏല്‍പ്പിച്ച ആള്‍ കാരണം ചോദിച്ചാല്‍ 'മറന്നുപോയതാണ്' എന്നാവും ആദ്യത്തെ ഉത്തരം.

'അതെങ്ങിനെ മറക്കാനാ?' 'പ്രയോരറ്റൈസ് ചെയ്യാന്‍ വയ്യാത്തതുകൊണ്ടല്ലേ മറന്നത്?' എന്നൊക്കെ ഫോളോ അപ് ക്വസ്റ്റ്യന്‍സ് വന്നാല്‍ സ്വയം ചോദിക്കാന്‍ തുടങ്ങും...'ശരിയാണോ??പ്രാധാന്യമില്ലെന്നു തോന്നിയതു കൊണ്ടാണോ മറന്നുപോയത്?'

ഇത്തരം ചിന്തകള്‍ സ്വഭാവികമായും ആവശ്യത്തില്‍ കൂടുതല്‍ കുറ്റബോധത്തിന്റെ ഭാവം ശരീരഭാഷയിലും ശബ്ദത്തിലും കൊണ്ടുവരികയും ചെയ്യും.

സ്വയം സംരക്ഷിക്കാനാവാത്തവിധം ഓവര്‍ തിങ്കിങ്ങിനെ ഒരിക്കലും വളര്‍ത്തരുതെന്നാണ് എന്റെ ആഗ്രഹവും ഉപദേശവും.

ഇനി ആദ്യം പറഞ്ഞപോലെ സ്വയം സമ്മതിക്കുന്ന ഓവര് ‍തിങ്കറും സമ്മതിക്കാത്തയാളും ഒന്നിച്ചായാലോ അത് പരസ്പരം പരിചയമില്ലാത്ത,വളര്‍ച്ചയെത്തിയ ഒരു പട്ടിയെയും പൂച്ചയേയും ഒന്നിച്ച് ഒരു ചെറിയ  കൂട്ടില്‍ ഇടുന്നതുപോലെയാവും. നൂറില്‍ രണ്ടോ മൂന്നോ മാത്രമേ ഇണങ്ങൂ!

Saturday, 4 July 2020

ഇനേര്‍ഷ്യ

സയന്‍സ് പഠിച്ചവരും കൊമേഴ്സ് പഠിച്ചവരുമൊക്കെ കേട്ടിരിക്കാനിടയുള്ള ഒരു പഥമാണ് 'ഇനേര്‍ഷ്യ'.

ഇതിന്റെ മലയാളപദം 'ജഡത്വം' എന്നാണ്.

പുറമേ നിന്നുള്ള തക്കതായ
ഒരു ബലത്താല്‍ സ്വാധീനിക്കപ്പെടുംവരെ
ആയിരിക്കുന്ന അവസ്ഥയില്‍ തുടരാനുള്ള പ്രവണതയാണത്രെ ജഡത്വം എന്ന ഇനേര്‍ഷ്യ. 

വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനിടെ പെട്ടെന്ന് ബ്രേക്കിട്ടാല്‍ ശരീരം മുന്നോട്ട് ആയാറില്ലേ?അത് ജഡത്വമാണ്;യാത്രയുടെ പ്രവേഗത്തില്‍ തുടരാനുള്ള അഭിവാഞ്ജ.

ഈ പദത്തെ നമുക്ക് ജീവിതങ്ങളുമായി ബന്ധിപ്പിക്കാനാവുമോ?

ആവും എന്നു തന്നെ തോന്നുന്നു.

വ്യക്തിക്ക് തനിക്കുള്ളില്‍ നിന്നും സമൂഹത്തില്‍ നിന്നും ആയിരിക്കുന്നിടത്ത് തുടരാനുള്ള പ്രേരണയും സമ്മര്‍ദ്ദവും കിട്ടിക്കൊണ്ടേയിരിക്കും!

മിണ്ടാത്തവന്‍ മിണ്ടാന്‍ തുടങ്ങുമ്പോള്‍,മിണ്ടുന്നവള്‍ മിണ്ടാതാവുമ്പോള്‍,മെലിഞ്ഞയാള്‍ തടിക്കുമ്പോള്‍,പരാജയം ശീലമായവര്‍ വിജയിക്കുമ്പോള്‍,വിജയിച്ചു മാത്രം ശീലമുള്ളവര്‍ പരാജയം രുചിക്കുമ്പോള്‍,ഒരു തത്വശാസ്ത്രത്തിന്റെ വക്താവ് മറ്റൊരു തത്വശാസ്ത്രത്തെ പരിചയപ്പെടുമ്പോള്‍,പ്രണയിക്കപ്പെടുന്നവര്‍ക്ക് അത് നഷ്ടപ്പെടുമ്പോള്‍,മെയ്യനങ്ങാത്തവര്‍ അധ്വാനിക്കുമ്പോള്‍,കായികാധ്വാനം മാത്രം ശീലമുള്ളവര്‍ ബൗദ്ധികമായി പണിയെടുക്കേണ്ടി വരുമ്പോള്‍,വിശ്വാസം സ്വീകരിക്കുമ്പോഴും തിരസ്കരിക്കുമ്പോഴും...അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജീവിതസാഹചര്യങ്ങളില്‍ നമുക്കുള്ളിലെയും സമൂഹത്തിലെയും ജഡത്വം നമുക്ക് മനസ്സിലാക്കാം.

എന്താനിതിന്റെ പ്രാധാന്യം എന്നു നിങ്ങള്‍ സംശയിച്ചേക്കാം!

പ്രാധാന്യമുണ്ടല്ലോ!!

വിഷാദവും ആത്മഹത്യയും കുറ്റകൃത്യങ്ങളുമൊക്കെ നമ്മുടെയും സമൂഹത്തിന്റെയും ജഡത്വത്തിന്റെ ഫലമല്ലേ?ഈ പോയിന്റ് ഉദാഹരണസഹിതം വിശദീകരിക്കണമെന്നു ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ ദയവായി ആവശ്യപ്പെടുക.

സമൂഹത്തില്‍ ഒറ്റ ലക്ഷ്യത്തെ പിന്‍തുടരുന്ന ആളുകള്‍ വേണ്ട എന്ന് ഒരിക്കലും ഈ പോസ്റ്റിലൂടെ പറയാന്‍ ശ്രമിക്കുന്നില്ല.ശാസ്ത്രരംഗത്തൊക്കെ നമുക്ക് കണ്‍സിസ്റ്റന്റായ ആളുകളെ ആവശ്യമുണ്ട്.പക്ഷേ നമ്മുടെ കണ്‍സിസ്റ്റന്‍സി ജീവനും ജീവിതത്തിനും മുകളില്‍ പ്രാധാന്യമുള്ള ഒന്നായി മാറരുതെന്നാണ് പറയാന്‍ ഉദ്ദേശിച്ചത്.

എന്റെ ചെറിയ ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അഭിമാനവും ആത്മവിശ്വാസവും തോന്നുന്നത് ഒരേ ഒരു കാര്യത്തിന്റെ പേരില്‍ മാത്രമാണ്.ജീവന്‍ നഷ്ടപ്പെടാതെ തന്നെ എന്റെ പല അവസ്ഥകളുടേയും ജഡത്വത്തെ തരണം ചെയ്യാനായി എന്നതാണ് ആ കാര്യം.രൂപവും,ഭാവവും,ഉടയാടകളും,ജോലിയും,സാമ്പത്തികാവസ്ഥയും അങ്ങിനെ എല്ലാമെല്ലാം ഏറെക്കുറെ വിട്ടുകളയാനോ വിട്ടുപോവലുകളെ തരണം ചെയ്യാനോ എനിക്ക് സാധിച്ചു..പല തവണ. അതെല്ലാം ഒരു ശാസ്ത്രീയപരീക്ഷണം പോലെ കൃത്യമായി പ്ളാന്‍ ചെയ്തതല്ല.അതിനാല്‍ തന്നെ അതില്‍ അഹങ്കരിക്കാനുമൊന്നുമില്ല.

