Monday, 15 June 2020

കൂട്ടി വായന

വ്യക്തികള്‍ തങ്ങള്‍ക്കുള്ളിലും സംഘടനകള്‍ അവയ്ക്കുള്ളിലും നടപ്പാക്കുന്ന രസകരമായ ഒരു സ്ട്രാറ്റജിയുണ്ട് - തീരാത്ത പണി കൊടുക്കല്‍.മനസ്സിലായില്ലേ?

നമ്മളില്‍ പലരും നമുക്കു തന്നെ പല 'ശീലങ്ങള്‍' എന്ന ജോലി കൊടുക്കാറുണ്ട്.കാരണങ്ങള്‍ പലതാവാം.നമ്മള്‍ കൂട്ടം കൂടുന്നിടത്തെ നേതൃത്വവും താഴേ തട്ടിലേയ്ക്ക്  പല പണികളും കൊടുക്കാറുണ്ട്.

മിഡില്‍ ഈസ്റ്റിലെ ഒരു മാനുഫാക്ചറിങ്ങ് കമ്പനിയിലെ കോഡിനേഷന്‍ ജോലികള്‍ ചെയ്തിരുന്ന ഒരു സമയം ഓര്‍ക്കുകയാണ്.

തീരെ തിരക്കില്ലാത്ത ഒരു സീസണ്‍.നിലവിലുണ്ടായിരുന്ന ഓഡറുകളെല്ലാം കൊടുത്തു തീര്‍ത്തു.ഉത്പന്നശ്രേണിയില്‍ എല്ലാം ആവറേജ് സ്റ്റോക്കില്‍ അല്‍പം കൂടുതലായി.

ഇനിയെന്ത് എന്ന ചോദ്യമായി?

ഇനിയെന്താ..ഇവിടെ ഇരുന്നോളൂ.വിശ്രമിച്ചോളൂ എന്നു മണ്ടന്‍കൊണാപ്പിയായ നോം ഉത്തരം കൊടുത്തു(സംരംഭം,കച്ചവടം,ലാഭം,H.R.മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ എനിക്ക് എന്റെ ബാല്യകാലത്ത് അടുത്തു പെരുമാറിയിരുന്ന മാതാപിതാക്കളില്‍ നിന്ന് കിട്ടിയിരുന്ന പാഠം തുലോം തുച്ഛമായിരുന്നു എന്നു സമ്മിശ്രവികാരങ്ങളോടെ പറയുക തന്നെ വേണം.ഇപ്പോഴൊക്കെ എനിക്കു ചുറ്റും 'ആളുകളെ കൈകാര്യം ചെയ്യുന്നതില്‍ അഗ്രഗണ്യരായ പരിചയക്കാരുടേയും ബന്ധുക്കാരുടേയും പൊടിമക്കളൊക്കെ എന്നെ ഒരുപാട് വിസ്മയിപ്പിക്കാറുണ്ട്.ആദിവാസി നാട്ടിലെ തിരക്കില്‍ സൈക്കളോടിക്കുന്ന ഒരു കുഞ്ഞിനെ കാണുംപോലെ!).
വെറുതേയിരുപ്പ് കാമറക്കണ്ണുകളില്‍ കണ്ട മുതലാളി പാഞ്ഞെത്തി.എന്നെ മീറ്റിങ്ങിനായി വിളിപ്പിച്ചു.

"എന്താ എല്ലാരും വെറുതേയിരിക്കുന്നെ?"

"പണിയൊക്കെ തീര്‍ന്നു സര്‍.ഓഡറെല്ലാം സപ്ളൈ ചെയ്തു.സ്റ്റോക്കിലേയ്ക്കുള്ളതും ആയി.വെയര്‍ഹൗസ് മുഴുവന്‍ ക്ളീനും ചെയ്തു.അതുകൊണ്ട്.."

"വെയര്‍ഹൗസിന്റെ എടത്തു വശത്തല്ലേ ഇപ്പോള്‍ എല്ലാം സ്റ്റോക്ക് ചെയ്തേക്കുന്നെ?"

