Wednesday, 30 October 2019

കിന്നരം വായിക്കുന്ന നീറോ ചക്രവര്‍ത്തി

റോമാ നഗരം കത്തി തീരുമ്പോള്‍ കൊട്ടാരമട്ടുപ്പാവില്‍ കിന്നരം വായിക്കുന്ന ഒരു ചക്രവര്‍ത്തിയുടെ കഥയുണ്ട്.മറ്റുള്ളവരുടെ ദുഃഖങ്ങളും ദുരിതങ്ങളും  ഉദാസീനനായോ സന്തോഷവാനായോ കണ്ടു നില്‍ക്കാന്‍ താത്പര്യമുള്ളവനായതിനാല്‍ അങ്ങേര്‍ മിക്കവരും ഗാഡനിദ്രയിലായിരിക്കുന്ന യാമങ്ങളില്‍ നഗരത്തിന് തീ കൊടുക്കാന്‍ ഭടന്‍മാരെ ശട്ടംകെട്ടി വിടുമായിരുന്നത്രെ!
സോഷ്യല്‍ മീഡിയയില്‍ സങ്കടകരമായ പ്രശ്നങ്ങള്‍ കത്തി നില്‍ക്കുന്ന സമയത്ത് മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന് പ്രതികരിക്കാത്ത,എന്നാല്‍ ധാരാളം പോസ്റ്റുകളിടുന്ന ആളുകളെയും നമ്മള്‍ നീറോ ചക്രവര്‍ത്തിയുടെ കിന്നരവും പുഞ്ചിരിയും കൊടുത്ത് മട്ടുപ്പാവില്‍ ചേര്‍ത്തു നിര്‍ത്തിയേക്കാം.

നേരിട്ട് സാക്ഷ്യം വഹിച്ച ഒരു സംഭവം ഓര്‍ത്തു പോകുന്നു.മലബാറിലെ ഒരു ഗ്രാമപ്രദേശത്ത് ബലിപെരുന്നാള്‍ ദിവസമാണ് സംഭവം.മുസ്ളിം പ്രാതിനിധ്യം കൂടുതലുള്ള പ്രദേശമായതിനാല്‍ സാധാരണദിവസങ്ങളില്‍ രണ്ടു മണിക്കൂറിടവിട്ടുള്ള ബസ് സര്‍വീസുകള്‍ പലതും ഇല്ല.വിരുന്നിനും മറ്റും കുടുംബസമേതം എത്തിയ സാധാരണക്കാരുടെ തിരക്ക് എല്ലായിടത്തും ഉണ്ട്.ഏറെ നേരം കൂടി ഒരു ബസ് വന്നു.നല്ല തിരക്ക്.ബസിന്റെ നടുവിലായി നില്‍ക്കാന്‍
സ്ഥലം കിട്ടിയവര്‍ കൈ പിടിക്കാതെ യാത്ര ജോളിയാക്കാന്‍ ശ്രമിക്കുന്നു.മര്യാദ കാട്ടി അവസാനം കയറിയവര്‍ വാതില്‍പ്പടിയില്‍ തൂങ്ങുന്നു.ബസ് ജീവനക്കാര്‍ 'കയറി നില്‍ക്കൂ''സഹകരിച്ചു നില്‍ക്കൂ' അങ്ങിനെ
ആരും വകവെക്കാത്ത
അഭ്യര്‍ത്ഥനകള്‍ ഇറക്കുന്നു.ഒരു കൊടുംവളവില്‍ മുന്‍വശത്തെ ആള്‍തിരക്കുകൊണ്ട് അടക്കാനാവാതിരുന്ന വാതിലില്‍ അള്ളിപ്പിടിച്ചിരുന്ന ബാലന്‍ തന്റെ മേലേയ്ക്കു ചാഞ്ഞ കൈ പിടിക്കാത്തവരുടെ ഭാരം കൊണ്ട് റോഡിലേയ്കക്ക് വീഴുന്നു.പിന്‍ ചക്രങ്ങള്‍ അവന്റെ കാലുകളിലൂടെ കയറി ഇറങ്ങി ജീവിതം സങ്കടങ്ങളുടെ ഒരു കുഴിയിലേയ്ക്ക് വീഴുന്നു.കൈ പിടിക്കാതെയും ലഭ്യമായ സ്ഥലത്തെ പരമാവധി പ്രയോജനപ്പെടുത്തി
അടുത്തു നില്‍ക്കാതെയും അകത്തു നിന്ന് അവന്റെ വീഴ്ചയ്ക്ക് കാരണക്കാരായവരടക്കം ബസ് ജീവനക്കാരെ മര്‍ദ്ദിക്കുകയും അവര്‍ക്കെതിരെ ധാര്‍മ്മികരോക്ഷത്തോടെ
സാക്ഷി പറയുകയും ചെയ്യുന്നു.ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.