ഇതെല്ലാം എഴുതിയത് ആര്‍ക്കെങ്കിലും പ്രയോജനകരമായി തോന്നുന്നെങ്കില്‍ എടുക്കാം.

ഇല്ലെങ്കില്‍ തള്ളിക്കളയാം.

നന്ദി.

Tuesday, 30 June 2020

ചക്കിപ്പൂച്ചയുടെ കുഞ്ഞുങ്ങള്‍

എനിക്ക് നിന്നോട് ഇഷ്ടമാണ്,സ്നേഹമാണ് എന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ ഞാനൊരു ചക്കിപ്പൂച്ചയെ ഓര്‍ക്കും.വീട്ടിലെ അരുമ.പ്രായപൂര്‍ത്തിയായപ്പോള്‍ ഇണയെ തേടി കണ്ടുപിടിച്ചു.ഗര്‍ഭിണിയായി.പ്രസവിച്ചു.നാല് കുഞ്ഞുങ്ങള്‍.

മനുഷ്യര്‍ക്കിടയില്‍
അടിയന്തിരസമ്മേളനം നടന്നു.കുഞ്ഞുങ്ങള്‍ക്കു കൂടി ഭക്ഷണം കൊടുക്കാന്‍ സാധ്യമല്ല.ചക്കിയെ തീറ്റ കാണിച്ചു മാറ്റിയിട്ട് നാലു കുഞ്ഞുങ്ങളേയും ഒരു കുഞ്ഞു കുഴിവെട്ടി ജീവനോടെ സംസ്കരിച്ചു!!

വിശേഷബുദ്ധിയിലെ പരിമിതികളാല്‍ ചക്കി കുറച്ചു സമയം നിലവിളിച്ച് നടന്നിട്ട് വീണ്ടും മക്കളെക്കൊന്നവരുടെ തലോടലും തീറ്റയും പ്രതീക്ഷിച്ചു നിന്നു.

പല മനുഷ്യരുടേയും സ്നേഹത്തിന് ഇങ്ങനെയൊരു മുഖമുണ്ട്!!

വലിയ സ്നേഹമാണ്.പക്ഷേ നിന്റെ കുഞ്ഞുങ്ങളെ പോലും ഞാന്‍ എന്തെങ്കിലും ന്യായം പറഞ്ഞു കുഴിച്ചു മൂടും.അലഞ്ഞു നടന്നു ഭക്ഷണം തേടാനുള്ള അവസരം പോലും അവയ്ക്ക് കൊടുക്കില്ല.നിന്നോട് വലിയ സ്നേഹമാണ്(അതിങ്ങനെ ആവര്‍ത്തിക്കപ്പെടും!)

സാമൂഹികജീവിതത്തിന്റെ അവിഭാജ്യഘടകമായ  അഡ്ജസ്റ്റുമെന്റുകളെ  വിമര്‍ശിക്കുകയായിരുന്നില്ല എന്നു ദയവായി മനസ്സിലാക്കുമല്ലോ!

ഇന്നു കാണുന്ന പല ആക്ടിവിസ്റ്റുകളും അട്ടഹസിക്കും പോലെ വ്യക്തിസ്വാതന്ത്ര്യത്തെ തലമുടിനാരിഴ കീറി പരിശോധിക്കുന്നവരായാല്‍ ജീവിതം ദുഃസ്സഹമാവും-വ്യക്തിക്കും സമൂഹത്തിനും.

രണ്ട് വ്യക്തികള്‍ ഒരു കട്ടിലില്‍ ഉറങ്ങാന്‍ കിടക്കൂമ്പോള്‍ ഒരാള്‍ക്ക് മറ്റേ ആളോട് പാട്ടു പാടി/ഉറക്കെ സംസാരിച്ച് ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെടാം;ശ്വാസം വലിക്കരുതെന്നോ നെഞ്ചിടിപ്പിനെ സൈലന്റാക്കി വെക്കണമെന്നോ ആവശ്യപ്പെടാനാവില്ല.

എന്നോട് സ്നേഹമാണെന്നു പറഞ്ഞ പലരേയും ഞാന്‍ വിശ്വസിക്കാതിരുന്നത് അവര്‍ എന്റെ കുഞ്ഞുങ്ങളെ കൊല്ലാനൊരുങ്ങിയതുകൊണ്ടാണ്.

അത്ര സന്തോഷകരമല്ലാത്ത ഒരു വായനയ്ക്ക് ക്ഷമാപണം.

Saturday, 27 June 2020

നഗ്നത,പ്രദര്‍ശനം

സ്ത്രീയുടെ നഗ്നതയും ബോഡി ആര്‍ട്ടും പോക്സോയും പ്രസ്തുത വിഷയത്തിലെ
പല സുഹൃത്തുക്കളുടേയും പ്രതികരണവുമൊക്കെ ചെറിയ ആശ്ചര്യമോ  സംശയമോ ഒക്കെയായി തലയില്‍ കയറിയിട്ടുണ്ട്.

പലരോടും നേരിട്ട് മറുപടി പറയണം എന്നുണ്ടായിരുന്നു.

പക്ഷേ മറുപടി  പറയുമ്പോള്‍ പാവപ്പെട്ടവന്‍ Vs പണക്കാരന്‍ അല്ലെങ്കില്‍ ഇന്‍ഫീരിയോരിറ്റി  കോപ്ളക്സ് Vs സുപ്പീരിയോരിറ്റി കോപ്ളക്സ് എന്ന സ്വരം വരും എന്നു തോന്നിയതിനാല്‍ ഒഴിവാക്കിയാതാണ്.

എന്നാലും ചില ചിന്തകളും അനുഭവങ്ങളും നിരീക്ഷണങ്ങളും ആരേയും അഡ്രസ്സ് ചെയ്യാതെയെങ്കിലും എഴുതാതിരിക്കാനാവുന്നില്ല.

കുടുംബത്തിലെ സ്ത്രീശരീരമുള്ള മനുഷ്യരുടെ നഗ്നത കാണാനിടയായ കുട്ടികള്‍ ഭാവിയില്‍ ലൈംഗിക അരാജകത്വത്തിലേയ്ക്ക് വീണേക്കാമെന്ന ഒരു നിരീക്ഷണം കണ്ടു.

അവഗണനീയമാംവിധം ചെറുതായ (negligibly small)ഒരു ശതമാനമാണ് ഇത്തരത്തില്‍ അരാജകത്വത്തില്‍ വീണുപോയേക്കുമെന്ന ആശങ്കയായിരുന്നുവെങ്കില്‍ അത് പങ്കുവെക്കുപ്പെടുകയില്ലായിരുന്നു എന്നു കരുതിക്കോട്ടെ.

ഈ ആശങ്ക പങ്കു വെച്ച ആളുകള്‍ ടാര്‍പോളിന്‍ ടെന്റുകള്‍ക്കടിയിലും കടത്തിണ്ണയിലും ഒറ്റമുറി വീടുകളിലും ജീവിക്കുന്ന ഒരുപാട് ആളുകളെപ്പറ്റി;പ്രത്യേകിച്ചും കുട്ടികളെപ്പറ്റി (അവരെപ്പറ്റിയാണല്ലോ ആശങ്ക)ചിന്തിക്കുകയോ അവരെ നിരീക്ഷിക്കുകയോ ചെയ്തിട്ടുണ്ടോ?

