പണ്ടെങ്ങോ,ആ രാത്രി അവളെന്റെ കൈത്തണ്ടയില്‍ തലയും വെച്ച് ആകാശം നോക്കി കിടക്കുകയായിരുന്നു.
ഞാനും നിലത്ത് കിടക്കുകയാണ്.
ആകാശത്തിലെ നക്ഷത്രങ്ങളും മരത്തലപ്പിലെ മിന്നാമിന്നികളും മത്സരിച്ച് മിന്നുന്നു.
വെളിച്ചത്തിന്റെ സംഗീതം.
സ്വരമില്ലാത്ത സംഗീതം.
താളമുള്ള എന്തും സംഗീതമാവുമായിരിക്കാമല്ലേ?
കൈത്തണ്ട വേദനിയ്ക്കുന്നുണ്ട്.പക്ഷേ കരുത്തനെന്ന മുഖംമൂടി അഴിക്കാനിഷ്ടപ്പെടാത്തതിനാല്‍ അവളോട് വേദന പറഞ്ഞില്ല.
ഇരമ്പലിന്റെ ശബ്ദം ആ സംഗീതത്തിനുമേല്‍ കടന്നുകയറിയത് അപ്പോഴാണ്.
ഒഴുകി വരുന്ന ഇരമ്പം..അല്ലല്ല,അത് ഒഴുകിയെന്നപോലെ വരുന്ന ഒരു വലിയ കൂട്ടത്തിന്റെ ഇരമ്പമാണ്.
വലിയ ബഹളങ്ങള്‍.വെളിച്ചം.
ഞങ്ങള്‍ക്ക് തൊട്ടരികിലൂടെയാണ് ഒഴുക്ക് നീങ്ങുന്നത്.കരയെ ഇനിയുമത് വിഴുങ്ങിയേക്കാം എന്നു തോന്നിപ്പിച്ചു.
അവളെണീറ്റു.ഞാനും.
ഒഴുക്കിലേയ്ക്കു ഇമവെട്ടാതെ നോക്കിയിരിക്കുന്ന അവളെ മൃദുവായി പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു..പരാജയപ്പെട്ടു.
ഒഴുകുന്നത് ആളുകളാണ്.പരിഭ്രാന്തി നിറഞ്ഞ ചുവടുകളാല്‍ മറ്റുള്ളവരെ ചവിട്ടി മെതിക്കുന്നുണ്ട്.പക്ഷേ മിക്കവരും വേദന സഹിച്ച് പുഞ്ചിരിച്ച് ചിത്രങ്ങള്‍ക്ക് പോസു ചെയ്തുകൊണ്ടേയിരുന്നു.
എത്ര വിചിത്രം..എനിയ്ക്കു മാത്രം തോന്നി!!
"നമ്മളുമിതിലേയ്ക്ക് ചാടണം!"അവളുടെ വാക്കുകള്‍ ഇരമ്പലിനേക്കാള്‍ എന്നെ ചകിതനാക്കി.
"അതെന്തിനാ?"
"ദാ കണ്ടില്ലേ എല്ലാവരും ഇവിടെയുണ്ട്.എന്റെ ദൈവങ്ങളും അവരുടെ ഇടനിലക്കാരും എന്റെ ആരാധനാപാത്രങ്ങളും സ്വന്തവും ബന്ധവുമെല്ലാം ദാ ഈ ഒഴുക്കിലുണ്ട്.എല്ലാവരുമെന്നെ വിളിക്കുന്നുമുണ്ട്!"
"ഇവിടെ നമുക്ക് ആവശ്യത്തിന് ഇടമുണ്ടല്ലോ?അവര്‍ക്ക് സമാന്തരമായി സ്വതന്ത്രമായി ചവിട്ട് കൊള്ളാതെ നടക്കാം,ഓടാം,വിശ്രമിക്കാം,കാഴ്ച കാണാം,കാറ്റു കൊള്ളാം"
"പക്ഷേ ചവിട്ടുകൊണ്ടാല്‍ ചവിട്ടിത്തിരുമ്മാന്‍ അവിടെ പഞ്ചനക്ഷത്ര ആശുപത്രികളുണ്ട്.അവിടെയൊക്കെ കയറിപ്പറ്റണേല്‍ ഒഴുക്കിന്റെ ഒത്ത നടുക്ക് വരെ എത്തിപ്പെടണം!"
