Monday, 18 November 2019

നന്മമരങ്ങള്‍ തഴച്ചു വളരുന്ന മണ്ണ്?

വികസിതരാജ്യങ്ങളെന്ന് പൊതുവെ വിളിക്കപ്പെടുന്ന നാടുകളില്‍ നമുക്ക് മനുഷ്യാവകാശപ്രവര്‍ത്തകരെ അധികം കാണാനാവില്ല.

ഇതിന് രണ്ടു രീതിയിലും-പോസിറ്റീവായും നെഗറ്റീവായും-ചിന്തിച്ച് കാരണങ്ങള്‍ കണ്ടെത്താം.

നെഗറ്റീവായി ചിന്തിച്ചാല്‍,അവിടങ്ങളിലെ മനുഷ്യാവകാശലംഘനങ്ങള്‍ ആരും അറിയാത്തവിധം ഇരുമ്പുമറകൊണ്ട് മറയ്ക്കപ്പെട്ടിരിക്കുകയാണെന്ന് അനുമാനിക്കേണ്ടിവരും.റഷ്യയുടെ പ്രതാപകാലത്ത് അവിടം പുറംലോകത്തു നിന്ന് ഇരുമ്പുമറകളാല്‍ മറയ്ക്കപ്പെട്ടിരിക്കുകയായിരുന്നു.മാധ്യമസ്വാതന്ത്യം വളരെ കുറവ്,സന്ദര്‍ശകവീസകളില്‍ കര്‍ശനനിയന്ത്രണം,സന്ദര്‍ശകരെ പിന്‍തുടരാന്‍ രഹസ്യപ്പോലീസിനെ ഏര്‍പ്പാടാക്കല്‍,അന്താരാഷ്ട്രപരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാതിരിക്കല്‍ അങ്ങിനെ രാജ്യത്തിനകത്തെ കഥകളൊക്കെ അതിര്‍ത്തിക്കുള്ളിലൊതുങ്ങുന്ന അവസ്ഥ.

മനുഷ്യാവകാശപ്രവര്‍ത്തനങ്ങളുടെ സ്ഥാനമില്ലായ്മയെപ്പറ്റി പോസിറ്റീവായി ചിന്തിച്ചാല്‍,വികസിതരാജ്യങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ താരതമ്യേന കുറവായതുകൊണ്ടാവും അവര്‍ ഉപേക്ഷിക്കപ്പെട്ട നായകളെപ്പറ്റിയും,ധ്രുവക്കരടികളെപ്പറ്റിയും,മൂന്നാംലോകരാഷ്ട്രങ്ങളെപ്പറ്റിയുമൊക്കെ വേദനിക്കുന്നതെന്ന് അനുമാനിക്കാം.

നമ്മുടേത് ത്വരിതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണല്ലോ?

പക്ഷേ മനുഷ്യാവകാശപ്രശ്നങ്ങളില്‍ എന്തുകൊണ്ടായിരിക്കാം ഇവിടെ സാമ്പത്തിക,ജീവിതനിലവാര വികസനത്തിനനുസരിച്ചുള്ള മാറ്റം (കുറവ്) വരാത്തത്?

നമുക്കിടയിലെ നാനാത്വം(രൂപത്തിലും വേഷഭൂഷാധികളിലും ഭാഷയിലുമുള്ള വ്യത്യാസങ്ങള്‍)ചൂഷണങ്ങള്‍ക്കും അനീതിക്കും വലിയ കാരണമാണെന്ന് നിസ്സംശയം പറയാമെങ്കിലും അതിന് പരിഹാരമൊന്നും നിര്‍ദ്ദേശിക്കാനോ സ്വപ്നം കാണാനോ ഇല്ലാത്തതിനാല്‍ ആ വിഷയത്തെ സ്പര്‍ശിക്കുന്നില്ല.ക്ഷമിക്കണം!!

രണ്ടാമത്തെ കാരണം നമ്മുടെ സംവിധാനങ്ങളുടെ കാര്യക്ഷമതയും ഇച്ഛാശക്തിയുമാണ്.

