ജീവിതം ഒരുപാടു കാലം പറഞ്ഞും പാടിയും തല്ലിയുമൊക്കെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന പാഠമാണല്ലോ എങ്ങിനെ അതിനെ പോസിറ്റീവായി കാണാം എന്നത്!
പഠിക്കാന്‍ തുടങ്ങിയോ/കഴിഞ്ഞോ എന്നുള്ളതൊക്കെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ തന്നെ!
എന്തായാലും പോസിറ്റീവാകാനുള്ള ശ്രമങ്ങളില്‍ ചിലതിനെപ്പറ്റി സൂചനകളുണ്ട്.
സ്വയം പരിപാലനം തന്നെയാണ് പോസിറ്റിവിറ്റിയുടെ പരമപ്രധാന ഉപായം.സ്വന്തം ശരീരത്തോടും ജീവിതത്തോടും കാണിക്കുന്ന നീതിയില്‍ അല്‍പ്പം പോലും കൂടുതല്‍ മറ്റുള്ളവരോട് കാണിക്കാന്‍ ഒരാള്‍ക്കുമാവില്ല എന്നതാണ് വെയ്പ്പ്.
ആത്മഹത്യ ചെയ്യുന്നവര്‍ വെറുക്കപ്പെടുന്നതിന് കാരണമിതാണ്.ബോഡി ബില്‍ഡേഴ്സും സുന്ദരീ സുന്ദരന്‍മാരുമൊക്കെ ആരാധിക്കപ്പെടുന്നതും ഇൗ ചിന്തകളുടെ മറുവശത്തു കൂടി തന്നെയല്ലേ!?
രണ്ടാമത്തേത് സദ്ജനസംസര്‍ഗ്ഗമാണ്.
ആരാണ് സദ്ജനം എന്നൊരു ചോദ്യം സ്വഭാവികം!
പല നിബന്ധനകള്‍ക്കും വിധേയമായാണ് സദ്ജനങ്ങള്‍ വരുന്നത്.
ചില നല്ല പ്രവൃത്തികള്‍ക്കൊണ്ട് നമുക്ക് സദ്ജനമായവരുണ്ട്,സദ്ജനമെന്ന് നമുക്ക് വിശ്വാസമുള്ളവര്‍ പറഞ്ഞ് പറഞ്ഞ് അങ്ങിനെ കരുതപ്പെട്ടവരുണ്ട്,തങ്ങളുടെ വാചാലതകൊണ്ടും കഴിവുകൊണ്ടും സദ്ജനമെന്ന് വിളിക്കപ്പെടുന്നവരുണ്ട്,ആകെ പ്രവൃത്തികളില്‍ ഭൂരിഭാഗവും നല്ലതായതുകൊണ്ട് സജ്ജനമെന്ന് വിളിക്കപ്പെടുന്നവരുണ്ട്..ഇത് ഒരു രീതിയിലുള്ള വര്‍ഗ്ഗീകരണം മാത്രമേ ആയുള്ളൂ.
ഒരാളോട് നമ്മള്‍ ഇടപെടുന്ന സമയത്തിന്റെ അളവും ആവൃത്തിയുമൊക്കെ ഈ കാഴ്ചപ്പാടിനെ ബാധിക്കില്ലേ?
ഉദാഹരണം പറയാം.സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ച സ്ത്രീ പുരൂഷന്‍മാരുണ്ട്.ലോകം അതിന്റെ പരമോന്നത ബഹുമതി നല്‍കിയവര്‍.പക്ഷേ ഇവരുടെ ഭാര്യാഭര്‍ത്താക്കന്‍മാരും തനിസ്വഭാവം പുറത്തെടുക്കുന്ന സമയങ്ങളില്‍ വിചാരിക്കുക"കൂടെക്കിടക്കുന്നോര്‍ക്കല്ലേ രാപ്പനി അറിയാവൂ" എന്നായിരിക്കും.
അതുകൊണ്ട് എപ്പോഴും കൂടെയുള്ളവരെ നമ്മള്‍ ഗ്രേസ് മാര്‍ക്കും മോഡറേഷനും NCC,NSS,സ്പോര്‍ട്സ് എന്നിങ്ങനെ എല്ലാ മാര്‍ക്കുകളും ചേര്‍ത്ത് മുഷിവെന്ന വലിയ പരിമിതിയെ തോല്‍പ്പിച്ചു മാത്രമേ സദ്ജനസര്‍ട്ടിഫിക്കറ്റ് കൊടുക്കാവൂ.
