Friday, 4 September 2020

കരടിയും സിംഹവും

ആനിമല്‍ പ്ളാനറ്റിന്റെ അഗാതതയിലൂടെ ഊളിയിടവേയാണ് ആ സത്യം മനസ്സിലാക്കാനായത്.(ഒറ്റക്കിരുന്ന് ടി.വി.കാണുന്ന സമയത്ത് അവിചാരിതമായി ആരെങ്കിലും കടന്നു വരുമ്പോളല്ലേ ഈ ആനിമല്‍ പ്ളാനറ്റ് ഊളിയിടല്‍ എന്ന  ആക്ഷേപഹാസ്യത്തെ തല്‍ക്കാലം നമുക്ക് മാറ്റി വെക്കാം)

കരടിയും സിംഹവും - ഇതില്‍ ഏത് മൃഗമാണ് കൂടുതല്‍ അപകടകാരി?

പഠനം നടത്തിയവര്‍ പറയുന്നു അത് കരടിയാണെന്ന്.(അതേതു കരടിയെന്ന ഊള ചോദ്യം പാടില്ല!)

കാരണവും പഠിതാക്കള്‍ തന്നെ പറയുന്നു.കരടിയ്ക്ക് ഭയം കൂടുതലാണ്.അസുരക്ഷിതത്വബോധം കണ്ണില്‍ നിറഞ്ഞ ഈ പാവം (ക്രൂരന്‍)പരിചയമില്ലാത്ത ആരെ/എന്തിനെ കണ്ടാലും വലിയ നഖങ്ങളും ദ്രംഷ്ടകളുമുപയോഗിച്ച് ആക്രമിച്ച് കീഴ്പ്പെടുത്താനൊരുമ്പെടുന്നു.പക്ഷേ സിംഹമോ?അതിന് സ്വഭാവികമായ സുരക്ഷിതത്വബോധം ഉണ്ട്.എപ്പോള്‍/എന്തിന്/എങ്ങിനെ ആക്രമിക്കണം/തിരിച്ച് ആക്രമിക്കണമെന്ന് അതിനറിയാം. 

ഇവ സാമാന്യവത്കരിക്കപ്പെട്ട പ്രസ്താവനകളാണ്.

ജീവികള്‍ക്കും സാമാന്യവത്കരണത്തിന് അതീതമായ വ്യക്തിത്വം ഉണ്ടാവാം!

എന്റെ ജീവിതത്തിലേയ്ക്ക് നോക്കിയാല്‍ ഏറിയ സമയവും ഞാനൊരു കരടിയേപ്പോലെയായിരുന്നു എന്നു തോന്നി.ചുറ്റുമുള്ളതെല്ലാം എന്നെ ആക്രമിക്കാനൊരുങ്ങുന്നുവെന്ന തോന്നല്‍ ഒരുപാട് സംഘര്‍ഷങ്ങളെ വിളിച്ചു വരുത്തി.

അങ്ങിനെയിരിക്കെയാണ് ഞാന്‍ ആനിമല്‍ പ്ളാനറ്റ് കാണാനിടയായത്.

പ്രചോദനമുള്‍ക്കൊണ്ട് കോഴിക്കോട് മാനാഞ്ചിറ ഭാഗത്ത് സിംഹമായി നിന്ന എന്നെ കുറച്ചാളുകള്‍ കമ്പിയഴികളിട്ട വാഹനത്തിലേയ്ക്ക് സ്നേഹപൂര്‍വ്വം കയറ്റി വയറു നിറയെ ആഹാരം തന്ന് (സംശയിക്കണ്ട,കോയിക്കോട് സിംഹത്തിനു  വരെ ബിരിയാണി തന്നെ)ഗുജറാത്തിലെ ഗിര്‍ വനത്തില്‍ കൊണ്ടുപോയി വിട്ടു.കാരണം തലയെടുപ്പില്ലാത്ത സിംഹങ്ങള്‍ അവിടെയാണത്രെ കാണപ്പെടുന്നത്.

സിംഹമായോ കരടിയായോ തിരിച്ചു വരാന്‍ വണ്ടിക്കൂലിയില്ലാതെ വിഷമിക്കുന്ന എന്നെ സഹായിക്കാന്‍ താത്പര്യമുള്ള സുഃമനസ്സുകള്‍ അക്കൗണ്ട് ഡീറ്റയ്ല്‍സിനായി ഇന്‍ബോക്സ് ചെയ്യണേ

No comments:

Post a Comment