"എത്താ ചേട്ടത്ത്യേ,ങള് കാര്‍ണിബാളു കൂടാന്‍ പോയീല?"
"അതെന്തു സംഗതിയാണുമ്മാ?!"കാര്‍ണിബാളെന്താണെന്നു ചേട്ടത്തിക്കു മനസ്സിലായില്ല.
"അഃ ഹഃ,ജ്ജ് അമ്മേനോട് പറഞ്ഞു കൊടുത്തീല ണ്ണ്യേ കാര്‍ണീബളെന്താന്ന്?"അയല്‍പക്കത്തെ സ്നേഹമയിയായ ഉമ്മയുടെ ചോദ്യം എന്നോടായി.
ഒന്നും മിണ്ടാതെ നിന്നതേ ഉള്ളൂ.നാടകം,സര്‍ക്കസ്,കാര്‍ണിവല്‍ സ്കീമുകളൊന്നും അമ്മച്ചിയുടെ അടുത്ത് ചിലവായ ഓര്‍മ്മയേ ഇല്ല.അമ്മച്ചി പോകാന്‍ മനസ്സായിട്ടു നില്‍ക്കുവാണെങ്കിലും ഞാന്‍ ചോദിച്ചാല്‍ വേണ്ടെന്ന് പറഞ്ഞേക്കും.അതാണ് അനുഭവം.നിഷേധത്തിലൂടെയല്ലേ ബഹുമാനം വളരൂ.ഇതുകൊണ്ടൊക്കെയാണ് സ്കൂളിലെ പ്രധാനസംസാരവിഷയമായ ആ ചെറിയ കാര്‍ണിവലിന്റെ കിസ്സ വീട്ടിലവതരിപ്പിക്കാതിരുന്നത്.
"ങള് അമ്മേം മോനും മിയിച്ച് നിക്കാണ്ട് ഇന്ന് ഞമ്മളെ കൂടെയങ്ങ് പോന്നാളീ!"ഉമ്മ വിടുന്നില്ല.
ഉമ്മ തോറ്റു മടങ്ങരുതേ എന്ന മധ്യസ്ഥപ്രാര്‍ത്ഥനയുമായി ഞാനുമുണ്ട്.വാഴ്ത്തപ്പെട്ട ഉമ്മേ!
"അതിപ്പോ പപ്പാനോട് ചോദിക്കാതെങ്ങിനെയാണുമ്മാ?!"അമ്മച്ചി.
"ഓന്‍ അയിന്റെ മുന്നീത്തന്നെ കാണും.ബിടാതെ ഏടെ പോകാന്‍?!"ഉമ്മയ്ക്കുറപ്പാണ്.
"ടിക്കറ്റിനൊക്കെ ഒരുപാട് കാശാവുവോ ഉമ്മാ?"അമ്മച്ചി അവസാന ഉടക്കും വെച്ചും.
"ഇജ്ജ് ത്താന്റോളെ?ടിക്കറ്റോന്നും ബേണ്ടാടോ!ഓരു തൊപ്പീം കൊണ്ടു ബരുമ്പോ എന്തേലും കായി അയിലിട്ടാ മതി!"
"അപ്പോ വൈകീട്ടു കാണാമുമ്മാ!"അമ്മച്ചി ഫ്ളാറ്റ്.വാഴ്ത്തപ്പെട്ട ഉമ്മയ്ക്ക് ഞാന്‍ മനസ്സുകൊണ്ട് മെഴുകുതിരി കത്തിച്ചു.
അപ്പനും അമ്മയുമുണ്ട് കൂടെ ഇടത്തുവശത്തായി.വലത്തു വശത്ത് ലേശം ഇംഗ്ളീഷൊക്കെ അറിയാവുന്ന രണ്ടു കോളേജ് കുമാരന്‍മാരാണ്.സിമ്പ്ളപ്പന്‍മാര്‍.കുമാരിമാരേപ്പോലെ അവരെപ്പോഴും തമ്മില്‍ തമ്മില്‍ കുശുകുശുത്തുകൊണ്ടേയിരുന്നു.അപ്പനുമമ്മയും ആരോ ക്ഷണിക്കാന്‍ മറന്നുപോയ രണ്ട് വിശിഷ്ടാഥിതികളുടെ ആറ്റിറ്റ്യൂഡിലാണ്.
"തിരുവതാംകൂറിലെ ഒരു കപ്പേളപ്പെരുന്നാളിന്റെ വാലേക്കെട്ടാന്‍ കൊള്ളുവോ ഇവിടുത്തെ കാര്‍ണിവല്‍"അപ്പന്‍ വീരവാദമടിച്ചു.
"അതു നേരു തന്നെയാ!"അമ്മച്ചിയും പിന്തുണച്ചു.
"എന്നാപ്പിന്നവിടെ നിന്നാ പോരാരുന്നോ?എന്തിനീ നാടിനു ഭാരമായി ഇങ്ങോട്ടു പോന്നു?"ഞാന്‍ മനസ്സുകൊണ്ട് ഉറക്കെപ്പറഞ്ഞു.
കാര്‍ണിവലുകാര്‍ ആള്‍ക്കൂട്ടം ഒരുവിധമായെന്നറിഞ്ഞപ്പോള്‍ മൈക്കിന്റെ തൊണ്ട ശരിയാക്കിത്തുടങ്ങി.അവര്‍ ഒരു വലിയ കുടുംബമാണെന്ന് തോന്നുന്നു.രൂപസാദൃശ്യമുണ്ട്.
