Wednesday, 20 November 2019

ചാട്ടത്തില്‍ പിഴച്ചത്

"ങ്ങ് ഹാ,ഉണ്ണീ..നിയ്യ് അനുസരണക്കേട് കാട്ട്വാ?ങ്ങാ...ഈര്‍ക്കലെട്ക്കണോ അപ്പ??ങ്ങ് ഹാ..."അയാളുടെ ക്ഷീണിച്ച 'ങ് ഹാ' ഞരക്കങ്ങള്‍ ഒരു തേങ്ങലായി അവിടെയെങ്ങും നിറയുന്നതുപോലെ...

വര്‍ത്തമാനകാലം മങ്ങിയ അയാളുടെ ബോധമണ്ഡലത്തിലിപ്പോള്‍ കുഞ്ഞു മകനെ 
അതീവസ്നേഹത്തോടെ ശാസിക്കുന്ന ഏതോ ഗതകാലസ്മരണകളാവണം ചലനമുണ്ടാക്കുന്നത്.

""ഏയ്ന ഹാദാ ഹറാമി?(എവിടെയാണ് ആ തന്തയില്ലാത്തവന്‍)"അയാളെ പൂട്ടിയിട്ടിരിക്കുന്ന അഴികളുള്ള ആ പഴയ,ഈര്‍പ്പത്തിന്റെയും പൂപ്പലിന്റെയും മടുപ്പിക്കുന്ന ഗന്ധമുള്ള മുറിയ്ക്ക് മുന്നിലേയ്ക്ക് ബഹളവുമായി എത്തുകയാണ് ക്രൂരഭാവമുള്ള  രണ്ട് ഈജിപ്ഷ്യന്‍മാര്.

‍ഇവിടം ആഘോഷങ്ങളുടെ മാത്രം നഗരമാണല്ലോ!കളിച്ചു തിമിര്‍ക്കുന്ന ഒരുപറ്റം വാനരന്‍മാരുടെ മരം.ഇവിടെ ചാട്ടത്തില്‍ പിഴച്ചവന് വേദന മാത്രം.അനുതാപമില്ല,ദയയില്ല,ഒരല്‍പ്പം ഏകാന്തതയുടേയോ മൗനത്തിന്റെയോ സൗജന്യം പോലും കൊടുക്കുകയുമില്ല.

എവിടെയ്ക്കോ നോക്കി വീണ്ടും അവ്യക്തമായി കുഞ്ഞിനെ വാത്സല്യത്തോടെ ശകാരിക്കുന്ന അയാളെ ശാപവാക്കുകള്‍ കൊണ്ട് മൂടി അഴികള്‍ക്കിടയിലൂടെ കാര്‍പ്പിച്ച് തുപ്പുന്നതു കണ്ടപ്പോള്‍ സഹിച്ചില്ല.

"വൈ മൈ ഫ്രണ്ട്?ഷുഡിന്റ് വീ റ്റേക്ക് ഹിം റ്റു ദ ഡോക്ടര്?"

"‍ഡോക്തൂറ!വൈ ഡോക്തൂറ?ഹീ ഈസ് നമ്പര്‍ വഹന്‍ ഹരാമി യു നോ?ആള്‍ ദീസ് ആക്ടിങ്ങ്..ആക്ടിങ്ങ്!"ഇതിലാര്‍ക്കാണ് മനോനില തെറ്റിയതെന്ന് മനസ്സിലാവുന്നില്ല-ആ വലിയ ലേബര്‍ ക്യാമ്പിലെ മൗനിയും സാധുവുമായിരുന്ന പാവം മലയാളിക്കോ അയാളെ കാര്‍പ്പിച്ചു തുപ്പുന്ന ഈജിപ്ഷ്യനോ?

"അറബാബ്,വീ ഡോന്റ് നോ ഹൗ ദീസ് സ്റ്റാര്‍ട്സ് ആന്റ് വാട്ട് ഓള്‍ ആര്‍ ദ സിംപ്റ്റംമ്സ്,നോ?സോ പ്ളീസ്.."അപേക്ഷിക്കാതിരിക്കാനാവില്ലല്ലോ!

