Tuesday, 22 October 2019

നരകവൃത്താന്തങ്ങള്‍

നരകത്തിലെ പൊള്ളുന്ന ഒരു പകല്‍!!!

അതെ നരകം...ഇംഗ്ളീഷില്‍ ഹെല്‍.പണ്ടു പലപ്പോഴും ടീച്ചറ് ഹീ വില്‍ എന്നെഴുതാന്‍ പറയുമ്പോള്‍ അപ്പോസ്ട്രോഫി മറന്നുപോയാലും നമ്മള്‍ സ്റ്റൈലില്‍ ചുരുക്കിയെഴുതുന്ന ഹെല്‍.

നരകത്തിലെ മുഖ്യതൊഴില്‍ ശിക്ഷിക്കലും ശിക്ഷകളേറ്റു വാങ്ങലുമാണെന്നറിയാമല്ലോ!ഈ പകലും അങ്ങിനെ തന്നെ.

മീനമാസമായതുകൊണ്ടും
പകല്‍ നല്ല ചൂടായതുകൊണ്ടും കാലാവസ്ഥയ്ക്ക് അനുയോജ്യമായ ശിക്ഷകളെന്ന നിലയില്‍
ആത്മാക്കളെ എണ്ണയിലിട്ട് വറുക്കല്‍,കല്‍ക്കരിക്കു മുകളില്‍ ഗ്രില്‍ ചെയ്യല്‍ ഇത്യാദികളാണ് നടന്നു കൊണ്ടിരിക്കുന്നത്.എണ്ണയിലിട്ടു വറുക്കലില്‍ മൂപ്പെത്തിയ ആത്മാക്കളെ (കറുപ്പു കലര്‍ന്ന ചുവപ്പുനിറം ആയതിനെ)കോരി സെയ്ത്താന്‍ എണ്ണച്ചട്ടിയില്‍ നിന്ന് ഒരല്‍പ്പം ദൂരെ ഒരു ബൗളില്‍ വെച്ചു.അവിടെക്കിടന്ന് അടക്കിയ ശബ്ദത്തില്‍ അവര്‍ പരസ്പരം സംസാരിച്ചു തുടങ്ങി.

"ടാ ഉവ്വേ,നമ്മളു മരിക്കുവെന്ന് ഒരു രണ്ടു മിനിറ്റ് മുമ്പാട് അറിഞ്ഞാരുന്നെങ്കില്‍ എന്ത് ചെയ്തേനെ എന്ന് എപ്പളേലും ആലോചിച്ചിട്ടുണ്ടോ?"ഭാവനാസമ്പന്നനൊരാള്‍ കുശുകുശുപ്പിന് തുടക്കമിട്ടു.

"കുറച്ചുപേരെ വിളിച്ച് മാപ്പു പറയും,ഇഷ്ടമാണെന്ന് പറയും,പത്തു തെറി പറയും.അപ്പളേക്കും സമയം തീരുവാരിക്കുവല്ലേ?"ഒരാത്മാവ്.

"നുമ്മ മൊബൈലും ലാപ്പും ഫോര്‍മാറ്റടിക്കും.ഇല്ലേ സീനാണ്.കുറേ കൂറ വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പീന്ന് ലെഫ്റ്റടിക്കണേയാണ് ബെസ്റ്റ്"ഒരു ഫ്രീക്കനാത്മാവ്.

"ഞാനറിഞ്ഞാരുന്നെങ്കില്‍ ഓട്ടയില്ലാത്ത ഒരു നിക്കറിട്ടേനെ.ഇതീ അരിപ്പപോലൊള്ളതും ഇട്ടോണ്ട് പോസ്റ്റുമാര്‍ട്ടം,ചവം കുളിപ്പീര്..അയ്യേ..നാണക്കേട്.ഇനി അതുങ്ങളൊക്കെ ചത്ത് ഇങ്ങ് കെട്ടിയെടുക്കുമ്പോ എങ്ങനെ മൊഖത്ത് നോക്കും!"മറ്റൊരു ശുദ്ധാത്മാവ്.

