Tuesday, 14 April 2020

കുറിപ്പടിജീവിതം

ഒരു ഫാര്‍മസിസ്റ്റ് ജീവിതസഖിയായത് നാടകീയമായൊരു കഥയാണ്.

മാര്‍ക്കറ്റിങ്ങ് ജീവിതത്തിന്റെ തുടക്കത്തിലെ അലച്ചിലുകള്‍ക്കിടെയാണ്.

വല്ലാത്തൊരു ചുമ.കഫക്കെട്ടില്ലാത്ത ചുമ.

'പോയ് വല്ല ഡോക്ടറേയും കാണ്'എന്ന പല അഭ്യുദയകാംക്ഷീസിന്റെയും ഉപദേശം തള്ളിക്കളയാനായില്ല.

ക്ളിഷേ കഥകളിലേപ്പോലെ അതിനിഗൂഢമായ കൈയ്യക്ഷരം ഉള്ള ഒരു ഡോക്ടറെ കണ്ടു സംസാരിച്ചു.അദ്ദേഹം എന്തോ കുറിച്ച് സഗൗരവം തരികയും ചെയ്തു.

അവിടെനിന്ന് പുറത്തിറങ്ങിയ വഴി ഒരിക്കലുമില്ലാത്തത്ര ഫോണ്‍ കോളുകള്‍.അതങ്ങിനെയാണല്ലോ!എന്തെങ്കിലും ജോലി ചെയ്യുകയോ സംസാരിക്കാതിരിക്കേണ്ട സാഹചര്യം ആണെങ്കിലോ കോളുകളുടെ ബഹളമായിരിക്കും.വെറുതേ ഇരിക്കുമ്പോള്‍ വഴിതെറ്റി പോലും ഒന്നും വരാറുമില്ല.

എന്തായാലും കുറിപ്പടി തത്കാലം വിസ്മരിക്കപ്പെട്ടു.

വീടിരിക്കുന്ന ചെറുപട്ടണത്തില്‍ എത്തിയത് രാത്രി നന്നേ വൈകിയാണ്.ചുമ നാടു കണ്ട സന്തോഷത്തിലെന്ന പോലെ വീണ്ടും ശക്തിയായി ആരംഭിച്ചു.

"കുരയുടെ ഗാംഭീര്യത്തില്‍ അള്‍സേഷ്യന്‍ മാറി നില്‍ക്കുമല്ലോ?ഇന്നും ഡോക്ടറെ കാണാന്‍ സാറിന് നേരം കിട്ടിക്കാണില്ലല്ലേ?"വീടിനടുത്തുള്ള ഒരു കടയുടമയാണ്.കട അടക്കാനുളള തിരക്കിനിടയിലും കുശലം ചോദിക്കാന്‍ മറന്നില്ല. 

"അയ്യോ!ഡോക്ടറെ കണ്ടതാണല്ലോ!!പക്ഷേ മരുന്ന്....വാങ്ങാമ്മറന്നുപോയ്..മെഡിക്കഷോപ്പെല്ലാം അടച്ചു കാണുവല്ലേ?"ഞാന്‍ പകുതി ആത്മഗതമായും മറ്റേ നല്ലപകുതി ഉത്തരമായും പറഞ്ഞു.

"പിന്നെ.മെഡിക്കല്‍ ഷാപ്പൊക്കെ എപ്പളേ അടച്ചു.ഇനി നാളെ!"കടക്കാരന്‍ അയല്‍വാസി ധൃതിയില്‍ പറഞ്ഞു.

എന്നാലും ഒരു ഇച്ഛാഭംഗം.പകുതിയില്‍ വെച്ചൊരു ദൗത്യം ഉപേക്ഷിക്കുക എന്നാല്‍..ഛായ്!

മെഡിക്കല്‍ ഷോപ്പിന്റെ മുന്നിലേയ്ക്കു വെറുതെ നടന്നു.ബോഡില്‍ വലിയ അക്ഷരത്തില്‍ പേരും സ്ഥലപ്പേരും ഫോണ്‍നമ്പറുകളും ചുവന്ന കുരിശുമൊക്കെയുണ്ട്..

ഫോണ്‍ നമ്പര്‍!

ഫോണ്‍ നമ്പര്‍ ഉണ്ടല്ലോ!ഡോക്ടറുടെ നിഗൂഢമായ കുറിപ്പടിയിലെ അതിനിഗൂഢ ഔഷധം മെഡിക്കല്‍ ഷോപ്പിലുണ്ടോ എന്ന് ഉറപ്പു വരുത്തുകയെങ്കിലും ചെയ്യാതെ ഒരു സമാധാനം കിട്ടില്ല.ചുമ അപ്പോഴും അനസ്യൂതം തുടരുകയാണ്.ഈ സമയത്തിനി ചുമച്ച് വിളിച്ച് സീനാക്കണോ!ഉംംംം

വേണ്ടല്ലോ!

