Thursday, 24 October 2019

ജംഗിള്‍ സിദ്ധന്‍

"മഹാഭാഗ്യമെന്നല്ലാതെന്തോ പറയാനാ സാറേ!കിട്ടിയ മൊതല് ഒരു മൊതലു തന്നെയാണേ!"സെക്രട്ടറിക്ക് ആവേശമടക്കാനാവുന്നില്ല.നാട്ടില്‍ വളര്‍ന്നു വരുന്ന ഒരു രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക,കച്ചവട,ഗുണ്ടായിസ നേതാവിന്റെ തലച്ചോറാണ് കക്ഷി.ആയിരം കൂട്ടം ധനാഗമനമാര്‍ഗ്ഗങ്ങളുണ്ട് അദ്ദേഹത്തിന്റെ തലച്ചോറിലങ്ങോളമിങ്ങോളം.

"താനെന്തുവാ പറഞ്ഞെ?ഞാന്‍ പകലത്തെ ക്ഷീണത്തിനിടയ്ക്ക് ശ്രദ്ധിച്ചില്ലാരുന്നു"നേതാവ്  അലസമായി ചോദിച്ചു.

"എന്റെ സാറേ സിദ്ധന്‍!സിദ്ധനെന്നു പറഞ്ഞാല്‍ മഹാസിദ്ധന്‍!ഞാന്‍ നേരീക്കണ്ടു ബോധ്യപ്പെട്ടതല്ലേ!"സെക്രട്ടറി മുഖമാകെ ആശ്ചര്യരസം വാരി പൊത്തി.

"ആ എന്നിട്ട്?തന്നെ കാട്ടില്‍ കാണാതെ പോയതിനു ശേഷമാണല്ലോ ഈ സിദ്ധന്റെ കഥയൊക്കെ പറയാന്‍ തുടങ്ങിയത്!"നേതാവ്.

"എന്റെ സാറേ,കാട്ടില്‍ പെട്ടുപോയതൊക്കെ ഒരു നിമിത്തമാരുന്നെന്നുള്ളത് ഒറപ്പല്ലേ!അങ്ങനെയല്ലേ സിദ്ധനെ കാണാനും ഇങ്ങ് കൊണ്ടുവരാനും പറ്റീത്.എന്തൊക്കെ കഴിവുകളാന്നോ?സകലജീവികളുടേം ഭാഷയറിയാം.അതുങ്ങളു സംസാരിക്കുന്നതു കേട്ടും ലക്ഷണശാസ്ത്രം വെച്ചും അങ്ങേര് പ്രവചിക്കാത്ത കാര്യങ്ങളില്ല.ജനനം,സൂക്കേട്,സുഖവാകല്,മരിപ്പ്,കാറ്റ്,മഴ,ഇടിമിന്നല് അങ്ങിനെ സകലമാന കാര്യങ്ങളും..പറഞ്ഞാല്‍ അച്ചട്ടാ!"സെക്രട്ടറി.

"ആണോ.താനെങ്ങിനെയാ കാട്ടില്‍ പോയത്?അതു പറ.കേക്കട്ടെ!"നേതാവ് വിഷയത്തിന്റെ ആവേശം ഗ്രഹിച്ച മട്ടില്ല.

"ഓ എന്റെ സാറേ!സഫാരിക്ക് പോയപ്പോ കാട്ടുപന്നീടെ കൂടെ സെല്‍ഫിയെടുക്കാന്‍ നിന്നതാ.ആ ചവം എന്നെ ഒരു ഇരുപത്തഞ്ചു കിലോമീറ്ററെങ്കിലും ഓടിച്ചു കാണും.സമരത്തിനൊക്കെ പോയി ലാത്തിയും ജലപീരങ്കിയും നേരിട്ട് നല്ല പരിചയവായതുകൊണ്ട് എന്നെ തൊടാന്‍ കിട്ടിയില്ല.അതൊക്കെ പിന്നെ പറയാവന്നേ.സാറിതൊന്ന് കേട്ടേ.എന്റെ അറിവില്‍ നല്ല കാശൊണ്ടാക്കിയോരുടെയെല്ലാം പിറകില്‍ ആത്മീയന്‍മാരാരെങ്കിലും ഒണ്ടാവും.നോര്‍ത്തിലൊക്കെ ന്യൂമറോളജിസ്റ്റുകളല്ലായോ വമ്പന്‍മാരുടെ ജീവിതചര്യകളുപോലും തീരുമാനിക്കുന്നെ.അതിന്റെ അഭിവൃദ്ധി അവര്‍ക്കൊണ്ടെന്ന് ഞാന്‍ സാറിനെ പറഞ്ഞ് പഠിപ്പിക്കണോ!"