മനുഷ്യാവകാശങ്ങള്‍ സേഫ്ഗാര്‍ഡ് ചെയ്യപ്പെടുന്ന നാടുകളിലെല്ലാം അത് നിലനില്‍ക്കുന്നത് നിയമവ്യവസ്ഥയും സാമ്പത്തിക,സാമ്പത്തികേതരവിഭവമാനേജ്മെന്റ് സംവിധാനങ്ങളും കാര്യക്ഷമമായതുകൊണ്ടാണ്.

നമ്മുടെ നാട് നൂറ്റാണ്ടുകളോളം അടിമത്വത്തിലായിരുന്നു.എണ്ണത്തില്‍ കുറവായ ചൂഷകര്‍ തീര്‍ച്ചയായും കുതന്ത്രങ്ങളിലൂടെയാണ് ഭരണം നിലനിര്‍ത്തിയത്.ആത്മവിശ്വാസം തല്ലിക്കൊഴിച്ചും,തമ്മിലടിപ്പിച്ചും,സ്വയം ഹത്യാപരമായ നടപടികളെ പ്രോത്സാഹിപ്പിച്ചും - അങ്ങിനെ രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും ഏറ്റവും വിലകുറഞ്ഞ എല്ലാ തന്ത്രങ്ങളും നൂറ്റാണ്ടുകളോളം നമ്മളെ ഇരുട്ടില്‍ തള്ളി.

സ്വാതന്ത്ര്യലബ്ദിക്ക് ശേഷമുള്ള വര്‍ഷങ്ങളിലും ഭരണപരിചയമില്ലായ്മയും മോശം പാഠങ്ങളും നമ്മളുടെ സംവിധാനങ്ങളില്‍ ഒരുപാട് തകരാറുണ്ടാക്കി.

അങ്ങിനെയായിരിക്കണം അന്നത്തെ പല രാഷ്ട്രീയനേതാക്കളും പത്രപ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരും നമ്മുടെ സംവിധാനങ്ങളെ ഈര്‍ക്കിലും മിഠായിയും കളിപ്പാട്ടവുമൊക്കെ കാട്ടി പഠിപ്പിക്കാനും നേര്‍വഴിക്ക് നയിക്കാനുമൊക്കെ(?) ശ്രമിച്ചു തുടങ്ങിയത്.

പക്ഷേ ഈ ഇടപെടലുകളെല്ലാം കാലം പുരോഗമിക്കുന്നതനുസരിച്ച് മാറേണ്ടതല്ലേ?!

ഇന്നത്തെ നമ്മുടെ ഉദ്യോഗസ്ഥരിലാരും നേരിട്ട് രാഷ്ട്രീയഅടിമത്തത്തിന്റെ ഹാങ്ങ് ഓവറുള്ളവരല്ലെന്നു തന്നെ പറയാം.ആ തലമുറ പോയിക്കഴിഞ്ഞു.എന്നിട്ടും നമ്മുടെ സംവിധാനങ്ങളെ ഇപ്പോഴും രാഷ്ട്രീയനേതാക്കളും മാധ്യമപ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരും പഴയ ഈര്‍ക്കില്‍ വടിയും കോലുമിഠായിയും ശുപാര്‍ശയും സ്വാധീനവുമൊക്കയായി കുഞ്ഞു കളിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.

എവിടെയാണ് കാര്യക്ഷമത??

മാന്യമായ പ്രതിഫലം വാങ്ങുന്ന,മാന്യമായ വിദ്യാഭ്യാസയോഗ്യതയുള്ള,കഠിനമായ പരീക്ഷാമുറകളിലൂടെ ജോലിയില്‍ പ്രവേശിച്ചവരെ (ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് പറയുന്നത്) പണി ശരിയായി ചെയ്യിക്കാന്‍ വേറെ കുറേപ്പേര്‍ പിറകേ നടക്കേണ്ടി വരുന്നത് എത്രയോ വലിയ നാണക്കേടും വികസനത്തിന് ഇടങ്കോലിടുന്ന ഫാക്ടറുമാണ്.

