Thursday, 21 November 2019

എന്‍കൗണ്ടേഴ്സ്

മുത്തുപ്പാണ്ടിയുടെ കരിയര്‍ ആരംഭിച്ചത് സൗദിയയിലാണ്-കിങ്ങ്ഡം ഓഫ് സൗദി അറേബ്യ.

അതുവരെ പണ്ണിയതെല്ലാം വെറും വേലൈ.

രണ്ടാമത്തെ ശമ്പളത്തിന്റെ വിഹിതം നാട്ടിലേയ്ക്കയക്കാന്‍ മണി എക്സ്ചേഞ്ചില്‍ പോയപ്പോഴാണ് പോലീസ് റുട്ടീന്‍ ചെക്കിങ്ങിനായി പൊക്കുന്നത്.

"(വെ)ഏയ്ന്‍ ഇഖാമ?"ഇഖാമ എന്ന പൗരന്‍മാര്‍ക്കും വിദേശികള്‍ക്കുമുളള തിരിച്ചറിയല്‍ കാര്‍ഡ് എവിടെ എന്നതാണ് പോലീസിന്റെ ചോദ്യം.

"അക്കാ,അമ്മായെല്ലാരും ഊര്ല്‍ താന്‍ ഇരിക്കറുത് സാാര്‍.ഇങ്കെ നാന്‍ മട്ടും താന്‍"
അതങ്ങിനെ കഴിഞ്ഞു.

കാലം കടന്നുപോയി.മുത്തുപ്പാണ്ടിയുടെ വിശ്രമജീവിതകാലഘട്ടമായി.

മകളും മുറൈമാമനുമുള്ള യു.എസ് ലാണ് മുത്തുപ്പാണ്ടിയിപ്പോള്‍!

അതിരാവിലെ ഉണരുക,ഉണര്‍ന്നാല്‍ ഉടന്‍ തൊടിയിലൊന്ന് ഉലാത്തുക,ഉലാത്തുംവഴി തെറുപ്പുബീഡിയൊന്ന് പുകയ്ക്കുക ഇവയെല്ലാം വളരെ വര്‍ഷങ്ങളായുള്ള റുട്ടീന്‍.അങ്ങിനെ വീടിനുമുന്‍പിലെ ഫുട്പാത്തില്‍ തെറുപ്പുബീഡി പുകച്ചു നിന്നപ്പോളാണ് പോലീസ് വാഹനം മിണ്ടാതെ വന്നു നിര്‍ത്തിയത്.

"സര്‍,ദിസ് ഈസ് എ സ്ട്രിക്റ്റ്ലി നോ സ്മോക്കിങ്ങ് ഏരിയ"പോലീസുകാരന്‍.

"വൈ നോ സ്മോക്കിങ്ങ്.മൈ വീട്.മീനിങ്ങ് മരുമഹന്‍ വീട്.മരുമഹന്‍ കോര്‍ട്ട്യയാഡ്!"മുത്തുപ്പാണ്ടി മറച്ചുപിടിച്ച തെറുപ്പുബീഡി കൈയ്യിലുയര്‍ത്തി വിശദീകരിക്കാനാരംഭിച്ചു.

"പാഡണ്‍ മീ സര്‍.യു ര്‍ ഹാവിങ്ങ് എ വീഡ്?വുഡ്യു ഷോ മീ ദ സിഗാര്‍,സര്?"
‍ഈ അമേരിക്കനിംഗ്ളീഷ് ഒരക്ഷരം മനസ്സിലാവില്ലെങ്കിലും ആളുകളൊക്കെ മാന്യന്‍മാരാണെന്നും വിശദീകരണത്തിന് വകുപ്പുണ്ടെന്നും പാണ്ടിയ്ക്ക് തോന്നി.

"യാ യാ.മൈ മരുമഹന്‍ വീട്.മൈ ആക്ച്വലി വീട് തെങ്കാശി.ഇന്ത്യ,ഇന്ത്യ."

"ആള്‍റൈറ്റ്.സ്വോ ദിസ് ഈസീാന്‍ ഇന്തിയന്‍ വീഡ് യുഹാവ് ഹാഡ് നൗ.ഐ മസ്റ്റ് സേ യൂ ഗയ്സാര്‍ ആവ്ഫുള്ളി കോപ്പറേറ്റീവ്.വെല്‍,ഐ ഹാവ് മൈ കണ്‍ഫെഷന്‍ ഓള്‍സോ റെഡി.പ്ളീസ് പുട്ട് യുവര്‍ ഹാന്റ്സ് ബിഹൈന്റ് യുവര്‍ ബാക്ക്..യേഹ് ,ബോത് ഹാന്റ്സ്.യു ഹാവ് എ റൈറ്റ് റ്റു റിമൈന്‍ സൈലന്റ്"


വാല്‍ക്കഷണം:അമേരിക്കന്‍ മാവുകൊണ്ട് കൊഴുക്കട്ടയുണ്ടാക്കിത്തിന്ന പരിചയമേ  എഴുത്തുകാരന് യു.എസ്.എ.യുമായി ഉള്ളൂ.അവിടെ താമസിക്കുന്നവരും പോയിട്ടുള്ളവരും ആക്സന്റിലും സിറ്റുവേഷനുകളിലുമുള്ള ബ്ളണ്ടറുകള്‍ ദയവായി ക്ഷമിക്കുക.

സൗദിയിലെ ചിന്ന കഥ എവിടെയോ വായിച്ചു മറന്നതും യു.എസിലെ സംഭവബഹുലമായ കഥ മ്മടെ കുരുട്ടുബുദ്ധിയില്‍ ഭാവനാ രാധാകൃഷ്ണന്‍ വര്‍ക്കു ചെയ്തുണ്ടായതുമാണ്. 

No comments:

Post a Comment