സയന്‍സ് പഠിച്ചവരും കൊമേഴ്സ് പഠിച്ചവരുമൊക്കെ കേട്ടിരിക്കാനിടയുള്ള ഒരു പഥമാണ് 'ഇനേര്‍ഷ്യ'.
ഇതിന്റെ മലയാളപദം 'ജഡത്വം' എന്നാണ്.
പുറമേ നിന്നുള്ള തക്കതായ
ഒരു ബലത്താല്‍ സ്വാധീനിക്കപ്പെടുംവരെ
ആയിരിക്കുന്ന അവസ്ഥയില്‍ തുടരാനുള്ള പ്രവണതയാണത്രെ ജഡത്വം എന്ന ഇനേര്‍ഷ്യ.
വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനിടെ പെട്ടെന്ന് ബ്രേക്കിട്ടാല്‍ ശരീരം മുന്നോട്ട് ആയാറില്ലേ?അത് ജഡത്വമാണ്;യാത്രയുടെ പ്രവേഗത്തില്‍ തുടരാനുള്ള അഭിവാഞ്ജ.
ഈ പദത്തെ നമുക്ക് ജീവിതങ്ങളുമായി ബന്ധിപ്പിക്കാനാവുമോ?
ആവും എന്നു തന്നെ തോന്നുന്നു.
വ്യക്തിക്ക് തനിക്കുള്ളില്‍ നിന്നും സമൂഹത്തില്‍ നിന്നും ആയിരിക്കുന്നിടത്ത് തുടരാനുള്ള പ്രേരണയും സമ്മര്‍ദ്ദവും കിട്ടിക്കൊണ്ടേയിരിക്കും!
മിണ്ടാത്തവന്‍ മിണ്ടാന്‍ തുടങ്ങുമ്പോള്‍,മിണ്ടുന്നവള്‍ മിണ്ടാതാവുമ്പോള്‍,മെലിഞ്ഞയാള്‍ തടിക്കുമ്പോള്‍,പരാജയം ശീലമായവര്‍ വിജയിക്കുമ്പോള്‍,വിജയിച്ചു മാത്രം ശീലമുള്ളവര്‍ പരാജയം രുചിക്കുമ്പോള്‍,ഒരു തത്വശാസ്ത്രത്തിന്റെ വക്താവ് മറ്റൊരു തത്വശാസ്ത്രത്തെ പരിചയപ്പെടുമ്പോള്‍,പ്രണയിക്കപ്പെടുന്നവര്‍ക്ക് അത് നഷ്ടപ്പെടുമ്പോള്‍,മെയ്യനങ്ങാത്തവര്‍ അധ്വാനിക്കുമ്പോള്‍,കായികാധ്വാനം മാത്രം ശീലമുള്ളവര്‍ ബൗദ്ധികമായി പണിയെടുക്കേണ്ടി വരുമ്പോള്‍,വിശ്വാസം സ്വീകരിക്കുമ്പോഴും തിരസ്കരിക്കുമ്പോഴും...അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജീവിതസാഹചര്യങ്ങളില്‍ നമുക്കുള്ളിലെയും സമൂഹത്തിലെയും ജഡത്വം നമുക്ക് മനസ്സിലാക്കാം.
എന്താനിതിന്റെ പ്രാധാന്യം എന്നു നിങ്ങള്‍ സംശയിച്ചേക്കാം!
പ്രാധാന്യമുണ്ടല്ലോ!!
വിഷാദവും ആത്മഹത്യയും കുറ്റകൃത്യങ്ങളുമൊക്കെ നമ്മുടെയും സമൂഹത്തിന്റെയും ജഡത്വത്തിന്റെ ഫലമല്ലേ?ഈ പോയിന്റ് ഉദാഹരണസഹിതം വിശദീകരിക്കണമെന്നു ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ ദയവായി ആവശ്യപ്പെടുക.
സമൂഹത്തില്‍ ഒറ്റ ലക്ഷ്യത്തെ പിന്‍തുടരുന്ന ആളുകള്‍ വേണ്ട എന്ന് ഒരിക്കലും ഈ പോസ്റ്റിലൂടെ പറയാന്‍ ശ്രമിക്കുന്നില്ല.ശാസ്ത്രരംഗത്തൊക്കെ നമുക്ക് കണ്‍സിസ്റ്റന്റായ ആളുകളെ ആവശ്യമുണ്ട്.പക്ഷേ നമ്മുടെ കണ്‍സിസ്റ്റന്‍സി ജീവനും ജീവിതത്തിനും മുകളില്‍ പ്രാധാന്യമുള്ള ഒന്നായി മാറരുതെന്നാണ് പറയാന്‍ ഉദ്ദേശിച്ചത്.
എന്റെ ചെറിയ ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അഭിമാനവും ആത്മവിശ്വാസവും തോന്നുന്നത് ഒരേ ഒരു കാര്യത്തിന്റെ പേരില്‍ മാത്രമാണ്.ജീവന്‍ നഷ്ടപ്പെടാതെ തന്നെ എന്റെ പല അവസ്ഥകളുടേയും ജഡത്വത്തെ തരണം ചെയ്യാനായി എന്നതാണ് ആ കാര്യം.രൂപവും,ഭാവവും,ഉടയാടകളും,ജോലിയും,സാമ്പത്തികാവസ്ഥയും അങ്ങിനെ എല്ലാമെല്ലാം ഏറെക്കുറെ വിട്ടുകളയാനോ വിട്ടുപോവലുകളെ തരണം ചെയ്യാനോ എനിക്ക് സാധിച്ചു..പല തവണ. അതെല്ലാം ഒരു ശാസ്ത്രീയപരീക്ഷണം പോലെ കൃത്യമായി പ്ളാന്‍ ചെയ്തതല്ല.അതിനാല്‍ തന്നെ അതില്‍ അഹങ്കരിക്കാനുമൊന്നുമില്ല.
ഇതെല്ലാം എഴുതിയത് ആര്‍ക്കെങ്കിലും പ്രയോജനകരമായി തോന്നുന്നെങ്കില്‍ എടുക്കാം.
ഇല്ലെങ്കില്‍ തള്ളിക്കളയാം.
നന്ദി.
No comments:
Post a Comment