സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളാണ്!
1.പൊടിക്ക് സാഹിത്യഗുണമുള്ള പോസ്റ്റുകളെഴുതാന്‍ തുനിയുന്നവര്‍ക്ക് മിക്കവര്‍ക്കും 'ബഡി പെയര്' സങ്കല്‍പ്പം ഉണ്ടാവുമല്ലോ!
യുദ്ധത്തിന് പോകുന്ന പട്ടാളക്കാരെപ്പോലെ ഉള്ളവര്‍ക്ക് ബഡി പെയറുകളുണ്ടാവുമെന്നാണ് അറിവ്.
ബഡി പെയറുകളെന്നാല്‍ ഒരാള്‍ തോക്കെടുത്ത് ഉന്നം പിടിക്കുമ്പോള്‍ നല്ല ടൈമിങ്ങ് നോക്കി മറ്റേയാള്‍ കാഞ്ചി വലിക്കുക!!
വെറുതെ തമാശ പറഞ്ഞതാണ്.എന്നാലും തമാശയിലിത്തിരി കാര്യവുമുണ്ട്.
ഏറ്റവും ചുരുക്കം എനര്‍ജി ഉപയോഗിച്ച് ആശയവിനിമയം നടത്തുവാന്‍ തക്ക ഹൃദയൈക്യമുള്ളവരാണ് ബഡി പെയറുകള്‍ രൂപപ്പെടുത്തുക.
മലയാളസാഹിത്യത്തില്‍ ചങ്ങമ്പുഴയും ഇടപ്പിള്ളിയും ഇത്തരമൊരു സഖാത്വം സൂക്ഷിച്ചിരുന്നവരാണെന്നാണ് അറിവ്.
കടലാസു വഞ്ചി രണ്ടെണ്ണം നീറ്റിലിറക്കിയവന്‍ ടൈറ്റാനിക്കിന്റെ എഞ്ചിനീയറിനോട് "എന്നാ അളിയാ ശരിക്കും നമ്മുടെ കപ്പലിനു പറ്റിയെ?"എന്നു ചോദിക്കുകയാണെന്ന് ദയവായി കരുതരുതേ!
ചങ്ങമ്പുഴയെ മനസ്സിലാവാന്‍ എളുപ്പത്തിനായി മാത്രം ഇതിലേയ്ക്ക് വലിച്ചിട്ടതാണ്.അദ്ദേഹത്തെ വെറുതെ വിടുക..എന്നേയും.
പറഞ്ഞുവന്നത് പോസ്റ്റുകളെഴുതുന്നവരെപ്പറ്റിത്തന്നെയാണ്.ചിലര്‍ക്ക് ചില ആശയധാരകളും മറ്റു ചിലര്‍ക്ക് ചില വ്യക്തികളും മറ്റു ചിലര്‍ക്ക് ചില സാങ്കല്‍പ്പികകഥാപാത്രങ്ങളും മറ്റു ചിലര്‍ക്ക് മുന്‍പു പറഞ്ഞതെല്ലാം മാറി മാറിയും എഴുത്തില്‍ ബഡി പെയറായി വരാറുണ്ട് എന്നാണ് ചെറിയ ഒരു നിരീക്ഷണം.
ചെറുപ്പത്തില്‍ ഒരുപാടു മൗനത്തിന്റെ ജൈവവളം സ്വാംശീകരിച്ച്,സഹോദരങ്ങളോ ഉറ്റ ചങ്ങാതിമാരായ സമപ്രായക്കാരോ ഇല്ലാതെ വളര്‍ന്ന(ബാല്യത്തിലെ കാര്യമാണ്) ഒരാളാണ് ഞാന്‍.വലിയ സൗന്ദര്യമോ,ശാരീരികയോഗ്യതകളോ,ആളുകളെ നല്ല രീതിയില്‍ ആകര്‍ഷിക്കാനുള്ള മറ്റേതെങ്കിലും പ്രത്യേകതകളോ ഇല്ലാത്തയാളായതുകൊണ്ടുതന്നെ പലപ്പോഴും 'തനിച്ചാവുക' എന്ന യാഥാര്‍ത്ഥ്യത്തോട് ഒരു അഭിനിവേശം പ്രകടിപ്പിച്ചിരുന്നുവെന്ന് തന്നെ പറയേണ്ടി വരും.സൗന്ദര്യവും ആത്മവിശ്വാസവും എക്സ്ട്രോവേര്‍ഷനുമൊക്കെ ഈഫ് ആന്റ് ഒണ്‍ലി ഈഫ് ചിഹ്നമിട്ടെഴുതാവുന്ന പദങ്ങളാണ്.