"അതെ സര്"‍

"അത് മുഴുവന്‍ എത്രയും പെട്ടെന്ന് വലത്തു വശത്തേക്ക് മാറ്റണം"

"അത്.."

സര്‍ കള്ളച്ചിരി തുടങ്ങി.അടുത്തതായി ന്യായീകരണം വരും എന്നറിയാവുന്നതു കൊണ്ട് വെയിറ്റ് ചെയ്തു.

"എടോ..ഇതൊക്കെ വഴിയെ പഠിച്ചോളും.......

നിങ്ങള്‍ ഓഫീസിലുള്ളവര്‍ അത്യാവശ്യം ചിന്താശേഷി ഉള്ളവരാണ്.നിങ്ങള്‍ വര്‍ക്കില്ലാത്തപ്പോള്‍ ആരാം സെ ഇരുന്ന് എന്തെങ്കിലും ടൈംപാസ് ചെയ്യും.വര്‍ക്ക് ഉണ്ടെങ്കില്‍ സമയം നോക്കാതെ അതും ചെയ്യും.പക്ഷേ അകത്തുള്ള പണിക്കാര് അങ്ങിനെയല്ല.അവര്‍ക്കു നല്ല നടുവേദന വരുന്നതുപോലുള്ള പണി ഡെയ്ലി കിട്ടിയില്ലെങ്കില്‍ ഈയിടെയായി പണി തീരെ ഇല്ലെന്നും
കമ്പനി ഉടനേ പൂട്ടാന്‍ പോകുവാണെന്നും പരസ്പരം പറഞ്ഞ് എല്ലാം നാട്ടില്‍ പോകും."

പ്രായോഗികബുദ്ധ്യാ ശരിയാണ്.എന്റെ മുകളിലുള്ള ആളോട് എന്നെക്കുറിച്ചും ഇതേ പണിയില്ലായ്മ പ്രശ്നം പ്രിയബഹുമാനപ്പെട്ട മുതലാളീസ് ഉന്നയിക്കുമെന്നതും ഉറപ്പാണ്😅

നമ്മളിന്ന് നമ്മളിന്ന് മതം,രാഷ്ട്രീയം,ജീവിതശൈലി,ആത്മീയത,പ്രണയം എന്നൊക്കെ പറഞ്ഞ് ചെയ്തുകൂട്ടുന്ന അഭ്യാസങ്ങളില്‍ 99.99 ശതമാനവും ഇത്തരം പണി കൊടുക്കല്‍ പണികള്‍ മാത്രമല്ലേ??

എന്റെ പഴയ മുതലാളിയുടെ ഗീതോപദേശത്തിലെ ഒരു പ്രധാനഭാഗം ഹൈലൈറ്റ് ചെയ്യാന്‍ അനുവദിക്കണം..അത് ചിന്താശേഷി (ഔചിത്യം) എന്നതാണ്.

നമ്മുടെ നേതൃത്വം നമ്മോട് തല മൊട്ടയടിക്കണം,പാട്ടു പാടണം,തുള്ളിച്ചാടണം,വെട്ടിക്കൊല്ലണം,ചുമ്മാ ജയിലില്‍ പോണം എന്നൊക്കെ പറയുമ്പോള്‍ അവിടെ മൂന്നു സാധ്യതകളാണ് ഞാന്‍ കാണുന്നത്.

1.നമുക്ക് ചിന്താശേഷി കുറവാണ്.

2.നമ്മുടെ ചിന്താശേഷിയെ അംഗീകരിക്കാന്‍ നേതൃത്വം ഒരുക്കമല്ല.

3.നമ്മുടെ ചിന്താശേഷിയെ അളക്കാനുള്ള ചിന്താശേഷി നേതൃത്വത്തിനില്ല.

എന്റെ ജീവിതത്തിലെ ചില സംഭവങ്ങളും ചില ചിന്താധാരകളും കൂട്ടി വായിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് ഈ എഴുത്ത്.

നിങ്ങള്‍ക്ക് കൂട്ടിവായിക്കാനാവുമോ/അങ്ങിനെ ചെയ്യാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുമോ എന്നതൊന്നും എന്റെ സമസ്യ അല്ല!

No comments:

Post a Comment