"തും ഫീ മല്‍ബാറി?"ഈജിപ്ഷ്യന്‍ പരിഹാസസ്വരത്തില്‍ ചോദിച്ചു,നീയും മലയാളിയാണോ? 

"ഇറ്റ് ഈസ് നോട്ട് ദാറ്റ് വീ ബോത് ആര്‍ ഫ്രം സെയിം പ്ളേസ് അറബാബ്.ഹീ ഈസ് സിക്ക് ആന്റ് ബാഡ്ലി ഇന്‍ നീഡ് ഓഫ് ട്രീറ്റ്മെന്റ്!" 

"ത്രീത്മെന്ത് ആദാ നമൂന.."കൂടെ വന്ന ഈജിപ്ഷ്യന്‍ അരക്കെട്ട് ഉയര്‍ത്തിയും താഴ്തത്തിയും അശ്ലീല ആഗ്യം കാട്ടി ഇതുപോലുള്ള ട്രീറ്റുമെന്റാണോ വേണ്ടത് എന്നു അപഹസിച്ചു.

"വാട്ട് മൈ ഫ്രണ്ട്?വീ ഓള്‍ ആര്‍ ഹ്യൂമന്‍സ്,നോ?"

"യെ ഫീ പാഗല്‍,തും ഫീ പാഗല്‍..പൂരാ മല്‍ബാറി പാഗല്‍"നിങ്ങള്‍ മലയാളികളെല്ലാം വട്ടന്‍മാരാണെന്നു പറഞ്ഞു അയാള്‍ അനിഷ്ടം ഒതുക്കി തുടര്‍ന്നു"മൈ ഫ്രണ്ട്,ഹീ കം അവര്‍ റൂം ഫോര്‍ സ്റ്റീല്‍.ഓള്‍ ദീസ് ആക്ടിങ്ങ് ആക്ടിങ്ങ്.യു അണ്ടര്‍സ്റ്റാന്റ്?" അറബികള്‍ താമസിക്കുന്ന മുറിയില്‍ കയറിയതിനാണ് നേരത്തേ ഇവന്റെ കൂട്ടുകാരായ മറ്റുള്ളവര്‍ ഇയാളെ വലിച്ചിഴച്ച് പൂട്ടിയതും തുപ്പിയതും വരുന്നവരെയെല്ലാം പറഞ്ഞിളക്കി ഉപദ്രവിക്കാന്‍ വിടുന്നതും.

ഇവരോടെന്തു പറയണമെന്നറിയില്ല.ഭാഷയും അത്രയ്ക്കു വശമില്ലല്ലോ!

"ല കദ് ഷര ബാബുവല്‍ഹി അറബാബ്(അവന്‍ സ്വന്തം മൂത്രം കുടിച്ചു സര്)"‍മനസ്സലിവും ഭാഷാപ്രാവീണ്യവുമുള്ളൊരാള്‍ സഹായത്തിനെത്തി.

ആരെങ്കിലുമൊക്കെ സംസാരിച്ചു തുടങ്ങിയാല്‍ മറ്റാരെങ്കിലും സഹായത്തിനെത്തും.മനുഷ്യര്‍ അത്ര മോശക്കാരല്ല.

ഈജിപ്ഷ്യന്‍മാര്‍ ഇച്ഛാഭംഗത്തോടെ പിന്‍വാങ്ങി.

പാവം ഒരാള്‍ പൊന്നുമകന്‍ ഉണ്ണിയോടും അഴിക്കുപിറകിലെ തണുപ്പിനോടും മല്ലടിച്ച്  ഏങ്ങലടി പോലെ 'ങ് ഹാ' മൂളലുകളുമായി അങ്ങിനെ...വേറേതെങ്കിലുമൊരു ലോകം അയാളെ അല്‍പ്പം കരുണയാല്‍ പുതപ്പിക്കട്ടെ!

No comments:

Post a Comment