പെര്‍മിറ്റ് അനുവദിക്കുന്ന ആളുകളെ മാത്രം കയറ്റിയാല്‍ പോരേ എന്ന തര്‍ക്കത്തിലേയ്ക്ക് നമ്മളാരും പോവില്ല എന്നു കരുതട്ടെ!

ഇന്നും ദൈനംദിന ജീവിതത്തിലെ നിത്യകാഴ്ചയാണ് ബസിന്റെ ഉള്‍ഭാഗത്തു നില്‍ക്കുന്നവര്‍ പിറകെ കയറിയവര്‍ക്ക് ഒരു പരിഗണനയും നല്‍കാതെ;കൈ പിടിക്കാതെയും മറ്റും നിന്ന് ഫുട്ബോഡിന്റെ വശത്തായിപ്പോയവരെ അപകടത്തിലേയ്ക്കു തള്ളിയിടുന്നതും അപകടം സംഭവിച്ചാല്‍ യാതൊരു ചളിപ്പുമില്ലാതെ മറ്റുള്ളവരെ ശിക്ഷിക്കാനിറങ്ങി പുറപ്പെടുന്നതും.

പറഞ്ഞു വന്നത്,നിത്യജീവിതത്തിലെ യാത്രകള്‍ക്കിടയില്‍ അല്‍പ്പമൊന്നു ഒതുങ്ങി നിന്ന് പിറകിലുള്ളവരെ സുരക്ഷിതരാക്കാനുളള മനോഭാവം നമുക്ക് വളര്‍ത്തിയെടുക്കാവുന്നതാണ്.മനുഷ്യാവകാശങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക എന്നത് വികസനത്തിന്റെ ലക്ഷണവും മുഖമുദ്രയുമാണ്.

പോലീസ് സ്റ്റേഷനോ കോടതിയോ മറ്റേതെങ്കിലുമൊരു സര്‍ക്കാര്‍ ഓഫീസിലോ പോകാനിറങ്ങുന്ന ഒരു ശരാശരി മലയാളി തനിക്ക് സംഘടിപ്പിക്കാവുന്നതില്‍ ഏറ്റവും ആഡംബരത്തോടെയും മഹിമപ്രതാപങ്ങളോടെയുമായിരിക്കുമല്ലോ യാത്ര ആരംഭിക്കുന്നത്!പെര്‍ഫ്യൂമും ആഭരണങ്ങളുമൊക്കെ ചിലപ്പോള്‍ കടം വാങ്ങിയതൂ  പോലുമാവാം.ഇതിന്റെ എല്ലാം ലക്ഷ്യം ഒന്നേ ഉള്ളൂ-നല്ല ഒരു ഇമ്പ്രഷന്‍ ഉണ്ടാക്കിയെടുത്ത് കാര്യങ്ങളൊക്കെ നമുക്ക് അനുകൂലമാക്കുക.

നീതിന്യായമടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവരും നമ്മുടെ ഇടയില്‍ വളര്‍ന്ന് നമ്മുടെ ഇടയില്‍ ജീവിക്കുന്നവരാകുമ്പോള്‍ വേഷഭൂഷാധികളോടുള്ള ഭ്രമം സ്വഭാവികം.

അഴുക്കും ദുര്‍ഗന്ധവും കൊണ്ട് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ഏത് വസ്ത്രവും ധരിച്ച് നീതി അടക്കമുളള എന്തും തേടിയിറങ്ങിയാല്‍ ഫലം കിട്ടുന്ന ഒരു സംസ്കാരം അത്ര മോശമായിരിക്കുമോ?ഇല്ല എന്നു തോന്നുന്നു.

കറുത്തവരും അശണരും ദരിദ്രരും ശാരീരികവൈകല്യങ്ങളുള്ളവരും തുല്യനീതിയ്ക്കുവേണ്ടി മുറവിളി കൂട്ടുമ്പോള്‍ ജന്മം കൊണ്ട് വിവേചനത്തിന്റെ കയ്പ് അനുഭവിക്കാത്തവരും വിവേചനങ്ങളോട് സമരസപ്പെട്ടവരും(അഡ്ജസ്റ്റഡായവരും)തെല്ലൊരു പുച്ഛത്തോടെ പറയുക എന്തായിരിക്കും?'കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍'എന്നതാണ് പ്രകൃതിനിയമം എന്നോ??

ഇപ്രകാരം കൈയ്യൂക്കിനു മുന്‍പില്‍ നമ്മളുടെ സമൂഹം കീഴടങ്ങുന്നതിന്റെ പരിണിതഫലങ്ങളല്ലേ സമൂഹമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന  നീതിനിഷേധങ്ങളെല്ലാം?!

