ഈയടുത്ത് നോം ചുമടെടുത്തു വിയര്‍ത്തൊലിച്ചെങ്കിലും, ഉള്ള പരിമിതമായ മസിലൊക്കെ പെരുപ്പിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ dp ആക്കിയതിന്‍മേല്‍ ഇഹലോകത്തുനിന്നും പരലോകത്തുനിന്നും പല പ്രതികരണങ്ങളും കിട്ടിയത് സ്മരിക്കുന്നു.
സത്യത്തില്‍ അത് വലിയ ഒരു സംഗതിയ്ക്കായുള്ള മുന്നൊരുക്കം മാത്രമായിരുന്നു..
ഒരു മെഗാ ഇവന്റ്!!
ഒറ്റവാക്കില്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കാം..ഇനിയിപ്പോ ബുദ്ധിമുട്ടില്ലെങ്കിലും എനിക്ക് ഇന്ന് പ്രത്യേക ജോലിയില്ലാത്തതിനാല്‍ ഒറ്റവാക്കില്‍ പറഞ്ഞ് നിര്‍ത്താന്‍ മനസ്സില്ല.
എന്റെ ജോലി സവാള,ഉരുളക്കിഴങ്ങ്,തേങ്ങ,ചുവന്നുള്ളി,വെളുത്തുള്ളി എന്നീ ഭക്ഷ്യവസ്തുക്കള്‍ പല കടകളില്‍ കൊണ്ടുപോയി വിലപേശി വിറ്റഴിച്ച് ,ചുമന്നിറക്കി,ബില്ലെഴുതി,പണം വാങ്ങി,വൈകുന്നേരങ്ങളില്‍ സ്റ്റൊക്കും ബില്ലും പണവും മാതൃഷോപ്പില്‍ ബോധിപ്പിച്ച് ഏല്‍പ്പിച്ച് കൂലിയും കൈപ്പറ്റി വീട്ടിലേയ്ക്കു നടക്കുക എന്നതാണ്.
ജോലി എന്തുതന്നെയായാലും അതിലെ 'നടപ്പ്' എന്ന ഭാഗത്തിന് പ്രത്യേകശ്രദ്ധ കൊടുക്കുവാന്‍ നിങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
വീടും മാതൃഷോപ്പുമായി ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട്.
ഇതില്‍ നിരപ്പുള്ള ടാറിട്ട റോഡ്,കയറ്റമുള്ള ടാറിട്ട റോഡ് ഇവ രണ്ടും വരുന്നതിനാല്‍ നടപ്പിന് മാനുഫാക്ചുറേഴ്സ് വാഗ്ദാനം ചെയ്ത മൈലേജില്ലെന്നു മാത്രമല്ല മുപ്പതു മിനിട്ടോളം സമയവുമെടുക്കും.
രാവിലെ അഞ്ചേമുക്കാലിനുള്ള അങ്ങോട്ട് നടപ്പിനും സന്ധ്യ മയങ്ങി മയങ്ങി വീഴാറാകുമ്പോഴുളള തിരിച്ചു നടപ്പിനും ഈ ലോക്ഡൗണ്‍ കാലത്ത് പല പ്രത്യേകതകളുമുണ്ട്.
കേരളത്തില്‍ സ്ത്രീപുരുഷ അനുപാതം കുറവാണെന്ന പഠനം തെറ്റാണെന്നാണ് എന്റെ വൈയക്തികമായ ഒരു നിരീക്ഷണം.രാവിലെയും വൈകിട്ടും നടക്കുന്ന ഈ രണ്ടര കിലോമീറ്ററിനിടയില്‍ ജോഗിങ്ങിലും പത്രപാരായണത്തിലും ഫോണിലും ഉറക്കപ്പിച്ചിലുമൊക്കെ മുഴുകി എത്രയോ അവിവാഹിതകളെ വീടടക്കം കണ്ടിരിക്കുന്നു.പ്രായം കുറഞ്ഞവര്‍ ഇങ്ങനെ പരസ്പരം വായില്‍ നോക്കിയപ്പോള്‍ (പരസ്പരം എന്നു ഒരു ആഗ്രഹം പറഞ്ഞതാണ്.അങ്ങോട്ടു മാത്രമേ നോട്ടം പോവാറുള്ളൂ)ഈ രണ്ടരക്കിലോമീറ്ററിലെ വീടുകളിലിരിക്കുന്ന അട്ടയുടെ കണ്ണു കണ്ടവരായ മാതാപിതാക്കളും മ്മളെ നോക്കി.അവരുടെ മനസ്സില്‍ കയറി ഞാനാലോചിച്ചു"എന്നാലും എല്ലാരും പണിയില്ലാതെ വീട്ടിലിരിക്കുമ്പോള്‍ ഇവനിതെങ്ങോട്ട്..??!!തിരിച്ചു പോകുമ്പോള്‍ സഞ്ചികളില്‍ സാധനങ്ങള്‍!!"
