Saturday, 28 December 2019
പുനരപി ജനനം
Thursday, 26 December 2019
ഹാപ്പി ബര്‍ത്ത്ഡേ!
Monday, 23 December 2019
കോണ്‍ടാക്റ്റ് ലിസ്റ്റ്
Friday, 20 December 2019
ശുദ്ധികലശം
Tuesday, 17 December 2019
പ്രേതകഥാകാരനുമായി ഇത്തിരിനേരം
Wednesday, 11 December 2019
പ്രമോഷന്‍
Sunday, 8 December 2019
വിധിയില്ലാത്തോര്
Friday, 6 December 2019
ചോദിച്ചുവാങ്ങിയത്
Wednesday, 4 December 2019
ലാഭമുള്ള കൃഷി
ബുദ്ധന്‍
Sunday, 1 December 2019
തന്തുനാനേന
Friday, 29 November 2019
ശൈലീചരിതം
ഒരിടത്തൊരിടത്തൊരു നാട്ടില്‍ ഒരു മൂപ്പീന്ന് ജീവിച്ചിരുന്നു.
ആളൊരു ആജീവനാന്തഗവേഷണവിദ്യാര്‍ത്ഥിയായിരുന്നത്രെ.സ്വന്തക്കാരടക്കം, മറ്റു മനുഷ്യരെ എങ്ങിനെ ഉപദ്രവിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണവിഷയം എന്നു മാത്രം!
ആരോ പറഞ്ഞപോലെ പിടക്കോഴി മുട്ട ഇടാത്തതിന് പൂവന്‍കോഴിയെ തല്ലുക,തേനീച്ചക്കൂടിനു അരികില്‍ 'ഇവിടെ ശുദ്ധമായ തേന്‍ ലഭിക്കും' എന്ന ഫ്ളക്സ് വെച്ച് അവറ്റകളെ മാനസികമായി പീഠിപ്പിക്കുക തുടങ്ങിയ സംഗതികളുടെ എല്ലാം ഉപജ്ഞാടതാവ് മൂപ്പീന്നാണ്-പേറ്റെന്റെടുത്തിട്ടില്ലെന്ന് മാത്രം!
അങ്ങനെ പരോപദ്രവത്തിന്റെ ഒരുപാട് സംവത്സരങ്ങള്‍ക്കൊടുവില്‍ അദ്ദേഹത്തെയും വാര്‍ദ്ധക്യം അതിന്റെ തരാതരം രോഗപീഠകളോടൊപ്പം ബാധിച്ചു.ഗവേഷണം ഉടന്‍ അവസാനിപ്പിക്കേണ്ടി വരുമെന്നൊരു സ്റ്റേജില്‍ അദ്ദേഹം തന്റെ മൂത്ത മകനെയും പ്രധാന ജോലിക്കാരനേയും അടുത്തു വിളിച്ചു.
"നിങ്ങള്‍ക്കറിയാമല്ലോ,എനിക്കിനി ഒരുപാടു കാലം ഇല്ല.ജീവിതത്തിലെമ്പാടും ചെയ്തു പോയ അകൃത്യങ്ങളെപ്പറ്റി ഞാന്‍ വളരെ വറീഡാണ്.അതിനെല്ലാം ഒരു പരിഹാരത്തിനായി ഞാനൊരു സിദ്ധനെ കണ്ടിരുന്നു.അദ്ദേഹം പറഞ്ഞ പരിഹാരം ചെയ്യാന്‍ എനിക്കു പരസഹായം കൂടിയേ തീരൂ."മൂപ്പീന്ന് ക്ഷീണിച്ച സ്വരത്തില്‍ പറയുന്നതെല്ലാം മകനും ജോലിക്കാരനും ക്ഷമയോടെ കേട്ടുനിന്നു.
"ഇതാ ഈ യന്ത്രത്തിന്റെ പേര് 'പാര' എന്നാണ്."ഇതു പറഞ്ഞുകൊണ്ട് മൂപ്പീന്ന് പ്രപഞ്ചത്തിലെ ആദ്യ പാര അവരെ പ്രദര്‍ശിപ്പിച്ചു."ഞാന്‍ മരിച്ച് ശരീരം തണുക്കും മുന്‍പേ ഈ ദിവ്യ ഉപകരണം എന്റെ മൂലസ്ഥാനം വഴി കഴുത്തുവരെ നിങ്ങള്‍ അടിച്ചു കയറ്റണം.എന്നിട്ട് ആ കാണുന്ന നാടന്‍ തോക്കെടുത്ത് ആകാശത്തേയ്ക്ക് മൂന്നു വട്ടം വെടി പൊട്ടിക്കണം.അതുവഴി എന്റെ വലിയ പാപങ്ങളും നിങ്ങളുടെ ചിന്ന പാപങ്ങളും റൈറ്റ് ഓഫ് ചെയ്യപ്പെട്ടു മോക്ഷപ്രാപ്തി തരമാകും!" അവര്‍ സമ്മതിച്ചു.
