വിശ്വാസമെന്നാല്‍ വളരെ വിശാലമായ അര്‍ത്ഥതലങ്ങളുള്ള;വൈവിധ്യമാര്‍ന്ന ഉപയോഗശ്രേണിയുള്ള ഒരു പദമാണല്ലേ?
വിശ്വാസിയാണോ എന്നു ചോദിച്ചാല്‍ അല്ല എന്നുത്തരം പറയാനിഷ്ടപ്പെട്ടിരുന്ന ഒരാളാണ് ഞാന്‍.
ദൈവത്തില്‍ വിശ്വാസമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല.കാരണം വിശ്വാസയോഗ്യനായ ഒരു ദൈവം എനിക്ക് വെളിവായിട്ടില്ല.
സ്വയം വിശ്വസിക്കുന്നോ എന്നു ചോദിച്ചാല്‍ അതുമില്ല.ഏത് ആകസ്മികതയും എപ്പോഴും എങ്ങോട്ടുവേണമെങ്കിലും നയിക്കാവുന്ന ഒരാളാണെന്ന ഉറച്ച ബോധ്യമുണ്ട്.
മറ്റുള്ളവരെ വിശ്വാസമാണോ എന്നു ചോദിച്ചാല്‍ അവിടെയും മേല്‍പ്പറഞ്ഞ ആകസ്മികതകള്‍ക്കും കോണ്‍ഫ്ളിക്ട് ഓഫ് ഇന്ററസ്റ്റ്സിനും വലിയ സ്ഥാനമുണ്ടെന്ന് പറയാതെ വയ്യ.
മുകളിലേതുപോലെ വിശ്വാസരാഹിത്യം തുറന്നു പറയുന്നത് വലിയ മണ്ടത്തരമാണ്.ആരേയും ഒന്നിനേയും വിശ്വാസമില്ലെങ്കിലും അതൊന്നും പുറത്ത് പറയരുത്.
വിമര്‍ശനബുദ്ധ്യാ നോക്കിയാല്‍ 'എനിക്കു നിന്നെ വിശ്വാസമാണെന്ന്' ആരെങ്കിലും പറയുന്നതില്‍ ഏറിയപങ്കും ഭീഷണിയും ഉത്തരവാദിത്വം ഏല്‍പ്പിക്കലുമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
ഇത്തരത്തില്‍ കൊടിയ അവിശ്വാസിയായ നോം 'ദ സിക്സ്ത് സെന്‍സ്' എന്നൊരു സിനിമ കാണാനിടയായി.ശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന ഒരു മുതിര്‍ന്ന ആളും അതിന്ദ്രീയജ്ഞാനമുള്ളതിനാല്‍ എല്ലാവരാലും വേട്ടയാടപ്പെടുന്ന ഒരു കൊച്ചു സ്കൂള്‍ കുട്ടിയുമാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍.സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഈ രണ്ടു വ്യക്തികളും തമ്മില്‍ ഒരു മാത്സര്യം സൃഷ്ടിക്കുകയും അതില്‍ സ്കൂള്‍ കുട്ടി വിജയിക്കുന്നതായി കഥ ചുരുക്കുകയും ചെയ്യുന്നു.എന്തോ, ഈ അതീന്ദ്രിയതയുടെ ജയം/എക്സിസ്റ്റന്‍സ് എന്നില്‍ വല്ലാത്ത ആഹ്ളാദമുണ്ടാക്കി.
ചുരുക്കിപ്പറഞ്ഞാല്‍ അവിശ്വാസിയായ എനിയ്ക്കും മനസ്സിന്റെ/തലച്ചോറിന്റെ എക്സ്പ്ളോര്‍ ചെയ്യപ്പെടാത്ത ശക്തികളില്‍ വിശ്വസിക്കാന്‍ കൊതി തോന്നിപ്പോയി.
ഈ ചിന്തകളെ ബലപ്പെടുത്താന്‍ ചില അനുഭവങ്ങളും കിട്ടി എന്നതാണ് തമാശ.ചില ആശങ്കകളും ചിന്തകളിലുരുവാകുന്ന സ്പാര്‍ക്കുകളുമൊക്കെ എനിക്കപ്പുറത്തുള്ള ലോകത്ത് സത്യമായി വരുന്നതുപോലെയൊക്കെ തോന്നി.
സ്കൂള്‍ ജീവിതത്തില്‍ രണ്ടു വര്‍ഷം ഒരു ബോര്‍ഡിങ്ങ് ഹൗസിലായിരുന്നു.അവിടുത്തെ ഞങ്ങളുടെ പാത്രം ചോറ് അല്ലെങ്കില്‍ മുഖ്യാഹാരം ഇടാന്‍ വലിയ ഒരു കുഴി;കറികള്‍ക്കായി മറ്റു നാലഞ്ചു കുഴികള്‍ എന്നിവ ഉള്ള; നിങ്ങള്‍ക്കൊക്കെ പരിചിതമായിരിക്കാവുന്ന സ്റ്റീലുകൊണ്ട് ഉണ്ടാക്കിയവയായിരുന്നു.ഇതിലെല്ലാം സാധനങ്ങള്‍ നിറഞ്ഞിരുന്നില്ലെങ്കില്‍ വിശപ്പ് പകുതി ചത്തു പോകും.അതുപോലെ എന്നിലും വിശ്വസം നിറയ്ക്കാനുള്ള ചില കുഴികള്‍/void കള്‍ ഉണ്ടായേക്കാം.അതാവും ആരെയെങ്കിലും,എന്തിനെയെങ്കിലും വിശ്വസിക്കാന്‍ കൊതി തോന്നുന്നത്.ഈ വിശ്വസിക്കാനുള്ള പ്രേരണ ഏതു പ്രായത്തില്‍ സൃഷ്ടിക്കപ്പെടുന്നു എന്നൊന്നും ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.
No comments:
Post a Comment