ചില മനുഷ്യര്‍ ഏകാഗ്രതയെ സ്പുടം ചെയ്തെടുത്ത് പല ഇന്ദ്രജാലങ്ങളും കാട്ടാറുണ്ടല്ലേ!
കുഞ്ചെറിയാച്ചേട്ടന് ചെസ് എന്ന ചതുരംഗത്തിലാണ് മാജിക് കാട്ടാനറിയാവുന്നത്.പത്തറുപത്തഞ്ചു നീക്കം വരെ മുന്‍കൂട്ടി കാണാനാവുമെന്നു പറഞ്ഞാല്‍ സംഗതി മോശമാണോ?!
പലരും സംശയവുമായി വന്നു.എല്ലാവരേയും മാരക ഡെമോണ്‍സ്ട്രേഷനിലൂടെ കുഞ്ചെറിയാച്ചേട്ടന്‍ വിശ്വാസികളാക്കി മാറ്റി...ഒരാളെ ഒഴിച്ച്-സ്വന്തം പെമ്പെറന്നോത്തി ചിന്നമ്മച്ചേടത്തിയെ ഒഴിച്ച്.
മുറ്റത്തെ മുല്ലയ്ക്ക് സ്മെല്ലുണ്ടാവില്ല,ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ അംഗീകരിക്കപ്പെടുകയില്ല എന്നൊക്കെയാണല്ലോ മഹദ് വചനങ്ങള്‍.
എന്തായാലും ഈ വിലനിലവാരത്തകര്‍ച്ച രൂക്ഷമായപ്പോള്‍ കുഞ്ചെറിയാച്ചേട്ടന്‍ ചിന്നമ്മചേടത്തിയെ തന്റെ മഹിമപ്രതാപങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു.
അതിനിനി പല ചടങ്ങുകളുമുണ്ട്.ആദ്യമായി ചെസ് വേറെയാരേക്കൊണ്ടെങ്കിലും ചേട്ടത്തിയെ പഠിപ്പിക്കണം.വേറെയാരെങ്കിലും പഠിപ്പിച്ചില്ലെങ്കില്‍ മനഃപൂര്‍വ്വം തോല്‍പ്പിക്കാന്‍ അങ്ങേരു എന്നെ കുറച്ചേ പഠിപ്പിച്ചൊള്ളൂ എന്നൊക്കെ ആരോപണം വരും.അതിനുശേഷം പ്രദര്‍ശനമത്സരം.
ചേടത്തി ചെസ്സിലെ നിയമങ്ങളെല്ലാം പഠിച്ചു.പ്രദര്‍ശനമത്സരത്തിന്റെ ദിവസമെത്തി.
കുതിരകള്‍ പറന്നു ചാടി.
ആനകള്‍ പൊടിപറത്തിയോടി.
തേര് ഇടിമിന്നലായി.
"നിങ്ങളിന്താ മനുഷ്യാ ഞാന്‍ കളിക്കുന്നതിന്റെ ബാക്കി മാത്രം കളിച്ച് വെറുതേ സമയം കളയുന്നത്?അറുപത്തഞ്ചു നീക്കം മുന്നോട്ടൊന്നു കളിച്ചേ.ഞാനൊന്നു നോക്കട്ടെ!"ചേട്ടത്തി ആവേശത്തിലായി.
ഒരു നിമിഷം ധ്യാനിക്കുംപോലിരുന്നു കുഞ്ചെറിയാച്ചേട്ടന്‍ പറഞ്ഞു,"എന്നാ നീ കരുക്കളും പലകയും തട്ടിമറിച്ചിട്ട്,കള്ളത്തരമെന്നും പറഞ്ഞ്
എണീറ്റു ചാടിത്തുള്ളി പൊക്കോ!"
"ഇങ്ങേരിതെന്തു പ്രാന്താ പറയുന്നത്!"
"പ്രാന്തല്ല,അറുപത്തഞ്ചു നീക്കത്തിനപ്പുറം അങ്ങിനെയായിരിക്കും!"
No comments:
Post a Comment