എത്ര ദുഷ്ടനായാലും അന്ത്യാഭിലാഷമല്ലേ!?
മൂപ്പീന്ന് മരിച്ചു.ചൂടാറും മുന്‍പേ
പരിഹാരകര്‍മ്മം നടത്തപ്പെട്ടു.
"വടക്കുംപുറത്ത് നാണുപിള്ളയെ 'പാര വെച്ച്' കൊന്നതിനുശേഷം ആകാശത്തേയ്ക്കു വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ ഒന്നാം പ്രതിയും ടിയാന്റെ മകനുമായ വാസുപിള്ള.."എന്നൊക്കെ പറഞ്ഞാണ് കോടതിയില്‍ കേസു വിളിച്ചത് എന്ന് പിന്നീട് അറിയാനിടയായി.
ശേഷം പാര എന്ന ഉപകരണം വലിയ ദിവ്യത്വമൊന്നുമുള്ളതല്ല എന്നും നാളികേരത്തെ സൈസാക്കാന്‍ ഉപയോഗിക്കാവുന്നതാണെന്നും വാസുപിള്ള ജയിലിലെ ഇരട്ടജീവപര്യന്തത്തിനിടെ കണ്ടു പിടിച്ചു..അതിനും പേറ്റന്റില്ല!
PS:'പാരവെയ്പ്' എന്ന പ്രയോഗത്തിന്റെ ഉത്ഭവം ഇങ്ങനെയൊക്കെയാണെന്ന ചരിതം പറഞ്ഞുതന്ന ഒരാളോടുളള കടപ്പാട് ഇവിടെ സ്മരിക്കുന്നു.
ജൂനിയര്‍ ദേവനു പറ്റിയ അമളി-കുട്ടിക്കഥ
ഒരിക്കലൊരാള്‍ ഹിമവല്‍സാനുക്കളിലൊരു ഗുഹയില്‍ ഘോരമായ തപസ്സാരംഭിച്ചു.
അല്‍പ്പാല്‍പ്പമായി ആഹാരവും മൃദുവസ്ത്രങ്ങളും മെതിയടിയും-അങ്ങനെ ദേഹത്തെ പരിചരിക്കുന്ന ലൗകികമായ എല്ലാം കുറച്ചു കൊണ്ടുവന്ന് ദേഹിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കാനാരംഭിച്ചു.
ആയിരത്തൊന്നു സംവത്സരത്തെ കഠിനതപസ്സിന് പദ്ധതിയിട്ട് വന്ന് രണ്ടു ദിവസം കഴിഞ്ഞ് കൊതുകുകടി കാരണം നിര്‍ത്തി പോയ പലരെയും കണ്ടു മടുത്ത ദേവന്‍മാര്‍ ആദ്യം ഇതിനെ തമാശയായാണ് എടുത്തിരുന്നത്.
എന്നാല്‍ തപസ്സിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ച് ദേവലോകത്താര്‍ക്കും ഇരിക്കപ്പൊറുതി ഇല്ലാതെ ആയി.തപശ്ശക്തി കൊണ്ട് ഹിമവല്‍ സാനുക്കളിലെ മഞ്ഞുരുകി തുടങ്ങി.ജീവജാലങ്ങള്‍ സംഭീതരായി പരക്കം പാഞ്ഞു.ദേവലോകവും ചുട്ടു പഴുക്കാന്‍ ആരംഭിച്ചു.
അതിലൊരു ജൂനിയര്‍ ദേവന്‍ അദ്ദേഹത്തിന്റെ സ്ഥിരം കൗശലം പ്രയോഗിക്കാന്‍ തീരുമാനിച്ചു.ദേവസുന്ദരികളില്‍ കലാതിലകമായ ഒരാളെ തപസ്സിളക്കാന്‍ ഗുഹാമുഖത്തേയ്ക്ക് വിട്ടു.ജൂനിയര്‍ ദേവനും ഉദ്വേഗഭരിതമായ രംഗങ്ങള്‍ കാണാന്‍ ഗുഹാപരിസരത്ത് മാറി ഒളിച്ചു നിന്നു.