പക്ഷേ എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ നമ്മളുടേതും നമ്മള്‍ ആയിരിക്കുന്ന ഗ്രൂപ്പിന്റെയും(രണ്ടും ഫലത്തില്‍ ഒന്നു തന്നെ) ലക്ഷ്യമാണ് നമ്മളെ സജ്ജനമോ ദുര്‍ജനമോ ആക്കുന്നത്.
തീര്‍ച്ചയായും യഥാര്‍ത്ഥ കാരണങ്ങളോടു കൂടിയ യഥാര്‍ത്ഥ ലക്ഷ്യങ്ങളുള്ളവരാണ് സദ്ജനമാകാന്‍ സാധ്യതയുള്ളത്.വിശദീകരിച്ച് ബോറഡിപ്പിക്കാം.
പര്‍ണ്ണശാലയിലെ മുനിക്കും കുടുംബത്തിനും ശിഷ്യഗണങ്ങള്‍ക്കും ജീവന്‍ നിലനില്‍ക്കാനുള്ള ആഹാരവും സൗകര്യങ്ങളും മതി.അതിനുള്ള ബഹളമേ അവര്‍ ഉണ്ടാക്കാറുള്ളൂ.അവരുണ്ടാക്കുന്ന കൊലാറ്ററല്‍ ഡാമേജുകളും മിനിമം ആയിരിക്കും.കാരണം അവരുടെ ലക്ഷ്യം വിശപ്പ്,വേദന തുടങ്ങിയ യഥാര്‍ത്ഥ ആവശ്യങ്ങളെ പരിഹരിക്കലാണ്.
ഞാന്‍ മാക്സിമം റീട്ടെയില്‍ പ്രൈസില്ലാത്ത(M.R.P.) ഒരു നാട്ടില്‍ കച്ചവടക്കാരുടെ കൂടെ
ജോലി ചെയ്ത ആളാണ്.അന്നത്തെ ജീവിതത്തെ തള്ളിപ്പറുന്നതായി തെറ്റിദ്ധരിക്കരുതേ.പക്ഷേ കാര്യങ്ങള്‍ undo ചെയ്യാനോ അടുത്ത ജന്മത്തില്‍ വന്നു പറയാനോ സാധിക്കാത്തതുകൊണ്ട് തുറന്നു പറയുന്നു എന്നേ ഉള്ളൂ.അവിടെയുള്ളവരുടെ മിക്കവരുടേയും ആവശ്യങ്ങള്‍ റിയലല്ല!!
വിശപ്പു സഹിക്കാനാവാതെ അവിടെ എത്തിപ്പെടുന്നവര്‍ ചുരുക്കം.എന്തൊക്കെയോ തെളിയിക്കാനും വാരിക്കൂട്ടാനും ഒരുമ്പെട്ടിറങ്ങിയവരുടെ ലോകമായിരുന്നു അത്.
പോക്കറ്റു മണി തരാത്ത അച്ഛനെ തോല്‍പ്പിക്കാന്‍,വീട്ടില്‍ നിന്ന് പുറത്തു വിടാത്ത അമ്മയെ തോല്‍പ്പിക്കാന്‍,ലൈഫില്‍ സെറ്റിലായില്ലെന്നു നുണ പറഞ്ഞു പിരിഞ്ഞ പൂര്‍വ്വ കാമുകിയെ തോല്‍പ്പിക്കാന്‍,സ്ഥിരവരുമാനമില്ലാതിരുന്നപ്പോള്‍ കളിയാക്കിയ സ്വന്തക്കാരേയും നാട്ടുകാരേയും തോല്‍പ്പിക്കുവാന്‍..അങ്ങിനെ ആര്‍ക്കും ഒരു പ്രയോജനമില്ലാത്ത കാരണങ്ങള്‍ക്കൊണ്ട് ആര്‍ക്കും വലിയ പ്രയോജനമൊന്നുമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവര്‍ സദ്ജനങ്ങളായി മാറുക ദുഷ്കരമത്രെ.അത്തരക്കാരുടെ
സംസര്‍ഗ്ഗം നല്ല ജീവിതവീക്ഷണം ഉണ്ടാക്കാനും സാധ്യതയില്ല.