"എടോ,താമ്പറഞ്ഞതില് കാര്യമുണ്ട്.എന്നാലും ഞാനിത്രേം കാലം ബുദ്ധിയും യുക്തിയുമൊക്കെ പൊക്കിപ്പിടിച്ച് നടന്നിട്ട് ഇപ്പോ ഇനി എങ്ങനാ?"നേതാവിന് ചമ്മലാണ്.

"എന്റെ പൊന്നു സാറേ,നോര്‍ത്തികള്‍ ഗുരുക്കള്‍ക്കൊക്കെ കോടികളാണ് ദക്ഷിണ.ഇതിനാണെങ്കില്‍ കുറച്ചു കാട്ടുകെഴങ്ങും വല്ലപ്പോഴുമിച്ചിരി വൈറ്റ് റമ്മും ശകലം പൊകലേം കൊടുത്താ മതി!ഗോള്‍ഡന്‍ ചാന്‍സാണ്.തൊടങ്ങാന്‍ പോണ സകല ബിസിനസിലും പുള്ളീടെ അഭിപ്രായം കേട്ടാല്‍ നൂറേല്‍ പൊലിക്കുമെന്നത് എനിക്ക് ഷുവറാ!"സെക്രട്ടറി തന്റെ കണ്‍വിന്‍സിങ്ങ് തന്ത്രങ്ങളെല്ലാം പുറത്തെടുക്കുവാണ്.

"എന്നിട്ട് അങ്ങേരിപ്പോ എവിടെയൊണ്ട്?"നേതാവ് ചോദിച്ചു.കാണാന്‍ സമ്മതിച്ചതുപോലെ തോന്നുന്നുണ്ട്.

"കൊണ്ടുവന്ന ദിവസം രാജൂന്റെ കൂടെ ഹോട്ടലിലാരുന്നു.അവിടെ ശരിയാകാഞ്ഞിട്ട് ഇവിടെ കൊണ്ടുവന്ന് ഔട്ട് ഹൗസില്‍ കയറ്റി ഇരുത്തീട്ടൊണ്ട്"സെക്രട്ടറി ഡ്രൈവറും സഹായിയുമായ രാജുവിന്റെ ഇഞ്ചി കടിച്ച മുഖത്തേയ്ക്കു കൂടി നോക്കി പറഞ്ഞു.

"ആ.. രാജുവിന്റെ കൂടെയാരുന്നോ താമസം?സിദ്ധി വല്ലോം ഇയാക്ക് ബോധ്യപ്പെട്ടോടോ?"നേതാവ് തമാശയായി ഡ്രൈവറോട് ചോദിച്ചു.

"എന്റെ പൊന്നു സാറേ ഓരോ കച്ചേരികള്!മനുഷ്യനെ പെടുത്തി കളഞ്ഞെന്ന് പറഞ്ഞാ മതിയല്ലോ!"രാജു അസഹിഷ്ണുവായി.

"അതെന്താടോ?അവന്‍ ആനിമല്‍ പ്ളാനെറ്റിലെ പുലിയെ കണ്ട് ടി.വി.എറിഞ്ഞു പൊട്ടിച്ചോ?!"നേതാവ് പതിവുപോലെ ഒന്നു ചുഴിഞ്ഞന്വേഷിച്ചു.

"ഓ ടി.വി.യൊന്നും പൊട്ടിച്ചില്ല സാറേ.രാത്രീലങ്ങേര്‍ക്കു കക്കൂസേ പോണം.ബാത്റൂമില്‍ കയറ്റിയപ്പോ യൂറോപ്യന്‍ ക്ളോസറ്റിന്റെ മുന്നില്‍ സാഷ്ടാങ്കമൊരു പ്രണാമം.എന്തിനാ തൊഴുതു കിടക്കുന്നേന്ന് ചോദിച്ചപ്പോ
അങ്ങേരുടെ പെരിയ മൂപ്പരുടെ ആനക്കൊമ്പ് കസേരയാന്നും പറയുന്നു.അതില്‍ ഇരുന്നാലേ കാര്യം സാധിക്കാന്‍ പറ്റുവൊള്ളന്നു പറഞ്ഞപ്പോ മൂപ്പന്റെ കസേരയില്‍ തൊട്ടശുദ്ധമാക്കിയാല്‍ വെള്ളിടി വെട്ടി നെറുകംതല പൊട്ടിത്തെറിക്കുമെന്നും പറഞ്ഞ് ഒരേ വാശി.അവസാനം പാതിരാ വെളുപ്പാന്‍കാലത്ത് ആ പാലത്തിന്റെ താഴെയുള്ള കാട്ടില്‍ കൊണ്ടുപോയി വണ്ടിയേലെറക്കി വിടണ്ടി വന്നു.ഹോ!"