തലേന്നു വരെയുള്ള സഹകരണത്തിന് നന്ദി പറഞ്ഞു കൊണ്ടും കലാകാരന്‍മാരേയും എഴുത്തുകാരേയും മറ്റ് സാങ്കേതികസഹായികളേയും പരിചയപ്പെടുത്തിക്കൊണ്ട് ആ രാത്രി തുടങ്ങി.പാട്ടു പാടി.തരക്കേടില്ല.
ബ്രേക്ക് ഡാന്‍സാണ് അടുത്തത്.
"ഇവനെന്താണീ പുഴു കെടന്നെഴയുന്ന പോലെ നിലത്തു കെടന്നു കാട്ടുന്നേ?!"അമ്മച്ചിക്കു ബ്രേക്കുഡാന്‍സിന്റെ സ്റ്റെപ്പ് ബോധിച്ചില്ല.
"കാര്‍ന്നോമ്മാര്‍ക്കൊന്നും ഇതിന്റെ അര്‍ത്ഥം മനസ്സിലാകത്തില്ല.ഗ്ളാസ്സ് നീക്കുന്നു.കയറു വലിക്കുന്നു.വേവ് കാട്ടുന്നു.എന്നാ സ്റ്റെപ്പ്സാണല്ലേ!?"വലത്തു വശത്തെ കോളേജ് കുമാരന്‍മാരാണ്.
ഞാനിതിന് നടുക്ക് ജനറേഷന്‍ ഗ്യാപ്പിന്റെ ദൃക്സാക്ഷിപോലെ.
ഹാസ്യനാടകമുണ്ട്.കല്യാണം കഴിക്കാന്‍ അടങ്ങാത്ത പൂതിയുമായി നടക്കുന്ന ഒരു ലോലന്‍ പള്ളീലച്ചനെ കണ്ടു മുട്ടുന്നു.പെണ്ണു കെട്ടാന്‍ നിനക്കെന്നാടാ യോഗ്യതാ ന്ന് അച്ചന്‍ ചോദിക്കുമ്പോള്‍ നാടകത്തിലെ ലോലന്‍ പോക്കറ്റില്‍ നിന്നൊരു താലി മാല എടുത്തു കാട്ടുന്നു"അച്ചാ,ഇതിപ്പരം എന്നാ യോഗ്യത വേണം.മാല എപ്പൊഴും റെഡി.മാല 24 കാരറ്റാണ്.ഒന്നര പകലും ബാക്കി രാത്രിയും!"ആളുകള്‍ ചിരിച്ചു.ഒന്നര പവന്‍ എന്നത് അവര്‍ തമാശയാക്കിയതാണ്.
"ഓ സൂപ്പറ് കോമഡി!കണ്ട 'മ' മാസികകളില്‍ വരുന്നതിന് ഇതിലും സ്റ്റാന്‍ഡേഡുണ്ട്.!"അപ്പന്‍ വിമര്‍ശിച്ചു.
"ശരിയാ"അമ്മച്ചി പിന്‍താങ്ങി.
തിരുവിതാംകൂര്‍ മലബാര്‍ കമ്പാരിസണുണ്ടായില്ല.ഭാഗ്യമെന്ന് ഞാനും ചിന്തിച്ചു.
മാജിക്കുണ്ടായിരുന്നു.ജ്യൂസ് ഗ്ളാസ്സുകള്‍ തനിയെ കാലിയാവുന്നു.
അടുത്തതാണ് ഷോയുടെ മെയിന്‍ അട്രാക്ഷന്‍.തലമുടികൊണ്ട് കെട്ടി ജീപ്പ് വലിച്ചു നീക്കുന്ന യുവതി.
"വണ്ടി നൂട്ടറായിരിക്കുമല്ലേ!?"വലത്തുവശത്തെ കോളേജുകുമാരന്‍മാര്.
അതെന്താണാവോ നൂട്ടര്‍?നൂട്ടറില്‍ വലിക്കാന്‍ എളുപ്പമാണെന്നാണോ പാടാണെന്നാണോ?ഒരു പിടിയുമില്ല.ആരോടും ചോദിക്കാനുള്ള ധൈര്യവുമില്ല.
എന്തായാലും യുവതി ജീപ്പ് കുറച്ചധികം ദൂരം വലിച്ചു.കരഘോഷങ്ങള്‍ നിര്‍ത്താതെ മുഴങ്ങി.ചേച്ചിയുടെ നെറ്റിത്തടം തിരുമ്മി കൊടുക്കുകയാണ് കൂടെയുള്ളവര്‍.ഈ ആവേശ സഹതാപ തരംഗങ്ങളുടെ ആനുകൂല്യം മുതലെടുക്കാന്‍ ഒരാള്‍ തൊപ്പിയുമായി വന്നു.
"ഇതിട്രാ"അമ്മയൊരു പത്തുരൂപ ചുരുട്ടി കൈയ്യില്‍ തന്നു.വളരെ സന്തോഷത്തൊടെ തന്നെ പണം തൊപ്പിയില്‍ നിക്ഷേപിച്ചു.കാര്‍ണിവല്‍ രാത്രി തീരുകയാണ്.
No comments:
Post a Comment