"ചീച്ചീ,ഈ സീറ്റ്..ഇന്റയാനെന്ന് തോന്നുന്നു"മലയാളം സംസാരിച്ചു വലിയ ശീലമില്ലാത്ത ഒരാളുടെ ശൈലി പോലെ തോന്നിയതിനാല്‍ ഞാനും തലയുയര്‍ത്തി നോക്കി.യൂറോപ്പിലെവിടെയോ ജനിച്ചു വളര്‍ന്ന മലയാളി വേരുകളുള്ള ഒരു ചെറുപ്പക്കാരന്‍ എന്നു വ്യക്തം.മാന്യതയും കൗതുകവും സ്ഫുരിക്കുന്ന മുഖവും ആകാരവും.
"ആ...അപ്പറത്ത് ആദ്യം വെയിലാരുന്നു കെട്ടോ. അതാ മാറിയിരുന്നെ.മോനിരുന്നോ!"ചേച്ചി സമാധാനപ്രിയയാണ്.അതോ പകുതി സായിപ്പിനെ കണ്ടപ്പോള്‍ പകുതി കവാത്ത് മറന്നതോ.
"താങ്ക്സ് ചീച്ചീ..പേരെന്റാ?"
"എന്തുവാ മോനേ?"
"പേര്..പേര്!"
"പേര് ഓമന!"
"നല്ല പേരാനല്ലോ!ഓമന മീന്‍സ് ഡിയര്‍ അല്ലേ?"
"അതേ..പണ്ടത്തെ പേരുകളൊക്കെ അങ്ങിനെയാണ്.വലിയ പാരമ്പര്യത്തിന്റെ തലക്കനം പേറാത്ത എല്ലാ സംസ്കാരങ്ങളിലേയും പേരുകള്‍ ഇതുപോലെ സ്വീറ്റ് എന്‍ സിമ്പിളായിരിക്കും.ശ്രദ്ധിച്ചിട്ടുണ്ടോ?!"ഉത്തരം പറഞ്ഞത് ഞാനാണ്.ഓമനച്ചേച്ചി ചിരിച്ചുകൊണ്ടിരുന്നതേ ഉള്ളൂ.
"ആഹാ.അങ്കിളിനിതിനെക്കുരിച്ചി നല്ല അരിവുണ്ടെന്നു തോന്നുന്നു!"ചെറുപ്പക്കാരന്‍ എന്നെ സംസാരിപ്പിക്കാനുള്ള ശ്രമത്തിലാണ്.ഞാനും ആഗ്രഹിക്കുന്നത് അതു തന്നെ!
"നല്ല അറിവൊന്നുമില്ല.കുറച്ചൊക്കെ കണ്ടും കേട്ടും വായിച്ചും സംസാരിച്ചും ഓര്‍ത്തു വെച്ച ചില കാര്യങ്ങളുണ്ട്.അത്ര മാത്രം!"
"പരയൂ"
"നോമന്‍ക്ളേച്ചര്‍ അഥവാ നാമകരണശാസ്ത്രത്തെ എനിക്കു മനസ്സിലായതുപോലെ,പറഞ്ഞു ഫലിപ്പിക്കാനുള്ള എളുപ്പത്തിന് രണ്ടായി തിരിക്കാം.ഒന്ന് മാക്സിമം നന്മ വാരിപ്പൂശിയ പേരുകള്‍,രണ്ടാമത്തേത് പുച്ഛത്തില്‍ നിന്നും ഭയത്തില്‍ നിന്നും ഉണ്ടാവുന്നത്!"
"വൗ"
"ശാസ്ത്രത്തിലെ പല പേരിടലുകളും ലത്തീനും ഗ്രീക്കിനും മുന്‍ഗണന കൊടുക്കുന്നവയാണ്.ഇവ പഠിക്കാന്‍ അല്‍പ്പം പാടു പെടണം എന്നതുകൊണ്ടു തന്നെ തൊഴിലിന്റെയും തൊഴില്‍ ചെയ്യുന്നവരുടേയും നിലവാരം ഉയര്‍ത്താന്‍ സഹായകരമാവും.ചരിത്രപരമായി അല്‍പ്പം പാരമ്പര്യം ഉള്ള സംസ്കാരങ്ങളിലെ പേരുകളും അല്‍പ്പം നന്മ വാരിപ്പൂശിയതായി തോന്നിയിട്ടുണ്ട്...
ഇനി രണ്ടാമത്തേത്..അല്‍പ്പം ബ്ളാക് ഹ്യൂമര്‍ കലര്‍ന്നതെന്ന് മനസ്സിലാക്കാവുന്ന ഇത്തരം പേരുകള്‍ കുടിയേറ്റത്തിന്റെയും കടന്നു കയറ്റത്തിന്റേയും ബാക്കിപത്രമാണ്.
പാപുവ ന്യൂ ഗിനിയയില്‍ സ്വര്‍ണ്ണവേട്ടക്കെത്തിയ കങ്കാരുക്കള്‍ തദ്ദേശീയകുട്ടികളെ മങ്കികള്‍ എന്നു വിളിച്ചു..കുട്ടി എന്നതിന്റെ ശരിയായ വാക്ക് അതാണെന്നു ധരിച്ച് പാവങ്ങള്‍ അത് അനുകരിച്ചു.കറുമ്പന്‍,മണിയന്‍,കൊലുമ്പന്‍ ഇത്തരം പേരുകളൊക്കെ പുച്ഛത്തോടെ അക്ഷരാഭ്യാസവും ദൈവപൂജയുമൊക്കെ കൈയ്യടക്കി വെച്ചിരുന്ന സ്വയംപ്രഖ്യാപിത വരേണ്യവര്‍ഗ്ഗം സാധാരണക്കാരനുമേല്‍ അടിച്ചേല്‍പ്പിച്ചതു തന്നെ.മലയോരമേഖലയിലെ കുടിയേറ്റവും ഒരുപാട് ഗ്രാമ്യമായ പേരിടലുകള്‍ക്ക് കാരണമായി.അരിക്കണ്ടി,കമ്പംതൂറി എന്നൊക്കെ പേരിടുമ്പോള്‍ നഗരത്തില്‍ നിന്ന് കാട്ടുമുക്കിലെത്തിയവരുടെ ധാര്‍ഷ്ട്യവും പുച്ഛവും കാണാം.പ്ളാവും മാവും ആലും കൂട്ടിയ വീട്ടുപേരുകളിലും കൊച്ചു കാമാക്ഷിയെന്നും മറ്റും തദ്ദേശീയായ ഒരുവളെ പുച്ഛിക്കുന്ന സ്ഥലപ്പേരുകളിലും ഒരുപാട് കഥകള്‍ ഒളിഞ്ഞിരിപ്പുണ്ട്!"
"അമേസിങ്ങ്!നാനിതിനെ പറ്റി ആദ്യായി കേക്കുവാ .അങ്കിലിന്റെ പേരെന്റാ?"
"പേര് ജോണ്‍"
"വീറ്റുപേര്?"
"ജോണ്‍ വില്ല!"ഞാനൊന്നു പരുങ്ങി.
"അതു പുതിയ പേരല്ലേ.പഴയ വീറ്റുപേര്?"
"ആ അത്..കുട്ടകക്കൂസില്‍!!"
ഇതില്‍ കൂടുതല്‍ ചരിത്രപഠനത്തിന് യോഗ്യനാരുണ്ട്.
No comments:
Post a Comment