ഈയടുത്തു വായിച്ച ഒരു കഥ ഓര്‍മ്മ വരുന്നു.
എഴുപതിനോടടുത്ത ഒരാളും മകനുംകൂടി ഒരിക്കലൊരു യാത്ര പോയി.അല്‍പം ഏകാന്തമായ ഒരു താഴ്വരയില്‍ ക്യാമ്പടിച്ച് തങ്ങാനുള്ള പ്ളാനായിരുന്നു അവര്‍ക്കുള്ളത്.താഴ്വരയെത്തി.താത്കാലിക കൂടാരം ഇന്‍സ്റ്റാള്‍ ചെയ്തു.ക്യാമ്പ് ഫയറുണ്ടാക്കി പാട്ടും വിശേഷങ്ങളും ഭക്ഷണവുമൊക്കെ പങ്കിട്ട് കൂടാരത്തിനുള്ളില്‍ സുഖനിദ്ര ആരംഭിച്ചു.രാത്രിയില്‍ എന്തോ പന്തികേടു തോന്നി അപ്പനും മകനും ഒന്നിച്ചുണര്‍ന്നു.താരനിബിഡമായ വിശാലാകാശം.നല്ല കാഴ്ച.
അപ്പന്‍ മകനോടു ചോദിച്ചു"എന്തു തോന്നുന്നു?"
മകന്‍"നല്ല കാഴ്ച.നമ്മള്‍ ഭാഗ്യമുള്ളവരാണ്.അപ്പനെന്തു തോന്നുന്നു?"
അപ്പന്‍"മണുക്കൂസേ,നമ്മുടെ ടെന്റ് ആരോ അടിച്ചോണ്ടു പോയി എന്നാണ് എനിക്ക് തോന്നിയത്.പോയന്വേഷിക്കടാ!"
ഇത് കുറച്ചു കാലം മുന്നത്തെ കഥയാണ്.ഇപ്പോഴൊക്കെയാണെങ്കില്‍ അപ്പന്‍ ആദ്യം ആകാശത്തിന്റെ ഫോട്ടോയെടുത്ത് ഇന്‍സ്റ്റഗ്രാമിലിട്ടേനെ!
ഇത് പുതിയ ടെക്നോളജികളോടും ജീവിതശൈലിയോടും വളരെ പെട്ടെന്നിണങ്ങിയ അല്‍പ്പം പ്രായമുള്ളവരുടെ
ഒരു തലമുറയോടുള്ള അസൂയയാണോ എന്നു ചോദിച്ചാല്‍ ഒരു അളവു വരെ അതെ എന്നു സമ്മതിക്കേണ്ടി വരും!ടച്ച് സ്ക്രീനിലൊക്കെ എജ്ജാതി തോണ്ടാണല്ലേ തോണ്ടുന്നത്.തോണ്ടുന്നത് പോട്ടെ,'മറ്റുള്ളോരുടെ വാട്സാപ്പ് സ്റ്റേറ്റസ് ചോയിച്ചു തെണ്ടി നടക്കണ്ട കാര്യവില്ലടാ കൊച്ചനെ,അവരുടെ സ്റ്റേറ്റസൊക്കെ സേവ് ചെയ്യാന്‍ വേറെ മാര്‍ഗ്ഗമുണ്ടെന്നേ!'എന്നൊക്കെ കയറി സ്കോര്‍ ചെയ്യുമ്പോള്‍-ജനിക്കേണ്ടായിരുന്നു എന്നു തോന്നിപ്പോകും.
കുറച്ചു വര്‍ഷങ്ങള്‍ക്കു പിറകിലേയ്ക്കു ചിന്തിച്ചാല്‍,വാര്‍ദ്ധക്യം യൗവ്വനത്തെ വിഴുങ്ങുന്നത് കാണാമായിരുന്നു(ശതമാനക്കണക്കില്‍ ഭൂരിപക്ഷത്തെക്കുറിച്ചാണ് ഇനിയുള്ള സംസാരം).യൗവ്വനം മായുംമുന്‍പേ ആണും പെണ്ണുമൊക്കെ നടപ്പിലും എടുപ്പിലും ഹെയര്‍സ്റ്റൈലിലും ഭക്ഷണശീലങ്ങളിലുമൊക്കെ പ്രായമായവരെ പെര്‍ഫെക്ടായി അനുകരിച്ചു തുടങ്ങും.
പക്ഷേ ഇപ്പോള്‍?യൗവ്വനം വാര്‍ദ്ധക്യത്തെ വിഴുങ്ങുകയാണോ?
ആരും തെറ്റിദ്ധരിക്കരുത്.അസൂയയോ സദാചാരപോലീസ് മനോഭാവമോ ഒന്നുമല്ല ഇനിയുള്ള വിഷയം.പ്ളാസ്റ്റിക്കാണ്!
ചക്കക്കുരു ചാറു പറ്റിയ ഒരുമണി അരിയുടെ ചോറ് നിലത്തുപോയാല്‍ മുട്ടുകുത്തി അറിയാവുന്ന ദൈവങ്ങളോടു മാപ്പപേക്ഷിപ്പിച്ചിരുന്ന ഒരു കാലത്തു നിന്ന് 'റോഹന്റെ സമഗ്രമായ വളര്‍ച്ചക്കുള്ള മിനറല്‍സും ന്യൂട്രിയന്റ്സും എങ്ങിനെ അവനെ കഴിപ്പിക്കും'എന്ന ഗോസായി മമ്മിയുടെ ആശങ്കകളിലേയ്ക്കു നമ്മള്‍ എല്ലാവരും മാറിപ്പോയി.'റോഹനെ' ഒരു നേരം അല്‍പ്പം മിനറല്‍സും ന്യൂട്രിയന്റ്സും കഴിപ്പിച്ചു വരുമ്പോഴേയ്ക്ക് നാലു പ്ളാസ്റ്റിക് കൂടുകളെങ്കിലും ഭൂമിയുടെ നെഞ്ചകത്ത് പതിച്ചിട്ടുണ്ടാവും അല്ലേ!?
ലോകം നേരിടുന്ന (സൈലന്റായ) ഏറ്റവും വലിയ വെല്ലുവിളി പ്ളാസ്റ്റിക് പൊതിച്ചില്‍ വസ്തുക്കളുടെ കൈകാര്യം ചെയ്യലാണ് എന്നത് നമ്മളില്‍ പലര്‍ക്കുമറിയാമായിരിക്കും.പലപ്പോഴും വികസനത്തോടും വികസനത്തിന്റെ വേഗതയോടും അല്‍പ്പം മൂരാച്ചി സമീപനമുള്ള കുറച്ചധികം ആളുകളുടെ കുറവ് അനുഭവപ്പെടാറുണ്ട്.സമീപഭാവിയില്‍ ഈ അനുഭവപ്പെടല്‍ ശക്തമാവാനും സാധ്യതയുണ്ട്.സൂക്ഷിക്കാം!
No comments:
Post a Comment