"ഹോളി.."അല്‍പ്പമുറക്കെത്തന്നെ അയാള്‍ തന്റെ നിരാശ പ്രകടിപ്പിച്ചു.എയര്‍ ബാഗൊന്നും പ്രവര്‍ത്തിച്ചില്ല.ടെക്നോളജിക്കു സ്തുതിയായിരിക്കട്ടെ.ഇന്നത്തെ ക്ളയന്റ് മീറ്റിങ്ങും വൈകും.ഒഴിവുകഴിവുകള്‍ക്ക് ഒഴിവുകൊടുക്കാനാവുന്നതേയില്ല.താനിടിച്ച വണ്ടിയിലുള്ളത് ഏത് മാരണമാവുമോ?അയാള്‍ കാറില്‍ നിന്നിറങ്ങി.പുറത്തു നിന്നയാളെ കണ്ട് പെട്ടെന്ന് ഓര്‍മ്മകളുടെയൊരു മഴ മൗനമായി പെയ്തു തുടങ്ങി.അവളുടെ ഹൃദയതാളത്തിന്റെ മിഴിവാര്‍ന്ന ഓര്‍മ്മച്ചിത്രം പോലൊരു മഴ.
ഈ കൊച്ചു നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടേയും സൗന്ദര്യം ഞാന്‍ അറിഞ്ഞുതുടങ്ങിയത് അവളുടെ കണ്ണുകളിലൂടെയാണ്.
ചിലരങ്ങിനെയാണല്ലോ!അടുത്തുള്ളപ്പോള്‍ എല്ലാം സുന്ദരമെന്നു തോന്നിപ്പിക്കുന്ന മായാജാലമറിയുന്നവര്‍.എല്ലാത്തിലും സൗന്ദര്യം കണ്ടെത്തുന്നവരെന്നും പറയാം.
വഴിയാകെ ചുവപ്പില്‍ മുക്കി
കൊഴിയുന്ന ഇലകളും ലില്ലിപ്പൂക്കളും കിളികളും അണ്ണാന്‍കുഞ്ഞുങ്ങളുമൊക്കെ എന്നെത്തേടി വന്നത് അവളെ കണ്ടതിനു ശേഷമാണ്.
വര്‍ഷങ്ങള്‍ ചെറുകിളിത്തൂവലുകളായി പറന്നകന്നു.വിവാഹവാഗ്ദാനം.സമ്പാദ്യം മുഴുവന്‍ ചിലവാക്കിയൊരു രത്നമോതിരം തന്നെ വാങ്ങി.സ്നേഹത്തിന് വില മതിക്കാനാവില്ലല്ലോ!ആവേശപൂര്‍ണ്ണമായ ദിനങ്ങള്‍.
എവിടെയാണ് ശ്രുതി പിഴച്ചതെന്നറിയില്ല.(ശ്രുതിയെന്നത് അവളുടെ പേരല്ല.സംഗീതഭാഷയില്‍ ചിന്തിച്ചതാണ്.ഇതൊരു പാശ്ചാത്യ പശ്ചാത്തലത്തിലുള്ള കഥയാണ്).അവളെന്നെ വിട്ടുപോയി.പോയതിനു ശേഷമാണ് അവള്‍ക്കു സമ്മാനിച്ച മോതിരക്കല്ലിന്റെ വിലയെക്കുറിച്ചും അതിനായി ചിലവഴിച്ചത് അന്നുവരെയുള്ള മുഴുവന്‍ സമ്പാദ്യവുമായിരുന്നല്ലോ എന്നുമൊക്കെ ചിന്തിക്കാന്‍ തുടങ്ങിയത്.
അതങ്ങിനെയാണ്! സ്നേഹിക്കുന്ന കാലത്ത് അതിന് പ്രത്യേക കാരണമൊന്നും വേണ്ടെങ്കിലും വെറുപ്പിന്റെ കാലത്ത് എവിടെ നിന്നെങ്കിലും നൂറുകൂട്ടം കാരണങ്ങള്‍ ട്രാമോ ക്യാബോ പിടിച്ചെത്തുമല്ലോ!
