മിഡിലീസ്റ്റീന്നൊരു കനപ്പെട്ട തുക ലോട്ടറിയടിച്ചപ്പോള്‍ തുടങ്ങിയതാണ് തറവാട്ടുമഹിമ എന്ന ജ്വരം.ജാത്യാലുണ്ടാവേണ്ടതാണെന്നൊക്കെയാണ് വെപ്പ്.മനസ്സു വെച്ചാല്‍ (മുകളില്‍ കാശും വെച്ചാല്‍)നടക്കാത്ത കാര്യമുണ്ടോ?
അങ്ങിനെ തെങ്ങിന്‍തോപ്പും പാടവും കാവും വന്‍മരങ്ങളുമൊക്കെയുള്ള വിശാലമായ പുരയിടം വാങ്ങി.
പഴയ പതിനാറു കെട്ടൊരെണ്ണം ലേലത്തില്‍ പിടിച്ച്
പൊളിച്ചെടുത്തു പുരയിടത്തില്‍ സ്ഥാപിച്ചു.
പുതിയ സാധനങ്ങള്‍ക്കെല്ലാം ആന്റിക് നിറമുള്ള ചായമടിച്ചു.
പഴമയുടെ പ്രൗഡിയുള്ളൊരു ഇമ്പാല കാര്‍ ഷെഡ്ഡില്‍.
ഹിസ് മാസ്റ്റേഴ്സ് വോയിസിന്റെ ഗ്രാമഫോണും റിക്കാഡുകളും സംഘടിപ്പിച്ചു.
പഴയ പുസ്തകങ്ങള്‍ക്കൊപ്പം താളിയോലയും കുറെ എഴുതിയുണ്ടാക്കി പുകയത്ത് വെച്ച് പഴമ വരുത്തി.
സോഷ്യല്‍ മീഡിയയിലെ പഴയ
ദാരിദ്ര്യ പോസ്റ്റുകളെല്ലാം റിമൂവ് ചെയ്തു.
ആസാമില്‍ നിന്ന് തലയെടുപ്പുള്ള ഗജവീരനെയൊരെണ്ണത്തെ മുറ്റത്ത് കളിച്ചുനടക്കാന്‍ വരുത്തിച്ചു.
പുരയിടത്തിലെങ്ങും പഴയ ചെമ്പുനാണയങ്ങളും മറ്റും വിതറി.
കുളത്തില്‍ പായല്‍ വളര്‍ത്തി.
പത്തായപ്പുരയില്‍ നെല്ല് വാങ്ങി നിറച്ചു.കളപ്പുരയില്‍ തേങ്ങയും നിറച്ചു.
വീട്ടിലെല്ലാവര്‍ക്കും പഴയ ഫാഷനിലുള്ള കസവ് തുണിത്തരങ്ങളും കട്ടിയുരുപ്പടി ആഭരണങ്ങളും നിര്‍ബന്ധമാക്കി.
ഗസറ്റില്‍ പരസ്യം ചെയ്ത്
വീട്ടുപേര് 'വരിക്കാശ്ശേരി' എന്നങ്ങട് മാറ്റി.
ഏതൊക്കെയോ തെലുങ്കു നടന്‍മാരുടെ എണ്ണഛായാ ചിത്രങ്ങള്‍ കാരണവന്‍മാരുടെ സ്മരണക്കെന്നോണം ചുവരില്‍ സ്ഥാപിച്ചു.
ഇടക്കിടെ ഞങ്ങള്‍ ഞരമ്പിലോടുന്ന നീല രക്തം പ്രദര്‍ശിപ്പിക്കാന്‍ കൈയ്യിലോ കാലിലോ മുറിവുള്ളപോലെ ഡ്രസ്സ് ചെയ്ത് അതില്‍ തുളളിനീലം ഒഴിച്ചു.
പാല്‍ക്കഞ്ഞിയും പായസവും പതിവാക്കി.പച്ചവെള്ളം ചോദിക്കുന്നവര്‍ക്കെല്ലാം സംഭാരം.
പെരുന്നാളും ഉത്സവവുമൊക്കെ ഏറ്റെടുത്തു.
സംസാരത്തില്‍ "ഇല്ല്യ" "ഉവ്വോ" "ബഹുകേമം" എന്നീ പ്രയോഗങ്ങള്‍ നിര്‍ലോഭം പ്രയോഗിക്കാന്‍ പരിശീലിച്ചു.
പക്ഷേ എന്തോ കാര്യമായ ഒരു കുറവ് അനുഭവപ്പെടുന്നുണ്ട്.
ആഢ്യന്‍മാരേപ്പോലെ 'തെക്കിനി''വടക്കേ തൊടി' 'പടിഞ്ഞാറ്റേ കണ്ടം' എന്നൊന്നും ഒരു ഫ്ളോയില്‍ പറയാന്‍ പറ്റുന്നില്ല.
ഛായ്! ദിക്കു കൂട്ടാത്ത ഭാഷയ്ക്ക് എന്ത് പാരമ്പര്യം?
വൈക്കം കാരോ ആലപ്പുഴക്കാരോ ആയിരുന്നെങ്കില്‍ കണ്ണുകെട്ടി വിട്ടാലും തെക്കും വടക്കും പടിഞ്ഞാറുമൊക്കെ സ്മൂത്തായി പറഞ്ഞുകളയും.നമ്മളിപ്പോഴും ഏഴാം ക്ളാസില്‍ ജ്യോഗ്രഫി ടീച്ചര്‍ പഠിപ്പിച്ച ഉദയസൂര്യനുനേരേ തിരിഞ്ഞു നില്‍ക്കുന്ന ആളെ സങ്കല്‍പ്പിച്ചാണ് വളരെ പാടുപെട്ട് ദിക്ക് പറഞ്ഞൊപ്പിക്കുന്നത്.
എന്താണിതിനൊരു പരിഹാരം?
ആലോചിച്ചേറെ തല പുകച്ചു.ഏതോ സിനിമയില്‍ കണ്ടാണ് ദിക്കറിയുന്ന കോമ്പസ് എന്ന ഉപകരണം സീനിലെത്തിയത്.വാങ്ങി താമസംവിനാ വെള്ളി കെട്ടിച്ച ഒരു കോമ്പസ്.മടിക്കുത്തില്‍ നിന്നുത്ഭവിക്കുന്ന ഒരു വെള്ളിച്ചെയിനില്‍ കോമ്പസ് സ്ഥാനം പിടിച്ചു.
തെക്കിനി വടക്കിനി അങ്ങിനെ തറവാട്ടുമഹിമ പൂര്‍ത്തിയായി.
No comments:
Post a Comment