നമ്മുടെ രാജ്യത്തിന്റെ സംവിധാനങ്ങളിലെല്ലാം ജോലി ചെയ്യുന്നത് മാന്യമായ പ്രതിഫലവും സോഷ്യല്‍ സ്റ്റേറ്റസും സമ്പാദിക്കുന്നവരാണെന്നതാണ് അറിവ്.അത്തരം വിലപിടിച്ച സംവിധാനങ്ങളിലെല്ലാം ക്വാളിറ്റി ഉറപ്പുവരുത്താനുള്ള മാര്‍ഗ്ഗങ്ങളുമുണ്ട്.പിന്നെയും മാധ്യമസ്വാധീനം,കൈക്കൂലിസ്വാധീനം,രാഷ്ട്രീയ ഇടപടലുകള്‍,ശുപാര്‍ശകള്‍ എന്നിവയെല്ലാം ന്യായം നടത്തിക്കിട്ടാന്‍ ആവശ്യമെങ്കില്‍ അതെന്തൊരു ലജ്ജാവഹമായ അവസ്ഥയാണ്?ഒന്നാം ക്ളാസിലെ അഡ്മിഷന്‍ കിട്ടാന്‍ MLA യുടെ റെക്കമെന്റേഷനും പെട്ടി നിറയെ കാശുമൊക്കെ പൊക്കിപ്പിടിച്ച് പോകുന്നത് അഭിമാനമല്ല!സംവിധാനങ്ങളെ സ്വതന്ത്രമായും കൃത്യമായും പ്രവര്‍ത്തിക്കുവാന്‍ പര്യാപ്തമാക്കുന്നത് ജനസമൂഹത്തിന്റെ പൊതുവായ സംസ്കാരമാണ്.

പറഞ്ഞുവന്നത് നമ്മളോരോരുത്തരും ഒരു സമൂഹമെന്ന നിലയില്‍ മനുഷ്യാവകാശങ്ങളെ മാനിക്കുന്നവരാണെങ്കില്‍ #justice for ഹാഷ്ടാഗുകള്‍ക്ക് പുതിയ മാനം കൈവരുമെന്ന് മാത്രമല്ല,അത്തരം ഹാഷ്ടാഗ് ഉപയോഗിക്കേണ്ട സാഹചര്യങ്ങള്‍ കുറഞ്ഞു വരുമെന്നു കൂടിയാണ്.

ഇതെല്ലാം വായിക്കുന്നത് ഞാനായിരുന്നു എങ്കില്‍ തീര്‍ച്ചയായും ചോദിച്ചേനെ"അപ്പോ ഇതെഴുതിയവന്റെ ഉറ്റവരിലും ഉടയവരിലും ആര്‍ക്കെങ്കിലും നീതി നിഷേധിക്കപ്പെട്ടാല്‍ ഹാഷ്ടാഗ് സമരവുമായി ഇറങ്ങില്ലേ?!"എന്ന്.

സെക്രട്ടറിയേറ്റു പടിക്കല്‍ വര്‍ഷങ്ങളോളം സത്യഗ്രഹം കിടക്കാതെയും ബെല്‍റ്റുബോമ്പുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കാതെയും മാധ്യമങ്ങളുടെ പിന്‍തുണ ഇല്ലാതെയും പണത്തിന്റെയോ ജാഡകളുടേയോ രാഷ്ട്രീയസ്വാധീനത്തിന്റെയോ പിന്‍ബലം ഇല്ലാതെയും വള്ളിച്ചെരിപ്പിട്ടു നടക്കുന്ന ഒരു സാധാരണക്കാരനായി ചെന്നാലും നീതിയും ന്യായവും സേവനങ്ങളും അവകാശങ്ങളും കിട്ടുന്ന ഒരു നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ഇത് എഴുതിച്ചത് എന്നതാവും മറുപടി.കാരണം നമ്മുടെ നാട് രാഷ്ട്രീയമായി 'സ്വതന്ത്ര' എന്ന സ്റ്റേറ്റസിലാണ് ഉള്ളത്.എണ്ണത്തില്‍ കുറവായിരുന്ന വിദേശി ഭരണാധികാരികളുടെ ചൂഷണത്തില്‍ മാത്രം അധിഷ്ടിതമായ സംവിധാനങ്ങളുടെ ചൂര് നമ്മളെ വിട്ടൊഴിയാനുണ്ട്.

അപ്രിയകരമായ കാര്യങ്ങള്‍ പറയുന്നത് കുറക്കണം എന്ന് വിചാരിച്ചിരുന്നതാണെങ്കിലും സ്വയം തടുക്കാനായില്ല.ക്ഷമിക്കുക.

നന്ദി.

No comments:

Post a Comment