Friday, 1 May 2020

ബലഹീനതയുടെ മുഖങ്ങള്‍

ഇതു തികച്ചും വ്യക്തിപരമായ പോസ്റ്റാണ്.യഥാര്‍ത്ഥ ജീവിതത്തില്‍ എന്നോട് ഇടപെട്ടിട്ടുള്ളവര്‍ വായിച്ചാല്‍ മതിയാവും.

അല്ലാത്തവര്‍ വായിച്ച് എന്റെ അനാരോഗ്യം/രോഗാതുരത(??!!)മനസ്സിലാക്കി കളഞ്ഞാലും ഒരു പുളിങ്കുരുവും ഇല്ല.കാരണം ഇവിടെ മധുരഭാഷണത്തില്‍ കൂടിയും ഭക്താഭ്യാസങ്ങളില്‍ കൂടിയും വെള്ള വസ്ത്രം ധരിച്ചും ഭൂതകാലത്തെയോ തനിസ്വഭാവത്തെയോ കുഴിച്ചു മൂടാനുള്ള യാതൊരു ശ്രമങ്ങളും നടക്കുന്നില്ല.

വെറുതെ ഊള കമന്റിട്ടാല്‍ മറുപടി കേള്‍ക്കേണ്ടി വന്നേക്കാം എന്ന മുന്നറിയിപ്പുണ്ട്.പറഞ്ഞതുപോലെ ഇത് ജീവിതാനുഭവങ്ങളാണ്,സര്‍ക്കസ് കോമാളിതതരമല്ല!

എന്തിനു വ്യക്തിപരമായ പോസ്റ്റ് പരസ്യമായി ഇടുന്നു എന്നു ചോദിച്ചാല്‍ ജീവിതത്തിലെ കുറെ കള്ളക്കമ്മട്ടങ്ങളെ ഒഴിവാക്കാനോ നിലയ്ക്കു നിര്‍ത്താനോ ഉള്ള ശ്രമത്തിന്റെ ഭാഗമായി എന്നാവും മറുപടി.ഒാരോരുത്തരോടും ഇത് നേരിട്ടു പറയുക പ്രായോഗികമല്ല.

നമ്മള്‍ പറയുന്ന വാക്കുകള്‍ നമ്മുടെ അരുമ പെണ്‍മക്കളാളെന്ന് കരുതുക.അവരെ നമ്മള്‍ എങ്ങിനെ കാണാനാണ് ഇഷ്ടപ്പെടുക?സ്വന്തം ലൈംഗികത പണത്തിനായി പലര്‍ക്കു വില്‍ക്കുന്നവരായി കാണാനാണോ അതോ കുടുംബമായി സന്താനങ്ങളെ പരിപാലിച്ചു കാണാനോ!

പലര്‍ക്കും പല കാഴ്ചപ്പാടുകളുണ്ടായേക്കാം!!

എനിക്ക് എന്റെ വാക്കുകളും പെണ്‍മക്കളുണ്ടായാല്‍ അവരും സ്വഭാവികമായ ചോദനകളോടെ പെരുമാറുന്നതു കാണാനാണ് ഇഷ്ടം. അവരെ വ്യഭിചാരികളായി കാണാന്‍ ഇഷ്ടപ്പെടുന്നില്ലെന്നു മറ്റു വാക്കുകളില്‍.

വാക്കുകളെ വ്യഭിചരിക്കുന്നതെങ്ങിനെയെന്നു  ചോദിച്ചാല്‍ ഉദാഹരണം പറയാം.ഞാനൊരു പാവപ്പെട്ട വീട്ടിലെ കുട്ടി ആയിരുന്ന കാലത്ത് അയല്‍വീട്ടിലെ ധനികനായ ബന്ധുവിന്റെ വീട്ടില്‍ ടി.വി. കാണാന്‍ പോകാറുണ്ടായിരുന്നു എന്നു സങ്കല്‍പ്പിക്കൂ.അവര്‍ക്ക് അവരുടെ സ്വകാര്യലോകത്ത് മറ്റൊരാളെ ഇഷ്ടമല്ലാത്തതിനാല്‍ അവിടെ നിന്നും എന്തെങ്കിലും വിലപിടിച്ച സാധനം കാണാതെ പോയി എന്നൊരു മോഷണ ആരോപണമായോ അവിടുത്തെ മൂക്കള പെങ്കൊച്ചിനെ ട്യൂണ്‍ ചെയ്യാന്‍ വേണ്ടിയാണ്  ദരിദ്രവാസി ചെല്ലുന്നതെന്ന അവിഹിത ആരോപണമായോ സംഗതിയെ അവതരിപ്പിക്കാം.എളുപ്പത്തില്‍ അവരുദ്ദേശിച്ച കാര്യം (അകറ്റി നിര്‍ത്തല്‍) സാധ്യമാവും.

