Friday, 12 June 2020

ഉപകാരസ്മരണ

കടുത്ത ആശയദാരിദ്ര്യമുള്ള കാലത്താണ്!!

ഇരുന്നും കിടന്നും നടന്നും ഉരുണ്ടും ആശയത്തിനായി പരതി.സിമ്പിളായ സംഭവമായാലും മതിയാരുന്നു.

അപ്പോഴാണ്..

ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകളെ സ്വാധീനിക്കുന്ന നോണ്‍ ആള്‍ക്കഹോളിക് പാനീയം-ചായ-മനസ്സിലെ കപ്പിലേയ്ക്കാരോ ആവി പറത്തി നിറച്ചത്.

ജോര്‍ജ് ഓര്‍വെലിന്റെ എ നൈസ് കപ്പ് ഓഫ് ടീ വായിച്ചിട്ടുണ്ട്.ഇഷ്ടപ്പെട്ടിരുന്നു.എങ്കിലും അതേ വിഷയത്തിന് ഇനിയും എഴുതപ്പെടാനുള്ള ആഴമുണ്ടെന്നും തോന്നി.

അങ്ങനെ ആശയം നിശ്ചയിക്കപ്പെട്ടു.

നല്ല ചായ ഉണ്ടാക്കുന്നത് എങ്ങിനെ എന്നതു തന്നെ ആശയം.പക്ഷേ പിന്നെയും തടസ്സങ്ങളുണ്ട്.നല്ല ചായ ഉണ്ടാക്കാനറിഞ്ഞാലല്ലേ അത് വിവരിച്ച് എഴുതാന്‍ സാധിക്കൂ.പിന്നെയും വിഷമവൃത്തത്തില്‍!!

വീട്ടിലെ സൂപ്രണ്ട് മാതാശ്രീ വിഷയം ശ്രദ്ധിച്ചു.

"എന്താ ക്ഷീണം,മടി,അലസത?"

"എഴുതണം"

"അതിന്?"

"നല്ല ചായ എങ്ങിനെ ഉണ്ടാക്കുമെന്ന് എഴുതണം!"

"ഇവിടെ കിട്ടുന്ന ചായക്കെന്താണ് കുഴപ്പം?"

"ഊളച്ചായ!എഴുതാന്‍ പോയിട്ട് ഓര്‍ക്കാന്‍ പോലും കൊള്ളില്ല"അറിയാതെ പറഞ്ഞുപോയ്.

വികടസരസ്വതി!വലിയ വില കൊടുക്കേണ്ടി വരും!

"ഓഹോ!എന്നിട്ടും മടമടാന്ന് കുടിക്കാറുണ്ടല്ലോ?"

"ഞാനൊന്ന് ആലോചിച്ച് എഴുതിക്കൊട്ടെ.പ്ളീസ്!"

"വഴിയുണ്ടാക്കാം.ആ മൊബൈലിങ്ങ് തന്നേ"മൊബൈല്‍ ഫോണ്‍ ജപ്തി ചെയ്യപ്പെട്ടു.അടുത്ത നീക്കമായിരുന്നു അമ്പരപ്പിച്ചു കളഞ്ഞത്.മുറിയില്‍ നിന്നും പുറത്തിറങ്ങിയ സൂപ്രണ്ട് വാതില്‍ പുറത്തു നിന്നും പൂട്ടിക്കളഞ്ഞു.

"ഇതെന്ത് പ്രാന്താണ്?"

"പറയാം.ക്ഷമീര്!"

സമയം കടന്നു പോയി.ജനലിലൂടെ പല വീടുകളില്‍ നിന്നുള്ള ആഹാരപദാര്‍ത്ഥങ്ങളുടെ മണങ്ങള്‍ കൊമ്പും വാലുമുള്ള കുട്ടിപ്പിശാചുക്കളായി മുറിയില്‍ നുഴഞ്ഞു കയറി നൃത്തമാടുന്നു.വിശപ്പ് ആമാശയത്തെ സ്വാസകോസസമം സ്പോഞ്ചു പോലാക്കുന്നു.

"വാതില് തൊറ.കളിക്കല്ലേ!"

ഉത്തരമില്ല.

വാതിലില്‍ മുട്ടി..ഇടിച്ചു.ചവിട്ടാന്‍ ധൈര്യമില്ല..കാലു പോയാല്‍ പോയില്ലേ?

കുറച്ചു സമയം ഉറങ്ങാന്‍ ശ്രമിച്ചു.പണ്ടെങ്ങുമില്ലാത്തപോലെ അപ്പുറത്തെ വീട്ടില്‍ മീന്‍ വറക്കുന്നു..

എന്നാലും ഇങ്ങനെയുമുണ്ടോ മീന്‍ പൊരിക്കല്‍..എത്ര സമയമായി.മാരത്തോണ്‍ പൊരിക്കല്‍..ഹോ!!

ജനലിലൂടെ ഇരുട്ടു പരക്കാന്‍ തുടങ്ങി.കാര്യങ്ങള്‍ കൈവിട്ടു പോവുകയാണോ?! 

വാതിലില്‍ വീണ്ടും മുട്ടി.താളത്തില്‍ കൊട്ടി.രക്ഷയില്ല.

ഇനി പൂഴിക്കടകനാണ്.സര്‍വ്വശക്തിയും സംഭരിച്ച് ആകാശദൂത് സിനിമ മനസ്സില്‍ കണ്ട് ഒരൊറ്റ ദീനരോധനം.

അത് ഫലം കണ്ടു.വാതിലിനു പുറത്ത് ലോഹഭാഗങ്ങളുരയുന്ന മംഗളസ്വരം.

തുറക്കപ്പെട്ടു!

ചോദ്യോത്തരങ്ങള്‍ക്കു സമയമില്ല.നിമിഷങ്ങള്‍ വിലയേറിയതാണ്.അടുക്കളയിലേയ്ക്ക് പ്രകാശവേഗത്തില്‍ കുതിച്ചു.അവിടെ വൃത്തസ്തൂപികയില്‍ നിന്നും വൃത്തമായി ആകൃതി മാറ്റപ്പെട്ട,ആശ്ചര്യകരമാം രീതിയില്‍ ബാലന്‍സ് ചെയ്യപ്പെട്ടു നിര്‍ത്തിയ,
 ഒരു ചളുങ്ങിയ  ഒരു സ്റ്റീല്‍ ഗ്ളാസ്സില്‍ എന്തോ ഇരിപ്പുണ്ട്.

വലിയ ചൂടില്ല എന്നു ലക്ഷണശാസ്ത്രം പറയുന്നു.എടുത്തു.വലിച്ചു കുടിച്ചു.ചായയാണ്.മധുരമില്ല.പാലില്ല.എന്നാലും ആ ഒരു ഗ്ളാസ്സ് ചായ എ നൈസ് സ്റ്റീല്‍ ഗ്ളാസ്സോഫ് ചായ ആയിരുന്നു.

മര്യാദയുടെ പേരില്‍,അവസാനമായി,എന്നാല്‍ ഏറ്റവും പ്രധാനമായി
ഈ പോസ്റ്റിന് ഉപകാരസ്മരണ ചേര്‍ക്കൂന്നു.നല്ല ചായയ്ക്കും അതിന്റെ പാഠത്തിനും ഉപകാരസ്മരണ.

പടച്ചോന്റെ ചോറ് എന്ന കഥയോട് കടപ്പാടു വെച്ചില്ലെങ്കില്‍ അതൊരു അതിക്രമമായി പോയേക്കൂമെന്നും സംശയിക്കുന്നു.

No comments:

Post a Comment