Thursday, 16 July 2020

ഹാനികരം

 മിഡില്‍ ഈസ്റ്റിലെ ചെറിയൊരു ജോലിയില്‍ പ്രവേശിച്ചതിന്റെ മൂന്നാം വര്‍ഷമാണ് ആദ്യ അവധി കിട്ടിയത്.

മഴക്കാലത്തോടുള്ള സ്നേഹം നിമിത്തം ജൂണ്‍ മാസത്തിലാണ് ലീവിനപേക്ഷിച്ചത്.മഴക്കാലത്തിന് ഈയുള്ളവനോടുള്ള സ്നേഹം കാരണമാവും ആ വര്‍ഷം ജൂലൈ ആദ്യം,കൃത്യമായി പറഞ്ഞാല്‍ തിരിച്ചു പോവുന്ന അന്നാണ് പെയ്തു തുടങ്ങിയത്.

ഇത്തരം ചെറിയ സൗന്ദര്യപ്പിണക്കങ്ങളുണ്ടെങ്കിലും മഴ പ്രിയങ്കരി തന്നെ.

അതെന്തെങ്കിലുമാവട്ടെ!!

ആദ്യത്തെ ലീവിനു പോക്ക് ഒരുപാട് സ്വപ്നങ്ങളൊക്കെ കണ്ട് മധുരമനോജ്ഞമാക്കാവുന്ന ഒരു വേളയാണ്.

സ്വപ്നം കാണുന്നതില്‍ ഒട്ടും പിറകിലല്ലാത്തതിനാല്‍ ലീവ് ഒരു ആഘോഷമാക്കാന്‍ തീരുമാനിച്ചു.കൈയ്യിലുള്ള ചെറിയ സമ്പാദ്യത്തിന്റെ ഒരു പങ്ക് സമ്മാനങ്ങള്‍ വാങ്ങാനായി ഉപയോഗിക്കണം എന്നും തീരുമാനിച്ചു.

ക്രിസ്തുമസ് അപ്പൂപ്പനെപ്പോലെ സമ്മാനപ്പൊതികളുമായി പ്രിയജനങ്ങളുടെ വീട്ടില്‍..ആഹാ!

മാത്രമല്ല ഞങ്ങളുടെ കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ അതിഥിവേഷം കെട്ടിയതും ഞാനാവും.തീരെ ചെറുപ്പത്തിലേ ഒഴിവു സമയം കിട്ടിയാല്‍ വീട്ടില്‍ നിന്ന് ഇങ്ങോട്ടു പറയും 'ഇവിടെ ഒറ്റക്കിരുന്നു മുഷിയണ്ട.ബന്ധുവീട്ടിലെ പിള്ളേരുടെ കൂടെ കൂടിക്കോളൂ' എന്ന്.

അങ്ങിനെ ഞാനൊരു സ്ഥിരം അതിഥിയായി.എല്ലാ ബന്ധുജനങ്ങളോടും അതിനുള്ള കടപ്പാടും സ്നേഹവും ഉണ്ടാവുകയും ചെയ്തു.അതുകൊണ്ടു തന്നെ കഴിയുംവിധം സമ്മാനങ്ങള്‍ കൊടുക്കേണ്ട ബാധ്യതയുണ്ടെന്നും സ്വയം ആലോചിച്ചുറപ്പിച്ചു.

എന്തു തരം സമ്മാനങ്ങള്‍ എന്നതായി അടുത്ത ചിന്ത.

കള്ളും പുകയില ഉത്പന്നങ്ങളും വേണ്ട എന്നു ആദ്യമേ കരുതി.സമ്മാനങ്ങളില്‍ ഒരു സന്ദേശമുണ്ടല്ലോ!അതു കൊടുത്തവര്‍ക്കും വാങ്ങുന്നവര്‍ക്കും പിന്നീടൊരു മനഃസാക്ഷിക്കുത്തിന്റെ ആവശ്യമില്ല.ഷോകേസില്‍ വക്കാവുന്ന വസ്തുക്കളും വേണ്ട എന്നു വെച്ചു.ഉപകാരമുള്ള എന്തെങ്കിലുമായേക്കാം.

അങ്ങിനെ പല ഫ്ളേവറുകളുള്ള ചായപ്പാത്തികള്‍,സ്പൂണുകള്‍,ഫോര്‍ക്കുകള്‍,കോടാലിത്തൈലമെന്നു പ്രശസ്തമായ ഔഷധം,ടൈഗര്‍ ബാം,ടോര്‍ച്ചുകള്‍,പെര്‍ഫ്യൂമുകള്‍,മിഠായികള്‍,തൊപ്പികള്‍,ചോക്കളേറ്റ് പൗഡര്‍ എന്നിവയൊക്കെ വാങ്ങി.കോളേജു കുമാരികളായ കസിന്‍മാരെ ഉദ്ദേശിച്ച് കുറച്ചു ചുരിദാര്‍ പീസുകളും കൂടെയുണ്ട്.

മധുരമനോജ്ഞമായ ലീവ് യാഥാര്‍ത്ഥ്യമായി.

