Saturday, 6 June 2020

വിഷം വമിപ്പിക്കുന്ന വാര്‍ത്തകള്‍

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് പ്രചരിപ്പിക്കപ്പെട്ട ഒരു വാര്‍ത്ത ഓര്‍മ്മിക്കുന്നു.

ലോകത്തിലെ ഏറ്റവുമധികം ജനങ്ങളെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ക്രിസ്തു മതത്തിന്റെ അധികാരതലസ്ഥാനമായ വത്തിക്കാനിലെ ഒരു പള്ളിയില്‍ pachamama (ഇതിന്റെ ഉച്ചാരണം പച്ചമാമ ആണോ പക്കമാമയാണോ എന്നറിയില്ല)എന്ന ഒരു വനദേവതയുടെ രൂപം എത്തിക്കപ്പെട്ടുവത്രെ.

കുറച്ചുകാലം അതവിടെ ഇരിക്കുകയും ചെയ്തു പോലും.

ആമസോണ്‍ വനപ്രദേശത്തുള്ളവരുടെ ദേവതയാണ് pachamama.ഇത്തരമൊരു ദുര്‍(?)ദേവത വത്തിക്കാനിലെ വിശുദ്ധസ്ഥലത്ത് എത്തിയത് സൈത്താന്റെ വലിയ കളിയാണെന്നും ദൈവത്തെ സംരക്ഷിക്കാന്‍  നുമ്മ (കല്ലം വടിയും ആയി-ഈ ഭാഗം കുരുക്കള്‍ വ്യക്തമായി പറയില്ല.വിശ്വാസികള്‍ കണ്ടറിഞ്ഞു ചെയ്യാറാണ് പതിവ്) ഇറങ്ങണമെന്നും പതിവുപോലെ കേരളത്തിലെയടക്കം ധ്യാനകുരുക്കള്‍ ആഹ്വാനം ചെയ്തു.പിന്നീടാരോ ഈ മരക്കഷണം പള്ളിയില്‍ നിന്നെടുത്ത് നേരെ നദിയില്‍ വലിച്ചെറിഞ്ഞു എന്ന രീതിയിലൊരു വീഡിയോയും കണ്ടു.

ചിന്തനീയമായ വിഷയം എന്തെന്നാല്‍ ഇതിനോട് അടുത്ത ദിവസങ്ങളില്‍ ആമസോണ്‍ വനം കത്തിയെരിയുകയായിരുന്നു.

സ്വഭാവികമായി കത്തിയതല്ല.

കര്‍ഷകര്‍ തീയിട്ടതാണ്!!

കര്‍ഷകരെന്നു പറയുമ്പോള്‍ തെറ്റിദ്ധരിക്കരുതേ!

അന്നന്നു വേണ്ടുന്ന ആഹാരത്തിനായി അര ഏക്കറില്‍ കപ്പയും കാച്ചിലും നടുന്ന കര്‍ഷകരല്ല.ആയിരക്കണക്കിന് ഏക്കര്‍ വനം കയ്യേറി പ്രവൃത്തിയെ മൂടിവെയ്ക്കാന്‍
ഭരണകൂടത്തേയും മാധ്യമങ്ങളേയും സ്വാധീനിക്കുന്ന കര്‍ഷകര്!!

‍ആമസോണില്‍ കത്തിയമര്‍ന്ന കാടിനെയോര്‍ത്തല്ല പാവം ക്രിസ്ത്യാനി സങ്കടപ്പെട്ടത്,പള്ളിയിലിരുന്ന് പിന്നീട് തോട്ടില്‍ കളഞ്ഞ pachamama എന്ന മരക്കഷണത്തിനു പിന്നിലെ സൈത്താനികപ്രവൃത്തിയെ ഓര്‍ത്താണ്.

അവിശ്വാസിയായ എന്റെ നിലപാട് പറഞ്ഞോട്ടെ.

pachamama പള്ളിയിലിരുന്നാലും തോട്ടില്‍ കിടന്നാലും സെപ്റ്റിക് ടാങ്കില്‍ കിടന്നാലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല.പക്ഷേ ആമസോണില്‍ നശിപ്പിക്കപ്പെട്ട ഒാരോ വൃക്ഷത്തിന്റെയും അഭാവം എന്നെ കാലാവസ്ഥാവ്യതിയാനത്തിലൂടെ ശ്വാസം മുട്ടിക്കുന്നുണ്ട്!!

മേല്‍പ്പറഞ്ഞ ധ്യാനകുരുവിനേയും അജഗണങ്ങളേയും ഡീഫോറസ്റ്റേഷന്റെ പരിണിതഫലം ബാധിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.അത് അവര്‍ക്കും അറിയില്ലായിരിക്കാം.

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ളാസില്‍ പങ്കെടുക്കാനാവാത്തതിനാല്‍ ആത്മഹത്യ ചെയ്തു എന്ന കാരണം ആരൊക്കെയോ മെനഞ്ഞുണ്ടാക്കിയ ഒരു പാവം കുഞ്ഞിനെപ്പറ്റി വായിച്ചു.

എന്ത് അസംബന്ധമാണ് നമ്മളീ പ്രചരിപ്പിക്കുന്നത്??!!

പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ആര്‍ക്കും മനസ്സിലാകും ആ കുട്ടിയില്‍ സ്വയം പീഡനത്തോടും മരണത്തോടുമുള്ള അഭിനിവേശം അടുത്ത് ഇടപഴകിയിരുന്ന ആരോ പകര്‍ന്നു കൊടുത്തതാണെന്ന്.അല്ലെങ്കില്‍ വൈകാരികമായി താങ്ങി നിര്‍ത്താന്‍ ആ പാവത്തിന് എങ്ങിനെയോ ആളില്ലാതെ പോയതുമാവാം.

എന്തായാലും പരിഹാരമുള്ള ഒരു പ്രശ്നത്തെ ചൊല്ലി മാത്രം ഇത്രമാത്രം വേദന സഹിച്ചൊരു മരണം ആരും സ്വീകരിക്കാനിടയില്ല.

മദ്യപിച്ചു നടത്തുന്ന കുറ്റകൃത്യങ്ങളെപ്പറ്റിയും വരുന്നു വാര്‍ത്തകള്‍.

മദ്യം മനുഷ്യനെ മറ്റൊരാളാക്കുമെന്നു പറഞ്ഞവര്‍ മദ്യപിച്ചു നോക്കിയിട്ടുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു!

തീര്‍ച്ചയായും ഒന്നോ രണ്ടോ ശതമാനം കേയ്സുകളില്‍ ഇത്തരത്തില്‍ സംഭവിച്ചേക്കാം.മദ്യം ഒരാളെ വേറൊരാളാക്കി മാറ്റി ക്രൂരകൃത്യങ്ങള്‍ ചെയ്യിച്ചേക്കാം.സാധ്യതകളെ നമുക്ക് ഒരിക്കലും പൂര്‍ണ്ണമായി എഴുതി തള്ളാനാവില്ല.

പക്ഷേ ഭൂരിഭാഗവും മദ്യപിച്ചതിനുശേഷവും നടപ്പിലാക്കുന്നത് സ്വന്തം അജണ്ട തന്നെയാണെന്ന് നിസ്സംശയം പറയാം.

ഈ കുറ്റവാസന എങ്ങിനെ ഉണ്ടാവുന്നു എന്നു ചോദിച്ചാല്‍ കോവിഡ് പോലൊരു ആഗോളപ്രതിസന്ധി ഉണ്ടാക്കിയ സാമൂഹികപ്രത്യാഘാതങ്ങളെ നോക്കാന്‍ പറയേണ്ടി വരും.തൊഴില്‍ നഷ്ടപ്പെട്ടവരും സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടവരുമായി എത്രയോ പേരെ നമുക്ക് കാണാനാവും.വൈകാരികമായി തീ പിടിച്ചു നില്‍ക്കുന്ന ഒരുപാടാളുകള്‍.ഗവണ്‍മെന്റുകള്‍ക്ക് പരിമിതമായ കൗണ്‍സിലിങ്ങ് സംവിധാനങ്ങളുണ്ട്.പക്ഷേ അതൊരു ശാശ്വതപരിഹാരമല്ല.പരസ്പരം താങ്ങ് ആവുക എന്ന പ്രവൃത്തിയാണ് ഏക പരിഹാരമാര്‍ഗ്ഗം.

ഇരിക്കുന്ന മരക്കമ്പ് മുറിക്കും പോലെയുള്ള ഈ വളച്ചൊടിച്ച വാര്‍ത്തകളൊന്നും ഈ ദുരിതകാലത്തിന് തീരെ യോജിച്ചതല്ല.നമ്മളാരും മറ്റീരിയലിസ്റ്റിക്കായ ഒരു സാധനങ്ങളോടുമൊപ്പം അനന്തകാലം വാഴുകയുമില്ല.പരസ്പരം മാന്യത കാണിച്ച്,സമൂഹമായി ജീവിച്ചു പോകേണ്ട കാലമാണ്.

മാന്യതയ്ക്ക് പാരസ്പര്യം ഉണ്ട് എന്നു  എടുത്തുപറയുകയാണ്.മഹാരാജാവിനേപ്പോലെ ഏകപക്ഷീയമായി മാന്യത വാങ്ങിയെടുക്കാമെന്ന് കരുതുന്നവരാണ് ഇതെല്ലാം കുളമാക്കുന്നത്.

പിന്നെഴുത്ത്:-

ഭക്ഷണത്തില്‍ പൊതിഞ്ഞ് ഉപയോഗിക്കാവുന്ന പടക്കത്തിന്റെ ബിസിനസ് തുടങ്ങാനുദ്ദേശിക്കുന്നുണ്ട്.ഇന്‍വെസ്റ്റേഴ്സിനെ ക്ഷണിക്കുന്നു.

മാധ്യമങ്ങളും രാഷ്ട്രീയലക്ഷ്യമുള്ളവരും മാത്രം  ഈ പടക്കത്തെ ക്യാഷാക്കുന്നത് എത്ര കാലം കണ്ടുനില്‍ക്കും?!! 

കഷ്ടമാണ് സഹോദരീസഹോദരന്‍മാരേ..എരിതീയില്‍ വെറുതേ എണ്ണ ഒഴിച്ചിട്ട് മൂട്ടില്‍ തീ പിടിച്ചു എന്ന് പറഞ്ഞ് ഓടുക. 

ഇതൊക്കെ തമ്മിലടിച്ച് ചത്ത് ഓവര്‍ പോപ്പുലേഷന്‍ നിയന്ത്രിക്കാനാണെങ്കില്‍ പറഞ്ഞതെല്ലാം നിരുപാധികം പിന്‍വലിച്ചിരിക്കുന്നു.


ദയവായി ചിന്തിക്കുക.ശുഭദിനം

No comments:

Post a Comment