ഇത്തരത്തില്‍ ജീവിക്കുന്നവര്‍ പ്രസവിക്കുന്നതും വസ്ത്രം മാറുന്നതും വിസര്‍ജ്ജിക്കുന്നതും ദേഹശുദ്ധി വരുത്തുന്നതുമൊക്കെ പലപ്പോഴും വേണ്ടത്ര സ്വകാര്യത ഇല്ലാതെയാണ്.കുട്ടികളടക്കം നഗ്നത കാണാനുള്ള സാധ്യത വളരെ കൂടുതലുമാണ്.

നാടോടികളുടെ കാര്യം പോട്ടെ!

ഞാനെന്റെ ബാല്യ,കൗമാരങ്ങളുടെ സിംഹഭാഗവും ചിലവഴിച്ചത് കോഴിക്കോട്ടെ ഒരു മലയോര കുടിയേറ്റ ഗ്രാമത്തിലാണ്.ഈയടുത്ത് (8-10)വര്‍ഷം മുന്‍പ് ആളുകളുടെ ചിലവഴിക്കല്‍ ശീലങ്ങളില്‍ (സ്പെന്റിങ്ങ് പവര്‍ എന്നു മറ്റുവാക്കുകളില്‍)പെട്ടെന്ന് ഒരു മാറ്റം വരുന്നതുവരെ  സ്വകാര്യമുറികളുള്ള വീട്,ടോയ്ലറ്റ്,ബാത്റൂം സൗകര്യങ്ങളൊക്കെ അവിടെയും കുറവായിരുന്നു.

സ്ത്രീകളും ആണ്‍കുട്ടികളുമൊക്കെ ചെറിയ തോട്ടില്‍ ഒരുമിച്ച് ദേഹശുദ്ധി വരുത്തൂന്നതൊക്കെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു.രണ്ടു ലിംഗക്കാരും അരയ്ക്ക് കീഴ്പ്പോട്ടൊക്കെ മാത്രമേ മറയ്ക്കൂന്ന കാര്യം ശ്രദ്ധിക്കുമായിരുന്നുള്ളൂ.

അന്നും പിന്നീടും അമ്മയും സഹോദരിയും കാമുകിയും ഭാര്യയും ഒക്കെ ആയിരുന്ന/ആയി മാറിയ സ്ത്രീകളെക്കുറിച്ചാണ് ഈ പറഞ്ഞത്.

ഇങ്ങനെ നഗ്നത കണ്ട (മാറിടങ്ങള്‍ സ്പെസിഫിക്കായി..അതാണല്ലോ പ്രശ്നം)കുട്ടികളില്‍ ലൈംഗിക അരാജകത്വം കൂടുതലായിരിക്കും എന്നാണോ നിങ്ങള്‍ ഉദ്ദേശിച്ചത് എന്ന ചോദ്യം ഞാന്‍ ചോദിക്കുന്നില്ല!

ഒരു കാലഘട്ടത്തിലെ,ഒരു ദേശക്കാരെ മുഴുവന്‍ അടച്ച് ആക്ഷേപിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാന്‍ എനിക്കാവില്ല..നിങ്ങളും അത്തരം സാഹസികത ഒന്നും ചെയ്യാനിടയില്ല.

അതുകൊണ്ട് ദയവായി ഇപ്രകാരം നഗ്നത കാണാനിടയായവരിലും അതിന് സാഹചര്യമില്ലാഞ്ഞവരിലും ഒരു പഠനം നടത്തി നോക്കണേ.ലൈംഗിക അരാജകത്വത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ ശതമാനത്തില്‍ കിട്ടുമല്ലോ!

അന്നു തോട്ടില്‍ കുളിച്ച ആണ്‍കുട്ടികളുടെ വിശദാംശങ്ങളൊന്നും,പഠനം നടത്താനാണെങ്കില്‍ പോലും,
എന്നോട് ചോദിക്കരുതെന്ന ഒരു അപേക്ഷയുമുണ്ട്😂.

നഗ്നത പ്രദര്‍ശനത്തെപ്പറ്റിയും ലിംഗവ്യത്യാസമില്ലാതെ ചിലത് പറയാം.

ഓഷോ എന്ന ഇന്ത്യന്‍ ചിന്തകനോട് ഒരാള്‍ ചോദിച്ചു 'താങ്കളെന്താണ് ശരീരം മുഴുവന്‍ മറയുന്ന വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്നത്?......ഗുരു (വേറൊരു ചിന്തകന്റെ പേര് പറഞ്ഞു)എല്ലായ്പ്പോഴും അരയ്ക്കു കീഴെ മാത്രമേ മറയ്ക്കാറുള്ളല്ലോ?!'

ഓഷോയുടെ മറുപടി വളരെ റിയലസ്റ്റിക്കായി തോന്നി.'....ഗുരു (ചോദ്യകര്‍ത്താവ് പ്രതിപാദിച്ച ചിന്തകന്റെ പേര്)അദ്ദേഹത്തിന്റെ സ്വഭാവികമായ മേനിക്കൊഴുപ്പിനു പുറമേ
കൗമാരത്തിലും യൗവ്വനത്തിലും അതികഠിനമായി വ്യായാമം ചെയ്തും നന്നായി ഭക്ഷണം കഴിച്ചും ഗുസ്തിമത്സരത്തിനായി തയ്യാറെടുത്തിരുന്ന ഒരു കായികതാരം ആയിരുന്നു.തീര്‍ച്ചയായും അദ്ദേഹം ശരീരം പ്രദര്‍ശിപ്പിക്കുന്നതില്‍ ഒരു ആശ്ചര്യവുമില്ല.പ്രദര്‍ശിപ്പിക്കാന്‍ തക്കതായി തനിക്ക് കാര്യമായി ഒന്നും ഇല്ല എന്നു തോന്നിയതിനാല്‍ ഓഷോ നീളന്‍ കുപ്പായങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു.'

ഇതല്ലേ നഗ്നത പ്രദര്‍ശനത്തിന്റെ ശരിയായ മനഃശാസ്ത്രം?!

മനുഷ്യര്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതിനു ശേഷം നഗ്നത പ്രദര്‍ശിപ്പിക്കാറ് തന്റെ ലൈംഗികസ്വപ്നങ്ങളുമായി ബന്ധിപ്പിച്ചാണ്.

ഈ പ്രദര്‍ശനത്തിന് ജാതി,മത,ലിംഗ,വിദ്യാഭ്യാസ ഭേദങ്ങളുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല!!

തങ്ങളുദ്ദേശിക്കുന്ന ആളുകളില്‍ നിന്ന് തങ്ങളുദ്ദേശിക്കുന്ന പ്രതികരണങ്ങളുണ്ടായാല്‍ നഗ്നത പ്രദര്‍ശിപ്പിക്കപ്പെടുക തന്നെ ചെയ്യും!!

പലപ്പോഴും നമ്മള്‍ നമ്മുടെ 'സ്വാധീനിക്കപ്പെട്ട' വീക്ഷണങ്ങളാല്‍ ഇതിനോട് വൈരുധ്യമാര്‍ന്ന നിലപാടുകള്‍ എടുക്കൂകയും ചെയ്യുമായിരിക്കാം!!

നെറ്റി ചുളിക്കാതെ കണ്ണു ശരിക്കും തുറന്ന് നമ്മളിലേയ്ക്കും
ചുറ്റുപാടുകളിലേയ്ക്കും ഒന്നു നോക്കണേ!

Wednesday, 24 June 2020

നന്ദിപ്രസംഗം

പലപ്പോഴും ചെറിയ (വേദികളില്‍)
നന്ദിപ്രസംഗങ്ങള്‍ നടത്താന്‍ അവസരം കിട്ടിയിട്ടുണ്ട്.

