Saturday, 11 April 2020

തടയണയും ചങ്ങാടവും

പണ്ട് പണ്ട് ഒരിടത്ത് മലയടിവാരത്തുള്ള ഒരു ഗ്രാമത്തിലെ പുഴയില്‍ ഒരു തടയണ(ചെക്ക് ഡാം) ഉണ്ടായിരുന്നു.സിമന്റൊക്കെ കണ്ടുപിടിക്കപ്പെടാതിരുന്ന കാലമായതിനാല്‍ മരത്തടികളും ചുള്ളിക്കമ്പുകളും കാട്ടു വള്ളികളും കൊണ്ടാണ് തടയണ നിര്‍മ്മിക്കപ്പെട്ടിരുന്നത്.തടയണ തകര്‍ന്നാല്‍ ഗ്രാമം നാമാവശേഷമാകും എന്ന തരത്തിലായിരുന്നു അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം.

അങ്ങനെയിരിക്കെ ഒരിക്കല്‍ അവിടുത്തെ കാലാവസ്ഥാനിരീക്ഷകന്‍ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലുമായി വന്നു.ആ വര്‍ഷത്തെ മഴയെയും മലവെള്ളത്തേയും താങ്ങാന്‍ നിലവിലുള്ള തടയണയ്ക്ക് സാധിച്ചേക്കില്ല എന്ന ഭീതിജനകമായ നിരീക്ഷണമാണ് അദ്ദേഹം പങ്കുവെച്ചത്.ആളുകള്‍ അവരവരുടേതായ രീതിയില്‍ പരിഭ്രാന്തരാകാനും രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കാനും തുടങ്ങി.

ഒരാള്‍ പറഞ്ഞു'നിലവിലുള്ള തടയണയെ ശക്ടിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങണം.ഇല്ലെങ്കില്‍ നമ്മുടെ ഗ്രാമത്തിന് മാത്രമല്ല;പുഴ ഒഴുകിയിരുന്ന വഴിയിലെ മറ്റുള്ളവര്‍ക്കും ആപത്താണ്"നിഷ്പക്ഷമതികള്‍ക്ക് അത് സ്വീകാര്യമായിത്തോന്നി.

പക്ഷേ പതിവുപോലെ എതിര്‍പ്പിന്റെ ശബ്ദവും വന്നു.'മഴക്കാലത്തിന് ഇനി അധികം സമയമില്ല.നമുക്ക് കിട്ടാവുന്ന മരക്കഷണങ്ങള്‍ കൊണ്ട് ചങ്ങാടം ഉണ്ടാക്കുന്നതാണ് നല്ലത്.രക്ഷപെട്ട് നല്ലൊരു കരയില്‍ കുറേക്കൂടി ജീവിതസൗകര്യങ്ങളോടെ ജീവിക്കാന്‍ നമുക്കാവും'ഈ ആശയം ആളുകള്‍ക്ക്
 കൂടുതല്‍ ആകര്‍ഷണീയമായി തോന്നി.അവര്‍ തടയണയില്‍ നിന്നടക്കം തടിയും വള്ളിയും വലിച്ചൂരി ചങ്ങാടങ്ങള്‍ ഉണ്ടാക്കാനാരംഭിച്ചു.ചങ്ങാടങ്ങള്‍ ഉണ്ടാക്കാനറിയാത്തവര്‍ മറ്റുള്ളവര്‍ക്ക് പണം നല്‍കി ഉണ്ടാക്കിച്ചു.ശേഷം എന്തു സംഭവിച്ചു  എന്നത് എനിക്കറിയില്ല.

വിമര്‍ശനബുദ്ധ്യാ നോക്കിയാല്‍ രണ്ട് ആശയങ്ങള്‍ മുന്നോട്ടു വെച്ചവരും ദീര്‍ഘവീക്ഷണം ഉള്ളവരാണ്.വിഷനറി എന്നൊക്കെ പല ഇനീഷ്യേറ്റീവുകളെടുത്തവരേയും നമ്മള്‍ വിളിക്കാറില്ലേ!

അതുപോലെ..എനിക്ക് തോന്നിയത് രണ്ടു പേരും വിഷനറികള്‍ തന്നെയാണെന്നാണ്.

