ഒരിക്കല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള ഒരു സംഘം സസ്യശാസ്ത്രജ്ഞരും വഴികാട്ടിയും കൂടി ആമസോണ്‍ വനാന്തരത്തില്‍ ഒരു പര്യവേഷണത്തിന് പോയി.
എക്സപഡീഷനിടയില്‍ അവര്‍ തീര്‍ത്തും അപരിഷ്കൃതരായ ഒരുകൂട്ടം ആദിവാസികളുടെ കൈയ്യില്‍ അകപ്പെട്ടു.അവരോട് എങ്ങിനെ സംസാരിക്കണം എന്നതിനെപ്പറ്റി ആര്‍ക്കും ഒരു ധാരണയുമില്ല.
ഏതായാലും വലിയ ആഴിയും അതിനു കുറുകെ മരക്കമ്പുകള്‍ക്കൊണ്ടൊരു സ്റ്റാന്റും ഒക്കെ ഒരുക്കുന്നതു കണ്ട ശാസ്ത്രസംഘത്തിന് തങ്ങളെ ചുട്ടു തിന്നാന്‍ ആണ് ആദിവാസികളുടെ ഭാവം എന്ന കാര്യം വ്യക്തമായി മനസ്സിലായി.കാട്ടുവള്ളികളാല്‍
ബന്ധനത്തിലായ അവര്‍ക്ക് ഉറക്കെ കരയുകയല്ലാതെ വേറെ ഒരു വഴിയും മുന്നില്‍ തെളിഞ്ഞില്ല.
"ഓ,സംബഡി പ്ളീസ് സേവ് ഔവര്‍ സോള്‍സ്..എസ്.ഒ.എസ്..എസ്.ഒ.എസ്"എന്ന് ഇന്റര്‍നാഷണല്‍ അപായവാക്കു മുഴക്കി അവര്‍ കരഞ്ഞു.
ആദിവാസിക്കൂട്ടത്തിന്റെ പിറകില്‍ നിന്ന് രണ്ടു ചെറുപ്പക്കാര്‍ മുന്നോട്ടു വന്നു."ലേഡീസ് ആന്റ് ജന്റില്‍മെന്‍,നിങ്ങള്‍ പരിഭ്രാന്തരാകാതെയിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്"എന്ന് ചെറുപ്പക്കാര്‍ വൃത്തിയുള്ള ആക്സന്റില്‍ അവരോട് പറഞ്ഞു.
"ഓ ഗോഡ്,നിങ്ങള്‍ ഭംഗിയായി ഇംഗ്ളീഷ് സംസാരിക്കുന്നുവല്ലോ!"ശാസ്ത്രസംഘം ആവേശത്തിലായി.ഞങ്ങളുടെ രക്ഷകരിതാ!
"താങ്ക്യൂ!ഞങ്ങള്‍ മിഷിഗണ്‍ യൂണിവേഴ്സിറ്റി അലുമ്നികളാണ്"ആദിവാസിയുവാക്കള്‍ അഭിമാനം കൊണ്ടു.
"വൗ,ഇപ്പോഴാണ് ശ്വാസം നേരേ വീണത്.പരിഷ്കൃതരായ കുറച്ചുപേരെ കണ്ടല്ലോ!"ശാസ്ത്രജ്ഞരിലൊരാള്‍ പറഞ്ഞു.
"ഞങ്ങളെല്ലാവരും തന്നെ പരിഷ്കൃതരാണ് മിസ്റ്റര്‍.ഉദാഹരണത്തിന് നിങ്ങളെ ഇന്ന്
തീയില്‍ ചുട്ടതിനുശേഷം സ്പൂണും ഫോര്‍ക്കുമുപയോഗിച്ചേ ഞങ്ങള്‍ കഴിക്കൂ!"
ഇങ്ങിവിടെ കൊച്ചുകേരളത്തില്‍,ഒരു പൈലിച്ചേട്ടനുണ്ട്.ഏതോ ജീന്‍സിന്റെ പരസ്യത്തിലെന്നപോലെ ആള് റഫ് ആന്റ് ടഫ് ആണ്.ഇപ്പോളല്ല....ചെറുപ്പത്തിലേ അങ്ങിനെ തന്നെ.
അധികമാരും എടുക്കുന്നതോ കൊഞ്ചിക്കുന്നതോ ഇഷ്ടമല്ല,ഉമ്മ (ഈ ഉമ്മ മറ്റേ ഉമ്മ തന്നെ!സുക്കന്‍ ബര്‍ഗണ്ണോയ്,ധൈര്യമായി ചുവപ്പിച്ചോളൂ ട്ടോ!)വെക്കുന്നത് തീരെ ഇഷ്ടമില്ല,വാസനയുള്ള സോപ്പും പൗഡറുമിഷ്ടമില്ല.അല്‍പ്പം മുതിര്‍ന്നപ്പോള്‍ സോഫ്ടായി സംസാരിക്കുന്ന ആരേയും ഇഷ്ടമല്ല എന്ന നിലയില്‍ എത്തി.
കശാപ്പു കാരന്റെ തൊഴില്‍ സന്തോഷം പുറത്തു കാണിക്കാതെ ജീവിതവൃത്തിക്കായി അദ്ദേഹം തിരഞ്ഞെടുത്തു.
എപ്പോഴോ ഒരിക്കല്‍,ഒരു വിസ്മയകരമായ സംഭവത്തിലൂടെ പൈലിയാശാന്‍,തികഞ്ഞ ഈശ്വരവിശ്വാസിയും ഭക്തകാര്യങ്ങളില്‍ തത്പരനുമായി തീര്‍ന്നു.
