കൈ അറിയാതെ പാന്റിന്റെ ഇടത്തേ പോക്കറ്റിലേയ്ക്കു പോവുകയാണ്.എന്നിട്ടോ,
നാസാദ്വാരത്തിന് ഒരു കുളിരു പകരുന്ന ഇന്‍ഹേയ്ലറെടുത്തു.മൂക്കിന്റെ രണ്ടു ദ്വാരങ്ങളിലും ആഞ്ഞുവലിച്ചു.
ജലദോഷമോ ശ്വാസതടസ്സമോ ഉണ്ടായിട്ടാണോ എന്നു ചോദിച്ചാല്‍ അല്ല.ഒരു തടസ്സവുമില്ലെങ്കിലും ഇന്‍ഹേലറെടുത്തു വലിക്കല്‍ ഒരു അഡിക്ഷനായി മാറിയിരിക്കുകയാണ്.
എന്തിനോടായാലും ആരോടായാലും,അഡിക്ഷനെന്നത് ജീവനും ജീവിതത്തിനും കേടുണ്ടാക്കുന്ന ഒരു സംഗതിയാണ്.പലരുടേയും കമന്റുകളും മനസ്സിലുണ്ട്.
'മൂക്കിന്റെ ഓട്ട വലുതായി മുഖം ഇപ്പോഴത്തെതിനെക്കാളും വൃത്തികേടാവും','തലച്ചോറിലേയ്ക്കു നേരിട്ടു രാവിലെ ആറുമണിക്കു പുറപ്പെടുന്ന ഒന്നു രണ്ടു നാഡികളുടെ തുടക്കം എന്ന ഡിപ്പോ മൂക്കിന്റെ ഉള്‍വശമാണ്.അണുബാധയേറ്റാല്..!!'
ഈയിടെയായി പാന്റിടാന്‍ മറന്നാലും ഇന്‍ഹേലറെടുക്കാന്‍ മറക്കുന്നുമില്ല.എന്തുജാതി മാരണമാണിത്!?
ഇവ്വിധം പലജാതി ചിന്തകളുടെ സ്വാധീനത്താല്‍ കൈവെള്ളയിലിരുന്ന അമൃതാഞ്ജനത്തിന്റെ ഇന്‍ഹേലര്‍ വലിച്ചൊരേറു കൊടുത്തു ഞാന്‍ വണ്ടിയിലേയ്ക്കു കയറി.കയറി ഇരുന്നതിനു ശേഷമാണ് ഏറിന്റെ ഫിസിക്സ് തെറ്റി ഇന്‍ഹേലര്‍ വെള്ളിനക്ഷത്രം പോലെ എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ വഴിയില്‍ തന്നെ വീണുകിടപ്പുണ്ടെന്ന നഗ്ന,ക്രൂരസത്യം ഞാന്‍ അറിയുന്നത്.ഒന്നിറങ്ങാനുള്ള മടി കൊണ്ട് ദുശീലത്തെ വഴിയില്‍ ഉപേക്ഷിച്ച് ഞാന്‍ വണ്ടിയുരുട്ടി നീങ്ങി.
"ഇതെന്നതാടീ ആ ചെറക്കന്‍ വലിച്ചെറിഞ്ഞേച്ച് പോയേക്കുന്നത്?"
"അതീ മൂക്കീ വലിക്കുന്ന സാധനമല്ലേ?അല്ലാ ഇതത്ര പഴഞ്ചനല്ലല്ലോ!പത്തമ്പതു രൂപയുടെ സാധനമൊക്കെ വെറുതെ വഴീലെറിഞ്ഞു കളയുമോ?അതിനെന്താ തലക്കു വല്ല ചൂടുമുള്ളതാണോ?"
"അവനെവിടുത്തെയാ?വണ്ടി നല്ല കണ്ടുപരിചയമുണ്ടല്ലോ?"
"അത് ..വീട്ടിലെ ഡാഷേട്ടന്റെ മോനല്ലേ!"
"ആ!അങ്ങിനെ വരട്ടെ.അങ്ങേരുടെ കല്ല്യാണം കഴിപ്പിക്കാത്ത ഒരു പെങ്ങക്കു തലക്കു നല്ല ഓളമല്ലാരുന്നോ!ഒരുപാടു കാലം ചികിത്സേലാരുന്നു.തളമൊക്കെ വെച്ച്!"
"എന്നാലുമീ ചെക്കനീ ചെറുപ്രായത്തിലേ!കണ്ടാ പറയത്തില്ലല്ലേ!?കഷ്ടം!എന്നിട്ടു വണ്ടീം കൊടുത്തു വിട്ടേക്കുന്നു!"
ശീലങ്ങളുപേക്ഷിക്കുമ്പോള്‍ ഒരുപാട് ശ്രദ്ധിക്കാനുണ്ട്!
No comments:
Post a Comment