അങ്ങിനെയിരിക്കെ ഒരു ദിവസം ഗൂഗിളില്‍ നിന്നൊരു ഇ മെയില്‍ വന്നു!
'ജി - മെയില്‍,ഗൂഗിള്‍ സെര്‍ച്ച്,മാപ്സ്,ഫോട്ടോസ് അങ്ങിനെ ഗൂഗിളിന്റെ ഒരുവിധം എല്ലാ പ്രൊഡക്ടുകളും -ഗൂഗിള്‍ പേ - ഒഴിച്ച് ഇത്ര നന്നായി ഉപയോഗിക്കുന്ന ;അതും പരിമിതമായ സൗകര്യങ്ങളില്‍ നിന്ന് ഒരാളെന്ന നിലയില്‍ താങ്കളെ അംഗീകരിക്കാനും കഴിയുമെങ്കില്‍ ഞങ്ങളുടെ ഭാഗമാക്കാനും താത്പര്യപ്പെടുന്നു.കരിക്കുലം വിറ്റെയും സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരിക.'എത്തേണ്ട സ്ഥലവും ഡ്രസ്സ് കോഡും മാന്യത വിടാതെ മെയിലില്‍ എഴുതിയിരുന്നു.
ആദ്യം അമ്പരപ്പാണ് തോന്നിയത്!
പിന്നെ ആവേശം!
നെഞ്ചിടിപ്പ് 'ലബ് - ഡബ്' മാറി 'ഗുള്‍ - ഗൂഗിള്‍' എന്നായി.വെള്ളം കുടിക്കുന്ന ശബ്ദം മാത്രം 'ഗള്‍ ഗള്‍ ഗംഗിള്‍' എന്നു പഴയ പടി തന്നെ.കൂര്‍ക്കംവലി എങ്ങിനെയായി എന്ന് അറിയില്ല!
അവര്‍ വിളിച്ചതില്‍ തെറ്റില്ല...
എത്ര കാലമായി രണ്ടു മൂന്നു രാജ്യത്തെ എത്രയോ സ്ഥലങ്ങളുടെ ഫോട്ടോകള്‍ അപ്ലോഡ് ചെയ്തിരിക്കുന്നു,റിവ്യൂ ഇട്ടിരിക്കുന്നു,അതൊക്കെ എത്രയോ ലക്ഷം ആളുകള്‍ക്ക് പ്രയോജനപ്പെട്ടിരിക്കുന്നു.പിച്ചക്കാരന്‍ ലോട്ടറിയുമായി മാനസികമായി പൊരുത്തപ്പെടും പോലെ ഈ ചിന്തകള്‍ തുടര്‍ന്നു!
മെയിലില്‍ പറഞ്ഞ ദിവസമെത്തി.ഡ്രസ്സ് കോഡിലെ ഡ്രസ്സ്, കോഡൊപ്പിച്ച് ധരിച്ച് സര്‍ട്ടിഫിക്കറ്റും CV യുമടങ്ങുന്ന ഫോള്‍ഡറും പിടിച്ച് ജോലി ഉറപ്പായതിനാല്‍ തറവാട് വീട്ടില്‍ പോകുന്ന സ്വാതന്ത്ര്യത്തോടെ മുറിയിലേയ്ക്ക് സ്വയം ആവാഹിച്ചിരുത്തി.
"പക്ഷേ CV യിലെ പേര് അപ്പര്‍കേയ്സ് ലെറ്റേഴ്സിലല്ലല്ലോ!" അഭിമുഖം നടത്തുന്ന ആള്‍ അതൃപ്തി ഭാവത്തോടെ കമന്റടിച്ചു.
പുത്തരിയില്‍ കല്ലു കടിച്ചോ?.ഇനിയിപ്പോ എനിക്കങ്ങോട്ട് മെയില്‍ വന്ന കാര്യം ഇയാള്‍ക്കറിയില്ലേ പോലും. അല്ലെങ്കിലും പേര് വലിയക്ഷരത്തില്‍ എഴുതുക എന്നതൊക്കെ വലിയ കാര്യമാണോ?എന്നാലും മാന്യത വിടാതെ സേഫായി ഇരുന്നേക്കാം.
"അപോളജീസ് സര്‍.ശ്രദ്ധക്കുറവു കൊണ്ട് പറ്റിയതാണ്'
"ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വരും.പറ്റുമോ?യാത്രകളോടു പരിചയം ഉണ്ടോ?"
ഇത്തവണ ശരിക്കും ഞെട്ടി.ഞമ്മളൊരു മാസം എത്ര മൈല്‍ സഞ്ചരിച്ചു,അതില്‍ കാല്‍നട എത്ര,ഓട്ടര്‍ഷയില്‍ എത്ര എന്നൊക്കെ റിപ്പോര്‍ട്ട് ചോദിക്കാതെ അയച്ചു തരുന്ന കമ്പനിയുടെ പ്രതിനിധി.ഈ എന്നോട്!!ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യും.
"യാത്ര ചെയ്തു പരിചയം ഉണ്ട് സര്‍.ഇനിയും ചെയ്യാന്‍ ബുദ്ധിമുട്ടില്ല!"