തപ്പിയും തടഞ്ഞും പരിഭ്രമം ഒളിപ്പിക്കാന്‍ പണിപ്പെട്ടുമൊക്കെ നന്ദി പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ ഒരുപാട് ഇച്ഛാഭംഗം തോന്നാറുണ്ട്.

ഇച്ഛാഭംഗം നന്ദി പറയാന്‍ വിട്ടുപോയ ഒരുപാട് ആളുകളെ ഓര്‍ത്താണ്!

ഈ 'വിട്ടുപോകല്‍' ഞാനുള്‍പ്പെടുന്ന മാനവരാശിയുടെ ഒരു ദൗര്‍ബല്യമാണ്.

എനിക്ക് 'പരിവേഷ'ങ്ങളോട് നന്ദി പറയാനേ സാധിക്കാറുള്ളൂ;വേഷങ്ങളോട് പറയാന്‍ കഴിയാറില്ല.

സ്നേഹിതര്‍ എന്ന പരിവേഷമുള്ളവരേക്കാള്‍ എത്രയോ അധികം സ്നേഹിതര്‍ എനിക്കുണ്ട്!അധ്യാപകര്‍ എന്ന പരിവേഷമില്ലാത്ത എത്രയോ അധ്യാപകര്‍ നമുക്കുണ്ട്!ചികിത്സകരെന്ന പരിവേഷമില്ലാത്ത എത്രയോ ചികിത്സകരുടെ നന്മ ഞാന്‍ സ്വീകരിച്ചിട്ടുണ്ട്!പ്രണയപരിവേഷമില്ലാത്ത എത്രയോ പ്രണയങ്ങള്‍!

നന്ദിപ്രസംഗങ്ങള്‍ അപൂര്‍ണ്ണമാവുന്നത് സങ്കടകരമാണ്.

എന്റെ ജീവിതത്തോട് ഇടപെട്ട പരിവേഷങ്ങളില്ലാത്ത എല്ലാവരോടും പ്രത്യേകം നന്ദി പറയുന്നു.

നന്ദി പറയാന്‍ മറന്നതിനെ സദയം ക്ഷമിക്കൂക.

Monday, 22 June 2020

ആട്ടിറച്ചി

ആട്ടിറച്ചിയോടു വലിയ കമ്പമാണ്.

വിലയും എല്ലും ഓര്‍ക്കുമ്പോള്‍ കമ്പത്തെ അധികം പ്രോത്സാഹിപ്പിക്കാറില്ലെന്നു മാത്രം.

ആട്ടിറച്ചിയോട് കമ്പം വരാന്‍ വ്യക്തമായ കാരണമുണ്ട്.എന്താ കാരണമെന്നു ചോദിച്ചില്ലെങ്കിലും പതിവുപോലെ പറഞ്ഞേക്കാം.

നന്നെ ചെറുപ്പത്തിലാണ്.

3-4 വയസ്സ്.

കോഴിക്കോട്ടെ ഒരു മലയോരഗ്രാമത്തില്‍ ജംഗിള്‍ ബുക്ക് അഭിനയിച്ചു നടക്കുന്ന കാലം.

വീട്ടിലും ചുറ്റുവട്ടത്തുമുള്ള എല്ലാ വന്യമൃഗങ്ങളുമായി സമാധാനത്തിലാണ് ജീവിതം.ആരേയും അങ്ങോട്ട് ഉപദ്രവിക്കാന്‍ പോവാറില്ല.തിരിച്ചും ഉപദ്രവമൊന്നുമില്ല.

ഞങ്ങള്‍ സുന്ദരിയും സുശീലയും പോരാത്തതിന് ഗര്‍ഭിണിയുമായ ഒരു ആടിനെ വാങ്ങിയത് ആയിടയ്ക്കാണ്.

വീട്ടിലുള്ള മനുഷ്യരും ഗര്‍ഭത്തിന്റെ കാര്യത്തിലൊഴിച്ച് മറ്റെല്ലാ കാര്യങ്ങളിലും - സൗന്ദര്യത്തിലും,സുശീലതയിലും - അവളെപോലെ ആയതുകൊണ്ടാവും ഞങ്ങളുമായി പെട്ടെന്ന് ഇണങ്ങി.

ആടിന് ആവശ്യത്തിന് സ്വാതന്ത്ര്യമുണ്ട്.കയറിട്ട് ബന്ധിക്കാറില്ല..സുശീലയാണല്ലോ!ഞങ്ങളുടെ കൂടെ തന്നെ പറ്റിക്കൂടി നിന്നോളും.

കാലം കടന്നുപോയി.

എല്ലാ ഗര്‍ഭിണികള്‍ക്കും സംഭവിക്കാറുള്ളത് അവള്‍ക്കും സംഭവിച്ചു.

പ്രസവിച്ചൂന്ന്.

മുട്ടന്‍ കുഞ്ഞാണ്. മുട്ടന്‍ എന്നത് സൈസല്ല സെക്സാണെന്ന കാര്യം പ്രസ്താവ്യമാണ്.

കുഞ്ഞന്‍ അത്ര സുശീലനല്ല.പക്ഷേ കുഞ്ഞല്ലേ!!

അവനെ പിന്തുണക്കാന്‍ അജവംശത്തിലും മനുഷ്യവംശത്തിലും ആളുണ്ട്.

നമ്മളെയൊക്കെ നിസ്സാരകാര്യങ്ങള്‍ക്ക്
 ഉലക്കയെടുത്ത് ദണ്ഡിക്കുമ്പോള്‍ ചോദിക്കാന്‍
ആരുമുണ്ടാവാറില്ല..

പോട്ടെ പോട്ടെ..അസൂയ വെളിവാക്കി വെറുതെ കഥ ഗതിമാറ്റി വിടുന്നില്ല.

ഈ കുഞ്ഞന്റെ പ്രത്യേകത എന്താണെന്നു വെച്ചാല്‍ അത് പെട്ടെന്നു തന്നെ ഓടിച്ചാടി നടക്കാന്‍ തുടങ്ങി എന്നതാണ്.ആടുവംശത്തില്‍ അതാണത്രേ സമ്പ്രദായം.

ഞങ്ങള്‍ അധികം പരിചയപ്പെട്ടിട്ടില്ല.

പരിചയപ്പെട്ടത് അത്യാവശ്യം നിറപ്പകിട്ടാര്‍ന്ന അന്തരീക്ഷത്തിലുമായിപ്പോയി.

ഒരുദിവസം പതിവില്ലാത്ത ഒരു ഉച്ചമയക്കത്തിന് ചെറിയോരു തടി ബെഞ്ചില്‍ സര്‍ക്കസുകാരനെപ്പോലെ ബാലന്‍സ് ചെയ്തു  കിടന്ന കഥയിലെ ഉപനായകനായ ഞാന്‍ പെട്ടെന്ന് നെഞ്ചിലേയ്ക്ക് എന്തോ വന്നു വീഴുന്നതായി അറിഞ്ഞ് ഞെട്ടിയുണര്‍ന്നു.ഞെട്ടിയുണര്‍ന്നാല്‍ അടുത്ത പടി ചാടിയെണീക്കണമെന്നതാണെങ്കിലും നെഞ്ചിലും വയറിലുമായി നാലുകാലുമുറപ്പിച്ച് കഥാനായകനായ ആട്ടിന്‍ കുട്ടി നില്‍ക്കുന്നതിനാല്‍ അതിന് സാധിക്കാത്തതിലുള്ള നിരാശയാല്‍ ഞാന്‍ ചെറുതായൊന്നു കരയുന്നതുപോലെ അഭിനയിച്ചു.

വെറും അഭിനയം മാത്രം.

