പഠനമൊക്കെ മതിയാക്കി പാരലല്‍ കോളേജദ്ധ്യാപനവും കൈയ്യെഴുത്തു മാസികയിലെ കവിതയെഴുത്തുമൊക്കെയായി ജീവിച്ചുപോരന്ന കാലത്താണ്....
അതിഗൗരവക്കാരിയായ ഒരു കുട്ടി രംഗപ്രവേശം ചെയ്തു.
പാരലല്‍ കോളേജില്‍ എന്റെ വിദ്യാര്‍ത്ഥിനിയാണ്.
വിദ്യാര്‍ത്ഥീ,വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സര്വ്വനാമമാണല്ലോ 'കുട്ടി'.
കാലത്തിന്റെ കേളികളാല്‍ കുട്ടിയുടെ ശ്രദ്ധയില്‍ കൈയ്യെഴുത്തുമാസികയിലെ എന്റെ കവിതകള്‍ പെടുന്നു.
കവിതകള്‍ തീര്‍ത്ത കാല്‍പ്പനികതയുടെ കുത്തൊഴുക്കില്‍ ഭൂരിഭാഗവും മുങ്ങിയും അല്‍പ്പം പൊങ്ങിയും ഒഴുകിവരുന്ന ഒരു പച്ചത്തേങ്ങയായി കുട്ടി മാറുന്നു.
ഇടക്കിടെ അതിഗൗരവത്തില്‍ ചില അഭിപ്രായങ്ങളും കമന്റുകളുമൊക്കെ പറയാറുമുണ്ട്.മാഷിന്റെ ആ കവിതയിലെ പതിനാറാമത്തെ വരിയിലെ ഈ ശൈലി അങ്ങിനെയാണ്,ഇങ്ങിനെയാണ് എന്നൊക്കെ പറയുമ്പോള്‍ സത്യത്തില്‍ കുഴഞ്ഞു പോകും.മനസ്സിലുദിക്കുന്ന വിഷയങ്ങളെക്കുറിച്ച് 'വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്' എന്ന രീതിയില്‍ എഴുതിവിടുന്ന ഞാനെവിടെ നിന്നാണ് പതിനാറാമത്തെ വരി ഓര്‍ത്തെടുക്കുന്നത്.
എന്നാലും, കഠിനപ്രണയനൈരാശ്യമോ തകര്‍ന്ന ദാമ്പത്യമോ,അങ്ങിനെ ഒരു വംശത്തെ ഒന്നടങ്കം വെറുക്കാനുള്ള വിഷയങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ കുട്ടിയുടെ വിഷമംപിടിച്ച സാമീപ്യവും താന്‍ കൊതിച്ചിരുന്നു എന്നതാണ് സത്യം.
കാല്പ്പനികവെള്ളപ്പാച്ചിലിലെ ആ തേങ്ങയ്ക്കു മേക്കപ്പൊന്നും തന്നെയില്ല.കണ്ണെഴുതാറില്ല,പൊട്ടുകുത്താറില്ല,പൗഡറിടാറില്ല,തലയിലൊരല്പ്പം എണ്ണ പോലും അപ്ളൈ ചെയ്യാറില്ലെന്നു തോന്നുന്നു.ഇമ്മാതിരി സൗന്ദര്യവിരുദ്ധതയൊന്നും പോരാഞ്ഞാവണം കട്ടിഫ്രെയിമുള്ള ഒരു കണ്ണടയും ഫിറ്റു ചെയ്തിട്ടുണ്ട്.അതിലൂടെ രണ്ട് ഉണ്ടക്കണ്ണുകള്‍ അക്വേറിയത്തിലെ മീനുകളെപ്പോലെ ഉരുണ്ടു നീങ്ങാറുമുണ്ട്.
അന്നു രാവിലെയും ചെമ്പരത്തിവേലികളതിരിട്ട ആ നാട്ടുവഴിയില്‍ വെച്ച് കുട്ടിയെ കണ്ടുമുട്ടി.
"നമസ്കാരം മാഷേ"മൂക്കിനുമുകളില്‍ ചൂണ്ടാണിവിരല്‍ കൊണ്ട് കണ്ണട തെറുത്തു കയറ്റി അവള് ഘനഗംഭീരസ്വരത്തില്‍ മൊഴിഞ്ഞു.
"ആ,നമസ്കാരം.. നമസ്കാരം"നേര്‍ത്തൊരു വൈക്ളബ്യത്തില്‍ ഞാനും കാരണമുണ്ട്.വഴിയെ പറയാം.
