Thursday, 17 October 2019

സ്യൂഡോ സയന്റിസ്റ്റ്

സ്യൂഡോ എന്നൊക്കെ എന്ത് അടിസ്ഥാനത്തിലാണ് എന്റെ സയന്‍സിനെ അസൂയക്കാര്‍ വിളിക്കുന്നത് എന്നറിയില്ല.

ഈ വിമര്‍ശിക്കുന്നവരുടെ സയന്‍സിന്റെ വിശേഷം പറഞ്ഞാലോ?!അവരുടെ കണ്ടെത്തലുകള്‍ എപ്പോഴും മാറുന്നതാണ്(Ever-changing).

അതായത് ഒരു സയന്റിസ്റ്റിനോട് സമയം ചോദിച്ചാല്‍ നാലു മണി എന്നു പറഞ്ഞതിനുശേഷം ഒരു സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷന്‍ ലൈസന്‍സ് എഗ്രീമെന്റോളം സങ്കീര്‍ണ്ണമായ നിബന്ധനകള്‍ അദ്ദേഹത്തിന് പറയേണ്ടി വരും-വാച്ച് ഇങ്ങനെയാണെങ്കില്‍,കാലാവസ്ഥ അങ്ങിനെയാണെങ്കില്‍ എന്നൊക്കെ.

എന്ന് നിങ്ങളുടെ സയന്‍സ് മാറ്റമില്ലാത്ത ഒരു ഉത്തരത്തില്‍ എത്തി നില്‍ക്കും എന്നു ചോദിച്ചാല്‍ ചവണ തിരിച്ചിട്ടപോലൊരു സ്ഥിരം ഇന്‍ഫിനിറ്റി ചിഹ്നം കാല്‍വിരല്‍ കൊണ്ട് വ്രീളാവിവശനായി വരയ്ക്കയും ചെയ്യും.

അത്തരം ആളുകളുടെ വിമര്‍ശനത്തെ എന്തിന് മുഖവിലയ്ക്ക് എടുക്കണം?

എന്റെ സയന്‍സിനും ആധികാരികതയുണ്ട്.

ഓ!എന്റെ സയന്‍സ് എന്റെ സയന്‍സെന്നു പറയുന്നതല്ലാതെ വിഷയം പറഞ്ഞില്ലല്ലോ!

ഒരാളുടെ സ്വഭാവപാറ്റേണുമായി നേരിട്ടു ബന്ധമുള്ള ചില ദൈനംദിനപ്രവൃത്തികളുണ്ട്.പല്ലു ബ്രഷ്  ചെയ്യുമ്പോഴുണ്ടാവുന്ന ശബ്ദം,കുളിക്കുമ്പോള്‍ സോപ്പു തേക്കുന്ന രീതി,ചോറുണ്ണുമ്പോള്‍ കുഴക്കുന്ന രീതി,ഹവായ് ചപ്പലിട്ട് നടക്കുന്ന രീതി,ഹാന്റ് റൈറ്റിങ്ങ് എന്നിവയൊക്കെ നിരീക്ഷിച്ചാല്‍ ആ വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ഗൗരവതരമായി പറയാന്‍ എനിക്കു സാധിക്കും.

പക്ഷേ ഈ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ പലതും നിരീക്ഷിക്കല്‍ ജീവശാസ്ത്രപരമായി ഫീസിബിള്‍ അല്ലാത്തതിനാല്‍(ഉദാഹരണത്തിന് കുളിക്കുമ്പോള്‍ സോപ്പു തേക്കുന്നതും മറ്റും നിരീക്ഷിച്ചാല്‍ ജീവന്‍ രക്ഷിക്കാന്‍ ഒരു ശാസ്ത്രത്തിനും സാധിക്കില്ല എന്നാണല്ലോ)കൈയ്യക്ഷരപഠനത്തിലാണ് എന്റെ ശ്രദ്ധ വന്നെത്തിനില്‍ക്കുന്നത്.

ഗ്രാഫോളജി എന്നാണ് ശാസ്ത്രശാഖയുടെ മാമോദീസ പേര്.സ്കൂളിലെ പേര് മറന്നുപോയി.

ശാസ്ത്രവിജ്ഞാനം പ്രദര്‍ശിപ്പിക്കണം.വിളക്കു കൊളുത്തി ആരും പത്തായത്തിനുള്ളില്‍ വെക്കാറില്ലല്ലോ!

പലതരം കൈയ്യക്ഷരങ്ങളുള്ള കടലാസു കഷണങ്ങള്‍ മുന്നിലെത്തി.

