Thursday, 7 November 2019

'എസ്' മാന്‍

ഗാന്ധിജിയുടെ കഥ ഒരു ഇംഗ്ളീഷുകാരന്‍ സിനിമയാക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഒരു  ശരാശരി ഹോളിവുഡ് സിനിമ പ്രേമി എന്തൊക്കെ സ്വപ്നം കണ്ടിട്ടുണ്ടാവണമല്ലേ!?

നാലഞ്ചു സീനുകള്‍ സിനിമയെന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിന്റെ ഡിസ്പ്ളേയില്‍ തെളിഞ്ഞു കഴിഞ്ഞു.

ഉദാഹരണത്തിന് നായകന്‍ ജെന്റില്‍മാനായി കാറോടിച്ചുകൊണ്ടിരിക്കുമ്പോള്‍ പിറകിലുള്ള ഞാറുവാലി പെണ്ണ് നമുക്ക് കമ്പനി ഉണ്ട് അഥവാ പിന്‍തുടരാന്‍ ആളുണ്ട് എന്നു ബലം  പിടിച്ച് പറയുന്നു.നായകന്‍ കണ്ണാടിയിലൂടെ നോക്കി കാര്യം ഉറപ്പിക്കുന്നു.പിന്തുടരുന്നവര്‍ തോക്കെടുത്ത് വെടി വെക്കാനൊരുമ്പെടുമ്പോഴോ ഒന്നു രണ്ടു വെടി കാറില്‍ തട്ടി മിസ്സാകുമ്പോഴോ നായകന്‍ ആക്സിലറേറ്റര്‍ ആഞ്ഞു ചവിട്ടി സ്റ്റിയറിങ്ങ് വീല്‍ തവണക്കടവ് ബോട്ടു ജെട്ടിയിലെ നൗകയുടെ വീലെന്നപോലെ വട്ടം കറക്കുന്നു.

ഇടി കൂടി കഴിഞ്ഞ് തോറ്റവന്  മൂക്കിലെ ചോര തുടച്ചുകളയാന്‍ ജയിച്ചവന്‍ തൂവാല എറിഞ്ഞിട്ടു കൊടുക്കുന്നു.അടുത്ത ഇടിയില്‍ ആദ്യം ജയിച്ചവനെ ഇടിച്ച് തോല്‍പ്പിച്ച് തൂവാല തിരിച്ച് കൊടുക്കുന്നു.

കുറ്റകൃത്യം നടന്ന സ്ഥലത്ത് ലോക്കല്‍ പോലീസ് വര്‍ത്തമാനം പറഞ്ഞു നില്‍ക്കുമ്പോള്‍ വാണിങ്ങ് ടേപ്പ് അതിരുകളൊക്കെ പൊട്ടിച്ച് കയറി വരുന്ന സ്പെഷ്യല്‍ ഏജന്റ് വിവരങ്ങളൊക്കെ ശേഖരിച്ച് ലോക്കല്‍ പോലീസിന്റെ കാപ്പിയും വാങ്ങി കുടിച്ച് കാപ്പിക്ക് (മാത്രം)നന്ദി,നിന്നെയൊന്നും വേറൊരു പണിക്കും കൊള്ളില്ല എന്ന അര്‍ത്ഥത്തില്‍ കളിയാക്കിയിട്ട് പോകുന്നു.

മേല്‍പ്പറഞ്ഞ  സീനുകളൊന്നും ഇല്ലെങ്കിലും ആത്മസംഘര്‍ഷത്തിന്റെ ഒരു സൈക്കളോജിക്കല്‍ സീന്‍ കൂടിയേ തീരൂ.സത്യം,അഹിംസ,സമാധാനം എന്നിങ്ങനെയുള്ള വകുപ്പുകളുമായി പുറത്തിറങ്ങുന്ന നായകനെ എതിരാളികളും കൂടെയുള്ളവരും 'അര്‍ദ്ധനഗ്നനായ ഫക്കീര്'‍,'ചതുര്‍ ബനിയാന്‍'(കൗശലക്കാരനായ വ്യാപാരി),പെമ്പിള്ളേരുടെ തോളേല്‍ കയ്യിട്ടു മാത്രം നടക്കുന്നവന്‍ എന്നൊക്കെ പറഞ്ഞു അടപടലം ആക്രമിച്ച് തളര്‍ത്തുന്നു.ഉറക്കം നഷ്ടപ്പെട്ട നായകന്‍ കിടപ്പറയിലെ മേശയ്ക്കു പിറകിലെ രണ്ടാള്‍ പൊക്കമുള്ള കണ്ണാടിയില്‍ നോക്കി പ്രതിബിംബത്തോട് സംസാരിക്കണം.'എന്താണ് ഞാന്‍?' സ്ഥിരം അസ്ഥിത്വപ്രശ്നം.കളിയാക്കല്‍ ശബ്ദങ്ങള്‍ ഉച്ചസ്ഥായിയില്‍ ആകുന്ന വേളയില്‍ അദ്ദേഹം തലവഴി ഒരു മുഖംമൂടി ഇട്ട്,എസ് എന്ന് വലിയ അക്ഷരത്തില്‍ നെഞ്ചത്തെഴുതിയ ഒരു സ്കിന്‍ ടൈറ്റ് കുപ്പായം ധരിച്ച്(എസ് ഫോര്‍ സത്യാഗ്രഹ)നിക്കറെടുത്ത് പുറത്തുമിട്ട് പോയി ശത്രുക്കളെയെല്ലാം ഇടിച്ചു പരത്തി മരക്കൊമ്പിലും കൊടിമരത്തിലുമൊക്കെ ഉണങ്ങാന്‍ ഇടുന്ന ഒരു രംഗത്തോടെ സിനിമ ചൂടുപിടിക്കണം.

ഇംഗ്ളീഷുകാരന്റെ ഗാന്ധി സിനിമയെക്കുറിച്ചുള്ള ഈ സങ്കല്‍പ്പങ്ങളൊന്നും പൂവണിഞ്ഞില്ല എന്നതാണ് സത്യം.

No comments:

Post a Comment