പലരും നമ്മളിലേയ്ക്കെത്തിത്തുടങ്ങി....
ലോക്ക്ഡൗണങ്ങിനെ കൊടുംപിരി കൊള്ളുകയാണെന്ന് ഓര്‍മ്മ വേണം.
എത്ര നാളിത് തുടരുമെന്നറിയില്ല....
ലോകം എങ്ങോട്ടെന്നറിയില്ല....
..
NRI കള്‍ തിരിച്ചു വരുന്നു...
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തുലാസ്സിലാടുന്നു..
അവിവാഹിതകളുടെ മാതാപിതാക്കളുടെ ആധി കൂടും തോറും ഞാന്‍ എന്റെ ഭാഗത്തു നിന്നുള്ള വായില്‍ നോട്ടം കുറച്ചു.അറ്റന്‍ഷന്‍ കിട്ടിത്തുടങ്ങിയാല്‍ ബലം പിടുത്തവും ആകാമെന്നാണ് മാര്‍ക്കറ്റിങ്ങ് ഗുരുക്കളുടെ പാഠം.
ഏറ്റവും പ്രധാനമായി അവിവാഹിതകളുടെ തീരുമാനം എടുക്കേണ്ട പിതാശ്രീകള്‍ മദ്യത്തിന്റെ ദൗര്‍ലഭ്യം മൂലം സ്വബോധത്തിലാണ് എന്നതാണ്.
ഇതിനിടയില്‍ ചിലര്‍ എന്റെ ആറേഴു പോക്കറ്റുള്ള പാന്റിലേയ്ക്കു നോക്കി കുശുകുശുക്കുന്നതു കണ്ടപ്പോള്‍ അപായ സിഗ്നല്‍ കത്തി.അതിഥി തൊഴിലാളി തെറ്റിദ്ധാരണ എന്ന അപായം.അങ്ങനെയുള്ളവരെ കാണുമ്പോ ഫോണെടുത്ത് മലയാള കവിതയൊക്കെ ചൊല്ലി അതും പരിഹരിച്ചു!!
അങ്ങനെ മെഗാ ഇവന്റിലേയ്ക്കുള്ള പരിശീലനവും റിക്രൂട്ട്മെന്റും ജോറായി നടക്കുകയാണ്.
"മോനെവിടുത്തെയാ.ഇവിടെ അധികം കാണാത്തകൊണ്ടു ചോദിച്ചതാ കെട്ടോ!"ഫലം കണ്ടുതുടങ്ങി.
"എബ്രോഡാരുന്നു അങ്ക്ള്‍.എന്റെ ബുദ്ധിയും കഴിവും എന്റെ നാടിനാവശ്യമുണ്ടെന്നു തോന്നിയപ്പോള്‍ എല്ലാം പുല്ലുപോലെ ഇട്ടെറിഞ്ഞ് നാട്ടിലേയ്ക്കിങ്ങ് പോന്നു..ഹല്ല പിന്നെ"
"അതു നന്നായി മോനേ..ഇനി വിദേശത്തൊന്നും വല്ല്യ രക്ഷയുണ്ടെന്നു തോന്നുന്നില്ല.അതെന്നാ നടന്നു പോണെ?മടുക്കുവേലേ?"
"നടപ്പിലാണ് അങ്ക്ള്‍ ശരീരത്തിന് മുഴുവന്‍ എക്സസൈസ് കിട്ടുന്നത്.തടിയൊന്നു കണ്‍ട്രോള്‍ ചെയ്യണം!"
"വളരെ നല്ലതാ.വെള്ളം വല്ലോം കുടിക്കാന്‍ വേണാരുന്നോ?സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് വിധി പ്രകാരം ഉണ്ടാക്കിയ കരിഞ്ഞാലി വെളളമുണ്ട്"
"ഓ..താങ്ക്യൂ അങ്കിള്‍.ബട്ട് നോ താങ്ക്യൂ.വെള്ളം രണ്ടു കുപ്പി എന്റെ കൈയ്യിലുണ്ട്."സഞ്ചി പൊക്കി കാണിച്ച്.
"ആഹാ ലുലുമാളിന്റെ കവറാണല്ലോ.അറബി എഴുതിയത്.അവിടൊക്കെ പോയിട്ടുണ്ടോ?!"
""പിന്നേ!!ഞങ്ങളൊക്കെ തീപ്പെട്ടി വാങ്ങാന്‍ പോലും പോകുന്നത് ലുലുമാളിലല്ലാരുന്നോ?!"
"ഹോ"പൊളിഞ്ഞ വായ്കള്‍ രണ്ടു ദിവസം കഴിഞ്ഞാണ് അടഞ്ഞതത്രെ!
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് വാ അടക്കാനായതിനുശേഷം അവര്‍ വീണ്ടും സംസാരിക്കാന്‍ വന്നു.
"മോന് തിരക്കില്ലെങ്കില്‍ കുറച്ചു സംസാരിക്കാമോ?!"
