ജീവിതത്തെക്കുറിച്ചാണ് ഏറിയ സ്വപ്നങ്ങളും!പൊട്ടിയതും പൊലിഞ്ഞതും പൊലിച്ചതുമായ സ്വപ്നങ്ങളുടെ ഇടയില്‍ സംഭവിച്ചതാണ് ജീവിതമെന്നും പറയാം.
എല്ലാ സ്വപ്നത്തിനും ഒരു പശ്ചാത്തലം വേണമല്ലോ!
മരണം ഒരു ആശുപത്രിയിലായാല്‍ അത് ഉത്കണ്ഠകളുടേയും ആശങ്കകളുടേയുമൊക്കെ നടുവിലായിരിക്കും.മരണം പോര്‍ക്കളത്തിലെവിടെയെങ്കിലുമായാല്‍ അവിടെ മദമാത്സര്യങ്ങളുടെ കൊഴുത്ത നിറങ്ങളുണ്ടാവും.
അതൊന്നും വേണ്ട.
മരണം ഒരു മഴക്കാട്ടിലാവട്ടെ!ഉരുളന്‍ കല്ലുകളില്‍ കിലുങ്ങിച്ചിരിക്കുന്ന കാട്ടരുവിയുടെ തീരത്ത്..നൂറ്റാണ്ടുകളായി
തപസ്സുചെയ്യുന്ന വന്‍മരത്തിന്റെ ചുവട്ടില്‍...
അവിടെയും ആശങ്കകളുണ്ടാവുമായിരിക്കും.മോഹഭ്രംശങ്ങളെക്കുറിച്ചുള്ള സ്മരണകളുമുണ്ടായേക്കാം!
പരീക്ഷത്തലേന്ന് (കൃത്യമായി പറഞ്ഞാല്‍ പരീക്ഷദിവസം വെളുപ്പിന്)ഇനിയെന്തുവന്നാലും പഠിച്ചതു മതി എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് അടയാളം വെക്കാതെ പുസ്തകം മടക്കി പുതപ്പിനടിയില്‍ കയറും പോലെ എല്ലാം മാറ്റിവെച്ച് മരിക്കണം.
പുഴുക്കള്‍ക്കൊരു വിരുന്നു കൊടുക്കണം.പുഴുക്കള്‍ മോശക്കാരല്ല;അവ ശലഭങ്ങളുടെ പൊന്‍മക്കളാണ്.
വിഘടനപ്രക്രിയയ്ക്കു വിധേയമാകുന്ന ഒരു ഉണക്കമരം പോലെ മഷിത്തണ്ടു ചെടികളും പലനിറവും വലിപ്പവുമുള്ള കൂണുകളും നിറഞ്ഞു കുറച്ചുകാലം.ഉണങ്ങി വരണ്ടും മഞ്ഞില്‍ മരവിച്ചുമൊന്നും മരിച്ചു കിടക്കുന്നതില്‍ പോലും രസമില്ല.
അടുത്ത മഴക്കാലത്ത് പൊടിയാറായ അസ്ഥികള്‍ വെള്ളമെടുത്ത് വെള്ളാരം കല്ലുകളില്‍ ഉരച്ചുരച്ച് അങ്ങിനെ അങ്ങിനെ പ്രപഞ്ചത്തിലലിയണം.
Enikkum koode marikkanam
ReplyDelete