ഉയിര്‍പ്പുതിരുനാളെത്തി.ആശാന്‍ വെള്ളയും വെള്ളയുമിട്ട് പളളിയുടെ മുന്നിലുണ്ട്.ഉത്ഥിതനായ കര്‍ത്താവിനെ ചുംബിക്കുന്നതിന്റെ പ്രതീകമായി ക്രൂശിതരൂപം ചുംബിക്കുന്ന ഒരു ചടങ്ങുണ്ട്.ന്യായമായും പള്ളിയുടെ മുന്നില്‍ നില്‍ക്കുന്ന മത്തായിച്ചേട്ടനൊക്കെ ആദ്യം തന്നെ ചുംബിക്കാനവസരം കിട്ടേണ്ടതാണ്.പക്ഷേ പിറകിലുള്ള മരത്തലയന്‍മാര്‍ ഇടിച്ചുകയറി കുരിശിരിക്കിക്കുന്നിടം ഒരു യുദ്ധക്കളമാക്കി മാറ്റി.പൈലിയാശാന്റെ ചുണ്ടിനും ക്രൂശിതരൂപത്തിനുമിടയില്‍ പല തവണ ചുംബനം മിസ്സായി.ആശാന്‍ സടകുടഞ്ഞെണീറ്റു.മൂന്നാലെണ്ണത്തിനെ വാരിയെടുത്ത് നിലത്തടിച്ചും തള്ളി മാറ്റിയും രൂപത്തിനടുത്തെത്തിയ ആശാന്‍ ഉറക്കെ വെല്ലുവിളിച്ചു"എന്നാലീ പുല്ല് മുത്താന്‍ പറ്റുവോ ന്ന് പൈലി ഒന്ന് നോക്കട്ടെ!"
ബുദ്ധമതത്തിന്റെ വലിയ പ്രചാരകനായ അശോകചക്രവര്‍ത്തിയെക്കുറിച്ച് കേട്ടിരിക്കുന്നത് അദ്ദേഹം അഹിംസ ഹിംസാത്മകമായി പ്രചരിപ്പിച്ചിരുന്ന ആളാണെന്നാണ്.ഒരു ഉറുമ്പിനെയെങ്കിലും തന്റെ ഏതെങ്കിലും പ്രജ ഹിംസിച്ചു എന്നറിഞ്ഞാല്‍ അവനെ ചക്രവര്‍ത്തിയോ കിങ്കരന്‍മാരോ തട്ടിക്കളയുമത്രെ!
ഹോളിവുഡില്‍ 'മെഷീന്‍ ഗണ്‍ പ്രീച്ചര്' എന്നൊരു സിനിമയുണ്ട്.ജീവചരിത്രം ഉണ്ട് എന്ന അര്‍ത്ഥത്തില്‍ 'ബേസ്ഡ് ഓണ്‍ എ ട്രൂ സ്റ്റോറി' എന്നെഴുതി കാട്ടിയാണ് സിനിമ തുടങ്ങുന്നത്.കുറ്റകൃത്യങ്ങള്‍ തൊഴിലാക്കിയ ഒരു ഗ്യാങ്ങിലെ പ്രധാനി മാനസാന്തരപ്പെട്ട് സുവിശേഷവേലയ്ക്കും പാവങ്ങളെ സഹായിക്കുന്നതിനുമായി ഇരുണ്ട ഭൂഖണ്ഡമെന്ന് കുപ്രസിദ്ധമായ ആഫ്രിക്കയിലേയ്ക്കു പോകുന്നതാണ് കഥാസാരം.മാനസാന്തരപ്പെട്ട പുതിയ ജീവിതത്തിലും അദ്ദേഹം ആഫ്രിക്കയിലെ പാവം കുട്ടികളെ ചൂഷണം ചെയ്യാനെത്തുന്നവരെ മെഷീന്‍ ഗണ്ണെടുത്ത് വേട്ടയാടുന്നുണ്ട്.പാവങ്ങളെ സഹായിക്കാന്‍ മടി കാണിക്കുന്നവരെ വിരട്ടുന്നുണ്ട്.
ഇൗ കഥകളും ചരിത്രങ്ങളുമൊക്കെ എന്നോട് ചോദിച്ചത് 'എന്താണ് ഈ അടിമുടിയുള്ള മാറ്റം,മാനസാന്തരം,നവോത്ഥാനം എന്നൊക്കെ പറഞ്ഞാല്‍ അര്‍ത്ഥമാക്കുന്നത് എന്നാണ്?'.അവിടെ പോയാല്‍ നന്നാകും,ഇതിനു ചേര്‍ന്നാല്‍ നന്നാകും എന്നൊക്കെ പറയുന്ന പലരും നമ്മുടെ നിത്യജീവിതത്തിലുണ്ടാവും
വസ്ത്രധാരണത്തിലും വൃത്തിയിലും വെടിപ്പിലും സര്‍വ്വോപരി സാമ്പത്തിക സ്ഥിതിയിലും മാറ്റം വരുമെന്നതിന് ദൃഷ്ടാന്തമുണ്ട്.അതിനപ്പുറം എന്ത് എന്ന് ഇതു വരെ വ്യക്തമല്ല!അതിനപ്പുറം എന്തെങ്കിലും സാധ്യമാകുമോ എന്നുമറിയില്ല.
No comments:
Post a Comment