ചെറിയ ലോകമാണല്ലോ!അവളെ പിന്നീട് കുറച്ചു തവണ കണ്ടിരുന്നു.മുഖത്ത് പരിഭവമോ ധാര്‍ഷ്ട്യമോ എന്നു നിര്‍വചിക്കാനാവാത്തൊരു ഭാവം മാത്രം.'രത്നമോതിരവും അടിച്ചോണ്ടു പോയിട്ടവളുടെയൊരു മുഷ്കേ'എന്നു മാത്രമാണ് മനസ്സില്‍ തോന്നിയത്.
"നിങ്ങളീ പാട്ടവണ്ടി ഇതുവരെ
കണ്ടം ചെയ്തില്ലേ?" അവളുടെ നിസംഗമായ പരിഹാസമാണ് എന്നെ ഓര്‍മ്മകളില്‍ നിന്ന് തട്ടിയുണര്‍ത്തിയത്.
"പണം വേണ്ടേ!?സത്ക്കരിച്ചും
സമ്മാനം നല്‍കിയും ഉള്ളതൊക്കെ തീര്‍ക്കാറാറണല്ലോ പതിവ്!"രത്നമോതിരം മനസ്സില്‍ കിടന്ന് പഴുത്ത് തിളങ്ങാന്‍ തുടങ്ങി.
"സമ്മാനമോ?എന്തു സമ്മാനം?വണ്ടി തട്ടിയപ്പോളെവിടെയെങ്കിലും തലയിടിച്ചോ!"അവള്‍ പരിഹസിച്ചു.
"അന്നു ഞാനണിയിച്ച വിവാഹമോതിരം എന്റെ വര്‍ഷങ്ങളുടെ സമ്പാദ്യമായിരുന്നു."അയാള്‍ പരമാവധി മയപ്പെടുത്തി പറഞ്ഞൊപ്പിച്ചു.പരിഹാസത്തില്‍ പ്രകോപിതനായതിനാലാണ് അത്രയെങ്കിലും പറഞ്ഞത്.
"ഓ ആ മോതിരമോ?അതു ഞാന്‍ നിങ്ങളുടെ അമ്മയുടെ കയ്യില്‍ കൊടുത്തിരുന്നല്ലോ.പിന്നെന്താ!"
"ജീസ്!!ആ വെളിവും വെള്ളിയാഴ്ചുയുമില്ലാത്ത പെമ്പ്രന്നോത്തി അതെവിടെ വെച്ച് മറന്നു ആവോ?ആ രത്നക്കല്ല് ഷുഗര്‍ ക്യൂബെന്നു കരുതി തല്ലിപ്പൊടിച്ച് കാപ്പിയില്‍ കലക്കിയിരിക്കുമോ!?"
അവളും ചിരിക്കണോ കരയണോ സഹതപിക്കണോ എന്നറിയാതെ നില്‍പ്പാണ്.
"വീട്ടിലെവിടെയെങ്കിലും കാണും.നമുക്കന്വേഷിക്കാം.ഷെരിഫിന്റെ പട്രോളിങ്ങ് കാര്‍ വരും മുന്‍പേ നമുക്ക് നീങ്ങിയാലോ?ഇന്‍ഷുറന്‍സുകാരുടെ സഹായത്തിന് നില്‍ക്കേണ്ട പരിക്കുകള്‍ ഇല്ലെന്ന് തോന്നുന്നു."അവള്‍ അനുകമ്പകൊണ്ട് മസൃണമായ ശബ്ദത്തില്‍ പതിയെ പറഞ്ഞു.
"അന്നത്തെ പിണക്കത്തിന് കാരണക്കാരന്‍ ഞാനായിരുന്നു.പിന്നീട് കണ്ടൂപ്പോള്‍ ഒരു ക്ഷമാപണത്തില്‍ കാര്യം തീര്‍ന്നേനെ.പക്ഷേ അന്നെല്ലാം എന്റെ വിലപിടിച്ച മോതിരം കൈയ്യില്‍ വെച്ച് ധാര്‍ഷ്ട്യം കാണിക്കുന്നവള്‍ എന്ന ചിന്തയാണ് എന്നെ പിന്തിരിപ്പിച്ചത്."
ആബ്സന്റ് മൈന്റഡായ ആളുകള്‍ക്ക് കഥയെ നാടകീയമായി ഗതിമാറ്റി വിടാന്‍ കഴിവുണ്ട്.അംഗീകരിച്ചേ പറ്റൂ.
No comments:
Post a Comment