Monday, 15 June 2020

പൗരബോധം

പൗരബോധം അണ്ടര്‍വെയര്‍ പോലെയാണെന്ന് ആരോ പറയുന്നത് കേട്ടു.ചിലരത് ആവശ്യത്തിന് ധരിക്കുന്നു.ചിലര്‍ മറ്റുള്ളവരെ കാണിക്കാന്‍ ധരിക്കുന്നു.ചിലര്‍ അത്യാവശ്യം വരുമ്പോള്‍ മാത്രം ധരിക്കുന്നു.ഒരിക്കലും ടി സംഗതി ധരിക്കാതെ ജീവിച്ചു മരിച്ചു പോയവരും ഉണ്ട്.

കഴിഞ്ഞ ദിവസം എറണാകുളത്ത് റെയില്‍വേ സ്റ്റേഷനില്‍ കോവിഡ് സ്ക്രീനിങ്ങ്  ഡ്യൂട്ടിയില്‍ നിന്നപ്പോള്‍ ഒരാള്‍ അടുത്തു വന്നു.എന്തോ സംശയം ചോദിക്കാനാണെന്ന് ശരീരഭാഷയില്‍ സുവ്യക്തം.

ഊഹം തെറ്റിയില്ല.

തമിള്‍നാട്ടിലെ ഊട്ടിക്കടുത്ത കോട്ടഗിരി എന്ന സ്ഥലത്തു നിന്നു വന്ന ഒരു വൈദികവിദ്യാര്‍ത്ഥിയാണ്.ഹോം ക്വാറന്റൈനില്‍ പോകണമെന്ന നിര്‍ദ്ദേശം കിട്ടി വന്നതാണ്.

ക്വാറന്റൈനായി എഴുതി കൊടുത്തിരുന്ന അഡ്രസ്സിലെ വീട്ടില്‍ എന്തോ സാങ്കേതിക പ്രശ്നത്താല്‍ പോകാനാവുന്നില്ല,പകരം മറ്റൊരു വാടകവീട് എടുത്തിട്ടുണ്ട്,അഡ്രസ്സിലെ ഈ മാറ്റം എവിടെയാണ് അറിയിക്കേണ്ടത്,എന്തു തരം വാഹനത്തിലാണ് ഹോം ക്വാറന്റൈനു പോകേണ്ടത് എന്നൊക്കെയുള്ള സംശയങ്ങളായിരുന്നു  അദ്ദേഹത്തിനുണ്ടായിരുന്നത്.ഞാന്‍ ചെയ്തുകൊണ്ടിരുന്ന ജോലിക്ക് തടസ്സമുണ്ടാക്കാതെ കാത്തു നിന്ന് ഈ സംശയങ്ങളെല്ലാം ദൂരീകരിച്ചതിനുശേഷമാണ് അദ്ദേഹം പോയത് എന്നത് വളരെ മതിപ്പുളവാക്കി.എന്റെ സൂപ്പര്‍വൈസറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ വിശദവിവരങ്ങളെല്ലാം ഞാന്‍ ശേഖരിച്ചു.പ്രക്രിയയുടെ പുരോഗതി അറിയിക്കാം എന്നു ഉറപ്പു തന്നതുപോലെ തന്നെ അദ്ദേഹം വിളിച്ച് സംസാരിക്കുകയും ചെയ്തു. 

എന്തെങ്കിലും അധികാരമോ സ്വാധീനമോ ഉള്ള ആരും നിയമം ലംഘിക്കാന്‍ കൂടുതല്‍ ശ്രമിക്കാറുള്ള ഈ നാട്ടില്‍ അദ്ദേഹത്തിന്റെ പൗരബോധം വളരെ മൂല്യമുള്ളതാണ്!!

കോവിഡ് പോലുള്ള മഹാമാരിയെ ചെറുക്കാന്‍ ഇത്തരത്തില്‍ ഉള്ളവരെ നമ്മളോരോരുത്തരും മാതൃകയാക്കിയേ തീരൂ.

No comments:

Post a Comment