Friday, 22 May 2020

കൊഞ്ചം ഓവ‍ര്‍

അക്കൗണ്ടന്‍സിയെന്നാല്‍ ഒരു മഹാസാഗരമാണത്രെ.അക്കൗണ്ടിങ്ങ് സോഫ്റ്റ്വെയറുകളും മോശമല്ല-പാത്രത്തില്‍ തളച്ചിട്ട സാഗരം പോലെയാണ് അവയും. 

ഓഡിറ്റിങ്ങ് രസമുള്ള പണിയാണ്.വെറുതേയിങ്ങനെ ചോദ്യങ്ങള്‍ ചോദിച്ച് കേള്‍ക്കുന്നവരെയൊക്കെ ഒരു പ്രത്യേകമാനസികാവസ്ഥയിലെത്തിക്കുക എന്നതാണ് ഓഡിറ്റിങ്ങ് ജോലിയുടെ കാതലായ ഭാഗം.
സ്ഥിരം ശല്യങ്ങളായ സ്റ്റാഫുകളെ ഒരാള്‍ വെറുതേയാണെങ്കിലും ചൊറിയുന്നത് മാനേജുമെന്റിനും സുഖമുള്ള കാര്യമാണ്.

ഇന്നത്തെ ഓഡിറ്റ് നടത്തേണ്ടിടത്തും പുതുമുഖമാണ്.ചുക്കെന്താ,ചുണ്ണാമ്പെന്താ,ക്രെഡിറ്റെന്താ,ഡെബിറ്റെന്താന്നൊക്കെ ചോദിച്ചാല്‍ നവരസങ്ങള്‍ വിരിയിക്കുന്ന ഒരപ്പാവി.

"ഇതെന്താടോ ഈ കാണിച്ചു വെച്ചിരിക്കുന്നത്?ഒരേ എക്സ്പന്‍സ് എത്ര പേരിലാ കാണിച്ചിരിക്കുന്നെ."ചോദ്യം ചോദിക്കാതിരുന്നാല്‍ പിന്നെ ഓഡിറ്ററില്ല.

"സത്യത്തില്‍ ഞാന്‍ വന്നിട്ട് ഒന്നര ആഴ്ചയേ ആയുള്ളു സാര്‍.ഇവിടുത്തെ സാര്‍ കുറച്ചു സ്ട്രിക്റ്റായതുകൊണ്ട് ഇടക്കിടെ ആളുകള് മാറി മാറി വരാറുണ്ടെന്നാണ് കേട്ടത്.വരുന്നവര്‍ക്ക് സംഗതികള്‍ പരിചയപ്പെടുത്തി കൊടുക്കാന്‍ ആരും ഉണ്ടാവാറുമില്ല താനും.അതാണെന്ന് തോന്നുന്നു"അപ്പാവി വിനയപുരസ്സരം മൊഴിഞ്ഞു.

"ആര് വന്നാലെന്താ?പോയാലെന്താ?ബോധമില്ലാത്തവരാണോ ജോലിക്ക് വരുന്നത്?ഇത് കണ്ടോ?!ടീ ആന്റ് സ്നാക്ക്സ് - ഒരു എക്സ്പെന്‍സ്..ഇതു കുഴപ്പമില്ല.കണ്ടാല്‍ ആര്‍ക്കും മനസ്സിലാകും!"

"അതേ സര്‍.ക്രിയേറ്റു ചെയ്ത ആള് മിടുക്കനാണ്!"

"ദാ കെടക്കുന്നു റിഫ്രഷ്മെന്റ് എക്സ്പെന്‍സ്.ഇതിലുമുണ്ട് കുറേ എന്‍ട്രി.അവനൊക്കെ BCom ആരുന്നോ BA  ലിറ്ററേച്ചറാരുന്നോ?'

"റിഫ്രഷ്മെന്റ്..ഹൗ..ഇച്ചിരി കട്ടിയാ"അപ്പാവി.

"ദേ ചായേം കടീം!!എന്തുവാടോ ഇതൊക്കെ?"

"മാതൃഭാഷാസ്നേഹിയാരിക്കും സാറേ!"

"അപ്പോ ഈ ചായേം പൊരിപ്പുമോ?!!"

"അത് കൊട്ടാരക്കര സൈഡിലുള്ള ഏതേലും മാതൃഭാഷാസ്നേഹിയാരിക്കും!"

"ചായ പഫ്സ്, ചായ സുഖിയന്‍..ഒാരോ ദിവസവും കഴിച്ചതിന്റെ പേരെല്ലാം വേറെവേറെ എക്സ്പെന്‍സാക്കിയത് ഏത് സ്റ്റുപ്പിഡാടോ?!"

"ഏതോ സത്യസന്ധനാവും സര്‍.സുതാര്യമായ അക്കൗണ്ടിങ്ങ്!"

"ഈ പണി ഇട്ടിട്ടു പോവാന്‍ തോന്നുവാണ്"

"സാറ് ടെന്‍ഷനാവണ്ട!ഇതിന്റെ പേര് തന്നെ ഓവര്‍ഹെഡ്സ് എന്നല്ലേ?കുറച്ചു ഓവറാകും.നാച്വറല്‍!"

നല്ല ഭാവനയുടെ മണം അടിക്കുന്നു.അടുത്ത വരവില്‍ ഒരുപാടു ചോദ്യങ്ങള്‍ ചോദിക്കാനുള്ള വകുപ്പ് കാണുന്നുണ്ട്.

No comments:

Post a Comment