തനിച്ചാവാന്‍ വേണ്ടി അകാരണമായി മറ്റുള്ളവരെ വെറുപ്പിക്കാറാണോ;അതോ കൂട്ടത്തിലിരിക്കാനായി അഡ്ജസ്റ്റുമെന്റുകള്‍ക്ക് തയ്യാറാവാതെ ഇരിക്കുന്നതാണോ തനിച്ചാവലുകള്‍ക്കു കാരണം എന്നു സ്വയം വിലയിരുത്തി അഭിപ്രായം പറയുക എന്നത് അഭംഗിയാവും.
എന്തായാലും അടിക്കടി
തനിച്ചാവുന്നത് രാപ്പകല്‍ പോലെ സത്യമാണ്.
പോസ്റ്റുകളിടുമ്പോഴും സ്ഥിരമായി ഒന്നിനോടും ആരോടും സഖാത്വം സൂക്ഷിക്കാനായിട്ടില്ല.അതുകൊണ്ടുതന്നെ ആരെങ്കിലും ഈയുള്ളവനേയും അങ്ങിനെ കണ്ട് വേദനിക്കാതിരിക്കട്ടെ എന്നു ആശിക്കുന്നു.കാരണം രണ്ടുപേരുടേയും മനസ്സുകളില്‍ ഉള്ളത് വ്യത്യസ്തകാര്യമാണെങ്കില്‍,അവിടെ എഴുതാപ്പുറം വായനകളും വേദനയുമുണ്ടാവാന്‍ സാധ്യതയുണ്ട്.
2.എപ്പോഴും കൂടെയില്ലാത്ത പലരും വിചാരിക്കും പോസ്റ്റുകളിടുന്നവര്‍ വേറൊരു ജോലിയും ചെയ്യാറില്ലെന്ന്!!
ഹലോ...
സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ KSEB യുടെ സിമന്റ് പോസ്റ്റു പോലെ അത്ര ഭാരമുള്ളതല്ല എന്നാണ് എന്റെ അനുഭവം.അത് ചുമന്നു കൊണ്ടു വന്നു കുഴിച്ചിടുന്നതിന് ഒരുപാട് ശാരീരിക അധ്വാനമോ പണച്ചിലവോ ഉണ്ടായിട്ടില്ല.നിങ്ങളിത് വായിച്ചു തീരുന്നതിലും പത്ത് മിനുട്ട് സമയം കൂടുതലെടുക്കുമായിരിക്കും ടൈപ്പ് ചെയ്ത് തീര്‍ക്കാന്‍!വിഷയങ്ങളും രൂപരേഖയുമൊക്കെ മറ്റു ജോലികള്‍ ചെയ്യുന്നതിനിടയില്‍ മനസ്സിന്റെ പിന്നാമ്പുറത്തു നടക്കുമെന്ന് കൂടെ ജോലി ചെയ്തവര്‍ക്ക് ഓര്‍ക്കാവുന്നതാണ്.
സോഷ്യല്‍ മീഡയ ഉപയോഗം ഒട്ടും സാധ്യമല്ല എന്നു സ്വയം തോന്നിയ ജോലികള്‍ ചെയ്തിരുന്ന വര്‍ഷങ്ങളില്‍ അവിടെയൊന്നും എത്തിനോക്കാറു പോലുമില്ലായിരുന്നു എന്നതും എന്നെ സംബന്ധിച്ച് യാഥാര്‍ത്ഥ്യമായിരുന്നു.
