Monday, 14 December 2020

ശാക്തീകരണം

എല്ലാ ശാക്തീകരണത്തിന്റെയും അടിസ്ഥാനം സാമ്പത്തിക സ്വാതന്ത്ര്യം തന്നെയാവും.

പലപ്പോഴും ശാക്തീകരണമെന്ന ലേബലൊട്ടിച്ച് വിതരണം ചെയ്യപ്പെടുന്നത് വേറെയെന്തൊക്കെയോ ആണ്!

ഉദാഹരണത്തിന് ഒരു വവ്വാലിനെ ചിറകെല്ലാം മുറിച്ചു കളഞ്ഞ് തല ഭൂഗുരുത്വാകര്‍ഷണത്തിന് എതിരായി ഉയര്‍ത്തിപ്പിടിച്ച് ഞങ്ങള്‍ കുഞ്ഞു കുറുക്കന്‍മാരേപ്പോലെ അഭിനയിച്ചാല്‍ ശാക്തീകരണം സംഭവിക്കും എന്നു വിശ്വസിപ്പിച്ചു എന്നു വിചാരിക്കൂ.

അഭിനയം ജീവിതത്തിന്റെ ഭാഗമെന്ന് സ്ഥാപിക്കുന്ന മഹദ്വചനങ്ങളും പശ്ചാത്തലസംഗീതംപോലെ മുഴങ്ങുന്നുണ്ടാവും.

വവ്വാല്‍ സ്വത്വത്തോട് മേല്‍പ്പറഞ്ഞ ദ്രോഹങ്ങളെല്ലാം ചെയ്ത് കുറുക്കവത്കരിക്കപ്പെടുമ്പോള്‍ ശരിക്കും കുറുക്കന്‍ നീ ഒറിജിനലല്ല എന്നു പറയും.

വവ്വാലിനുമത് എങ്ങിനെയെങ്കിലും തോന്നിത്തുടങ്ങും.

പിന്നീടങ്ങോട്ട് സൈക്കോളജിക്കല്‍ ത്രില്ലറുകളാണ്!!

ട്രെന്റുകള്‍ക്ക് പിറകേ പോവുന്നതാണ് നമ്മുടെ സമൂഹത്തിലെ അസമത്വങ്ങള്‍ക്കു കാരണമെന്ന് കുറച്ചെങ്കിലും പഴങ്കഞ്ഞി കുടിക്കുന്ന ആര്‍ക്കും മനസ്സിലാവും.

ആരെങ്കിലും അവരുടെ പാഷനുകളെ പിന്തുടര്‍ന്നു ജീവിതം ആസ്വദിക്കാന്‍ തുടങ്ങിയാല്‍ സകലരും ആ വഴിയേ പോവുക.ഇത്തരത്തില്‍ തൊഴിലാളി തൊഴില്‍ അനുപാതത്തിലെ സാച്വറേഷന്‍ പോയിന്റ് പെട്ടെന്ന് താണ്ടി സമൂഹം പിന്നീട് വരുന്ന ശരിയായ താത്പര്യമുള്ളവരുടെ അവസരങ്ങള്‍ ദുഷ്കരമാക്കുന്നു.'റാറ്റ് റേസ്' എന്നൊക്കെ പറയും പോലൊരു അവസ്ഥ സമൂഹത്തില്‍ സംജാതമാകുന്നു.

സമൂഹത്തില്‍ എല്ലാത്തരം ജോലി ചെയ്യുന്നവരുടേയും അനുപാതം നീതിയുക്തമായി നിലനിര്‍ത്തപ്പെടാനുള്ള ശ്രമങ്ങള്‍ വേണമെന്നു പറയുമ്പോള്‍ അതിനെ തൊഴിലടിസ്ഥാനത്തിലുള്ള ജാതി വ്യവസ്ഥയുമായി ദയവായി കൂട്ടി വായിക്കരുത്.

എല്ലാത്തരം ജോലി ചെയ്യുന്നവരും ജീവിതസൗഭാഗ്യങ്ങള്‍ നീതിയുക്തമായി പങ്കിട്ടെടുക്കുന്ന രാജ്യങ്ങള്‍ ഭൂഗോളത്ത് ഉണ്ട് എന്നു പറയുന്നത് അതിശയോക്തിയല്ല.

ഭരണം ഒരു തൊഴിലായി കാണുന്നവരുണ്ടെന്നൊക്കെ കേള്‍ക്കുമ്പോള്‍ ഭരണം പാരമ്പര്യമായി കാണുന്നവര്‍ക്ക് അതിശയമുണ്ടായേക്കാം!

ഫോര്‍ട്ട് കൊച്ചി ബാസ്റ്റിന്‍ സ്ട്രീറ്റിലെ Ministry of tribal affairs ന്റെ ഒരു റീട്ടെയ്ല്‍ ഔട്ട്ലെറ്റ് സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചു.ഇടനിലക്കാരുടെ കുതന്ത്രങ്ങളില്ലാതെ തൊഴിലെടുക്കുന്നവര്‍ക്ക് പരമാവധി വില കിട്ടും പോലെയാണ് ഈ സ്ഥാപനത്തിന്റെ പ്രവൃത്തനശൈലിയെന്നത് വളരെ മതിപ്പുളവാക്കി.(ഇടനിലക്കാരുടെ പ്രവൃത്തനശൈലിയോട് അന്ധമായ വെറുപ്പുണ്ടെന്നു തന്നെ കരുതിക്കോളൂ!കൃഷി മരണശയ്യയിലാവാനുള്ള കാരണം അവരാണെന്നു ഞാന്‍ വിശ്വസിക്കുന്നു.)

ശരിയായ ശാക്തീകരണത്തില്‍ പങ്കാളികളാവാന്‍ ഇത്തരം ഇടനിലക്കാരില്ലാത്ത ഉത്പന്നങ്ങളെ ദയവു ചെയ്ത് പ്രോത്സാഹിപ്പിക്കൂ.

അനുപാതങ്ങള്‍ നിലനില്‍പ്പിനെ അടിസ്ഥാനമാക്കിയാവട്ടെ!

ശാക്തീകരണശ്രമങ്ങള്‍ ആത്മാര്‍ത്ഥമാവട്ടെ!

No comments:

Post a Comment