കുറേ വാരിക്കൂട്ടി,കെട്ടിപ്പൊക്കി,തല്ലിത്തകര്‍ത്ത് പൂഴിമണ്ണില്‍ കളിക്കുന്ന കുട്ടികളെപ്പോലെ..
ലോകത്തിന്റെ സ്വാര്‍ത്ഥതയോടുള്ള അന്ധമായ പ്രതിഷേധമല്ല മുകളില്‍ സൂചിപ്പിച്ചത്.ലോകം സ്വാര്‍ത്ഥമാണ്.ഉത്തരവാദിത്വങ്ങളുടെ ദുരിതങ്ങള്‍ സുഖങ്ങളുടെ പഞ്ചസാരയില്‍ പൊതിഞ്ഞാണ് വരാറുള്ളത്.എന്തൊക്കെയോ സ്വാര്‍ത്ഥചിന്തള്‍ ട്രിഗര്‍ ചെയ്താണ് മുലപ്പാലു പോലും ചുരക്കുന്നത്.പച്ചപ്പ് കണ്ണിന് കുളിരു പകരുന്ന നിറമായതും മരങ്ങളും നിലനില്‍പ്പിന് ആവശ്യമായതും ഒരുമിച്ചാണ്.
സ്വാര്‍ത്ഥത്തെ നീതിയുക്തമായി ഉപയോഗിക്കുന്നതിലൂടെ നമുക്കും കൂടെയുള്ളവര്‍ക്കും പോസിറ്റിവിറ്റി ലഭിച്ചേക്കാമെന്നാണ് വിവക്ഷ.
ദുഃഖങ്ങളും പ്രശ്നങ്ങളും സ്വന്തമായി അബ്സോര്‍ബു ചെയ്ത് പോസിറ്റീവായി ഇരിക്കലല്ലേ ധീരത എന്നു ചോദിക്കുന്നവരെ കണ്ടിട്ടുണ്ട്.അങ്ങിനെ എല്ലാം ഉള്ളിലൊതുക്കി പുറത്തു വിടാതെ ജീവിക്കുക മനുഷ്യസാധ്യമല്ല എന്നതാണ് സത്യം.
ബാലന്‍സു ചെയ്യാന്‍ എല്ലാവര്‍ക്കും എന്തെങ്കിലും വേണം.
എന്നെ സംബന്ധിച്ചിടത്തോളം അത് ശരിയായി റെസിപ്രൊക്കേറ്റ് ചെയ്യുന്ന ആളുകളാണ്.നന്മയെ നന്‍മയായും തിന്‍മയെ തിന്‍മയായും കണ്ട് മറ്റു രാഷ്ട്രീയതാത്പര്യങ്ങളില്ലാതെ
അതേ രീതിയില്‍ പ്രതികരിക്കാനറിയാവുന്നവര്‍.
സ്വയം നിരീക്ഷണങ്ങളാണ് കുറേക്കൂടി സമഗ്രം എന്നതിനാലാണ് സ്വന്തം ഉദാഹരണങ്ങള്‍ ലോഡു കണക്കിന് തട്ടുന്നത്.ഇത്തരത്തില്‍ സ്വന്തം
ആഗ്രഹങ്ങള്‍ യഥാര്‍ത്ഥം ആയാലും അത്തരം ആഗ്രഹങ്ങളള്ളവരുടെ സഹവാസവും ജീവിതത്തിന് വലിയ ആശ്വാസം കൊണ്ടെത്തിക്കും.
അറിവിനായുള്ള അന്വേഷണവും ജീവിതത്തില്‍ നിലയ്ക്കാത്ത പ്രതീക്ഷകള്‍ കൊണ്ടുവരും.പ്രതീക്ഷകളാണല്ലോ പോസിറ്റിവിറ്റി
ഇത് ശാസ്ത്രീയമായ പഠനമൊന്നുമല്ല.അത്ര സമഗ്രവുമല്ല.വിയോജിപ്പുകളുണ്ടെങ്കില്‍ കാര്യകാരണസഹിതം പ്രകടിപ്പിക്കാവുന്നതാണ്.
No comments:
Post a Comment