"ഇത് മധ്യവയസ്കനായ ഒരു പുരുഷന്റെ കൈയ്യക്ഷരമാണ്.കരുത്തനാണ്.വിട്ടുവീഴ്ച ഇല്ലാത്തവനും അമ്പീഷ്യസും ക്രൂരകൃത്യങ്ങള്‍ ചെയ്യാന്‍ മടിയില്ലാത്തവനുമാണ്.ബുദ്ധിശാലിയും പ്രതാപിയുമാണ്."ഒന്നാമത്തെ കടലാസില്‍ നോക്കി ഞാന്‍ പറഞ്ഞു.

"ബാങ്കു മാനേജരെഴുതിയ ജപ്തിനോട്ടീസ്.വിവരണം കറക്ടാണ്"അമ്മ മനസ്സില്‍ പറഞ്ഞു.

"ഇത് വാര്‍ദ്ധക്യത്തിന്റെ പടിവാതില്‍ക്കലെത്തിയ ഒരു പുരുഷന്‍ എഴുതിയതാണ്.ആരോഗ്യപ്രശ്നങ്ങളുണ്ട്.നിരാശയും അതില്‍നിന്നുളവായ കോപവും എഴുത്തില്‍  നിഴലിക്കുന്നു.സ്വതവേ പാവമാണെങ്കിലും വികാരത്തള്ളിച്ചയില്‍ എന്തും ചെയ്യാന്‍ മടിക്കാത്ത പ്രകൃതമാണ്"രണ്ടാമത്തെ കടലാസ്.

"പലചരക്കുകാരന്‍ പറ്റു തീര്‍ക്കാന്‍ കൊടുത്ത  കുറിപ്പടി.വളരെ കറക്ട്"അമ്മ മൗനമായി പറഞ്ഞു.

"ഇത് നാല്‍പ്പതുകളിലെത്തി നില്‍ക്കുന്ന ഒരു സ്ത്രീയുടെ കൈയ്യക്ഷരമാണ്.മോഹഭംഗങ്ങളുടെ മരവിപ്പ് ബാധിച്ച ആളാണെങ്കിലും ബലിഷ്ഠയാണ്.ഒറ്റയടിക്ക് ഒരാളെ വീഴിക്കാന്‍ പോന്ന സ്ത്രീയാണ്."മൂന്നാമത്തെ വായന.

"കെട്ട്യോളു വഴക്കിട്ടിറങ്ങി പോയപ്പോള്‍ എഴുതിയതാണ്.കൈ എത്തും അകലെ നില്‍ക്കാതിരുന്നത് ഭാഗ്യം!"അമ്മമനസ്സ്.

"ഇത് ഇരുപതിനോടടുത്ത ഒരു പെണ്‍കുട്ടിയുടെ കൈപ്പടയാണ്.ആഡംബരഭ്രമം,ലക്ഷ്യബോധമില്ലായ്മ,സ്വാര്‍ത്ഥത,കരുണയില്ലായ്മയൊക്കെ എഴുത്തില്‍ നിഴലിക്കുന്നു.ആകെപ്പാടെയുള്ള മാന്യതയും മറ്റുള്ളവരെ കാണിക്കാനാണെന്ന് വ്യക്തം.ദാ കണ്ടില്ലേ?ആരോ ശ്രദ്ധിക്കാനുള്ളപ്പോള്‍ നല്ല കൈപ്പട,അല്ലാത്തപ്പോള്‍ പരമചീത്ത."നാലാമത്തെ കടലാസു തുണ്ടും അനലൈസ് ചെയ്തു.

"ഹോസ്റ്റലീന്ന് മോള് കാശു ചോയിച്ചയച്ചത്.കൊള്ളാം!"അമ്മ പിറുപിറുത്തു.

"അവസാനമായി,ഇത് അമ്പതുകളിലേയ്ക്കു കടക്കുന്ന ഒരു ദുര്‍ബലപുരുഷന്റെതാണ്.മേല്‍പ്പറഞ്ഞ ഇരുപതുകാരി കുട്ടിയുടെ തന്തയായി വരും സ്വഭാവത്തില്‍!അനാവശ്യകാര്യങ്ങളുടെ തമ്പുരാന്‍"അഞ്ചാമത്തെ കടലാസും കഥ പറഞ്ഞു.

അമ്മ നിര്‍ത്താതെ കൈയ്യടിച്ചു."നീയാണ് മോനേ ശരി.നിന്റെ സയന്‍സാണ് സയന്‍സ്.അവസാനത്തെ കടലാസ് നിന്റെ ഡയറിയില്‍ നിന്ന് കീറിയതാണ്."

ഗ്രാഫോളജി!

No comments:

Post a Comment