മഴക്കാലമൊഴിച്ച് ബാക്കിയെല്ലാം എന്നെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു.

ദിവസങ്ങള്‍ പറക്കുകയാണ്.

തറവാടിന്റെ ഭാഗത്തുള്ള പ്രിയരെയെല്ലാം കണ്ടു തീര്‍ത്തു.

ചെറിയ ചെറിയ സമ്മാനങ്ങള്‍ കൊടുത്തു.

സന്തോഷം പടരുന്നു.

കടപ്പാട് വീടുന്നു.

ദിവസങ്ങള്‍ കുറവാണ്.അമ്മവീടിന്റെ ഭാഗത്തേയ്ക്കും പോവേണ്ടതുണ്ട്.

അവിടെയുള്ള ബന്ധുവീടുകളുടെ അംഗബലം കണക്കെടുത്തു ചെറിയ സമ്മാനങ്ങള്‍ ഒന്നു രണ്ടു കവറുകളില്‍ എടുത്തു വെച്ചു.അടുത്ത ദിവസം അതിരാവിലെ ബസ് കയറണം.തയ്യാറെടുപ്പുകളെല്ലാം നേരത്തേ കഴിഞ്ഞ സ്ഥിതിക്ക് പുറത്തേയ്ക്ക് ഒന്നു ഇറങ്ങിയേക്കാം.

പുറത്തിറങ്ങി.

പ്രലോഭകന്‍ ഏതോ സുഹൃത്തിന്റെ രൂപത്തില്‍ വന്നു.

ഷാപ്പില്‍ പോകാം.

തെങ്ങിന്‍കള്ളടിക്കാം...

അടിക്കാം..

മഴയോ ഇല്ല.മരനീരെങ്കിലും പെയ്യട്ടെ.

മാന്യതയുടെ പരിധി വിടാതെ കള്ളടിച്ചു.വീടണഞ്ഞ് നേരേ കയറി കിടന്നു.അതിരാവിലെ ചെറിയ ക്ഷീണത്തോടെ ഉണര്‍ന്ന് സമ്മാനപ്പൊതികള്‍ ബാഗിലാക്കി ബസു കയറി.

ആദ്യ വീട്ടില്‍ അപ്പനും അമ്മയും രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ്.

എല്ലാവരും വീട്ടിലുണ്ട്.

സന്തോഷം..

വിശേഷങ്ങള്‍ പറഞ്ഞു.

സാമ്പ്രദായികമായി പഴയകാലം സ്മരിച്ചു.

ചായപലഹാരങ്ങള്‍ സ്വീകരിച്ചു.

അവസാനം എല്ലാവരുടേയും ശ്രദ്ധ ഉറപ്പുവരുത്തി സമ്മാനക്കവറുകളെടുത്ത് തലയിട്ടു നോക്കി.

ഞെട്ടിപ്പോയി!

ചുരിദാര്‍ തുണിയൊഴിച്ച് മറ്റെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.

ബാഗിലെങ്ങാനും ചാടി പോയതാവുമോ?

തപ്പി നോക്കി.

അല്ല!!

കാര്യങ്ങള്‍ ചുരുളഴിയാന്‍ അധികനേരം വേണ്ടി വന്നില്ല.

സമ്മാനക്കവറുകളില്‍ തലേദിവസം
ചെക്കിങ്ങ് നടന്നു.'ഈ ലൊട്ടുലൊടുക്ക് സാധനങ്ങളൊന്നും അങ്ങോട്ടു ചുമക്കണ്ട'എന്ന തുക്കടാന്യായത്തോടെ സ്വന്തം വീട്ടുകാര്‍ എല്ലാം അടിച്ചു മാറ്റിയിരിക്കുന്നു.

അതിവിടെ എങ്ങിനെ പറയാന്‍?!

പെണ്‍കുട്ടിക്കുള്ള ചുരിദാര്‍ തുണി ചമ്മലോടെ കൊടുത്തു.ഞാന്‍ തന്നെ കൊടുത്ത പ്രതീക്ഷയുടെ പൂത്തിരിയും കണ്ണില്‍ കൊളുത്തി നില്‍ക്കുന്ന മറ്റുള്ളവരെ അവഗണിച്ച് കവറു മടക്കി ബാഗിലിട്ട് പൂട്ടി.

"അതെന്നാടാ പെണ്ണിനു മാത്രേ ഫോറിന്‍ സമ്മാനവൊള്ളോ?" ചമ്മല്‍ പൂര്‍ത്തിയായി.

ഈ കഥയുടെ സന്ദേശമെന്താണെന്നു ചോദിച്ചാല്‍ തെങ്ങിന്‍കള്ള് നല്ലതല്ല എന്നാവും നിങ്ങള്‍ പറയുക.ഉറപ്പാണ്.സമ്മാനങ്ങള്‍ എന്നോടു പറയാതെ അടിച്ചുമാറ്റി എന്നെ പക്ഷപാതിയാക്കിയവരെ നിങ്ങള്‍ സംരക്ഷിക്കും.

No comments:

Post a Comment