"എന്തുവാടോ ഇതൊക്കെ?ഇങ്ങനാണോ സിദ്ധന്‍?!"നേതാവ് സെക്രട്ടറിയെ കളിയാക്കി.

"എന്റെ സാറേ,അങ്ങേര് ഇങ്ങനെ ചെല നിഷ്ഠേം വൃതോം ഒക്കെ ചെയ്യുന്നകൊണ്ടല്ലേ എല്ലാം സാധിക്കുന്നെ. അനുഭവോം വിശ്വാസോമില്ലാത്തവര്‍ക്ക് ആദ്യമാദ്യം ഒന്നും മനസ്സിലാവത്തില്ല.ആദ്യമായിട്ടല്ലേ നാട്ടിലേയ്ക്ക് അങ്ങേരു വരുന്നെ.ഒരു ഗൂഗിളും മാപ്പുമില്ലാതെ ഏറ്റവും ഷോര്‍ട്ടായ വഴി കാട്ടി കാടിന് പുറത്തെത്തിച്ചു തന്നു.സാധാരണക്കാരേക്കൊണ്ട് പറ്റുവോ?"സെക്രട്ടറി തോല്‍ക്കുന്നില്ല.

"എന്നാ താനിങ്ങ് കൊണ്ടുവാ.ഒന്നു സംസാരിച്ച് നോക്കട്ടെ!"നേതാവ്.

"സാറങ്ങ് ചെന്നാട്ടെ.ഇങ്ങോട്ട് കയറ്റിക്കൊണ്ട് വരുന്നത് തല്‍ക്കാലവാരും അറിയണ്ട.ആള് നാട്ടിലൊള്ളതുപോലും അറിയാതിരിക്കുന്നതാണ് നല്ലത്.നമ്മടെ പേഴ്സണല്‍ സിദ്ധനായി ആളെ കൂട്ടിയാല്‍ അതാ നല്ലത്.നമുക്ക് വലിയ ബഹളമില്ലാതെ  ഔട്ട്ഹൗസില്‍ പോയി കണ്ടേച്ചും വരാം"

"ആ.. എന്തേലുമാവട്ടെ.എന്നാ വാ പോയി നോക്കാം."നേതാവ് താത്പര്യമില്ലായ്മയുടെ ക്ഷീണം നടിച്ചു.

"മ്പ്രാ,ഏനോ പെരുത്ത ആപത്തു വരാമ്പോണ്.ലച്ചണം സരിയല്ല.മിറുഗങ്ങളല്ല.ചുനാമി മാതിരി എന്നവോ ആപത്തു!"കാട്ടു സിദ്ധന്‍ വല്ലാത്ത  ഒരു ഭാവത്തില്‍ പറഞ്ഞു.എല്ലാവരും അമ്പരുന്നു.

"ചുനാമിയോ?"സെക്രട്ടറി ആരാഞ്ഞു.

"അത് മ്മളെ കടാലില് പെരുത്ത് തെര വരല്ലേ? ചുനാമി!"സിദ്ധന്‍ വിവരിച്ചു.

"എന്റെ കര്‍ത്താവേ സുനാമിയോ?സമ്പാദിച്ചു കൊതിതീരാത്ത ഈ പ്രായത്തില്‍.."സെക്രട്ടറി മാറത്തടിക്കുംപോലെ നിലവിളിച്ചുതുടങ്ങി.

"താന്‍ കാറാതിരിയടോ!"നേതാവ് സെക്രട്ടറിയെ ശാസിച്ചു.

"നിങ്ങള്‍ക്ക് സുനാമി വരുമെന്ന് എങ്ങിനെയാ മനസ്സിലായത്?"നേതാവ് കാട്ടു സിദ്ധനോട് ആശങ്ക മറച്ചുവെച്ച് ആരാഞ്ഞു.

"അമ്പ്രാ,ലച്ചണം പേച്ച് അതു.കിളിയോള് നെര്‍ത്താതെ ചെലക്കണ കേട്ടിയാ?"സിദ്ധന്‍ ആധികാരികമായി വിവരിച്ചു.

"ആ പളോ!സിദ്ധന്‍ കൂട്ടീക്കിടക്കണ
ലൗ ബേഡ്സ്  ചെലക്കണകേട്ടിട്ടാണ് സാറേ ഈ സുനാമി പ്രവചിച്ചത്.പഷ്ട്!എന്റെ പൊന്നങ്ങുന്നെ ഈ പക്ഷികള് ഉറങ്ങുമ്പളും ചാകുമ്പളും മാത്രേ ചെലക്കാതിരിക്കാറുള്ളൂ.പ്ളീസ് നോട്ട് ദി പോയിന്റ്"രാജു.

No comments:

Post a Comment