പക്ഷേ ആ ആരോപണത്തിന് വിധേയനാകുന്ന ആളുടെ മാനസികാവസ്ഥയും പ്രതികരണവുമൊക്കെ എന്തായിരിക്കും?!അതൊക്കെ ചിന്തിച്ചാല്‍ എങ്ങിനെയാണല്ലേ..ഇതാണ് വാക്കകളെ വ്യഭിചരിക്കാന്‍ വിട്ടുകൊടുക്കല്‍..തമാശയെന്തെന്നാല്‍ ഇതേ ധനവാന്‍ തന്നെ എന്നെങ്കിലും നമ്മളും പത്തു പുത്തന്‍ സമ്പാദിച്ചൂ  കഴിയുമ്പോള്‍ ഒരു ഉളുപ്പുമില്ലാതെ നമ്മുടെ വീട്ടില്‍ വന്ന് ദൈവസ്നേഹത്തെക്കുറിച്ചും പരസ്നേഹത്തേക്കുറിച്ചുമൊക്കെ ക്ളാസെടുത്തു കളയുമെന്നതാണ്.

ഇത്തരത്തില്‍ ചെറിയ കാര്യസാധ്യത്തിനുവേണ്ടി വലിയ,സങ്കീര്‍ണ്ണമായ ആരോപണങ്ങള്‍ ഉന്നയിച്ചവരെയും ആ സാഹചര്യങ്ങളെയും എനിക്ക് വെറുപ്പാണ്.

വെറുപ്പിനെ അതിജീവിക്കണോ അതോ അവിടെ നിന്നു അകന്നു മാറണോ എന്ന ചിന്തകളില്‍ പലപ്പോഴും അകന്നു മാറലാണ് വിജയം കാണാറ്.ഞാന്‍ വിലമതിക്കാനാവാത്ത എന്തോ സംഭവമാണെന്ന് ഇതിനര്‍ത്ഥമില്ല.പക്ഷേ എന്റെ ചെറുതോ വലുതോ ആയ നല്ല വശങ്ങള്‍ അതിസാമര്‍ത്ഥ്യം അനാവശ്യമായി കാണിക്കുന്നവരുമായി ഷെയര്‍ ചെയ്യാന്‍ ഞാന്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം.ഇതിനെ മനോ'വൈകല്യം' (വൈകല്യം...എത്ര മനോഹരമായ വാക്ക്!!)
ആയി നിങ്ങള്‍ക്ക് ഗണിക്കാവുന്നതാണ്.