പക്ഷേ അവരുടെ ശൈലിയും പ്രവര്‍ത്തികളുടെ ഫലവും വളരെ വ്യത്യസ്തമായിരിക്കും.

ജീവിതത്തില്‍ ഇത്തരത്തില്‍ രണ്ടു തരം ദീര്‍ഘവീക്ഷണവും തമ്മില്‍ സംതുലനം വേണം.അവിടെ നമ്മുടെ കാര്യവും നമ്മളായിരിക്കുന്നിടത്തിന്റെ കാര്യവും ഒരുപോലെ പ്രാധാന്യം കൊടുക്കേണ്ടതല്ലേ?!

പതിയെ പ്രവര്‍ത്തിക്കുന്ന;അരുതുകളുടെ ആശയങ്ങളോട് നമുക്കെന്നും അത്ര പ്രതിപത്തി പോര!

പണ്ടു പറഞ്ഞ ഒരുദാഹരണം ഒന്നുകൂടി പറഞ്ഞ് വെറുപ്പിച്ചേക്കാം.ഉണങ്ങിയ തേങ്ങയുള്ള തെങ്ങിന്‍ ചുവട്ടില്‍ കാറ്റുള്ള സമയത്ത് നില്‍ക്കുന്ന ഒരാളോട് 'ദേഹത്ത് തേങ്ങ വീഴാന്‍ സാധ്യത ഉണ്ട്.മാറി നില്‍ക്കൂ'എന്നു പറഞ്ഞാല്‍ അയാള്‍ക്ക് വലിയ കടപ്പാടും സ്നേഹവുമൊന്നുമുണ്ടാവാന്‍ സാധ്യതയില്ല.

പറഞ്ഞ ആള്‍ ഒരു മൂരാച്ചിയാണെന്നോ കരിനാക്കനാണെന്നോ ചിന്തിച്ചെന്നും വരാം.

പക്ഷേ ആ തേങ്ങ കണ്ടുനിന്ന ആള്‍ ഒന്നും പറയാതെ  തലയില്‍ വീണാല്‍ സംഗതി ആകെ മാറും.ആദ്യം പരിചരിച്ച ആള്‍,ആംബുലന്‍സ് വിളിച്ചയാള്‍,ആംബുലന്‍സ് ഓടിച്ചയാള്‍,ഡോക്ടര്‍,നഴ്സ് അങ്ങിനെ നമുക്ക് ഒരിക്കലും തീരാത്ത കടപ്പാടുള്ള എത്ര പേര്‍ അങ്ങിനെ സ്രഷ്ടിക്കപ്പെടുമല്ലേ?

ഇവിടേയും സംതുലനം ആവശ്യമാണ്.

മുന്നറിയിപ്പുകള്‍ തരുന്നവര്‍ എക്സ്ട്രിമിറ്റികളിലേയ്ക്ക് പോയാല്‍ അമിത ആശങ്കയും ഭയപ്പെടുത്തല്‍ സ്വഭാവവും കാണാനാവും.

അതുപോലെ അപകടം സംഭവിച്ചിട്ട് രക്ഷിക്കുന്നവര്‍ എക്സ്ട്രിമിറ്റികളില്‍ പോയാലും അവിടെ മറ്റുള്ളവര്‍ക്ക് ദോഷം വന്നിട്ട് എന്റെ വരുമാനം വര്‍ദ്ധിക്കണമെന്ന അപകടകരമായ ചിന്ത വരാം!

രണ്ടു കൂട്ടര്‍ക്കും അവരുടേതായ ബുദ്ധിമുട്ടുകളുമുണ്ട്.ഒരു കൂട്ടര്‍ പിന്തിരിപ്പന്‍ എന്ന ലേബലില്‍ പട്ടിണി കിടക്കുമ്പോള്‍ മറ്റേ കൂട്ടത്തിന് സമയം നോക്കാതെ അച്ചടക്കത്തോടെയും ശ്രദ്ധയോടെയും ജോലി ചെയ്യേണ്ടിവരുന്നു.

പറഞ്ഞുവന്നത് വിപരീത ചിന്താധാരകള്‍ തമ്മിലുളള സംതുലനം നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് മാത്രമാണ്.

No comments:

Post a Comment