"അതെന്തിനാണ് ചവിട്ട് സമ്പാദിച്ചിട്ട് ചവിട്ടിത്തിരുമ്മിക്കുന്നത്?നമ്മുടെ നക്ഷത്രക്കാഴ്ചകള്‍ നഷ്ടപ്പെടില്ലേ??ദാ ഇത് അടുത്തുകൂടി പോയപ്പോള്‍ തന്നെ പൊടി പറന്ന് ആകാശം കാണാന്‍ വയ്യാതായി."
"ഒഴുക്കിന് കുറച്ചു മുന്‍പില്‍ ഒരു പന്ത്രണ്ടു നിലയുള്ള കച്ചവടകേന്ദ്രമുണ്ടത്രെ!അതിന്റെ മട്ടുപ്പാവില്‍ ചാരിക്കിടന്ന് വര്‍ണ്ണക്കണ്ണാടിയിലൂടെ നക്ഷത്രങ്ങളേയും കാണാം.പക്ഷേ ഒഴുക്കിന്റെ ഒത്ത നടുക്ക് പിടിച്ചു നില്‍ക്കണം."
"ആ കാഴ്ച ഞാന്‍ കണ്ടിട്ടുളളതാണല്ലോ!വേണമെങ്കില്‍ വല്ലപ്പോഴും തന്നെയും കൊണ്ടുപോയി കാണിക്കാം.അത് സ്ഥിരമായി കണ്ടാല്‍ മടുക്കും.ഉറപ്പാണ്."
"നുണ.എനിയ്ക്ക് മടുക്കില്ല!"
"നുണ പറയാറില്ലല്ലോ തന്നോട്!"
"ആവോ ആര്‍ക്കറിയാം!"ഇതെന്തൊരു കറുത്ത മായാജാലമാണ്.ഇങ്ങനെയൊന്നും സംസാരിക്കാത്തവളാണ്.ഞാനും അതിനിടകൊടുത്തിട്ടില്ല.
"വാ സമയം പോയി.ഒഴുക്കിലേയ്ക്കു ചാടാം.അല്ലെങ്കില്‍ അവരുടെ കൂട്ടം വിട്ടുപോകും."
"പക്ഷേ ഞാന്‍..അതിനു തയ്യാറല്ലെന്നു തോന്നുന്നല്ലോ!എന്റെ അഭിപ്രായവുമൊന്ന്.."
"ചതിക്കാനുള്ള പുറപ്പാടാണ് അല്ലേ?!"
"ചതിയോ.."വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി.
"അതേ ചതി.ക്രൂരന്‍,ഹൃദയമില്ലാത്തവന്‍,പിന്‍തിരിപ്പന്‍"
"പക്ഷേ എന്തിനുവേണ്ടിയാണ് ഈ തീ എന്റെമേല്‍ കോരിയിടുന്നതെന്ന് മനസ്സിലാക്കുന്നുണ്ടോ?"
"നിനക്ക് ഭ്രാന്താണ്!"
അങ്ങനെ നക്ഷത്രക്കാഴ്ചകള്‍ വഴിപിരിഞ്ഞു.
എന്റെ കാഴ്ചകളെ ആ വൃത്തികെട്ട ഒഴുക്കിന്റെ
ഇരമ്പം ഇടക്കിടെ അലോസരപ്പെടുത്താറുണ്ട്.
എന്റെ കരയെ അത് നിത്യമായി നശിപ്പിക്കാനും സാധ്യതയുണ്ട്.
തീരാത്ത വെറുപ്പോടെ പണ്ട് സ്നേഹിച്ചിരുന്നവരെന്ന് പറയപ്പെട്ടിരുന്നവര്‍ കല്ലെറിഞ്ഞു കൊല്ലാനും സാധ്യതയുണ്ട്.
ഒരാള്‍ ഒരു പഞ്ചവര്‍ണ്ണക്കിളിയോടു ചോദിച്ചത്രെ"നിന്നെ ഞാന്‍ കെണിവെച്ചു പിടിച്ചാലാണോ നീ താനേ പറന്ന് എന്റെ അരികിലിരുന്നാലാണോ നമ്മളീ കൂട്ടില്‍ സന്തുഷ്ടരാവുക?"
കിളി പറഞ്ഞതെന്താണെന്ന് എന്നോടു ചോദിക്കല്ലേ!
കാരണം കിളി പറയേണ്ടത് കിളി തന്നെ പറയണമല്ലോ!!
No comments:
Post a Comment