പൂര്‍വ്വാശ്രമത്തിലാണ്.
ചുറ്റുവട്ടത്തെ ഒരേയൊരു സുന്ദരനായ എനിക്ക് അടുത്ത വീട്ടിലെ ഒരേയൊരു സുന്ദരിയോട് എന്തോ 'ഒരിത്'.
ഇത് എന്നു പറഞ്ഞാല്‍ ഒരുപാടുണ്ട്!!!
കാരണം ഒരുപാട് സമയവും ഒരുപാടു സ്നേഹവുമുള്ള ഒരു കാലത്തും ആളുകളുടെ ഇടയിലുമുള്ള കാര്യമാണ്.
അവള്‍ നടക്കുന്ന വഴിയോട് ഇഷ്ടം...അവളെ തഴുകിയ കാറ്റിനോടിഷ്ടം...അവള്‍ നനഞ്ഞ മഴയോടു വല്ലാത്ത ഇഷ്ടം...കടക്കണ്ണുകൊണ്ടൊന്നു കടാക്ഷിച്ചാലിഷ്ടം...ആ മുഖം തെളിഞ്ഞിരിക്കുന്ന ദിവസങ്ങളോടിഷ്ടം.... ഇതൊക്കെ നിങ്ങള്‍ക്കു മനസ്സിലാകുമോ എന്നറിയില്ല.
കാരണം ഇത് ഒരു റോസക്കമ്പ് കെഞ്ചി ചോദിച്ച് വാങ്ങി നട്ട്,ഡെയ്ലി ചുവട്ടില്‍ മുള്ളി(മാന്യര്‍ ദയവായി കണ്ടം വഴി ഓടേണ്ടതാണ്.ഒരു ചെടിക്ക് വെള്ളവും വളവും ഒന്നിച്ച് കൊടുക്കാനുള്ള ഏറ്റവും സിമ്പിള്‍ മാര്‍ഗ്ഗമാണ് മുള്ളല്‍),അതിലൊരു മൊട്ടു വിരിഞ്ഞ് കാണും പോലെയുള്ള മൃദുവായ,തീരെ വേഗത കുറഞ്ഞ,ആസ്വാദ്യമായ ഒരു പ്രണയകഥയാണ്.
വന്നു,കണ്ടു,കീഴടക്കി എന്നൊക്കെയാണ് നിങ്ങളുടെ പ്രണയസങ്കല്‍പ്പമെങ്കില്‍ ഇത് മനസ്സിലാകില്ല.
അയ്യോ!'എന്തോ ഒരു ഇത്' പ്രണയമായി മാറിക്കഴിഞ്ഞല്ലോ!കാര്യങ്ങള്‍ കൈവിട്ടുപോയി!
അവളുമിതറിഞ്ഞു കാണണം.പറഞ്ഞിട്ടില്ല.എന്നാലും ഇത്തരം വിഷയങ്ങളൊക്കെ ആരും ചൂണ്ടിക്കാണിക്കാതെ തന്നെ മനസ്സിലാക്കാന്‍ മനുഷ്യജീവികള്‍ക്കാവുമല്ലോ!
എന്തായാലും അവള്‍ക്ക് എസ്കോര്‍ട്ട് പോക്ക് പതിവാക്കി...ഊര്‍ജ്ജിതമാക്കി.
തിരിഞ്ഞെങ്ങാന്‍ നോക്കിയാല്‍ മുഖം കൊടുക്കില്ല.മോശമല്ലേ!അവളുടെ സ്വകാര്യതയെ ഭഞ്ജിക്കുന്നു എന്നൊരു (തെറ്റി)ധാരണ ഉണ്ടാക്കേണ്ടല്ലോ!
അങ്ങിനെ ആ അവിസ്മരണീയമായ ദിവസവും വന്നെത്തി.ഇടവഴിയില്‍ കിടന്നെനിക്ക് അവളുടെ കുഞ്ഞുകൈലേസ് കിട്ടി!അതിപ്പോള്‍ ഏതു സമയവും പിറകേ നടക്കുന്നവര്‍ക്ക് കൈയ്യില്‍ നിന്ന് എന്തു പൊഴിഞ്ഞാലും കിട്ടുക സ്വഭാവികമല്ലേയെന്ന റൊമാന്റിക്കല്ലാത്ത ചോദ്യങ്ങള്‍ വേണ്ട.കാരണം കൈലേസ് കയ്യിലായ സീന്‍ വളരെ ആവേശോജ്ജ്വലമാണ്.
പെട്ടെന്നു തന്നെ സംഗതി കീശയിലാക്കി.എന്തു ചെയ്യണം എന്നു മനസ്സിലാകുന്നില്ല.
മാന്യനായി തിരിച്ച് കൊടുക്കണോ?
അവള്‍ കാണുന്ന എവിടെയെങ്കിലും കൊണ്ടുപോയി ഇടണോ?
ഇനിയുള്ള രാവുകളില്‍ നെഞ്ചത്ത് അടുക്കിപ്പിടിച്ച് ഉറങ്ങണോ?
ആയിരമായിരം ഓപ്ഷനുകളാണ്.പി.എസ്.സി.പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വായിച്ച അവസ്ഥയാണ്.
തിരിച്ച് കൊടുക്കണമെന്ന് തന്നെ തോന്നി.പക്ഷേ ഇത്ര സ്നേഹിക്കുന്ന ആളോട് അടുത്തു പെരുമാറിയിരുന്ന ഒരു സാധനം ആദ്യമായി പൊഴിഞ്ഞു കിട്ടിയതാണ്....
അത് വെറുതെ അങ്ങിനെ തിരിച്ചു കൊടുക്കാനാവുമോ?
സ്വര്‍ണ്ണനിറത്തില്‍ കുരുന്നു രോമങ്ങളുള്ള ആ മേല്‍ച്ചുണ്ടിലെ തിളങ്ങുന്ന സ്വേദകണികകളെന്ന മാണിക്യക്കല്ലുകളെ മുഴുവന്‍ സ്വന്തമാക്കിയ അവളുടെ കൈലേസ്!!
അവള്‍ക്കുള്ള ആദ്യചുംബനം കൈലേസില്‍ കൊടുത്താലോ?
പിങ്കു പൂക്കളുള്ള വെള്ള കൈലേസ്.കുനുകുനാ മടക്കിയിട്ടുണ്ട്.ചുണ്ടു പതിയണമെങ്കില്‍ നിവര്‍ത്തണം.
ആരെങ്കിലും അറിഞ്ഞാല്‍ മോശമാണ്.പക്ഷേ യുദ്ധത്തിലും പ്രണയത്തിലും എല്ലാം നീതിയാണ് എന്നാണല്ലോ പണ്ഡിതമതം.
തിക്കും പൊക്കും നോക്കി ആരും വരുന്നില്ലെന്നുറപ്പു വരുത്തി.
ആദ്യചുംബനം!ചങ്കിടിക്കുന്നു!ശ്വാസം പൊള്ളുന്നു!കണ്ണടക്കണോ?അടച്ചു.
പരിഭ്രമത്തിനും ചമ്മലിനും പരിഹാരമാണ് ഈ കണ്ണട..ആ കണ്ണട അല്ല ഈ കണ്ണട.കണ്ണ് അടയ്ക്കല്‍ എന്ന കണ്ണട!
ഇനിയൊന്നും നോക്കാനില്ല.അവിസ്മരണീയ നിമിഷങ്ങള്‍ നഷ്ടപ്പെടുത്തിക്കൂടല്ലോ!
കണ്ണടച്ചു.അതു നേരത്തേ അടച്ചതാണല്ലോ അല്ലേ?
അവളുടെ തരളകപോലത്തെ മനസ്സില്‍ സങ്കല്‍പ്പിച്ച് കൈലേസ് നിവര്‍ത്തി ഒരൊറ്റ ചുംബനം!!
"അയ്യേ,ഇതെന്താ ബബിള്‍ഗമോ?"അതിതീവ്രറൊമാന്റിക് മൊമന്റില്‍ ആകെ പ്രശ്നങ്ങള്‍.കണ്ണു വലിച്ചു തുറന്നു."വ്യാക്ക് ത്ഫൂ.. ത്ഫൂ ....അയ്യേ മൂക്കട്ട!!ശവം"
അന്നു പോയതാണ് കേദാര്‍നാഥിലെ ഗുഹയിലേയ്ക്ക്.
ആന്റി-പ്രേമാനന്ദര്‍ എന്നാണ് പുതുജന്മത്തിലെ പേര്.
സ്വന്തമായി മഠമുണ്ട്.ശിഷ്യന്‍മാരുണ്ട്.മലമുകളിലെ മഠത്തിന് ഒന്നരക്കിലോമീറ്റര്‍ താഴെ മുതലേ ബോഡുകള്‍ കാണാവുന്നതാണ്.
"സ്ത്രീകള്‍ക്കും പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ക്കും പ്രവേശനമില്ല!"
ശുഭം!
super , ishtapettu
ReplyDelete