ചില അനുഭവങ്ങള്‍ക്കൂടി പരാമര്‍ശിക്കാതെ ഇത് പൂര്‍ണ്ണമാവില്ല.സ്വഭാവമൊക്കെ രൂപപ്പെടുന്ന പതിനേഴാം വയസ്സിലെ കോളേജ് ജീവിതത്തിന്റെ ആരംഭത്തില്‍ ഞാന്‍ എതിര്‍ലിംഗത്തോട് സംസാരിക്കാന്‍ മടിയുള്ള ഒരു നാണംകുണുങ്ങിയായിരുന്നു.കാലം പുരോഗമിക്കേ ക്ളാസിലെ മൂന്നു പെണ്‍കുട്ടികളുടെ ഒരു ഗാങ്ങിന്റെ ശ്രദ്ധയില്‍ ഞാന്‍ പെട്ടു.അത്യാവശ്യം പണക്കാരായ മൂന്നു പേര്‍.അതിലൊരാള്‍ക്ക് കമ്പയിന്‍ഡ് ക്ളാസിനു പോകാറുള്ള ഡിപാര്‍ട്മെന്റില്‍ ഒരു പ്രണയവുമുണ്ട്.മൂന്നുപേരില്‍ ഏറ്റവും കാണാന്‍ ബോറായ പെണ്‍കുട്ടിയ്ക്കാണീ അനശ്വരപ്രണയമുണ്ടായിരുന്നത്.ജാതിസംവരണത്തില്‍ ജോലി കിട്ടിയ ആ കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ധനികജീവിതത്തിന്റെ പച്ചപ്പ് മാത്രം.എന്നിട്ടും ഉണക്ക നത്തോലി വറുത്തപ്പോള്‍ കരിഞ്ഞു പോയ സൗന്ദര്യമൊക്കെ ഉണ്ടായിരുന്നു എന്നു പറയാം.എന്നെപ്പോലെ വെയിലത്തൊക്കെ ഇറങ്ങി ജോലി ചെയ്യേണ്ട സാഹചര്യമുള്ള ഒരു കുട്ടിയായിരുന്നു അതെങ്കില്‍ അതിന്റെ കോലം എന്തായിപ്പോയേനെ എന്ന് പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട്.പറഞ്ഞുവന്നത് ഈ പെങ്കുട്ടിയുടെ ലൈന്‍ മാറ്റിവലിക്കാന്‍ വന്ന കാതല്‍ രോഗിയായി ഞാന്‍ മാറ്റപ്പെടുന്നു.കാമുകനെ കൊണ്ട് പരസ്യമായി എനിക്ക് വാണിങ്ങ് തരുവിക്കുന്നു.അവരുടെ സില്‍ബന്ധികളോടെല്ലാം കഥകള്‍ പറഞ്ഞ് ഗ്രൗണ്ട് സപ്പോര്‍ട്ട് ഉറപ്പിക്കുന്നു.'കുഞ്ഞാലിക്കുട്ടി സായ്വിന്റെ മാതിരി പീഡനക്കേസ് നിന്നെപ്പറ്റി കേട്ടല്ലോ','കറുപ്പാന കൈയ്യാലെ നിന്നെ പുടിച്ചാല്‍','പെങ്ങളെപ്പോലെ കാണേണ്ടവുടെ പ്രണയം തകര്‍ത്ത് അവളെ സ്വന്തമാക്കാന്‍ നോക്കിയതിന്റെ കുറ്റബോധം നിന്നില്‍ കാണാനുണ്ട്' അങ്ങിനെ വളരെ നിസ്സാരങ്ങളായ ആരോപണങ്ങളിലൂടെയും കമന്റുകളിലൂടെയുമായിരുന്നു മൗനിയായി നടന്നു പോകേണ്ടി വന്നത്.പെങ്ങളെപ്പോലെ കാണേണ്ടവളെ!!

ഇപ്പോ ആലോചിക്കുമ്പോള്‍ തോന്നും ഈ വാണിങ്ങ് നാടകവുമായി ആ കാമുകന്‍ നാറി വന്നപ്പോള്‍ അവളുടെ ജാതിയെയും സൗന്ദര്യത്തെയും പരാമര്‍ശിച്ച് ഉരുളയ്ക്ക് ഉപ്പേരി കൊടുത്തിരുന്നുവെങ്കില്‍ ഒരു ചെറിയ വഴക്കില്‍ അതു തീര്‍ന്നേനെ!!അന്നു ജാതിയും തൊലിയുടെ നിറവുമൊന്നും വെച്ച് ഒരു സാഹചര്യത്തിലും ആരെയും മുറിപ്പെടുത്തില്ല എന്നു തീരുമാനിച്ചിരുന്ന ഈയുള്ളവന് അന്നത്തെയും തുടര്‍ന്നുമുള്ള ലോകം വയര്‍ നിറയെ തന്നു.എന്തിനേറെ പെറ്റ തള്ളവരെ വിവരം അന്വേഷിക്കാന്‍ വന്ന പള്ളീലച്ചനോട് 'അവന് മൂന്നു പെമ്പിള്ളേരോട് എന്തോ പ്രത്യേക സ്നേഹം വന്നതിന്റെ പ്രശ്നമാണിതൊക്കെ' എന്നു പറയുന്നത് മിണ്ടാതിരുന്നു കേള്‍ക്കേണ്ടിയും വന്നു.അതില്‍പ്പരം എന്തു കിട്ടാന്‍?പോക്കറ്റു മണി വാങ്ങേണ്ടുന്ന പ്രായത്തില്‍ കൂലിപ്പണിയ്ക്കു പോയി വീട്ടിലെ ചിലവു നടത്താന്‍ സഹകരിച്ചുകൊണ്ടിരുന്ന എനിയ്ക്ക് വീട് നല്‍കിയ കൃതജ്ഞത.വീട്ടിലൂണില്ലാത്തവന് വിരുന്നൂണും ഉണ്ടാവില്ലല്ലോ!സ്വഭാവികം.ഇനി കറുത്ത പെണ്‍കുട്ടികളുടെ അടുത്തു മാത്രം പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് മ്മടേതെന്ന് വിശ്വസിക്കന്ന അതിബുദ്ധിജീവികള്‍ക്ക് വെളുത്ത കൊള്ളാവുന്ന സ്വഭാവമുള്ള ഒരു പെണ്‍കൊച്ചിനെ കെട്ടിച്ചു തന്ന് വേണമെങ്കില്‍ സംശയം മാറ്റാവുന്നതുമാണ്😌