മെന്‍ ഡോന്റ് ക്രൈ!!

വീട്ടില്‍ അന്നുള്ള മറ്റു മനുഷ്യജീവികള്‍ വന്നു നായകനെ നെഞ്ചകത്തുനിന്നും എടുത്തു മാറ്റി.

അതിനെ ഒന്നു ശാസിക്കുകപോലും ചെയ്തില്ല എന്നത് നിങ്ങള്‍ അറിയണം.

കുഞ്ഞല്ലേ?!

ഹൃദയങ്ങള്‍ അകലുകയാണ്.

അവന്‍ തുള്ളിച്ചാട്ടവുമായി അമ്മയുടെ സ്വാതന്ത്ര്യം സൗജന്യമായി ഇന്‍ഹെറിറ്റ് ചെയ്ത് കയറില്ലാതെ തകര്‍ത്തു നടക്കുകയാണ്.ഞാന്‍ മറ്റു ജീവജാലങ്ങളോടൊപ്പം ഒതുങ്ങി ഒരു കോണിലും.

അങ്ങനെയിരിക്കെ മറ്റൊരു ദിവസം..

മുട്ടന്‍ കുഞ്ഞ് തുള്ളിച്ചാട്ടത്തിനു പുറമേ പുതിയൊരു കലാപരിപാടികൂടി കണ്ടു പിടിച്ചിരിക്കുന്നു എന്ന കാര്യം പറയാന്‍ മറന്നു.പൊടിച്ചു വരുന്ന ചെറിയ പൈശാചിക കൊമ്പുകളെ പ്രത്യേക ആംഗിളില്‍ താഴ്ത്തി ചുവടുവെച്ച് ഇടിക്കലാണ് പ്രസ്തുത പരിപാടി.

പറഞ്ഞു നിര്‍ത്തിയ 'മറ്റൊരു ദിവസത്തി'ലേയ്ക്ക് മടങ്ങി വരാം.

പുരയിടത്തിലെ തട്ടുതട്ടായി തിരിച്ച് റബ്ബര്‍ നട്ടിരിക്കുന്ന ഭാഗത്താണ്.അവിടെ കൂട്ടത്തില്‍ പെടാതെ നില്‍ക്കുന്ന ഒരു കശുമാവിന്റെ വിളവെടുക്കാന്‍ ഞങ്ങള്‍ മനുഷ്യരും പുല്ലു തിന്നാനും പൂച്ചിയെ പിടിക്കാനുമൊക്കെയായി മറ്റു ജീവികളും സന്നിഹിതരാണ്.

കഥാനായകന്‍ തുള്ളല്‍ പ്രസ്ഥാനവുമായി രംഗത്തു തന്നെയുണ്ട്.ജീവിതം സാധാരണഗതിയില്‍ പുരോഗമിക്കയാണ്.

പെട്ടെന്ന് എന്റെ വിളിപ്പേര് ആരോ..തിരിഞ്ഞു നോക്കിയപ്പോള്‍ മുട്ടന്‍ ഓടിവന്ന് ഇടിക്കാനുള്ള ആക്ഷനെടുക്കുകയാണ്.

ലക്ഷ്യം ഞാന്‍ തന്നെ!

അല്ലെങ്കിലും എല്ലാവരും അഭ്യാസം പഠിക്കുക കൂട്ടത്തിലേറ്റവും ചെറിയ ആളിനടുത്തായിരിക്കുമല്ലോ!

നെഞ്ചു വിരിച്ച് നിന്നു.മുട്ടന്‍ കുഞ്ഞിന് പണി എളുപ്പമായി.ഓടിവന്ന് ചാടി ഇടിച്ചു!

ഫിസിക്സിന്റെ ഒരുവിധം എല്ലാ നിയമങ്ങളും കൃത്യമായി അനുസരിച്ചു കൊണ്ട് സഹനായകനായ ഞാന്‍ മലര്‍ന്നു വീണ് ഉരുണ്ടുരുണ്ട് രണ്ട് പ്ളാറ്റ്ഫോമിനു താഴെയുള്ള ഒരു റബ്ബറിലിടിച്ചു നിന്നു.

ഫിസിക്സിന്റെ കാര്യം പറഞ്ഞപ്പോഴാണ്.എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമെന്നത് വളരെ തെറ്റാണ്!!

തുല്യമായ പ്രതിപ്രവര്‍ത്തനമെന്നത് സംഭവിച്ചു..ഉരുണ്ടുരുണ്ട് രണ്ട് പ്ളാറ്റ്ഫോമിനു താഴെയെത്തി.

പക്ഷേ വിപരീതമായ പ്രതിപ്രവര്‍ത്തനം??!!

ഓര്‍ക്കുമ്പോള്‍ കലി വരും..

എന്നെ ആശ്വസിപ്പിക്കാനെന്ന വ്യാജേന ആട്ടിന്‍ കുട്ടിയെ അടിക്കുന്നതുപോലെ ആംഗ്യം കാണിക്കുന്നു.

കുഞ്ഞല്ലേ!അറിഞ്ഞോണ്ടല്ലല്ലോ!അതിന്റെ നൈസര്‍ഗ്ഗികവാസന പ്രകടിപ്പിച്ചതല്ലേ?!!

എന്തായാലും അന്നുമുതല്‍ ആട്ടിറച്ചി വലിയ ഇഷ്ടമാണ്.എന്തെങ്കിലും അപകടം പിണഞ്ഞിരിക്കുമ്പോള്‍ ഓവര്‍ ആക്ട് ചെയ്യുന്നവരെ ഇഷ്ടവുമല്ല.

എന്താല്ലേ?

Sunday, 21 June 2020

വൈരാഗി

ഗുരു വലിയൊരു യാത്രയുടെ/അന്വേഷണത്തിന്റെ ഒടുക്കമാണ്.സാഫല്യം!

"ഗുരോ,അങ്ങയുടെ ഈ ശാന്തി എനിക്കുമൊരല്‍പ്പം..
..?"ചോദിക്കേണ്ടത് ഔചിത്യം.

"വൈരാഗിയാകണം കുഞ്ഞേ!വൈരാഗിയാകണം!"

"ഓഹ്..അങ്ങിനെ വരട്ടെ..എന്നെ പരിചയപ്പെടുന്നവരാണ് കൂടുതല്‍ വൈരാഗ്യമുള്ളോരാവാറ്.ശാന്തി മുഴുവനും അവരു കൊണ്ടുപോയ്"

ശുഭം


Thursday, 18 June 2020

വായനാദിനം

വായനാദിനത്തിന്റെ തുടക്കം അല്‍പ്പം അസഹിഷ്ണുതയോടെയായിരുന്നു!

അല്‍പ്പസ്വല്‍പ്പം എഴുതാനായുള്ള ശ്രമം തുടങ്ങിയതില്‍ പിന്നെ ആണ് വായനയേയും വായനക്കാരേയും കുറിച്ച് ഓര്‍ക്കുമ്പോള്‍ കലിപ്പ് വരിക.

എന്തിനാണ് അസഹിഷ്ണുത എന്നറിയാന്‍ ആര്‍ക്കെങ്കിലും താത്പര്യമുണ്ടോ?

പുതിയ കണ്ടുപിടുത്തങ്ങള്‍ ഒന്നുമില്ല.

വായനക്കാരുടെ ഇഷ്ടങ്ങളിലെ(ഇഷ്ടം പ്രകടിപ്പിക്കുന്ന രീതിയിലെ)പൊളിറ്റിക്സ് ആണ് അസഹിഷ്ണുതയ്ക്ക് കാരണമായത്.

