Saturday, 4 April 2020

അറ്റാക്ക്

"അയ്യോ!ഇതാരാ കുത്തിയിരിക്കുന്നെ?ചങ്ക് പൊത്തിപ്പിടിക്കുന്നുണ്ടല്ലോ?രാജപ്പനല്ലേ?"രാജപ്പന്‍ കഠിനാധ്വാനിയായ ഒരു ചുമട്ടുതൊഴിലാളിയാണ്.ഒരു ക്വിന്റലുളള ചാക്കും താങ്ങുന്ന കരുത്തന്‍!

"അറ്റാക്കാണോ?ഇടനെഞ്ച് പൊത്തിപ്പിടിച്ചേക്കുന്ന കണ്ടില്ലേ?മൊഖത്തു നോക്കിയാലേ അറിയാം വേദനയുടെ ശക്തി!"ഹാര്‍ട്ട് അറ്റാക്കിന്റെ വേദന നെഞ്ചിന്റെ അടിഭാഗത്തുനിന്നും പടര്‍ന്നു കയറാറാണല്ലോ!

"കൊച്ചാപ്പു ഓന് വെള്ളമെന്തോ കൊടുത്തല്ലോ!കുപ്പീം കൊണ്ടതാ പീട്യേലേയ്ക്ക് തിരിച്ചു പോണു.അതിനെക്കൊണ്ട് ആവും വിധം സഹായിച്ചു."കൊച്ചാപ്പു ചെറിയ ഒരു മാടപീട്യക്കാരനാണ്.ടിയാന് ഏകാഗ്രത കുറച്ചേറെ കൂടുതലാണ്.അദ്ദേഹത്തിന്റെ മനസ്സില്‍ ഓടുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട സംസാരം മാത്രമേ ഉള്ളൂ.മാങ്ങയെപ്പറ്റി ചിന്തിച്ചിരിക്കുന്ന സമയത്ത് തീമഴ പെയ്താലും പുള്ളി മാങ്ങയെക്കുറിച്ച് മാത്രം സംസാരിക്കും.

"രാജപ്പന്‍ അരിക്കടേലെ ലോഡിറക്കുന്നത് കുറച്ചു നേരത്തെ കണ്ടതാണല്ലോ!എത്ര പെട്ടെന്നാണല്ലേ?!നാളെ ടൗണില്‍ പോകേണ്ട ഒരു അത്യാവശ്യവും ഉണ്ടായിരുന്നു.അടക്ക് കൂടാനും പറ്റില്ലല്ലോ!"

"ഫോണൊള്ളോര് ആംബുലന്‍സ് വിളിക്കാനേ!ചെയ്യാനൊള്ളത് ചെയ്യണ്ടേ!"

"നമ്പര് എന്താ ചേട്ടാ?"

"അതു പോലും അറിയില്ലേടാ!നൂറ്റിയെട്ട് വിളി.ഇല്ലേല്‍ വണ്‍ റ്റൂ  നയനേടറ്റ് കുത്ത്."

"ആംബുലന്‍സ് വരാനൊക്കെ സമയമെടുക്കും.നിങ്ങളൊരു ജീപ്പ് വിളി.വേഗം വേഗം."

ജീപ്പു വന്നു.രാജപ്പന്‍ നെഞ്ചും പൊത്തിപ്പിടിച്ച് ഇരുപ്പാണ്.ആളെ പിടിച്ചു നേരേ നിര്‍ത്തിയിട്ടും നടക്കാന്‍ സാധിക്കുന്നില്ല.

"ഷോഡേന്റെ പൈശ താ!"കൊച്ചാപ്പു ആരോടെന്നില്ലാതെ പറഞ്ഞു.കേട്ടവര്‍ക്കാകെ ദേഷ്യം.എന്തു പറയാന്‍!കൊച്ചാപ്പു അങ്ങനെയൊരു ഒറ്റ പുത്തിക്കാരനാണല്ലോ!

"പൈസയൊക്കെ തരും കൊച്ചാപ്പൂ.നമ്മളൊക്കെ മനുഷ്യമ്മാരല്ലേ!"

ഇതിനിടെ  മറ്റുള്ളവരുടെ തോളില്‍ തൂങ്ങി നില്‍ക്കുന്ന രാജപ്പന്‍ വല്ലാത്ത വിമ്മിട്ടത്തോടെ ഒരു ഏമ്പക്കം വിട്ടു.

"എനിക്ക് കൊഴപ്പമൊന്നുമില്ലന്നേ.സോഡ ചങ്കി കെട്ടിയതാ.ആളെ വെറുതെ പറഞ്ഞ് കൊല്ലല്ലേ!"രാജപ്പന് ദേഷ്യപ്പെടണോ നന്ദി പറയണോ എന്നറിയാത്ത അവസ്ഥയായി.

"നിങ്ങളിവിടെ ചങ്കും പൊത്തിപ്പിടിച്ചിരുന്നപ്പോ കൊച്ചാപ്പു വെള്ളം കൊണ്ടുവന്നു തന്നതാന്നല്ലേ ഞാന്‍ കരുതിയേ!"

"സോഡ ചങ്കില്‍ കെട്ടിയ എന്റെ കൈയ്യില്‍ നിന്ന് കുപ്പി പൊട്ടാതിരിക്കാന്‍ അവന്‍ തിരിച്ചു വാങ്ങിയതാണെന്നേ!"

സോഡ പ്രശ്നക്കാരനാണ്!

No comments:

Post a Comment