ഈ പെങ്ങളുടെ പ്രേമം തകര്‍ക്കല്‍ ശ്രമം പാളി നിന്ന സമയത്താണ് ക്ളാസിലൊരു സഖാവ് കള്ളുഷാപ്പില്‍ നിന്നിറങ്ങിയ വഴി പൂസായി വീണ് കോമയിലാവുന്നത്.ലോകത്തോടു മഴുവന്‍ പകയുമായി നടക്കുന്ന ഞാനുള്ളപ്പോള്‍ വേറെ ആരെയെങ്കിലും സംശയിക്കേണ്ടതുണ്ടോ!!കൂടെയിരുന്നു കുടിച്ചു പൂസായവരടക്കം അന്വേഷിച്ചത് അവനെ ഞാന്‍ എന്തു ചെയ്തുവെന്നായിരുന്നു.അതും വളരെ മനോഹരമായ രീതിയില്‍.ആ ഇന്ററോഗേഷന്‍ നാടകത്തില്‍ പങ്കെടുത്തവരോടുള്ള എന്റെ അകൈതവമായ നന്ദിയും ഇത്തരുണത്തില്‍ രേഖപ്പെടുത്തിക്കൊള്ളട്ടെ.

അടുത്തത് ഒരു ആശുപത്രി ബൈസ്റ്റാന്റര്‍ കാലമാണ്.വേറെ പണിയൊന്നും കിട്ടാഞ്ഞിട്ടല്ല.ചില കടപ്പാടുകള്‍ ഉണ്ടായിരുന്നു എന്നു വെറുതെ ധരിച്ചിരുന്നതുകൊണ്ടൂും (ചെറുപ്പത്തിലെ സ്നേഹത്തിന് നന്ദി എന്നൊരു വലിയ മണ്ടത്തരമാണ് അതിനു പിന്നില്‍.ചെറുപ്പത്തില്‍ ഏതു കുഞ്ഞിനോടും ആരും പരിഗണന കാട്ടും.ആ പരിഗണന തീരുമ്പോള്‍ നന്ദിയും തീര്‍ക്കേണ്ടതാണ്..അനുഭവം!!)അവര്‍ ക്ഷണിച്ചതുകൊണ്ടും ആശുപത്രിക്കിടക്കയില്‍ മലമൂത്രവിസര്‍ജ്ജനം നടത്തി കിടന്ന ആളെ ശുശ്രൂഷിക്കാന്‍ പോയി നിന്നു.കുറച്ചുകാലത്തെനുശേഷം അയാളുടെ മക്കളുടേയും ആശുപത്രിയിലെ ഡോക്ടറുടേയും മറ്റു ജീവനക്കാരുടേയും സാമീപ്യത്തില്‍ രോഗി മരണത്തിന് കീഴടങ്ങി.അതവിടെ തീര്‍ന്നില്ല.കൂടത്തായി എന്ന സ്ഥലത്ത് ഒരു മനോരോഗിണി തന്റെ ബന്ധുജനങ്ങളെ വിഷം കൊടുത്തു കൊന്ന വാര്‍ത്ത പത്രത്തില്‍ വന്നു.അതിനെപ്പറ്റി മുകളില്‍ പറഞ്ഞ മരിച്ചുപോയ രോഗിയുടെ വിട്ടില്‍ ചെറിയ ചര്‍ച്ച നടന്നു.ചര്‍ച്ചയുടെ ശേഷമെന്നോണം മരണപ്പെട്ട ആളുടെ ഭാര്യയും ഞാനും ഒറ്റയ്ക്കായപ്പോള്‍ മുനയള്ള ചോദ്യം വന്നു."എടാ ....എങ്ങിനെയാണ് മരിച്ചത്?നിന്നോട് എന്താ മരണസമയത്ത് പറഞ്ഞത്??!!"എങ്ങിനെ പ്രതികരിക്കണം.ദേഷ്യപ്പടണോ?ദേഷ്യപ്പെട്ടാല്‍ സംശയം ബലപ്പെടുകയല്ലേ ഉള്ളൂ.