"വില്‍പ്പത്രമൊക്കെ പെട്ടന്നൊന്ന് സെറ്റാക്കാമായിരുന്നു.ഇപ്പോ അതുങ്ങളൊക്കെ അവിടെക്കിടന്ന് തമ്മീ തല്ലി മരിക്കുവായിരിക്കും.ഉറപ്പാ!"ഒരു ധനവാനാത്മാവ്.

"ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല.എനിക്കൊരു ഇരുപത് സെക്കന്റ് കിട്ടിയാരുന്നേല്‍ ഞാന്‍ മരിക്കത്തില്ലാരുന്നു."പുതിയൊരാത്മാവിന്റെ വെളിപ്പെടുത്തല്‍.

"അതിപ്പോ മരണകാരണം നേരത്തേ
അറിഞ്ഞാല്‍ എളുപ്പത്തില്‍ ഒഴിവാക്കാമായിരുന്നു എന്നു ഇവിടെയുള്ള പലര്‍ക്കും തോന്നുന്നുണ്ടാവും.അതില്‍ വലിയ  കഥയില്ല."കുശുകുശുപ്പ് തുടങ്ങിവെച്ച ഭാവനാസമ്പന്നന്‍ ഉടക്കുവെച്ചു.

"ഇതങ്ങനെയല്ല ചേട്ടനാത്മാവേ!കഥ വേറെയാണ്"ആത്മാവ് തര്‍ക്കിച്ചു.

"എന്നാല്‍ താന്‍ മരിച്ചതെങ്ങിനെയാന്ന് പറയെടോ!"കഥ കേട്ടേക്കാം.

"ഞാന്‍ ചെറുതായിട്ടൊന്ന് സ്കൂട്ടറേന്നു വീണാണല്ലോ മരിച്ചത്.അന്നു നല്ല മഴക്കാറൊള്ള ദിവസമായിരുന്നു.കോട്ടൊക്കെ പെട്ടീലിട്ടാണ് സ്കൂട്ടറേല്‍ കേറിയത്.പാലത്തിങ്കലെത്തിയപ്പോള്‍ മുട്ടനൊരു മഴ വന്നു.ഞാന്‍ ഓടിപ്പിടിച്ച് മഴക്കോട്ടിന്റെ ജാക്കറ്റിട്ടപ്പോ അതിന്റെ സിബ്ബ് കേട്.ഷര്‍ട്ടിന്റെ പോക്കറ്റടക്കമുള്ള മുന്‍ഭാഗം നനയണ്ടല്ലോന്നു കരുതി ഞാന്‍ കോട്ടെടുത്ത് സിബ്ബിന്റെ ഭാഗം പുറത്തോട്ടാക്കി തിരിച്ച് ഇട്ടു.അവിടുന്നൊരു ഇരുന്നൂറ്റമ്പതു മീറ്ററകലെ ആനന്ദവാടി ഷാപ്പിനടുത്താണ് ഞാന്‍ സ്കിഡ് ചെയ്ത് വീണത്.ശബ്ദം കേട്ട് ഓടിവന്ന കുടിയന്‍മാരെല്ലാം കൂടെ ജാക്കറ്റിന്റെ സിബ്ബേല്‍ നോക്കി വീഴ്ചേലെന്റെ തല തിരിഞ്ഞു പോയെന്നും പറഞ്ഞു അതു ഹെല്‍മറ്റടക്കം പിടിച്ച് ചവിട്ടിത്തിരിച്ച് കഴുത്തൊടിഞ്ഞാണ് ഞാനിങ്ങു പോന്നത്.നിങ്ങളു പറ..ഒരു പത്തിരുപതു സെക്കന്റുണ്ടാരുന്നേ ഞാന്‍ ജാക്കറ്റ് നേരെയിട്ട് കുടിയന്‍മാരുടെ സഹായത്താലുള്ള അപമൃത്യുവില്‍ നിന്ന് രക്ഷപെടില്ലാരുന്നോ!?"

ആത്മാവിനെ തൊടുന്ന കദനകഥയല്ലേ ഇത്!?

No comments:

Post a Comment