എനിക്ക് നിന്നോട് ഇഷ്ടമാണ്,സ്നേഹമാണ് എന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ ഞാനൊരു ചക്കിപ്പൂച്ചയെ ഓര്‍ക്കും.വീട്ടിലെ അരുമ.പ്രായപൂര്‍ത്തിയായപ്പോള്‍ ഇണയെ തേടി കണ്ടുപിടിച്ചു.ഗര്‍ഭിണിയായി.പ്രസവിച്ചു.നാല് കുഞ്ഞുങ്ങള്‍.
മനുഷ്യര്‍ക്കിടയില്‍
അടിയന്തിരസമ്മേളനം നടന്നു.കുഞ്ഞുങ്ങള്‍ക്കു കൂടി ഭക്ഷണം കൊടുക്കാന്‍ സാധ്യമല്ല.ചക്കിയെ തീറ്റ കാണിച്ചു മാറ്റിയിട്ട് നാലു കുഞ്ഞുങ്ങളേയും ഒരു കുഞ്ഞു കുഴിവെട്ടി ജീവനോടെ സംസ്കരിച്ചു!!
വിശേഷബുദ്ധിയിലെ പരിമിതികളാല്‍ ചക്കി കുറച്ചു സമയം നിലവിളിച്ച് നടന്നിട്ട് വീണ്ടും മക്കളെക്കൊന്നവരുടെ തലോടലും തീറ്റയും പ്രതീക്ഷിച്ചു നിന്നു.
പല മനുഷ്യരുടേയും സ്നേഹത്തിന് ഇങ്ങനെയൊരു മുഖമുണ്ട്!!
വലിയ സ്നേഹമാണ്.പക്ഷേ നിന്റെ കുഞ്ഞുങ്ങളെ പോലും ഞാന്‍ എന്തെങ്കിലും ന്യായം പറഞ്ഞു കുഴിച്ചു മൂടും.അലഞ്ഞു നടന്നു ഭക്ഷണം തേടാനുള്ള അവസരം പോലും അവയ്ക്ക് കൊടുക്കില്ല.നിന്നോട് വലിയ സ്നേഹമാണ്(അതിങ്ങനെ ആവര്‍ത്തിക്കപ്പെടും!)
സാമൂഹികജീവിതത്തിന്റെ അവിഭാജ്യഘടകമായ അഡ്ജസ്റ്റുമെന്റുകളെ വിമര്‍ശിക്കുകയായിരുന്നില്ല എന്നു ദയവായി മനസ്സിലാക്കുമല്ലോ!
ഇന്നു കാണുന്ന പല ആക്ടിവിസ്റ്റുകളും അട്ടഹസിക്കും പോലെ വ്യക്തിസ്വാതന്ത്ര്യത്തെ തലമുടിനാരിഴ കീറി പരിശോധിക്കുന്നവരായാല്‍ ജീവിതം ദുഃസ്സഹമാവും-വ്യക്തിക്കും സമൂഹത്തിനും.
രണ്ട് വ്യക്തികള്‍ ഒരു കട്ടിലില്‍ ഉറങ്ങാന്‍ കിടക്കൂമ്പോള്‍ ഒരാള്‍ക്ക് മറ്റേ ആളോട് പാട്ടു പാടി/ഉറക്കെ സംസാരിച്ച് ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെടാം;ശ്വാസം വലിക്കരുതെന്നോ നെഞ്ചിടിപ്പിനെ സൈലന്റാക്കി വെക്കണമെന്നോ ആവശ്യപ്പെടാനാവില്ല.
എന്നോട് സ്നേഹമാണെന്നു പറഞ്ഞ പലരേയും ഞാന്‍ വിശ്വസിക്കാതിരുന്നത് അവര്‍ എന്റെ കുഞ്ഞുങ്ങളെ കൊല്ലാനൊരുങ്ങിയതുകൊണ്ടാണ്.
അത്ര സന്തോഷകരമല്ലാത്ത ഒരു വായനയ്ക്ക് ക്ഷമാപണം.
No comments:
Post a Comment