"അയ്യയ്യോ!നെലത്ത് നിക്കാന്‍ സമയമില്ല.ഞങ്ങളുടെ ബിസിനസിന്റെ നെടുംതൂണാണ് ഞാന്‍.പക്ഷേ അങ്ക്ള്‍ വെഷ്മിക്കണ്ട.കാര്യം മനസ്സിലായി.
കുട്ടിയുടെ മോസ്റ്റ് റീസന്റ് ഫുള്‍ സൈസ് ഫോട്ടോ വൈറ്റ് ബാക്ഗ്രൗണ്ടില്‍ അറ്റാച്ച് ചെയ്ത ബയോ ഡാറ്റ എന്റെ വീട്ടിലൊരു സ്റ്റാഫിനെ ഇരുത്തിയിട്ടുണ്ട്;അവിടെ കൊടുത്താല്‍ മതി.ആപ്ളിക്കേഷനു ഫീ തത്കാലം വേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്.കോ കരിക്കുലര്‍ ആക്ടിവിറ്റീസും നിര്‍ബന്ധമായും മെന്‍ഷന്‍ ചെയ്യണം.സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി അറ്റാച്ച് ചെയ്താല്‍ മതിയാവും.ഇന്‍കംപ്ളീറ്റായ അപേക്ഷകള്‍ അറിയിപ്പില്ലാതെ റിജക്ട് ചെയ്യും.
ആ പിന്നെ അങ്ക്ള്‍..സ്റ്റാഫിന് കുറേ ആപ്ളിക്കേഷനൊക്കെയായി നല്ല തിരക്കൊണ്ടാവും.ധൃതി വെച്ച് ബുദ്ധിമുട്ടിക്കല്ലേ..മ്മളൊക്കെ ഹ്യൂമന്‍ ബീയിങ്ങ്സല്ലേ!"
"ഹോ!ആശ്വാസായി.ഇനി ആപ്ളിക്കേഷന്റെ കാര്യം നോക്കിയാ മതിയല്ലോ!എടി മോളേ.."
ഇതേ മാതൃകയില്‍ ഈ രണ്ടരക്കിലോമീറ്ററിനിടയിലെ നൂറുകണക്കിന് അവിവാഹിതാഗൃഹങ്ങളില്‍ സന്ദേശമെത്തിക്കപ്പെട്ടു.
ആപ്ളിക്കേഷനുകള്‍ വിത്ത് ഫോട്ടോ കൂമ്പാരമായി.റെക്കമെന്റേഷന്‍ ഫോണ്‍ കോളുകള്‍കൊണ്ട് ഞങ്ങടെ നാട്ടിലെ ടവറ് കരിഞ്ഞു പോയി.
മെഗാ ഇവന്റ് എന്താണെന്ന് ഇനിയും മനസ്സിലാവാത്തവരുണ്ടോ??!!!
അതിന് പണ്ടു കാലങ്ങളില്‍ സ്വയംവരം എന്നായിരുന്നു പേര്..ഇന്നിപ്പോ ഗെയിം ഷോ!
അതേ..ലോക് ഡൗണില്‍ എന്നും പണിക്കു പോകുന്ന യുവാവിനുവേണ്ടി ഒരു ബറ്റാലിയന്‍ യുവതികള്‍ നടത്തുന്ന ഗംഭീരയുദ്ധം..
ഇവിടെ പാട്ടുണ്ട്,ഡാന്‍സുണ്ട്,സുന്ദരിക്ക് പൊട്ടുതൊടലുണ്ട്,വാലു പറിക്കലുണ്ട്..അങ്ങനെ ത്രസ്സിപ്പിക്കുന്ന ഒരുപാട് മത്സരങ്ങള്‍ക്കും എലിമിനേഷനുകള്‍ക്കും SMS കള്‍ക്കുമവസാനം പണിയില്ലാത്ത ഒരു ഞായറാഴ്ച വിജയി എന്നെ വരണമാല്യം അണിയിക്കുന്നതോടെ മെഗാ ഇവന്റിന് തിരശ്ശീല.
ഇതിന്റെടേലാണ് ഈ ഒണക്ക ഗവണ്‍മെന്റ് കൊറോണയോട് ഇണങ്ങി ജീവിച്ചോളൂ,എല്ലാരും പണിക്കു പൊക്കോളൂ,ലോക്ഡൗണ്‍ വേണ്ട എന്നൊക്കെ പ്രഖ്യാപനവുമായി വന്നത്.
മെഗാ ഇവന്റിനുവേണ്ടി മാത്രം മുട്ടക്കാട്ടന്‍ സവാള ചാക്കു ചുമന്ന് നട്ടെല്ലിന്റെ ബോള്‍ട്ടിളകിയ ഞാന്‍ വീണ്ടും വെറും സോമന്‍!!!
ഞാനൊരു അരാജകവാദിയായതില്‍ തെറ്റുണ്ടോ??!!
നിങ്ങള് പറ!!
No comments:
Post a Comment