എഴുതിയത് വായിക്കുന്നതിനേക്കാള്‍ എഴുതിയ ആളാരാണ്,ആളുടെ ജോലിയും വിദ്യാഭ്യാസയോഗ്യതയും എന്താണ്,ആള്‍ സപ്പോട്ടു ചെയ്യുന്ന ഐഡിയോളജി എന്താണ്,
പുസ്തകം പബ്ളിഷ് ചെയ്തത് ഏതു കമ്പനിയാണ്,ആരൊക്കെ അതിനെ പ്രമോട്ട് ചെയ്തു എന്നൊക്കെ അന്വേഷിക്കുന്ന ആളുകള്‍.

പിന്നീട് ഈ അസഹിഷ്ണുതയില്‍ നിന്നും പുറത്തുകടന്നു!

എന്റെ ബാല്യത്തില്‍ ഞാന്‍ നല്ല രീതിയില്‍ അന്തര്‍മുഖത്വം പ്രകടിപ്പിക്കുന്ന ആളായിരുന്നു.ഇന്‍ട്രോവെര്‍ട്ടായ ആളുകള്‍ക്ക് പൊതുവേ സമയം ഒരുപാടുണ്ടാവും.മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടോ?

നമുക്കു ചുറ്റുമുളള ആളുകളെ ശ്രദ്ധിക്കൂ.അന്തര്‍മുഖരായവര്‍ പുറത്തേക്കിറങ്ങിയാല്‍ എത്രയും പെട്ടെന്ന് തിരിച്ച് വീട്ടിലെത്തും.അവര്‍ക്ക് എല്ലാവരുടേയും ബര്‍ത്ഡേ വിഷ് ചെയ്യാനും മെസേജുകള്‍ക്ക് റിപ്ളൈ കൊടുക്കാനും ചടങ്ങുകളില്‍ നേരിട്ട് പോയി പങ്കെടുക്കാനുമൊക്കെ ധാരാളം സമയം ഉണ്ട്.പക്ഷേ എക്സ്ട്രോവെര്‍ട്ടുകള്‍ പലതരം ബഹളങ്ങളുമായി പാതിരാ വെളുക്കുവോളം നടക്കുന്നതു കൊണ്ട് അവര്‍ക്ക് ഒന്നിനും സമയമുണ്ടാവുകയില്ല.

ഈ സമയക്കുറവും സമയക്കൂടുതലുമായിരിക്കണം വായനക്കാരിലെ തെരഞ്ഞെടുപ്പു പരമായ പൊളിറ്റിക്സിനു കാരണമായേക്കാവുന്ന പ്രധാനഘടകം.

ഏറെ സമയമുണ്ടായിരുന്ന ഞാന്‍ കിട്ടുന്നതെന്തും - എഴുതിയത് ആരാണെന്ന് അന്വേഷിക്കാതെ - വായിക്കുമായിരുന്നു.

സമയക്കുറവുള്ളവര്‍ തങ്ങളുടെ സമയം ക്വാളിറ്റി ഉള്ള കാര്യത്തിനാണോ വിനിയോഗിക്കുന്നത് എന്നു ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ നടത്തിയേക്കാം. ഈ ഉറപ്പുവരുത്തല്‍ ശ്രമങ്ങള്‍ പലപ്പോഴും പല രീതിയിലും വഴി തിരിക്കപ്പെട്ടേക്കാം.

നിങ്ങള്‍ പുസ്തകത്തെ അതിന്റെ കവറുകൊണ്ട് അളക്കുന്ന ആളാണെങ്കിലും അല്ലെങ്കിലും നല്ലൊരു വായനാദിനം ആശംസിക്കുന്നു❤

Monday, 15 June 2020

പൗരബോധം

പൗരബോധം അണ്ടര്‍വെയര്‍ പോലെയാണെന്ന് ആരോ പറയുന്നത് കേട്ടു.ചിലരത് ആവശ്യത്തിന് ധരിക്കുന്നു.ചിലര്‍ മറ്റുള്ളവരെ കാണിക്കാന്‍ ധരിക്കുന്നു.ചിലര്‍ അത്യാവശ്യം വരുമ്പോള്‍ മാത്രം ധരിക്കുന്നു.ഒരിക്കലും ടി സംഗതി ധരിക്കാതെ ജീവിച്ചു മരിച്ചു പോയവരും ഉണ്ട്.

കഴിഞ്ഞ ദിവസം എറണാകുളത്ത് റെയില്‍വേ സ്റ്റേഷനില്‍ കോവിഡ് സ്ക്രീനിങ്ങ്  ഡ്യൂട്ടിയില്‍ നിന്നപ്പോള്‍ ഒരാള്‍ അടുത്തു വന്നു.എന്തോ സംശയം ചോദിക്കാനാണെന്ന് ശരീരഭാഷയില്‍ സുവ്യക്തം.

ഊഹം തെറ്റിയില്ല.

തമിള്‍നാട്ടിലെ ഊട്ടിക്കടുത്ത കോട്ടഗിരി എന്ന സ്ഥലത്തു നിന്നു വന്ന ഒരു വൈദികവിദ്യാര്‍ത്ഥിയാണ്.ഹോം ക്വാറന്റൈനില്‍ പോകണമെന്ന നിര്‍ദ്ദേശം കിട്ടി വന്നതാണ്.

ക്വാറന്റൈനായി എഴുതി കൊടുത്തിരുന്ന അഡ്രസ്സിലെ വീട്ടില്‍ എന്തോ സാങ്കേതിക പ്രശ്നത്താല്‍ പോകാനാവുന്നില്ല,പകരം മറ്റൊരു വാടകവീട് എടുത്തിട്ടുണ്ട്,അഡ്രസ്സിലെ ഈ മാറ്റം എവിടെയാണ് അറിയിക്കേണ്ടത്,എന്തു തരം വാഹനത്തിലാണ് ഹോം ക്വാറന്റൈനു പോകേണ്ടത് എന്നൊക്കെയുള്ള സംശയങ്ങളായിരുന്നു  അദ്ദേഹത്തിനുണ്ടായിരുന്നത്.ഞാന്‍ ചെയ്തുകൊണ്ടിരുന്ന ജോലിക്ക് തടസ്സമുണ്ടാക്കാതെ കാത്തു നിന്ന് ഈ സംശയങ്ങളെല്ലാം ദൂരീകരിച്ചതിനുശേഷമാണ് അദ്ദേഹം പോയത് എന്നത് വളരെ മതിപ്പുളവാക്കി.എന്റെ സൂപ്പര്‍വൈസറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ വിശദവിവരങ്ങളെല്ലാം ഞാന്‍ ശേഖരിച്ചു.പ്രക്രിയയുടെ പുരോഗതി അറിയിക്കാം എന്നു ഉറപ്പു തന്നതുപോലെ തന്നെ അദ്ദേഹം വിളിച്ച് സംസാരിക്കുകയും ചെയ്തു. 

എന്തെങ്കിലും അധികാരമോ സ്വാധീനമോ ഉള്ള ആരും നിയമം ലംഘിക്കാന്‍ കൂടുതല്‍ ശ്രമിക്കാറുള്ള ഈ നാട്ടില്‍ അദ്ദേഹത്തിന്റെ പൗരബോധം വളരെ മൂല്യമുള്ളതാണ്!!

കോവിഡ് പോലുള്ള മഹാമാരിയെ ചെറുക്കാന്‍ ഇത്തരത്തില്‍ ഉള്ളവരെ നമ്മളോരോരുത്തരും മാതൃകയാക്കിയേ തീരൂ.

കൂട്ടി വായന

വ്യക്തികള്‍ തങ്ങള്‍ക്കുള്ളിലും സംഘടനകള്‍ അവയ്ക്കുള്ളിലും നടപ്പാക്കുന്ന രസകരമായ ഒരു സ്ട്രാറ്റജിയുണ്ട് - തീരാത്ത പണി കൊടുക്കല്‍.മനസ്സിലായില്ലേ?