"പരിചയമുള്ള ഒരാളുടെ ശബ്ദത്തില്‍ വൈഷമ്യം അന്വേഷിച്ചാല്‍ അര്‍ദ്ധബോധത്തിലുള്ള രോഗി ചിലപ്പോള്‍ പ്രതികരിച്ചേക്കാം എന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ വിവരമന്വേഷിച്ചത്.ചോദിച്ചതിന് മറപടി പറഞ്ഞത് മനസ്സിലാകാത്തവിധം അസ്പഷ്ടവുമായിരുന്നു" എന്നു മറുപടി സത്യസന്ധമായി പറഞ്ഞ് ഞാന്‍ അവസാനിപ്പിച്ചു.അതിലുമപ്പുറം എന്ത് ഉപചാപകഥയാണ് അവര്‍ പ്രതീക്ഷിച്ചിരുന്നതെന്ന് അറിയില്ല.എന്തായാലും കൂടുതല്‍ രോഗികളെ ശുശ്രൂഷിച്ച് വെറുതേ ചങ്കു തകര്‍ക്കുന്ന,ആരോപണച്ചുവയുള്ള ചോദ്യങ്ങള്‍ക്ക് തലവെച്ച് കൊടുക്കണ് എന്ന തീരുമാനത്തിലാണ് ഉള്ളത്.

ഇതിലെ തമാശ എന്തെന്നാല്‍ ചെറുപ്പം മുതലേ നിഗൂഢ പുസ്തകങ്ങള്‍ വായിക്കുന്നു,നിഗൂഢ സിനിമകള്‍ കാണുന്നു,നിഗൂഢ സ്വഭാവം കാണിക്കുന്നു എന്നൊക്കെയുള്ള ആരോപണം കേട്ടുകൊണ്ടിരുന്ന എനിയ്ക്ക് ഇതുപോലെ ആരെയും നിഗൂഢ കഥകളിലോ ഇന്റൊറഗേഷനിലോ സാമൂഹിക ചങ്കുതകര്‍ക്കല്‍ കള്ള നാടകങ്ങളിലോ
കൊണ്ടുപോയി ചാടിക്കാന്‍ കഴിഞ്ഞിട്ടില്ല.സിനിമകളൊന്നും കാണാത്തവര്‍ക്ക് എന്നൊട് ഇത് വിജയകരമായി ചെയ്യാന്‍ സാധിക്കുന്നുമുണ്ട്.

ഇതെല്ലാം വെറും വാക്കുകള്‍ മാത്രമല്ലേ എന്നു പറയാന്‍ ഭാവമുണ്ടെങ്കില്‍ വേണ്ട.കട്ടിക്കാലം മുതലേ ശരീരത്തിന്റെ വേദന അവഗണിച്ചാലും മനസ്സിന്റെ വേദന അവഗണിക്കാന്‍ കഴിയാത്ത ഒരു ദുര്‍ബലനാണ് ഞാന്‍.

