Friday, 29 November 2019

ജൂനിയര്‍ ദേവനു പറ്റിയ അമളി-കുട്ടിക്കഥ

ഒരിക്കലൊരാള്‍ ഹിമവല്‍സാനുക്കളിലൊരു ഗുഹയില്‍ ഘോരമായ തപസ്സാരംഭിച്ചു.

അല്‍പ്പാല്‍പ്പമായി ആഹാരവും മൃദുവസ്ത്രങ്ങളും മെതിയടിയും-അങ്ങനെ ദേഹത്തെ പരിചരിക്കുന്ന ലൗകികമായ എല്ലാം കുറച്ചു കൊണ്ടുവന്ന് ദേഹിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കാനാരംഭിച്ചു.

ആയിരത്തൊന്നു സംവത്സരത്തെ കഠിനതപസ്സിന് പദ്ധതിയിട്ട് വന്ന് രണ്ടു ദിവസം കഴിഞ്ഞ് കൊതുകുകടി കാരണം നിര്‍ത്തി പോയ പലരെയും കണ്ടു മടുത്ത ദേവന്‍മാര്‍ ആദ്യം ഇതിനെ തമാശയായാണ് എടുത്തിരുന്നത്.

എന്നാല്‍ തപസ്സിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ച് ദേവലോകത്താര്‍ക്കും ഇരിക്കപ്പൊറുതി ഇല്ലാതെ ആയി.തപശ്ശക്തി കൊണ്ട് ഹിമവല്‍ സാനുക്കളിലെ മഞ്ഞുരുകി തുടങ്ങി.ജീവജാലങ്ങള്‍ സംഭീതരായി പരക്കം പാഞ്ഞു.ദേവലോകവും ചുട്ടു പഴുക്കാന്‍ ആരംഭിച്ചു.

അതിലൊരു ജൂനിയര്‍ ദേവന്‍ അദ്ദേഹത്തിന്റെ സ്ഥിരം കൗശലം പ്രയോഗിക്കാന്‍ തീരുമാനിച്ചു.ദേവസുന്ദരികളില്‍ കലാതിലകമായ ഒരാളെ തപസ്സിളക്കാന്‍ ഗുഹാമുഖത്തേയ്ക്ക് വിട്ടു.ജൂനിയര്‍ ദേവനും ഉദ്വേഗഭരിതമായ രംഗങ്ങള്‍ കാണാന്‍ ഗുഹാപരിസരത്ത് മാറി ഒളിച്ചു നിന്നു.

പതിവുപോലെ ദേവസുന്ദരി കുച്ചിപ്പിടി ആരംഭിച്ചു.മുനിയുടെ മനസ്സിളകി.അദ്ദേഹം കണ്ണു തുറന്ന് അവളെ പ്രേമപൂര്‍വ്വം കടാക്ഷിച്ചു.താമസിയാതെ അവര്‍ വിവാഹിതരുമായി.ജൂനിയര്‍ ദേവനു പരിഹാസം അടക്കാനായില്ല.

"ഒരു പെണ്ണിനെ കണ്ടപ്പോള്‍ അങ്ങേര്‍ക്കു തപസ്സുമില്ല;വരം ഒന്നും വേണ്ടതാനും.ശുംഭന്‍!"ഇത് താപസന്‍ കേള്‍ക്കെയാണ് ജൂനിയര്‍ പറഞ്ഞത്.

താപസന്‍ സുസ്മേരവദനനായി മറുപടി ഓതി"ദേവാ,ഞാന്‍ ദേവലോകത്തു നിന്ന് ഒരു പെണ്‍കൊച്ചിനെ കെട്ടിച്ചു തരണം എന്ന വരം ആണ് ചോദിക്കാതിരുന്നത്.കാറ്ററിങ്ങ് കാര്‍ക്കും ഇവന്റ് മാനേജുമെന്റുകാര്‍ക്കും കൊടുക്കാനുള്ള കാശും അമ്മായിമാര്‍ക്കുള്ള ഗിഫ്റ്റ് സാരിയും കൂട്ടക്കാര്‍ക്കുള്ള സ്മാളിന്റെ കാശുംഒക്കെ ലാഭിച്ച് കലാതിലകമായ ഒരു ദേവകന്യയെ നോം കെട്ടിയല്ലോ!ധന്യനായി.നിങ്ങളുടെ ദയ."ജൂനിയര്‍ ദേവന്‍ പ്ളിങ്ങ്.

No comments:

Post a Comment