Sunday, 26 April 2020

ക്രിക്കറ്റ്

വട്ടത്താടിയൊക്കെയായി ഒരു പാക്കിസ്ഥാനി ലുക്കുള്ളതുകൊണ്ട് സൗഹൃദത്തിനു വന്നതാണ് ജനാബ് സഫറുള്ള ഖാനും.

ഞങ്ങള്‍ രണ്ടുപേരുമന്ന് പ്രവാസികള്‍.

ഇപ്പോള്‍ രണ്ടുപേരും അവരവരുടെ രാജ്യത്താണ്.ഞങ്ങള്‍ വലിയ ക്രിക്കറ്റ് പ്രേമികളുമാണ്.

ജനാബ് നിഷ്കളങ്കസ്നേഹത്തിന്റെ വക്താവാണ്.ഇടയ്ക്കിടെ ക്രിക്കറ്റു വിശേഷങ്ങളൊക്കെ പറഞ്ഞ് സ്കൈപ്പിലും വാട്സപ്പിലുമൊക്കെ വിളിക്കും.അന്ന് വിളിച്ചപ്പോള്‍ ഞാന്‍ നോര്‍ത്തിന്ത്യയില്‍ ഒരു ബിസിനസ് യാത്രയിലായിരുന്നു - ട്രെയിനില്‍.

"അസലാമു അലൈക്കും മല്‍ബാറീ,കൈഫാലഹുക്കും ഇന്തെ?" സുഖമാണോ എന്നു അറബിയില്‍ പഴയ ഓര്‍മ്മകളയവിറക്കി ചോദിച്ചതാണ്.

"അല്‍ഹം ദുല്ലില്ലാഹ് സഫര്‍."തൊണ്ടയില്‍ ചെറിയ കിച് കിച്ച് ഉണ്ടായിരുന്നതുകൊണ്ട് പരുക്കന്‍ ശബ്ദത്തില്‍ പറഞ്ഞു.

"കല്‍ കാ മേച്ച് ദേഖാ തുനെ?അബ് ബോലോ കോന്‍ ജീതാ മേരെ ഭായ്!"
ക്രിക്കറ്റ് കണ്ടോ?അതിലാരാണ് ജയിച്ചത് എന്നു പറയെടോ എന്ന് ജനാബ് കളിയാക്കുകയാണ്.

"ഇസ് ബാര്‍ ജീതാ അപനീ പാക്കിസ്ഥാന്‍"ജയിച്ചത് നമ്മടെ പാക്കിസ്ഥാനല്ലേ!ആ വിവരദോഷിയുടെ മുന്നില്‍ സമ്മതിച്ചു കൊടുത്തില്ലെങ്കില്‍ തൊണ്ടവേദനയുടെ കൂടെ തലവേദനയും വരും.

"അപനെ കിയാപ്റ്റന്‍ കൈസെ മാരാ ദേഖാ?ഭും ഭും ഭും'അവരുടെ ക്യാപ്റ്റന്‍ വെടിയുതിര്‍ക്കും പോലാണത്രെ പന്തുകള്‍ അടിച്ചുപറത്തിയത്. 

"ഹാ ജനാബ്.ഭും ഭും"ഞാന്‍ ചുമച്ചുപോയി.

"അബ് ബോലോ കോന്‍സീ ടീം ബഹത്തര്‍ ഹെ?"സഫറുളള അവസാനചോദ്യമെടുത്തിട്ടു.ഏതു ടീമാണ് നല്ലതെന്ന്.

ഇനി പ്രതികരിക്കാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല."ബദലാ ലേംഗാ ജനാബ്.യെ സബ് കോ ഹം ലാസിം ബദലാ ലേംഗ.ആപ് ദേഖോ അഗലെ ബാര് ‍
കൈസെ ഹം സബ്കൊ ഊപര്‍ ഭേജേഗ" അടുത്ത തവണ പ്രതികാരമായി എല്ലാ (പന്തുകളും) മുകളിലേയ്ക്ക് വിടുമെന്ന് വെച്ചു കീച്ചിയതും തലയില്‍ ഒരു ലോഹക്കുഴലിന്റെ തണുപ്പു പരന്നു.

"ഹാത്ത് ഊപ്പര്‍ കര്‍ സാലാ പാക്കി സുവര്"‍കൈത്തൊക്ക് തലയില്‍ ചൂണ്ടി കൈ പൊക്കാന്‍ പറഞ്ഞത് സിവില്‍ ഡ്രസ്സില്‍ കൂടെ യാത്ര ചെയ്തിരുന്ന ഏതോ സുരക്ഷ ഉദ്യോഗസ്ഥനാവണം.

"ലേകിന്‍ സാബ് ഹം തോ.."പക്ഷേ സാറേ ഞങ്ങള്‍

ഒന്നും പറയേണ്ടി വന്നില്ല.പത്രത്തില്‍ തീവ്രവാദബന്ധത്തെക്കുറിച്ചുള്ള ഫോട്ടോ പടം സഹിതം വന്നു.ഏതോ ഒരു ഭീകരസംഘടന എന്റെ ഭീകരവാദബന്ധത്തിന്റെ ഉത്തരവാദിത്വവുമേറ്റെടുത്തു.ഇപ്പോ തിഹാര്‍ ജയിലിലാണ്.

സഫറുള്ള ഇതുവല്ലതും അറിയുന്നാണ്ടുവോ എന്തോ!

No comments:

Post a Comment