Tuesday, 12 May 2020

ഏതോ ഒരു വീട്ടുകാരുടെ കല്യാണസദ്യ പോലെ

വീട്ടുപേര് പറയുന്നില്ല!

കോട്ടയം ഭാഗത്തുള്ള ഒരു വലിയ കുടുംബത്തെപ്പറ്റിയുള്ള ഫ്രെയിസാണ്.അവരുടെ കല്ല്യാണവിരുന്നുകളുടെ പ്രത്യേകത എന്തെന്നാല്‍ അതിഥികളും ആതിഥേയരുമെല്ലാം അവരുടെ കുടുംബക്കാര്‍ തന്നെയാണ്.സദ്യ ആസ്വദിച്ചു കഴിച്ച ശേഷം അവര്‍ തമ്മില്‍ തമ്മില്‍ പറയും '....വീട്ടുകാരുടെ കല്യാണസദ്യ തകര്‍ത്തു' എന്ന്.കാലാകാലങ്ങളായി ഈ സ്വയം പുകഴ്ത്തല്‍ തുടര്‍ന്നു വന്നപ്പോള്‍ ഇത് സ്വയം പൊങ്ങലിനെ സൂചിപ്പിക്കുന്ന ഒരു ഭാഷാപ്രയോഗമായി മാറുകയായിരുന്നു.

നമ്മള്‍ മനുഷ്യരുടെ ജോലികളും ഇങ്ങനെയല്ലേ?

ഇതിലെ പരിഹാസം കഷ്ടപ്പെട്ട് ജോലി കരസ്ഥമാക്കി ഉത്തരവാദിത്വത്തോടെ അതു ചെയ്യുന്നവരെ ഉദ്ദേശിച്ചല്ലെന്ന് ആദ്യമേ തന്നെ പറയട്ടെ.ജോലി ചെയ്യാതെ ജീവിക്കാനാവില്ല എന്ന അറിവ് ഉണ്ട് എന്നു ധരിച്ചോളൂ.

പരിഹസിക്കുന്നത് ജോലിയുടെ ബലത്തില്‍ അഹങ്കരിക്കുന്നവരേയും ഡിസ്ക്രിമിനേഷന്‍ കാണിക്കുന്നവരേയുമാണ്.

ഈയടുത്തായി എന്നും കാണാം ഡോക്ടര്‍മാരും പട്ടാളക്കാരും നഴ്സുമാരും കൃഷിക്കാരും പോലീസുകാരുമില്ലെങ്കില്‍..പിന്നെയും,  സ്വന്തം ജോലി ഉത്തരവാദിത്വത്തോടെ ചെയ്യുന്ന ഏവരേയും നന്ദിയോടെയും ബഹുമാനത്തോടെയും സ്മരിക്കുന്നു.

പക്ഷേ യാഥാര്‍ത്ഥ്യമെന്തെന്നാല്‍ ഈ ജോലി ചെയ്തില്ലെങ്കിലും ഈ ഭൂഗോളം ഇങ്ങനെ തന്നെയോ ഇതിലും കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിലോ നിലനില്‍ക്കും എന്നു തന്നെയാണ്!!

