Sunday, 20 October 2019

പ്രൊഫഷണലെത്തിക്സ്-ഒരു കദനകഥ

ജീവിതത്തിന്റെ ഗതിവിഗതികളെ സാരമായി സ്വാധീനിക്കാന്‍ കഴിവുള്ള ഒരു ജോലിയാണ് ദല്ലാള്‍മാരുടേത്;പ്രത്യേകിച്ചും വിവാഹ ദല്ലാള്‍മാരുടേത്.ചെറിയ ഈശ്വരന്‍മാര്‍!!

പരമശുദ്ധന്‍മാരുടെ കുടുംബത്തില്‍ നിന്നുള്ള ഒരാളാണ് ബാബു.

ബാബുവിന് കല്ല്യാണപ്രായമെത്തിയപ്പോള്‍ അവന്റെ കാരണവന്‍മാരും ഒരു ദല്ലാളിനെ സമീപിച്ചു സങ്കടമുണര്‍ത്തിച്ചു.ദല്ലാള്‍ കരുണാപുരസ്സരം കേസുകെട്ട് ഫയലില്‍ സ്വീകരിച്ചു.വിശാലമായ ഡാറ്റ ബേസില്‍ യുണീക്കായ അല്‍ഗോരിതമിട്ട് സെര്‍ച്ച് ചെയ്തു.അല്‍പം ദൂരെ ഒരു ദിക്കിലുള്ള പെണ്‍കുട്ടിയെ കണ്ടുപിടിച്ച് അവതരിപ്പിച്ചു.അല്‍പ്പം വ്യത്യസ്തമായ സംസ്കാരങ്ങളുടെ ഒരു വിനിമയം എന്ന കള്‍ച്ചറല്‍ എക്സ്ചേഞ്ചും കല്യാണങ്ങളില്‍ വേണ്ടതാണെന്നതിനാല്‍ അല്‍പ്പം ദൂരം നല്ലതാണ്.

പോയി കണ്ടു..അല്‍പം തടി തോന്നിക്കുന്നുണ്ട്.സാരമായ പ്രശ്നമല്ല.നല്ല പാചകം;മിതമായ വാചകം..വേറെന്തുവേണം!?

താമസിയാതെ
ലളിതമനോജ്ഞമായ ഒരു ചടങ്ങിലൂടെ യുവമിഥുനങ്ങള്‍ പുതിയ കുടുംബമായി.

മാസങ്ങള്‍ പഞ്ചവര്‍ണ്ണതത്തകളെപ്പോലെ ആഹ്ളാദസ്വരത്തില്‍ ചിറകു കൊട്ടിപ്പറന്നകന്നു.അവര്‍ക്കൊരു പൊന്നുണ്ണി പിറന്നു.ആഹ്ളാദം എങ്ങും അലതല്ലി.

അപ്പോഴാണ് ഒരു അശിനിപാതംപോലെ ബാബുവിന്റെ നാട്ടിലെ കലണ്ടര്‍ സൂക്ഷിപ്പുകാരന്റെ (നാട്ടിലെല്ലാവരുടേയും ജീവിതത്തിലെ നാഴികകല്ലുകളുടെ രജിസ്റ്റര്‍ ആരും ആവശ്യപ്പെടാതെ സൂക്ഷിക്കുന്നയാളുടെ) രംഗപ്രവേശം.

"ഉണ്ണി പിറന്നത് നന്ന്.പക്ഷേ നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ടിപ്പോള്‍ മൂന്നു മാസമേ ആയുള്ളൂ.ഇത് ഒരു മെഡിക്കല്‍ മിറക്കിള്‍ അല്ലെങ്കില്‍ വല്ലാത്തൊരു ചതി നടന്നിട്ടുണ്ട്"

മുന്‍പ് സൂചിപ്പിച്ചപോലെ ബാബുവിന്റേത് പരമശുദ്ധന്‍മാരുടെ ഒരു കുടുംബമാണല്ലോ!ശുദ്ധന്‍മാര്‍ക്കു ദേഷ്യം വന്നാല്‍ സംഗതി വളരെ കുഴപ്പമാണ്.

ജംഗ്ഷനിലെ ചായക്കടയിലിരുന്ന ദല്ലാള്‍ സ്വാദോടെ
കഴിച്ചുകൊണ്ടിരുന്ന
കൈയ്യിലെ കുഴച്ച പുട്ടോടും ഞാലിപ്പൂവന്‍ പഴത്തോടുംകൂടെ ഓടിക്കപ്പെട്ടു..ഓടിച്ചിട്ട് പിടിച്ച് മര്‍ദ്ദിക്കപ്പെട്ടു.മര്‍ദ്ദനം ഒരു ലെവലായപ്പോള്‍ പതിവുപോലെ കണ്ടുനിന്നിരുന്നവര്‍ ഇടപെട്ടു.കാര്യം തിരക്കി.

"ഇവന്‍ ഞങ്ങടെ കൊച്ചിനെക്കൊണ്ടൊരു പെണ്ണുകെട്ടിച്ച് ചതിച്ചു.അവളു കല്ല്യാണം കഴിഞ്ഞു മൂന്നാം മാസത്തില്‍ ദേ പ്രസവിച്ചേക്കുന്നു.ഇവനെ തല്ലിക്കൊല്ലേണ്ടതല്ലേ?"ശുദ്ധരുടെ ഫാമിലി വികാരംകൊണ്ടു.

"അതെന്തിനാടോ താന്‍ ഇവരോട് അങ്ങിനൊരു ചതി കാണിച്ചത്?പെണ്ണിന് കുഴപ്പമുണ്ടെന്ന് അറിഞ്ഞോണ്ടല്ലേ താനിത് ചെയ്തത്?"മദ്ധ്യസ്ഥന്‍മാരും ദേഷ്യപ്പെട്ടു.

"ചേട്ടന്‍മാരേ,പെണ്ണിന്റെ കാര്യം ഞാന്‍ വിശദമായി തിരക്കുകയും ചെയ്തു;അതു കൃത്യമായി ഇവരോടു പറയുകയും ചെയ്തു.പെണ്ണിന് പതിനാറ് വയസ്സും ആറു മാസവുമാണെന്ന് ഇവരോട് ഞാന്‍ വ്യക്തമായി പറഞ്ഞതല്ലേയെന്ന് ഒന്നു ചോദിച്ചാട്ടെ.ഇത് സത്യമുള്ള പണിയാ ചേട്ടന്‍മാരേ.എന്റെ ചോറാണ്.ആരേയും പറഞ്ഞു പറ്റിക്കില്ല."മര്‍ദ്ദനമേറ്റു പഞ്ചറായ ദല്ലാളിത് വികാരാധീനനായി പറഞ്ഞപ്പോള്‍ തല്ലിയവരടക്കം എല്ലാവരുടേയും കണ്ണു നനഞ്ഞു.

No comments:

Post a Comment