രണ്ട് നമ്പറുണ്ട്.

സേവ് ചെയ്ത് വാട്സാപ്പയച്ചു നോക്കാം.

നമ്പറുകള്‍ രണ്ടും MS 1,MS 2 എന്നു യഥാകൃമം സേവുചെയ്തു.

ഒന്നിലേ വാട്സപ്പുള്ളൂ.

നെറ്റ്വര്‍ക്ക് അപാരസ്പീഡായതിനാല്‍ മറ്റേ നമ്പറിലെ ആളുടെ പ്രൊഫൈല്‍ ഡീറ്റേലൊന്നും കാണാന്‍ പറ്റുന്നില്ല.

എന്തായാലും കുറിപ്പടിയുടെ കാതലായ ഭാഗം എന്നു തോന്നിയ ഭാഗത്തിന്റെ ഫോട്ടോ വാട്സപ്പില്‍ എടുത്തു.അവൈലബിള്‍ ആണോ എന്നു ടൈപ്പ് ചെയ്ത് ഇടുകയും ചെയ്തു.പിന്നെയും കോളുകള്‍ വന്നു.വീട്ടില്‍ നിന്നാണ്.ഒരിക്കലുമില്ലാത്ത എന്തൊക്കെയോ പ്രശ്നങ്ങള്‍!വീട്ടിലെത്തി അതിനെല്ലാം പരിഹാരം കണ്ടു.ഒന്നു രണ്ടു ദിവസങ്ങള്‍ അങ്ങിനെ പോയി.

മൂന്നാം ദിവസം ഒരു ചെറുപ്പക്കാരന്‍ കട്ട കലിപ്പ് ഭാവത്തില്‍ വഴി തടഞ്ഞു.
"ഞങ്ങള് കുറച്ചു പാവപ്പെട്ട ഫാമിലിയാണെന്നത് ശരിയാണ്.പക്ഷേ അഭിമാനം വിടേണ്ടി വന്നാല്‍ ചാകണം,അല്ലേല്‍ കൊല്ലണം എന്നാണ് അപ്പന്‍ പഠിപ്പിച്ചേക്കുന്നത്!"ചെറുപ്പക്കാരന്റെ ചൊടികള്‍ വിറച്ചു.

"അയിന് ഞാനെന്നാ ചെയ്തെന്നാ?"എനിക്കൊരു പിടിയും കിട്ടിയില്ല.

"മേഴ്സിയോട് മാത്രമേ ഇങ്ങനെയുള്ളോ അതോ ഒരുപാടു പേരുടെയടുത്ത്.."അവന്റെ ശബ്ദം പൊങ്ങുന്നതുപോലെ.ഇതിനിടയില്‍ അവന്‍ മൊബൈലെടുത്ത് 'അവൈലബിള്‍ ആണോ' എന്ന എന്റെ മെസേജ് അവന്റെ മേഴ്സിപ്പെങ്ങള്‍ക്കു ചെന്നതിന്റെ ഒരു സ്ക്രീന്‍ഷോട്ടും കാട്ടി!!

അയ്യോ!മിനിങ്ങാന്നത്തെ മെഡിക്കല്‍ സ്റ്റോര്‍.അപ്പോ ഡോക്ടറുടെ കുറിപ്പടി എങ്കെ?
ധൃതിയില്‍ ഫോണെടുത്തു നോക്കി.

"ചേട്ടനെന്താ ഒന്നും മിണ്ടാത്തെ?"അവന്റെ ശബ്ദം കനക്കുകയാണ്.

MS 2 വില്‍ 'അവൈലബിള്‍ ആണോ' എന്ന ചോദ്യം മാത്രമേ സെന്റായിട്ടുള്ളൂ..കുറിപ്പടി മോളിലേയ്ക്കൊരു ആരോമാര്‍ക്കും നെഞ്ചിലേറ്റി നില്‍പ്പുണ്ട്..നെറ്റ്വര്‍ക്കിനു നന്ദി.

പിന്നെ അവനൊരു സോഡ നാരങ്ങാവെള്ളം വാങ്ങിക്കൊടുത്ത് യു.പി.സ്കൂള്‍ കാലം മുതലുള്ള ഒരു വണ്‍വേ പ്രേമത്തിന്റെ നിമിഷകഥയും മെനഞ്ഞ് മേഴ്സിയെന്ന ഫാര്‍മസിസ്റ്റിനെ കൂടെ കൂട്ടുകയാണുണ്ടായത്. 

No comments:

Post a Comment