തെങ്ങുകയറാന്‍ ആളെ വിളിച്ചിട്ട് വിളഞ്ഞ തേങ്ങ തൊട്ടു കാണിക്കാന്‍ പിറകേ ആളു കയറുന്നതുപോലെയല്ലേ ഇപ്പോഴുള്ള അവസ്ഥ!?

എന്തെങ്കിലുമൊക്കെ ചെയ്യുന്ന ഉദ്യോഗസ്ഥരും നേതാക്കളുമൊക്കെ വീരപരിവേഷത്തിലുമാണ്!!

ഒരു പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന പൗരന് തങ്ങളെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ ആരെ കണ്ടാലും ആശ്വാസം തോന്നേണ്ടതാണ്.പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇവിടെ സോഷ്യല്‍ മീഡിയയില്‍ ഫാന്‍ പേജുള്ള ആളുകളെ കണ്ടാലേ നമുക്ക് ആശ്വാസമാകൂ!!

എന്തിനാണ് ഇപ്രകാരം വ്യക്തി അവനായിരിക്കുന്ന സംവിധാനത്തേക്കാള്‍ വളരുന്നത്?

നിവൃത്തികേടുകൊണ്ടാണ് എന്നായിരിക്കാം ഉത്തരം.

ആ നിവൃത്തികേടാണ് നമ്മള്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കേണ്ടത്.

ജോലി ചെയ്യുന്നവര്‍ സ്വാതന്ത്ര്യവും ആത്മാര്‍ത്ഥത നല്‍കുന്ന ആത്മവിശ്വാസവും എന്‍ജോയ് ചെയ്യുന്ന കാലത്ത് നമ്മുടെ നാട്ടിലും മനുഷ്യാവകാശപ്രശ്നങ്ങള്‍ അപൂര്‍വ്വമാകും എന്നത് ഉറപ്പാണ്.

സാമൂഹികപ്രശ്നങ്ങള്‍ നല്ല നേതാക്കളേയും സാമൂഹികപ്രവര്‍ത്തകരേയും സൃഷ്ടിക്കാറണ്ടെന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണല്ലോ!

നമ്മുടെ നാട്ടില്‍ വ്യവസായങ്ങള്‍ കുറഞ്ഞും നേതാക്കള്‍ കൂടിയും ഇരുന്ന ഒരു കാലം ഇതിന്റെ ദൃഷടാന്തമാണ്.

സാമൂഹികപ്രശ്നങ്ങളിലിടപെട്ടവരുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങളോട് (ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ എന്നു പറഞ്ഞത് മനഃപൂര്‍വ്വമാണ്.ഒരു വ്യക്തിയും നൂറു ശതമാനം ശ്രമങ്ങളിലും ആത്മാര്‍ത്ഥതയുള്ളവനാണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.ക്ഷമിക്കണം) അത്യന്തം കൃതജ്ഞതയോടെ പറയട്ടെ,നിങ്ങള്‍ 'ചുമ്മാ വളരാന്‍' അവസരങ്ങള്‍ സൃഷ്ടിക്കുന്നവരാകരുത്.കാരണം നിങ്ങളുടെ അവസരങ്ങള്‍ മറ്റുള്ളവരുടെ കണ്ണീരാണല്ലോ!

ഓരോ ഉദ്യോഗസ്ഥനും നേതാവും (പൗരന്‍ എന്നു ഒറ്റവാക്കില്‍)സ്വയം വന്‍മരമായി വളരാനുള്ള മണ്ണ് ഒരുക്കല്‍ പ്രക്രിയ മാറ്റി വെച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചാല്‍ സ്വാസ്ഥ്യം എന്നത് സങ്കല്‍പ്പത്തിലോ വിദേശങ്ങളിലോ മാത്രം വിളയുന്ന കനിയാവില്ലെന്നതു തീര്‍ച്ച!

No comments:

Post a Comment