എന്റെ പ്രായത്തിലും ജീവിതസാഹചര്യങ്ങളിലുമുള്ള ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ആക്റ്റിവിറ്റിയും നടത്താതെ ചിലവഴിക്കുന്ന സമയം മാത്രമേ ഞാനും ചിലവഴിക്കാറുള്ളൂ.പോസ്റ്റിടല്‍,പ്രതികരണങ്ങള്‍ എന്നിവ വഴി പ്രത്യേകിച്ച് ഒരു അധികപണിഭാരവും ഇതവരെ വന്നിട്ടില്ല.
വലിയ തിരക്കുകളിലോ,ഗൗരവമുള്ള പ്രവൃത്തികളിലോ ആണെന്നു മറ്റുള്ളവര്‍ (തെറ്റി?)ദ്ധരിക്കില്ലെന്നതാണ് ആകെയുള്ള ഒരു പോരായ്മ.തെറ്റിദ്ധാരണകളുണ്ടാക്കാനും തെറ്റിദ്ധാരണകളെയെല്ലാം ഭയക്കാനും സമയമില്ല!
3.സാന്ദര്‍ഭികമായി(മറിച്ച് അഭിപ്രായമുള്ളവരും കാണും)വിമര്‍ശനങ്ങളും
എരിവും പുളിയുമുള്ള വിഷയങ്ങളും പരാമര്‍ശിക്കുന്നതിനെക്കുറിച്ചും എഴുതണമല്ലോ!
തുടക്കത്തില്‍ വേദനയും തിരിഞ്ഞുനോക്കുമ്പോള്‍ തമാശയും തോന്നുന്ന അനുഭവങ്ങളാണ് ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ടു ഉള്ളത്.ഉദാഹരണത്തിന് ലൈംഗികത.മുതിര്‍ന്ന ഏതൊരാളുടേയും മനോവ്യാപാരങ്ങളിലുള്ള കാര്യങ്ങള്‍ തുറന്നെഴുതുക (സന്ദര്‍ഭോചിതമായി ആണോ എന്നും വായിക്കുന്നവര്‍ തീരുമാനിക്കട്ടെ)എന്ന സാഹസം കാട്ടുകവഴി മ്മള്‍ ഒരു അതിവികാരജീവിയാണ് എന്നോ ലൈംഗികാനന്ദത്തിനായി ചാകാന്‍ പോലും തയ്യാറാണ് എന്നൊ ഒക്കെ ആവും ആദ്യകാലങ്ങളില്‍ പലരും സംശയിച്ചിരുന്നിരുന്നത് എന്നു തോന്നിയിട്ടുണ്ട്.
എന്റെ വെറും തോന്നലാണെന്ന് കരുതുന്നതാണ് നല്ലത്!!
ഇപ്പോളൊരുപക്ഷേ ഈ കഴുത കരഞ്ഞുമാത്രമേ കാമം തീര്‍ക്കാറുള്ളൂ എന്ന അനുമാനത്തില്‍ പലരും എത്തിയതുകൊണ്ടാവാം ചെറിയ സഹിഷ്ണുത കിട്ടാറുണ്ട്.
വിമര്‍ശനങ്ങളും അതുപോലെതന്നെ.ഉറച്ചുപോയ സന്ധി ചലിക്കാന്‍ തുടങ്ങിയതുപോലെയോ ക്ളാവും തുരുമ്പും ഇളകിപ്പോകുന്നതുപോലെയോ ഉള്ള വേദന,ദേഷ്യം,വികാരക്ഷോഭം,ഇനേര്‍ഷ്യ പെറ്റ ഈര്‍ഷ്യ.
അടുത്ത നടപടി അവഗണനയാണ്.ഇത്രകാലം കുത്തിക്കുറിച്ച് കൂട്ടിയതിന്റെ പ്രധാനപ്രയോജനമെന്തെന്നാല്‍,'ആ വട്ടന്‍ എന്തെങ്കിലും പറയട്ടെ,മൈന്റ് ചെയ്യണ്ട' എന്നൊരു കപട താത്പര്യഹീനതയിലേയ്ക്ക് കുറേയാളുകളെ എത്തിക്കാനായതാണ്.
ഈ പോസ്റ്റു കൂടി തനിയെ ചുമന്ന്, സമയം കളഞ്ഞ് ഞാനൊന്നു കുഴിച്ചിടുകയാണേ!
No comments:
Post a Comment