"കറുപ്പും വെളുപ്പുമുടുത്തിട്ടുണ്ടല്ലോ!ദിനരാത്രങ്ങളെ ബിംബവത്കരിച്ചതാവുമല്ലേ?"കുട്ടി.ഞാന്‍ ഞെട്ടി.ആദ്യം കണ്ട കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ഉടുത്തതിനാണ് ഈ ബിംബവത്കരണമൊക്കെ.കാല്പ്പനികതയാണല്ലോ.കാല്‍പ്പനികതയുടെ മൊത്തവിതരണക്കാരനിപ്പോള് ഞാനാണല്ലോ!നിരാശപ്പെടുത്തുവതെങ്ങിനെ?
"അങ്ങനെയും പറയാം കുട്ടി"
"കൈയ്യിലെന്താണ് മാഷ്?"
"ഹേയ് ..അത് ചുമ്മാ..ഒരു മച്ചിങ്ങയാണ്"ഞാന്‍ ജാള്യതയോടെ മച്ചിങ്ങ നിലത്തിട്ടു.
"അകാലത്തില്‍ പൊലിഞ്ഞ ജീവനുകളുടെ പ്രതീകമായ മച്ചിങ്ങ...."കുട്ടി കണ്ണുകളാകാശത്തേയ്ക്കുയര്ത്തിപ്പറഞ്ഞു.എനിക്കു ചിരി പൊട്ടി.രാഘവേട്ടന്റെ കുഞ്ഞു പട്ടി എന്നെക്കണ്ടാലോടി വന്ന് വലിഞ്ഞു കയറി മുണ്ടില്‍ ചെളിപുരണ്ട കാല്‍പ്പാടു പതിപ്പിക്കാറുണ്ട്.അതൊഴിവാക്കി ആകാശത്തേയ്ക്കു വെടി വെക്കാന്‍ എടുത്ത മച്ചിങ്ങയാണ്.
"എന്താ?"കുട്ടി ഗൗരവം ഉച്ഛസ്ഥായിയിലാക്കി.
"ശരിയാണ്"ഞാന്‍ ചിരിച്ചുകൊണ്ടു തന്നെ പറഞ്ഞു.
'എന്തിനാ ചിരിക്കുന്നത്' എന്ന് ചോദിച്ചിരുന്നെങ്കില്‍ മച്ചിങ്ങ അകാലത്തില്‍ പൊലിഞ്ഞ ജീവനല്ല,മുണ്ടിന്റെ വെണ്മ കാക്കാനെടുത്ത ആയുധമാണെന്ന് പറഞ്ഞൊന്നു ചേര്‍ന്നു ചിരിക്കാനുള്ള ശ്രമം നടത്താമായിരുന്നു.പക്ഷേ കാല്‍പ്പനികതയുടെ കുത്തൊഴുക്കില്‍ പെട്ട ആളാണല്ലോ കുട്ടി...ചോദിക്കില്ല!
കല്‍പ്പനാലോകത്ത് നിശബ്ദമെങ്കിലും കനത്ത പ്രഹരശേഷിയുള്ള
വലിയ പൊട്ടിത്തെറികള്‍ നടന്നുവെന്നത് കാലം തെളിയിച്ചു.
കുട്ടി പിന്നെ സംസാരിച്ചിട്ടില്ല.എന്നുവെച്ചാല്‍ എന്നോട് സംസാരിച്ചിട്ടില്ല!!
കവിതയെപ്പറ്റി പറയുമ്പോള്‍ കളിയാക്കി ചിരിച്ച മഹാപാതകിയല്ലേ?!
കുട്ടി എഴുതാന്‍ തുടങ്ങി.കൈയ്യെഴുത്തു മാസികകള്‍ അന്തംവിട്ടു നില്‍ക്കെ അവളുടെ വരികളില്‍ അച്ചടിമഷി അഭിനിവേശത്തൊടെ പടര്‍ന്നുകയറി.കവിയരങ്ങുകള്‍ അന്താരാഷ്ട്രതലത്തിലാണ്.പുരസ്കാരങ്ങള്‍.കണ്ണടയ്ക്ക് കട്ടി കൂടി.എന്റെ ചിരിയുടെ അപമാനച്ചൂടിനെ കുട്ടി വലിയ ഊര്‍ജ്ജ സ്രോതസ്സാക്കി.
ഞാനിപ്പോഴും നാട്ടിലെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഫ്ളക്സ് ബോഡിലെ സാഹിത്യമെഴുതിയും കല്ല്യാണത്തലേന്ന് കള്ളുകുടിയന്മാര്ക്കിടയില് കവിത ചൊല്ലിയുമിങ്ങനെ...
നല്ല എഴുത്ത്
ReplyDeleteനന്ദി സുഹൃത്തേ
Deleteനന്ദി സുഹൃത്തേ
Delete