"ഗൂഗിള്‍ പ്രൊഡക്ട്സിന്റെ എല്ലാം ഉപയോഗമറിയാമോ?"
ഇയാള്‍ എനിക്ക് മെയിലയച്ച ആളുടെ മുള്ളിത്തെറിച്ച റിലേഷനിലുള്ള അളിയന്‍ പോലുമല്ല.പക്ഷേ ക്ഷമ നല്ലതാണ്.
"അത്യാവശ്യത്തിന് അറിയാം സര്"
"പിന്നെ അഥവാ തനിക്ക് ജോലി കിട്ടിയാല്‍, ഓഫീസിലിരിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പറ്റില്ല.ഡെസ്ക്ടോപ്പിലും നെറ്റുണ്ടാവില്ല.ചുമ്മാ ഗൂഗിളും നോക്കിയിരുന്നാല്‍ പണി നടക്കില്ല"അടിപൊളി.
ഫയല്‍ ഫോള്‍ഡറുകൊണ്ട് ആ വര്‍ഗ്ഗവഞ്ചകന്റെ തലയ്ക്കടിച്ച് മത്തങ്ങാത്തലയാന്നും വിളിച്ച് ഇറങ്ങി നടന്നതാണ്.പിന്നെ ഇതുപോലെ ഇംപ്രസ്സ്ഡാകുന്നവരുടെ ഇന്റര്‍വ്യൂ വിന് പോകാറില്ല.
പിന്നെഴുത്ത് :
ഗൂഗിള്‍ കാമ്പസ് ലോകത്തില്‍ ഏറ്റവും എംപ്ളോയി ഫ്രണ്ട്ലി ആണെന്നാണ് അറിവ്.ജോലിക്കാരുടെ മനസ്സിന്റെ സന്തോഷത്തെയും സംതൃപ്തിയെയും പരമാവധി കാര്യക്ഷമത ആക്കി മാറ്റുക എന്ന നല്ല സങ്കല്‍പ്പം അവിടെ നടപ്പിലാകുന്നുണ്ടെന്നതാണ് വായിച്ചും വീഡിയോകളില്‍ കണ്ടും മനസ്സിലായത്.
മറ്റൊരു വിഷയം അവതരിപ്പിക്കാനായി അവരുടെ പേര് വലിച്ചിട്ടെന്നേ ഉള്ളൂ.
അവിടെ നിന്ന് ജോലി ഓഫറൊന്നും വരാനും സാധ്യതയില്ല.ഗൂഗിള്‍ മാപ്സിന്റെ ലോക്കല്‍ ഗൈഡുകളുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള ആപ്ളിക്കേഷനയക്കാമെന്നു പറഞ്ഞൊരു മെയില്‍ വന്നിരുന്നു.(സ്വയം പൊങ്ങലിന്റെ ലേശം മസാലയും ഇട്ടേക്കാം)
നമ്മളിങ്ങനെ ഭാരമുള്ള ഒരു മേശ തനിയെ വലിച്ചു മാറ്റി അതില്‍ കയറി നിന്ന് ചുമരില്‍ അത്യാവശ്യം കൊള്ളാവുന്ന ചിത്രം വരയ്ക്കുകയാണ് എന്നു സങ്കല്‍പ്പിക്കൂ.
താഴെ നിന്ന് നമ്മളെ അനുമോദിക്കുന്ന ഒരു സംരഭകത്വമുള്ള ആളുടെ ചിന്ത ഇവന് ഭാരമുള്ള മേശ തന്നെ എടുക്കാന്‍ പറ്റുന്നുണ്ട്.കൂടെ കൂട്ടി ഈ പടംവരയുടെ ദുശ്ശീലം മാറ്റിയെടുത്താല്‍ നല്ലൊരു ചുമട്ടു കാരനാക്കാം എന്നാകാനാണ് സാധ്യത.😂😂
ചുമടെടുക്കുന്നത് മോശമാണെന്നല്ല.
ചെയ്യേണ്ടി വന്നാല്‍ ചെയ്യണം.
ജോലി സമയത്ത് ജോലിയും ഒഴിവു സമയത്ത് ക്രിയേറ്റീവായ കാര്യങ്ങളും ചെയ്യാന്‍ പറ്റണം.
അതിന് സോഷ്യല്‍ സ്റ്റാന്‍ഡാഡനുസരിച്ച് ന്യായമായ ഒഴിവു സമയമുള്ള ജോലി കിട്ടുമെങ്കില്‍ വളരെ നന്ന്.
പക്ഷേ അനുമോദിക്കുന്നവരെപ്പറ്റി പത്തു പ്രാവശ്യമെങ്കിലും ചിന്തിച്ചില്ലെങ്കില്‍ വലിയ ഇച്ഛാഭംഗവും അനാവശ്യദേഷ്യവും ഉണ്ടായേക്കാം.
ആളുകള്‍ നമ്മളില്‍ നമ്മളുദ്ദേശിക്കുന്നത് കാണണമെന്നില്ല.അവരുദ്ദേശിക്കുന്നതാവും കാണുക.
No comments:
Post a Comment