നമ്മളില്‍ പലരും നമുക്കു തന്നെ പല 'ശീലങ്ങള്‍' എന്ന ജോലി കൊടുക്കാറുണ്ട്.കാരണങ്ങള്‍ പലതാവാം.നമ്മള്‍ കൂട്ടം കൂടുന്നിടത്തെ നേതൃത്വവും താഴേ തട്ടിലേയ്ക്ക്  പല പണികളും കൊടുക്കാറുണ്ട്.

മിഡില്‍ ഈസ്റ്റിലെ ഒരു മാനുഫാക്ചറിങ്ങ് കമ്പനിയിലെ കോഡിനേഷന്‍ ജോലികള്‍ ചെയ്തിരുന്ന ഒരു സമയം ഓര്‍ക്കുകയാണ്.

തീരെ തിരക്കില്ലാത്ത ഒരു സീസണ്‍.നിലവിലുണ്ടായിരുന്ന ഓഡറുകളെല്ലാം കൊടുത്തു തീര്‍ത്തു.ഉത്പന്നശ്രേണിയില്‍ എല്ലാം ആവറേജ് സ്റ്റോക്കില്‍ അല്‍പം കൂടുതലായി.

ഇനിയെന്ത് എന്ന ചോദ്യമായി?

ഇനിയെന്താ..ഇവിടെ ഇരുന്നോളൂ.വിശ്രമിച്ചോളൂ എന്നു മണ്ടന്‍കൊണാപ്പിയായ നോം ഉത്തരം കൊടുത്തു(സംരംഭം,കച്ചവടം,ലാഭം,H.R.മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ എനിക്ക് എന്റെ ബാല്യകാലത്ത് അടുത്തു പെരുമാറിയിരുന്ന മാതാപിതാക്കളില്‍ നിന്ന് കിട്ടിയിരുന്ന പാഠം തുലോം തുച്ഛമായിരുന്നു എന്നു സമ്മിശ്രവികാരങ്ങളോടെ പറയുക തന്നെ വേണം.ഇപ്പോഴൊക്കെ എനിക്കു ചുറ്റും 'ആളുകളെ കൈകാര്യം ചെയ്യുന്നതില്‍ അഗ്രഗണ്യരായ പരിചയക്കാരുടേയും ബന്ധുക്കാരുടേയും പൊടിമക്കളൊക്കെ എന്നെ ഒരുപാട് വിസ്മയിപ്പിക്കാറുണ്ട്.ആദിവാസി നാട്ടിലെ തിരക്കില്‍ സൈക്കളോടിക്കുന്ന ഒരു കുഞ്ഞിനെ കാണുംപോലെ!).
വെറുതേയിരുപ്പ് കാമറക്കണ്ണുകളില്‍ കണ്ട മുതലാളി പാഞ്ഞെത്തി.എന്നെ മീറ്റിങ്ങിനായി വിളിപ്പിച്ചു.

"എന്താ എല്ലാരും വെറുതേയിരിക്കുന്നെ?"

"പണിയൊക്കെ തീര്‍ന്നു സര്‍.ഓഡറെല്ലാം സപ്ളൈ ചെയ്തു.സ്റ്റോക്കിലേയ്ക്കുള്ളതും ആയി.വെയര്‍ഹൗസ് മുഴുവന്‍ ക്ളീനും ചെയ്തു.അതുകൊണ്ട്.."

"വെയര്‍ഹൗസിന്റെ എടത്തു വശത്തല്ലേ ഇപ്പോള്‍ എല്ലാം സ്റ്റോക്ക് ചെയ്തേക്കുന്നെ?"

"അതെ സര്"‍

"അത് മുഴുവന്‍ എത്രയും പെട്ടെന്ന് വലത്തു വശത്തേക്ക് മാറ്റണം"

"അത്.."

സര്‍ കള്ളച്ചിരി തുടങ്ങി.അടുത്തതായി ന്യായീകരണം വരും എന്നറിയാവുന്നതു കൊണ്ട് വെയിറ്റ് ചെയ്തു.

"എടോ..ഇതൊക്കെ വഴിയെ പഠിച്ചോളും.......

നിങ്ങള്‍ ഓഫീസിലുള്ളവര്‍ അത്യാവശ്യം ചിന്താശേഷി ഉള്ളവരാണ്.നിങ്ങള്‍ വര്‍ക്കില്ലാത്തപ്പോള്‍ ആരാം സെ ഇരുന്ന് എന്തെങ്കിലും ടൈംപാസ് ചെയ്യും.വര്‍ക്ക് ഉണ്ടെങ്കില്‍ സമയം നോക്കാതെ അതും ചെയ്യും.പക്ഷേ അകത്തുള്ള പണിക്കാര് അങ്ങിനെയല്ല.അവര്‍ക്കു നല്ല നടുവേദന വരുന്നതുപോലുള്ള പണി ഡെയ്ലി കിട്ടിയില്ലെങ്കില്‍ ഈയിടെയായി പണി തീരെ ഇല്ലെന്നും
കമ്പനി ഉടനേ പൂട്ടാന്‍ പോകുവാണെന്നും പരസ്പരം പറഞ്ഞ് എല്ലാം നാട്ടില്‍ പോകും."

പ്രായോഗികബുദ്ധ്യാ ശരിയാണ്.എന്റെ മുകളിലുള്ള ആളോട് എന്നെക്കുറിച്ചും ഇതേ പണിയില്ലായ്മ പ്രശ്നം പ്രിയബഹുമാനപ്പെട്ട മുതലാളീസ് ഉന്നയിക്കുമെന്നതും ഉറപ്പാണ്😅

നമ്മളിന്ന് നമ്മളിന്ന് മതം,രാഷ്ട്രീയം,ജീവിതശൈലി,ആത്മീയത,പ്രണയം എന്നൊക്കെ പറഞ്ഞ് ചെയ്തുകൂട്ടുന്ന അഭ്യാസങ്ങളില്‍ 99.99 ശതമാനവും ഇത്തരം പണി കൊടുക്കല്‍ പണികള്‍ മാത്രമല്ലേ??

എന്റെ പഴയ മുതലാളിയുടെ ഗീതോപദേശത്തിലെ ഒരു പ്രധാനഭാഗം ഹൈലൈറ്റ് ചെയ്യാന്‍ അനുവദിക്കണം..അത് ചിന്താശേഷി (ഔചിത്യം) എന്നതാണ്.

നമ്മുടെ നേതൃത്വം നമ്മോട് തല മൊട്ടയടിക്കണം,പാട്ടു പാടണം,തുള്ളിച്ചാടണം,വെട്ടിക്കൊല്ലണം,ചുമ്മാ ജയിലില്‍ പോണം എന്നൊക്കെ പറയുമ്പോള്‍ അവിടെ മൂന്നു സാധ്യതകളാണ് ഞാന്‍ കാണുന്നത്.

1.നമുക്ക് ചിന്താശേഷി കുറവാണ്.

2.നമ്മുടെ ചിന്താശേഷിയെ അംഗീകരിക്കാന്‍ നേതൃത്വം ഒരുക്കമല്ല.

3.നമ്മുടെ ചിന്താശേഷിയെ അളക്കാനുള്ള ചിന്താശേഷി നേതൃത്വത്തിനില്ല.

എന്റെ ജീവിതത്തിലെ ചില സംഭവങ്ങളും ചില ചിന്താധാരകളും കൂട്ടി വായിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് ഈ എഴുത്ത്.