എന്റെ മാതാപിതാക്കള്‍ നിലവിലെ മാര്‍ക്കറ്റു നിലവാരമനുസരിച്ച് ഒരു കോടിക്കുമേല്‍ മൂല്യമുള്ള പിതൃസ്വത്ത് യാതൊരു കാരണവുമില്ലാതെ അന്യാധീനപ്പെടുത്തിയവരാണ്.അതിന്റെ പീഢനവും ഞാനേല്‍ക്കണം.പതിനഞ്ചാം വയസ്സുമുതല്‍ കുലിപ്പണിയെന്നോ വൈറ്റ് കോളറെന്നോ വ്യത്യാസമില്ലാതെ ജോലി ചെയ്തിട്ടും അടിക്കടി മാതാപിതാക്കളുടെ കാര്യവും പറഞ്ഞ് കുതിര കയറുന്നവര്‍ അനവധിയാണ്.

എനിയ്ക്ക് മനസ്സിലാകാത്തത് ഈ മാനുഷികമൂല്യങ്ങളെന്നൊക്കെ പറയുന്നത് പുരപ്പുറത്തിടുന്ന കോണാന്‍ പോലെ ഉപയോഗിക്കേണ്ടതാണോ??!!ഈ പറഞ്ഞതിന് ഞാന്‍ ജീവിതത്തിലുടനീളം നല്ലവനായിരുന്നു എന്നല്ല.എന്നാലും എന്നോടീ ലോകം കാണിച്ചതുപോലെ കുതിരകയറാന്‍ നില്‍ക്കാറില്ലെന്നു വിശ്വസിക്കുന്നു.

പലപ്പോഴും ചിന്തിക്കാറുണ്ട് ഈ ജീവിതത്തില്‍ അനാവശ്യനാടകങ്ങളോടും സംസാരത്തോടും എങ്ങിനെ ഡീല്‍ ചെയ്യണമെന്ന്!!

എന്തെങ്കിലും മരുന്നു കഴിച്ചാല്‍ മതിയാകുമോ?

അതോ ജീവിതാവസാനം വരെ ഈ അപമാനങ്ങള്‍ പഞ്ചപുച്ഛ മടക്കി സ്വീകരിക്കണോ??!!

പ്രതികാരത്തേക്കുറിച്ചാവും ഇതു വായിച്ചവര്‍ സ്വഭാവികമായും ചിന്തിക്കുക.നായകളെ കൊന്നാലോ ഉപദ്രവിച്ചാലോ ഏഴു വര്‍ഷം ജയിലില്‍ കിടക്കേണ്ട ഒരു നാട്ടിലാണ് ഞാനെന്ന് സങ്കല്‍പ്പിക്കൂ. അയലത്തെ വീട്ടിലെ നായ എന്നെ പൊതുവഴിയില്‍ വെച്ച് കടിച്ചാല്‍ ഞാന്‍ പ്രതികരിച്ചെന്നു വരില്ല.കാരണം കടിയുടെ വേദന കൂടാതെ വേറൊരു ഏഴു വര്‍ഷത്തെ ജീവിതം കൂടി എന്തിനു കളയണം.ഈ പ്രായോഗിക ചിന്ത പ്രതികാരത്തില്‍ നിന്നു തടയാറുണ്ടെങ്കിലും അനീതികള്‍ക്കും കാലം പ്രതിഫലം നല്‍കണമെന്ന് തന്നെയാണ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്.അത് എന്റെ അനീതിയായാലും!!

പറഞ്ഞുവന്നത് ദയവായി എന്തും പറയാവുന്ന ഒരാളായി എന്നെ ഇനിയും കണക്കാക്കരുതെന്ന് മാത്രമാണ്.മര്യാദവിട്ടാല്‍ ആദ്യപടിയായി പരിഗണനകള്‍ കട്ട് ചെയ്യും.ഒരു മനുഷ്യജീവിയെന്ന നിലയ്ക്ക് സ്വന്തം വെല്‍ബീയിങ്ങിന് ആവശ്യമായ നടപടികള്‍ എടുക്കേണ്ടതും അനാവശ്യകുനിഷ്ഠുകളില്‍ നിന്നും ഒഴിഞ്ഞുമാറേണ്ടതും എന്റെ ആവശ്യമാണ്.

1 comment:

  1. Jocha..... Jochanod e lokam cheythathinu njan sorry parayan....vittu kalayo e vedanakal okke

    ReplyDelete