മനസ്സിലെന്തെങ്കിലും തട്ടിത്തടയുന്ന ദിവസങ്ങളില്‍ അതുമായി ബന്ധപ്പെട്ട ഒരു സ്വപ്നവും നിര്‍ബന്ധമാണ്.
കൊറോണ ലോക്ഡൗണൊക്കെ കഴിഞ്ഞ് വരുമ്പോഴേയ്ക്കും ജീവിതവും സാമ്പത്തികവുമൊക്കെ ഒരു 50,60 വര്‍ഷം പിറകോട്ടു പോകുമെന്നതാണ് കഴിഞ്ഞദിവസം മനസ്സില്‍ തടഞ്ഞ സംഭാഷണശകലം.രാത്രി പ്രതീക്ഷിതമായ സ്വപ്നവും.
സ്വപ്നത്തില്‍ ഉറക്കമുണരുകയാണ്.ചാണകം മെഴുകിയ തറയിലെ തഴപ്പായിലാണ് ഉണര്‍ന്നത്.മുകളില്‍ പുല്ലുമേഞ്ഞ മേല്‍ക്കൂര.മേശയും കസേരയുമൊന്നുമില്ല.രണ്ടു മൂന്നു കൊരണ്ടി ഉണ്ട്.പല്ലുതേക്കാന്‍ കല്ലുപ്പിട്ട ഉമിക്കരി ഇല്ലിയില്‍ തീര്‍ത്ത പാത്രത്തില്‍.വെള്ളമെടുക്കുന്നത് ചിരട്ടയില്‍.പഞ്ചായത്ത് വെളിയിടവിസര്‍ജ്ജനവിമുക്തമല്ല.കുളിക്കാന്‍ ഇഞ്ച മാത്രം.വേണമെങ്കില്‍ ചെമ്പരത്തിയില.രാവിലെ വിത്തൗട്ട് കട്ടനും കാച്ചിലും.തുണി മാറാന്‍ ചെന്നപ്പോള്‍ ജോക്കിക്ക് പകരം ഇന്ത്യന്‍ ടൈ.ഉടുക്കാന്‍ നിറം മങ്ങിയ ഒറ്റ മുണ്ട്.കുപ്പായം ഒരെണ്ണം മാത്രം.ജംഗ്ഷനില്‍ സൂപ്പര്‍മാര്‍ക്കറ്റില്ല.ബാര്‍ബിക്യു വിനു പകരം ചക്കക്കുരു ചുട്ടത്.ഒരു ട്രാന്‍സിസ്റ്റര്‍
റേഡിയോയ്ക്കു ചുറ്റും ഒരുപാട് ആളുകള്‍.അഞ്ചലോട്ടക്കാരന്‍,കല്‍ക്കരി തീവണ്ടി,അപൂര്‍വ്വമായി മോട്ടോര്‍ ബസ്.നിക്കറിട്ട പോലീസുകാരനെ കളിയാക്കണമെന്നുണ്ടായിരുന്നു.പക്ഷേ നമ്മളും ഇന്ത്യന്‍ ടൈ യില്‍ ആണല്ലോ.
കൊതുകു എന്നൊരു പക്ഷി വിളിച്ചുണര്‍ത്തിയതുകൊണ്ട് ഈ അക്രമം അവിടം കൊണ്ടവസാനിച്ചു.ഇല്ലെങ്കില്‍...ഹോ!
No comments:
Post a Comment