ഇംഗ്ളീഷ് സാഹിത്യകാരനായ റുഡ്യാഡ് ക്ളിപ്പിങ്ങിന്റെ (ഇതൊരു പേരാണ്,ക്ളിപ്പ് വാട്സാപ്പിലയക്കാന്‍ പറയല്ലേ!)ജംഗിള്‍ ബുക്കില്‍ വന്യമൃഗങ്ങള്‍ ദത്തെടുത്ത മൗഗ്ളി എന്നൊരു ബാലനെ പ്രതിപാദിക്കുന്നതായി നമുക്കെല്ലാമറിയാമല്ലോ.കാട്ടിലെ അവന്റെ ഗുരുക്കളും രക്ഷിതാക്കളും മനുഷ്യന്റേതായ സൂത്രപ്പണികള്‍ ചെയ്യുന്നതില്‍ നിന്ന് അവനെ വിലക്കുന്നുണ്ട്.മൗഗ്ളി മാനുഷികമായ അവന്റെ ശാരീരികപരിമിതികളെ മേക്കപ്പ് ചെയ്യുന്നതിനായി ചെയ്യുന്ന സൂത്രപ്പണികള്‍ കാടിന്റെ നിലനില്‍പ്പിനെ തകിടം മറിക്കുമെന്ന അന്തര്‍ജ്ഞാനം (ഇന്റ്യൂഷന്‍)മൃഗങ്ങള്‍ക്കുണ്ടെന്നാണ് കഥാകൃത്ത് പറഞ്ഞു വെക്കുന്നത്.

ആദ്യം പറഞ്ഞ തൊഴിലുകള്‍ - ഡോക്ടര്‍,നഴ്സ്,പട്ടാളം,കൃഷി - എല്ലാം പ്രകൃതിയുടെ സ്വഭാവികചലനത്തെ കറപ്റ്റ് ചെയ്യുന്ന ജോലികളാണ്!!

മരണം നീട്ടിക്കൊണ്ടുപോവുക,മരണം വിതയ്ക്കുക,തനിയെ വളരാത്തതിനെ സൂത്രപ്പണികളുപയോഗിച്ച് വളര്‍ത്തുക ഇവയ്ക്കെല്ലാം ഗുണഫലങ്ങളേക്കാള്‍ കൂടുതല്‍ ദോഷഫലങ്ങളാണെന്നു പറഞ്ഞാല്‍ മണസ്സിലാക്കാനുള്ള ലാളിത്യം നമുക്കുണ്ടാവുമോ?

മനുഷ്യനിന്നു ചെയ്യുന്ന എല്ലാ ജോലികളും സ്വന്തം താത്പര്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നതാണ് പരമമായ സത്യം.

മറ്റു ജീവികളേപ്പോലെ പ്രകൃതിയുടെ മടിത്തട്ടില്‍ ജനിച്ച്,നഗ്നരായി കാലാവസ്ഥയെ നേരിട്ട്,വെറും കൈ കൊണ്ട് ഇരപിടിച്ചും പോരാടിയും,ഇണ ചേര്‍ന്നും മരണത്തിനു കീഴടങ്ങിയുമൊക്കെ മനുഷ്യര്‍ ജീവിച്ചിരുന്നെങ്കില്‍ ഈ ഭൂഗോളം ഇത്രയും ശ്വാസം മുട്ടില്ലായിരുന്നു എന്നാണ് പറഞ്ഞത്.അതുകൊണ്ട് ദയവായി സ്വന്തം ജോലിയുടെ മഹത്വത്തെക്കുറിച്ച് അഹങ്കരിക്കാതിരിക്കാനും മറ്റുള്ളവരോട് വിവേചനം കാണിക്കാതിരിക്കാനും ശ്രമിക്കാം.

പല തവണ പറഞ്ഞതുപോലെ ഇത് അഹങ്കാരികളോട് പറഞ്ഞതാണ്.

രോഗം വരുമ്പോ നിന്നെ ആശൂത്രീല്‍ കൊണ്ടുപോവാതിരിക്കട്ടേ,പാക്കിസ്ഥാന്‍ കാര്‍ വെടി വെക്കുമ്പോള്‍
നിന്നെ മുന്നില്‍
കയറ്റി നിര്‍ത്തട്ടെ,കൃഷി ചെയ്ത അരിയും പച്ചക്കറിയും തരാതിരിക്കട്ടെ ഇമ്മാതിരി ഊള ചോദ്യങ്ങളൊന്നും ഉണ്ടാവില്ല എന്നു പ്രതീക്ഷിക്കുന്നു😂

No comments:

Post a Comment