Monday, 6 April 2020

പോസിങ്ങ്

"എല്ലാരും എത്ത്യോ?സമയം നോട്ടമൊന്നുമില്ലേ ആര്‍ക്കും.മീറ്റിങ്ങ് തുടങ്ങ്ാണ്"ടീം ലീഡറാണ്.

ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റിന്റെ കോള്‍ സെന്ററിലെ ടീം ലീഡര്‍.ജനനമരണങ്ങള്‍ കൈവെള്ളയിലുള്ള ഈശ്വരന് സമന്‍.

"ആ എല്ലാരും ....ആ..ആയീലോ!തൊടങ്ങാം സര്"‍സിനി കസേരകളിലാകെ പാറി നോക്കി പറഞ്ഞുറപ്പിച്ചു.

"ഗുഡ് മോണിങ്ങ് ആള്‍"

"ഗുഡ് മോണീങ്ങ് സാാര്"

"‍സ്കൂളീ പോയി കൊതി തീരാത്ത പോലെയുണ്ടല്ലോ ഗുഡ്മോണിങ്ങ്!"ടീം ലീഡര്‍ പരിഹസിച്ചു."എല്ലാരും ഇന്നു ഫോളോ അപ്  ചെയ്ത് കുഴീ ചാടിക്കേണ്ടവരുടെ ലിസ്റ്റ് എടുത്തിട്ടില്ലേ?പ്രിന്റൗട്ട്സ് കയ്യിലുണ്ടോന്ന്?!ഏ.."

"ഒണ്ട് സാര്"

"‍ഗുഡ്..അപ്പോ ഇനി വിളി തുടങ്ങാം.ആറുമാസവരിസംഖ്യയെങ്കിലും വാങ്ങിയെടുക്കണമെന്ന ലക്ഷ്യം എപ്പോഴും മനസ്സിലുണ്ടാവണം.ട്രെയിനിങ്ങ് സെഷനൊക്കെ ഓര്‍മ്മയില്ലേ?"

"ഒണ്ട് സാര്"

"‍ഗുഡ്.എന്നാപ്പിന്നെ മീറ്റിങ്ങ് വൈന്റപ്പ് ചെയ്ത് പണി തൊടങ്ങാം,അല്ലേ?എല്ലാം ക്ളിയറല്ലേ?ഏ..ഏ..അവിടെയെന്താ കുശുകുശുപ്പ്??ജയകൃഷ്ണന്‍ ഒ.സി.?എന്താ ഇഷ്യൂ?"

"പ്രത്യേകിച്ചൊന്നുമില്ല സര്‍.പിന്നെ,ജയന്‍ ന്നു വിളിച്ചാ മതി.അതാ കേള്‍വിക്കൊരു സുഖം."

"ഒന്നുവില്ലേല്‍ പിരിയാം!"ടീംലീഡര്‍ എല്ലാരോടുമായിട്ട് മൊഴിഞ്ഞു.

"പിന്നേം കുശുകുശുപ്പ് തുടങ്ങിയോ ഒ.സി.?എന്താന്നേ പ്രശ്നം?"

"ഇതിലൊരുത്തനെ വിളിക്കാന്‍ തോന്നണില്ല സര്‍.അതാണ്."

"തോന്നണില്ലെന്നോ?ആരെ?കാട്ടിയേ!

ഈ പള്ളീലച്ചന്റെ മൊഖമുള്ളോനെയോ?അവനെ താന്‍ കെട്ടാന്‍ സമ്മതിക്കുലേ?"

"മഹാകുടിയനാണ് സാര്‍.വൃത്തികെട്ടവന്‍!"

"അത് താനെങ്ങിനെയറിഞ്ഞു.പ്രിന്റൗട്ട് കാട്ടിയേ!

ദാ..ഇതില് ഡ്രിങ്കിങ്ങ് സോഷ്യലീന്നാണല്ലോ."

"നൊണയാണ് സാര്‍.പെരും കുടിയനാണ്!"

"അതുകൊണ്ടൊന്നും വിളിക്കാതിരിക്കാന്‍ പറ്റില്ല.താനിയാളെ നേരിട്ടറിയുമോ?"

"ജയേട്ടന്റെ മുറപ്പെണ്ണിനെ പുള്ളി ലൈക്കടിച്ചു സാര്!‍അതിന്റെയാണോ?"അടുത്തിരുന്നവന്‍ അവസരം ഉപയോഗിച്ചു.

"അതൊക്കെ ഒ.സി.യുടെ പേഴ്സണല്‍ കാര്യങ്ങള്‍.ഇവടെ നമ്മടെ ജോബ് നടക്കണം!"ടീംലീഡര്‍ സ്വരം കടുപ്പിച്ചു.

"പൊന്നു സാര്‍,രാജിയെ ലൈക്കടിച്ചകൊണ്ടോ ഷോര്‍ട്ട്ലിസ്റ്റിലാക്കിയതുകൊണ്ടോ ഒന്നുമല്ല.അവനീ പ്രൊഫൈലു ക്രിയേറ്റു ചെയ്തപ്പഴത്തെ കഥ സാറു കേക്കണം.നമ്മടെ പരസ്യത്തിലെ വിരല് പൊക്കി നിക്കണ ധോണിയുടെ പോസില്‍ ഒരു സെല്‍ഫി എടുത്ത് അയക്കാന്‍ പറഞ്ഞതിന് അവന്‍ അടിച്ച് വെളിവില്ലാതെ കണ്ണു പോലും കാണാതെ ഗ്ളാസില്‍ മദ്യം പൊക്കിപ്പിടിച്ച് സെല്‍ഫിയെടുത്ത് അയച്ചിരിക്കുന്നു!!"ജയന്‍ കിതച്ചുപോയി.

ഇതേസമയം ഭൂഗോളത്തിന്റെ മറ്റുരു കഷണത്തില്‍ തന്റെ സെല്‍ഫി റിജക്ടായെന്ന മെയിലും വായിച്ച് അതിന്റെ കാരണങ്ങളേപ്പറ്റി ആലോചിച്ചിരിക്കയാണ് പള്ളീലച്ചന്റെ മുഖവുമായൊരുത്തന്‍! 

No comments:

Post a Comment