നിങ്ങള്‍ക്ക് കൂട്ടിവായിക്കാനാവുമോ/അങ്ങിനെ ചെയ്യാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുമോ എന്നതൊന്നും എന്റെ സമസ്യ അല്ല!

Friday, 12 June 2020

ഉപകാരസ്മരണ

കടുത്ത ആശയദാരിദ്ര്യമുള്ള കാലത്താണ്!!

ഇരുന്നും കിടന്നും നടന്നും ഉരുണ്ടും ആശയത്തിനായി പരതി.സിമ്പിളായ സംഭവമായാലും മതിയാരുന്നു.

അപ്പോഴാണ്..

ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകളെ സ്വാധീനിക്കുന്ന നോണ്‍ ആള്‍ക്കഹോളിക് പാനീയം-ചായ-മനസ്സിലെ കപ്പിലേയ്ക്കാരോ ആവി പറത്തി നിറച്ചത്.

ജോര്‍ജ് ഓര്‍വെലിന്റെ എ നൈസ് കപ്പ് ഓഫ് ടീ വായിച്ചിട്ടുണ്ട്.ഇഷ്ടപ്പെട്ടിരുന്നു.എങ്കിലും അതേ വിഷയത്തിന് ഇനിയും എഴുതപ്പെടാനുള്ള ആഴമുണ്ടെന്നും തോന്നി.

അങ്ങനെ ആശയം നിശ്ചയിക്കപ്പെട്ടു.

നല്ല ചായ ഉണ്ടാക്കുന്നത് എങ്ങിനെ എന്നതു തന്നെ ആശയം.പക്ഷേ പിന്നെയും തടസ്സങ്ങളുണ്ട്.നല്ല ചായ ഉണ്ടാക്കാനറിഞ്ഞാലല്ലേ അത് വിവരിച്ച് എഴുതാന്‍ സാധിക്കൂ.പിന്നെയും വിഷമവൃത്തത്തില്‍!!

വീട്ടിലെ സൂപ്രണ്ട് മാതാശ്രീ വിഷയം ശ്രദ്ധിച്ചു.

"എന്താ ക്ഷീണം,മടി,അലസത?"

"എഴുതണം"

"അതിന്?"

"നല്ല ചായ എങ്ങിനെ ഉണ്ടാക്കുമെന്ന് എഴുതണം!"

"ഇവിടെ കിട്ടുന്ന ചായക്കെന്താണ് കുഴപ്പം?"

"ഊളച്ചായ!എഴുതാന്‍ പോയിട്ട് ഓര്‍ക്കാന്‍ പോലും കൊള്ളില്ല"അറിയാതെ പറഞ്ഞുപോയ്.

വികടസരസ്വതി!വലിയ വില കൊടുക്കേണ്ടി വരും!

"ഓഹോ!എന്നിട്ടും മടമടാന്ന് കുടിക്കാറുണ്ടല്ലോ?"

"ഞാനൊന്ന് ആലോചിച്ച് എഴുതിക്കൊട്ടെ.പ്ളീസ്!"

"വഴിയുണ്ടാക്കാം.ആ മൊബൈലിങ്ങ് തന്നേ"മൊബൈല്‍ ഫോണ്‍ ജപ്തി ചെയ്യപ്പെട്ടു.അടുത്ത നീക്കമായിരുന്നു അമ്പരപ്പിച്ചു കളഞ്ഞത്.മുറിയില്‍ നിന്നും പുറത്തിറങ്ങിയ സൂപ്രണ്ട് വാതില്‍ പുറത്തു നിന്നും പൂട്ടിക്കളഞ്ഞു.

"ഇതെന്ത് പ്രാന്താണ്?"

"പറയാം.ക്ഷമീര്!"

സമയം കടന്നു പോയി.ജനലിലൂടെ പല വീടുകളില്‍ നിന്നുള്ള ആഹാരപദാര്‍ത്ഥങ്ങളുടെ മണങ്ങള്‍ കൊമ്പും വാലുമുള്ള കുട്ടിപ്പിശാചുക്കളായി മുറിയില്‍ നുഴഞ്ഞു കയറി നൃത്തമാടുന്നു.വിശപ്പ് ആമാശയത്തെ സ്വാസകോസസമം സ്പോഞ്ചു പോലാക്കുന്നു.

"വാതില് തൊറ.കളിക്കല്ലേ!"

ഉത്തരമില്ല.

വാതിലില്‍ മുട്ടി..ഇടിച്ചു.ചവിട്ടാന്‍ ധൈര്യമില്ല..കാലു പോയാല്‍ പോയില്ലേ?

കുറച്ചു സമയം ഉറങ്ങാന്‍ ശ്രമിച്ചു.പണ്ടെങ്ങുമില്ലാത്തപോലെ അപ്പുറത്തെ വീട്ടില്‍ മീന്‍ വറക്കുന്നു..

എന്നാലും ഇങ്ങനെയുമുണ്ടോ മീന്‍ പൊരിക്കല്‍..എത്ര സമയമായി.മാരത്തോണ്‍ പൊരിക്കല്‍..ഹോ!!

ജനലിലൂടെ ഇരുട്ടു പരക്കാന്‍ തുടങ്ങി.കാര്യങ്ങള്‍ കൈവിട്ടു പോവുകയാണോ?! 

വാതിലില്‍ വീണ്ടും മുട്ടി.താളത്തില്‍ കൊട്ടി.രക്ഷയില്ല.

ഇനി പൂഴിക്കടകനാണ്.സര്‍വ്വശക്തിയും സംഭരിച്ച് ആകാശദൂത് സിനിമ മനസ്സില്‍ കണ്ട് ഒരൊറ്റ ദീനരോധനം.

അത് ഫലം കണ്ടു.വാതിലിനു പുറത്ത് ലോഹഭാഗങ്ങളുരയുന്ന മംഗളസ്വരം.

തുറക്കപ്പെട്ടു!

ചോദ്യോത്തരങ്ങള്‍ക്കു സമയമില്ല.നിമിഷങ്ങള്‍ വിലയേറിയതാണ്.അടുക്കളയിലേയ്ക്ക് പ്രകാശവേഗത്തില്‍ കുതിച്ചു.അവിടെ വൃത്തസ്തൂപികയില്‍ നിന്നും വൃത്തമായി ആകൃതി മാറ്റപ്പെട്ട,ആശ്ചര്യകരമാം രീതിയില്‍ ബാലന്‍സ് ചെയ്യപ്പെട്ടു നിര്‍ത്തിയ,
 ഒരു ചളുങ്ങിയ  ഒരു സ്റ്റീല്‍ ഗ്ളാസ്സില്‍ എന്തോ ഇരിപ്പുണ്ട്.

വലിയ ചൂടില്ല എന്നു ലക്ഷണശാസ്ത്രം പറയുന്നു.എടുത്തു.വലിച്ചു കുടിച്ചു.ചായയാണ്.മധുരമില്ല.പാലില്ല.എന്നാലും ആ ഒരു ഗ്ളാസ്സ് ചായ എ നൈസ് സ്റ്റീല്‍ ഗ്ളാസ്സോഫ് ചായ ആയിരുന്നു.

മര്യാദയുടെ പേരില്‍,അവസാനമായി,എന്നാല്‍ ഏറ്റവും പ്രധാനമായി
ഈ പോസ്റ്റിന് ഉപകാരസ്മരണ ചേര്‍ക്കൂന്നു.നല്ല ചായയ്ക്കും അതിന്റെ പാഠത്തിനും ഉപകാരസ്മരണ.

പടച്ചോന്റെ ചോറ് എന്ന കഥയോട് കടപ്പാടു വെച്ചില്ലെങ്കില്‍ അതൊരു അതിക്രമമായി പോയേക്കൂമെന്നും സംശയിക്കുന്നു.