Saturday, 2 May 2020

സരസോപദേശം

സരസന് ഒരു പെണ്ണു കെട്ടണം.

സരസന്‍ എന്നത് സ്വഭാവമല്ല;ആണുടെ പേരായ നാമം അഥവാ നൗണ്‍ ആണ്.കൂടുതല്‍ വിവരങ്ങള്‍ക്കായി പാര്‍ട്സ് ഓഫ് സ്പീച്ച് റഫറു ചെയ്യുക.

ദല്ലാളിന് പയ്യനെ വലിയ പരിചയമില്ല.ആദ്യമായിട്ടാണ് കാണുന്നതെന്നു തന്നെ പറയാം.

നോക്കാലളക്കാനും വാക്കാലളക്കാനും അങ്ങിനെ നൂറായിരം അളവുകോലുകളുള്ള ദല്ലാളന് അതൊന്നുമൊരു തടസ്സമല്ല.

നടന്നു പോയി പെണ്ണു കാണണം.പഴയ കാലമാണ്.നടപ്പു തുടങ്ങി.

ദല്ലാള്‍ വെറ്റിലതുപ്പലിന്റെ പുകമറയ്ക്ക് പിറകില്‍ മൗനിയായി ഒളിച്ച് ചെറുക്കനെ പഠിക്കാന്‍ ശ്രമിച്ചു.

തനി നാട്ടിന്‍പുറത്തുകാരന്‍.

സംസാരത്തിലൊന്നും പരിഷ്കാരം തൊട്ടുതേച്ചിട്ടില്ല.പെണ്ണു വീട്ടുകാര്‍ ഇംപ്രെസ്ഡാകാനുള്ള ചാന്‍സ് തുലോം കമ്മി.

പരിഹാരം കാണണം.കാണാമല്ലോ!!!ഇങ്ങനെ എന്തെല്ലാം പരിഹരിച്ചിരിക്കുന്നു.

വെറ്റിലമുറുക്കിനിടയിലൂടെ കാര്യമാത്രപ്രസക്തമായി ഒന്നു ഉപദേശിച്ചേക്കാം.ഇപ്പോ വേണ്ട.മറന്നു പോകും.സമയമാവട്ടെ.

അങ്ങനെ നടന്നു നടന്ന് പെണ്ണിന്റെ ദേശമെത്തി.ചെക്കനും ദല്ലാളും കുളിച്ച് വസ്ത്രം മാറി പെണ്ണു വീട്ടിലെത്തി.

വീടിന്റെ പടി കടക്കാന്‍ നേരം ദല്ലാള്‍ വെറ്റില തുപ്പാതെ മൊഴിഞ്ഞു'ചുമ്മാ വളവളാന്ന് സംസാരിച്ചാ പെണ്ണു കിട്ടുവേല.ചോദിക്കുന്നതിനു മാത്രം വളരെ കടുപ്പമുള്ള വാക്കുകളില്‍..ചെറുതായിട്ട് മറുപടി..മനസ്സിലായോ?"

"ഉം"സരസന്‍ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു.സുരേഷ് ഗോപി 'ഫാഷ'യില്‍ സ്റ്റിഫ് അപ്പര്‍ ലിപ്.

"ആ ഇതാരൊക്കെയാ..എട്യേ..ആ കസാലയിങ്ങെടുത്തേ..ചായയ്ക്ക് വെള്ളം വെച്ചോ.."പെണ്ണിന്റച്ഛന്റെ അപ്പര്‍ ലിപ് അത്ര സ്റ്റിഫ്ഫല്ല.

ആദ്യത്തെ ബഹളം കഴിഞ്ഞു.അച്ഛനും അമ്മാവനും ദല്ലാളും സരസനും പൂമുഖത്തും അവരെ നിരീക്ഷിച്ച് കുറേ സ്ത്രീനയനങ്ങള്‍ വാതിലിന്റെ വിടവിലും മറ്റും..

"എന്താ മോന്റെ പേര്..ചോദിക്കാമ്മറന്നുപോയി!"

"റോഡ് റോളര്"‍കട്ടി ഒട്ടും കുറച്ചില്ല.

"ഓ എന്നാ ജാതി പേരൊക്കെയാ!അച്ഛന്റെ പേരെന്തുവാ?"

"ആട്ടുകല്ല്"

എന്താണെന്നറിയില്ല സരസന് ആ പെണ്ണിനെ കെട്ടാന്‍ പറ്റിയില്ല.

ഈ പഴയ കഥയിലെ ഗുണപാഠം എന്തെന്നാല്‍ എന്തുമാത്രം വിജ്ഞാനവും നന്മയും കുഴച്ച് ഉരുട്ടി കൊടുക്കുന്നു എന്നതിലല്ല;അത് എന്തു ഫലം ചെയ്യുന്നു എന്നതിലാണ് കാര്യമെന്നായിരിക്കും അല്ലേ??

4 comments: