വളരെ സേഫ് ആയി വാഹനമോടിക്കാറുള്ള ഒരാളോട് എങ്ങിനെയാണ് ഇത് ചെയ്യുന്നതെന്ന് ചോദിച്ചു.അദ്ദേഹത്തിന്റെ മറുപടി ഡ്രൈവിങ്ങില്‍ മാത്രമല്ല ജീവിതത്തിലെവിടെയും മുതല്‍ക്കൂട്ടാവുന്നതായിരുന്നു.
"വാഹനം ഓടിക്കുന്ന ആള്‍ പിഴവുകള്‍ സംഭവിക്കാവുന്ന ഒരു മനുഷ്യനാണെന്ന ബോധ്യം സ്വയമുണ്ടാവണം.വാഹനം മനുഷ്യനിര്‍മ്മിതമെന്നും തകരാറുകള്‍ സംഭവിക്കാവുന്നതാണെന്നും ബോധ്യം വേണം.മറ്റു വാഹനമോടിക്കുന്നവരൊക്കെ ലേശം വട്ടുള്ളവരാണെന്ന് സങ്കല്‍പ്പിക്കണം.വട്ടുള്ളവരുടെ തൊട്ടടുത്ത് പോവാന്‍ ആരുമൊന്ന് മടിക്കുമല്ലോ!ഈ പറഞ്ഞ കാര്യങ്ങള്‍ക്കൊക്കെ തുല്യപ്രാധാന്യമുള്ള മറുവശവുമുണ്ട്. പിഴവു സംഭവിച്ചേക്കാമെന്നു കരുതി വാഹനം ഉപയോഗിക്കാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.റോഡില്‍ കൂടെ മറ്റു വാഹനങ്ങളിലുള്ള ഡ്രൈവര്‍മാരെ വട്ടന്‍മാരായി സങ്കല്‍പ്പിച്ചാല്‍ മതി;അവരെ പ്രകോപിപ്പിച്ച് ഉറക്കെ വട്ടനെന്ന് വിളിക്കേണ്ടതില്ല.വാഹനം ഫിറ്റാണോ എന്ന് ചെക്കു ചെയ്യുക,മുന്‍പില്‍ പോകുന്ന വാഹനവുമായി അകലം പാലിക്കുക,അനാവശ്യ പിരിമുറുക്കങ്ങളില്‍ നിന്ന് മാറി നില്‍ക്കുക..ഇങ്ങനെയൊക്കെയാണ് സേഫായി വണ്ടി ഓടിക്കാന്‍ ശീലിക്കുന്നത്"
ഈ വാക്കുകളെ കോവിഡ് 19 നുമായി ബന്ധിപ്പിച്ചാലോ?
മുന്‍കൂറായി പറയട്ടെ,കൊറോണ വൈറസിനെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങള്‍ പുരോഗമിക്കുന്നതേ ഉള്ളൂ.അതിനെപ്പറ്റി അവസാനവാക്ക് പറയാന്‍ ശേഷിയുള്ള ആരും ഇന്ന് ഉണ്ടെന്ന് കരുതുന്നില്ല.നമ്മുടെ മുന്നിലുള്ളത് വൈറസ് രോഗങ്ങളെപ്പറ്റിയുള്ള പൊതുവായ നിരീക്ഷണങ്ങള്‍ ആണ്.വൈറല്‍ പനി വരുമ്പോള്‍ ചെയ്യാറുള്ളതുപോലെ തിളപ്പിച്ചാറിയ വെള്ളം നന്നായി കുടിക്കുക,സമീകൃതാഹാരം ശീലിക്കുക,ആവശ്യത്തിന് ഉറങ്ങുക,ശുചിത്വശീലങ്ങള്‍ പാലിക്കുക,
സമയത്ത് വൈദ്യസഹായം തേടുക,നിലവിലെ ചികിത്സയോട് സഹകരിക്കുക എന്നിവയൊക്കെയാണ് ഇപ്പോഴുള്ള വൈറസ് പ്രതിരോധമാര്‍ഗ്ഗങ്ങള്‍.ഇത് സാമാന്യം ഫലപ്രദവുമാണെന്ന് ഉദാഹരണങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
സേഫ് ഡ്രൈവിങ്ങ് പാഠത്തിലെ പോലെ നമ്മള്‍ മറ്റു ഡ്രൈവര്‍മാരെ വട്ടന്‍മാരെന്നു കരുതി അകലം പാലിച്ച് ഓടിക്കാതെ ആക്സിഡന്റാക്കി അവരെ വട്ടന്‍മാരെന്ന് ഉറക്കെ വിളിച്ച് ബഹളം ഉണ്ടാക്കാനുളള പ്രവണത കാണിക്കാറുണ്ടോ?
പ്രവാസികള്‍ക്ക് അസുഖം കൂടുതലെന്ന് മാധ്യമങ്ങളില്‍ കണ്ടാല്‍ അവര്‍ക്കെതിരെ ബഹളം ഉണ്ടാക്കും!!
അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ക്ക് രോഗമെന്നു കേട്ടാല്‍ അവരെ നാട്ടിലേയ്ക്ക് അടുപ്പിക്കില്ല!!
ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും അഗ്നിശമനസേനാംഗത്തിനും എക്സൈസ് ജീവനക്കാരനും രോഗമെന്നു കേട്ടാല്‍ അവരെ പേടി!!
പൊതുജനത്തിന് ആണ് ഇന്ന് രോഗം കൂടുതല്‍ എന്നു കേട്ടാല്‍ നമ്മള്‍ ആരെയായിരിക്കുമാവോ മാറ്റി നിര്‍ത്തുക?!
മാധ്യമങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വ്യക്തമായ അജണ്ടകളുണ്ട്.ഒരേ വാര്‍ത്ത നാലോ അഞ്ചോ മാധ്യമങ്ങളില്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്ന വസ്തുത ആണിത്.
പൗരബോധമുള്ള ആളുകള്‍ സ്വയം സംരക്ഷിക്കുക,മറ്റുള്ളവരുടെ നിയമലംഘനങ്ങളെ നിയമപരമായി എതിര്‍ക്കുക..അതിനപ്പുറമുള്ള ചേരിപ്പോരുകള്‍ ഈ ദുരിതകാലത്തെ കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കും.
പിന്നെഴുത്ത്:ഉപദേശസ്വരം പോലും ഇഷ്ടമില്ലാത്ത എന്നെപ്പോലുള്ളവര്‍ ഇതിനെ ഉറക്കെ ചിന്തിച്ചതായി കണക്കാക്കിയാല്‍ മതി.
ഇതൊക്കെ പറയുന്നതുകൊണ്ട് ഡയറക്ടായി ഒരു ലാഭവുമില്ല.സമൂഹം നല്ല ദിശയില്‍ നീങ്ങിയാല്‍ അതിന്റെ ഭാഗമായി നിന്ന് ഒരു വിഹിതം ആസ്വദിക്കാം..അത്രമാത്രം
No comments:
Post a Comment