എന്റെ പിതാവിന്റെ ജന്മസ്ഥലത്തെ വട്ടപ്പേരാണ്.
പെലയനെന്ന് വിളിച്ചത് പുലയസമുദായക്കാരല്ല!റോമന്‍ കാത്തലിക്കായി ജീവിക്കാമായിരുന്നിട്ടും ജാതി നോക്കാതെ സൗഹൃദങ്ങള്‍ സൂക്ഷിച്ചതിന് സവര്‍ണ്ണരെന്ന് സ്വയം അവകാശപ്പെടുന്നവര്‍ പതിച്ചു നല്‍കിയ വിശേഷണമാണ്.കൂട്ടത്തില്‍ കൂടാത്ത കുരങ്ങനോട് വാനരന്‍മാര്‍ കാണിക്കാറുള്ള വെറുപ്പ്!
ആ വിളിയൊക്കെ പോയി.
പിന്നെ വന്നത് ഞാനാണ്!!
സ്കൂളില്‍ ഒന്നും രണ്ടും സ്ഥാനമൊക്കെ വാങ്ങിയിരുന്ന കുറേക്കാലം റാങ്കുള്ളവര്‍ ആയിരുന്നില്ല സുഹൃത്തുക്കള്‍!ചില അദ്ധ്യാപകര്‍ നേരിട്ട് ഉപദേശിച്ചിട്ടുണ്ട്.പഠിക്കുന്നവരുടെ കൂടെ കൂടണം.എന്നാലേ പുരോഗതിയുണ്ടാവൂ.
പഠനമൊക്കെ ഒരു വഴിക്കാക്കി കോര്‍പ്പറേറ്റ് ദുനിയാവിലെത്തി.അവിടേയും സൗഹൃദം സാറമ്മാരില്‍ ഒതുക്കിയില്ല..തീര്‍ച്ചയായും ഉപദേശങ്ങള്‍ ഒരുപാട്.പെലയെന്ന് വിളിക്കാതെ വിളിക്കലുകളും!!
ഒരുപാട് കര്‍മ്മമണ്ഡലങ്ങളില്‍ ബലഹീനപക്ഷത്ത് നിന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ വളരെ സങ്കടത്തോടെ പറയട്ടെ,നേരും നെറിവും പ്രവൃത്തികളില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ ഭൂരിപക്ഷത്താലും വേട്ടയാടപ്പെടും.
നന്മയെന്തെങ്കിലും ഉണ്ടായാല്‍ അത് സ്വീകരിച്ചവര്‍ പോലും അത് പ്രകടിപ്പിക്കുകയില്ല!!
സാമൂഹികനീതി നടപ്പിലാക്കിയതിന് സമൂഹം നെഞ്ചിലേറ്റുന്ന ആപ്പീസറമ്മാരൊക്കെ ഏതെങ്കിലും മസാലപ്പടങ്ങളിലേ ഉണ്ടാവൂ!!ശരിയായ ജീവിതത്തില്‍ അധികാരം അല്‍പ്പം വളഞ്ഞ വഴിയില്‍ ഉപയോഗിക്കുന്നവരേ പിടിച്ചു നില്‍ക്കാറുള്ളൂ.സാറന്മാര്‍ ഏതു വിധേനയും സാറത്തം നിലനിര്‍ത്തണം.
സമത്വം എന്നത് മറ്റൊരു തമാശ!ഞങ്ങള്‍ ദുര്‍ബലരല്ലെന്നു പറഞ്ഞ് മുറവിളി കൂട്ടുന്നവര്‍ പറയുന്നത് അംഗീകരിച്ചാല്‍ അപ്പോള്‍ മുറവിളിയുടെ ദിശ മാറും.ചിന്തകള്‍ ബലപ്പെട്ട കാലം മുതലേ ജാതി,മത,ലിംഗ,പ്രായ ഭേദമന്യേ വ്യക്തിത്തത്തെ സമഭാവനയോടെ വീക്ഷിക്കാന്‍ ശ്രമിച്ചു പോന്ന എനിക്ക് നിഷ്കാസനങ്ങളും ഹ്യുമിലിേഷനുകളും ചതിവുകളുമാണ് ഇന്നോളമുണ്ടായത്.
അഴിമതിയും സ്വജനപക്ഷപാതവുമൊന്നും വിവരിക്കാന്‍ ഇപ്പോള്‍ ഊര്‍ജ്ജം അവശേഷിക്കുന്നില്ല.
സാമാന്യജനത്തിന്റെ പ്രവൃത്തികള്‍ അവരുടെ സൂക്തങ്ങള്‍ക്കെതിരെ ചരിക്കുന്നു എന്ന ദുഃഖസത്യം മനസ്സിലാവാറുണ്ടെങ്കിലും പെലയനായി(?) തുടരാന്‍ എന്തോ ഇഷ്ടമാണ്!ന്യായ അന്യായങ്ങളുടെ തുലാസ്സില്‍ എന്റെ ജീവിതം ആടുമ്പോള്‍ എല്ലാവരും -അഴിമതിക്കാരനും അഴിമതിയുടെ ദൂഷ്യഫലമേറ്റ് ജീവിതത്തിന്റെ ഗതി മാറിയവനും എല്ലാം - എന്റെ രക്തത്തിനായി ആക്രോശിക്കാറാണ്.എങ്കിലും ഇതൊക്കെ ഏതെങ്കിലും വിധേന തുടരുക തന്നെ ചെയ്യും. മനുഷ്യനോടൊപ്പം നീങ്ങല്‍ എന്റെ തീരുമാനമാണ്..ആര് തള്ളിപ്പറഞ്ഞാലും...ഏത് വാനരന്‍ വാനരസംഹിത ഉദ്ധരിച്ചാലും
No comments:
Post a Comment