പതിവുപോലെ ദേവസുന്ദരി കുച്ചിപ്പിടി ആരംഭിച്ചു.മുനിയുടെ മനസ്സിളകി.അദ്ദേഹം കണ്ണു തുറന്ന് അവളെ പ്രേമപൂര്‍വ്വം കടാക്ഷിച്ചു.താമസിയാതെ അവര്‍ വിവാഹിതരുമായി.ജൂനിയര്‍ ദേവനു പരിഹാസം അടക്കാനായില്ല.
"ഒരു പെണ്ണിനെ കണ്ടപ്പോള്‍ അങ്ങേര്‍ക്കു തപസ്സുമില്ല;വരം ഒന്നും വേണ്ടതാനും.ശുംഭന്‍!"ഇത് താപസന്‍ കേള്‍ക്കെയാണ് ജൂനിയര്‍ പറഞ്ഞത്.
താപസന്‍ സുസ്മേരവദനനായി മറുപടി ഓതി"ദേവാ,ഞാന്‍ ദേവലോകത്തു നിന്ന് ഒരു പെണ്‍കൊച്ചിനെ കെട്ടിച്ചു തരണം എന്ന വരം ആണ് ചോദിക്കാതിരുന്നത്.കാറ്ററിങ്ങ് കാര്‍ക്കും ഇവന്റ് മാനേജുമെന്റുകാര്‍ക്കും കൊടുക്കാനുള്ള കാശും അമ്മായിമാര്‍ക്കുള്ള ഗിഫ്റ്റ് സാരിയും കൂട്ടക്കാര്‍ക്കുള്ള സ്മാളിന്റെ കാശുംഒക്കെ ലാഭിച്ച് കലാതിലകമായ ഒരു ദേവകന്യയെ നോം കെട്ടിയല്ലോ!ധന്യനായി.നിങ്ങളുടെ ദയ."ജൂനിയര്‍ ദേവന്‍ പ്ളിങ്ങ്.
കടലുപോലാവുമോ!?
കടലുപോലൊരായിരം മുഖങ്ങളെനിക്കുമെന്നോ?!
പ്രണയം കൊറിക്കാന്‍,പാദം നനയ്ക്കാന്‍,ചിത്രമെഴുതുവാനൊരു നീലമുഖം!
മുത്തു തിരയുവാന്‍,സ്വത്തു പെരുക്കുവാന്‍,പട്ടിണി മാറ്റുവാനൊരു ശാന്തമുഖം!
കെട്ടിയടയ്ക്കുവാന്‍,നെറ്റി ചുളിക്കുവാന്‍,പ്രാകിത്തുലയ്ക്കുവാനീ പ്രതിഷേധമുഖം!
വീപ്പകള്‍ തള്ളുവാന്‍,നാസിക പൊത്തുവാന്‍,ഓക്കാനം വരുത്തുന്ന കലക്ക മുഖം!
ചില (ദു)ശീലങ്ങള്‍ കൈവെടിയുമ്പോള്‍:
കൈ അറിയാതെ പാന്റിന്റെ ഇടത്തേ പോക്കറ്റിലേയ്ക്കു പോവുകയാണ്.എന്നിട്ടോ,
നാസാദ്വാരത്തിന് ഒരു കുളിരു പകരുന്ന ഇന്‍ഹേയ്ലറെടുത്തു.മൂക്കിന്റെ രണ്ടു ദ്വാരങ്ങളിലും ആഞ്ഞുവലിച്ചു.
ജലദോഷമോ ശ്വാസതടസ്സമോ ഉണ്ടായിട്ടാണോ എന്നു ചോദിച്ചാല്‍ അല്ല.ഒരു തടസ്സവുമില്ലെങ്കിലും ഇന്‍ഹേലറെടുത്തു വലിക്കല്‍ ഒരു അഡിക്ഷനായി മാറിയിരിക്കുകയാണ്.
എന്തിനോടായാലും ആരോടായാലും,അഡിക്ഷനെന്നത് ജീവനും ജീവിതത്തിനും കേടുണ്ടാക്കുന്ന ഒരു സംഗതിയാണ്.പലരുടേയും കമന്റുകളും മനസ്സിലുണ്ട്.
'മൂക്കിന്റെ ഓട്ട വലുതായി മുഖം ഇപ്പോഴത്തെതിനെക്കാളും വൃത്തികേടാവും','തലച്ചോറിലേയ്ക്കു നേരിട്ടു രാവിലെ ആറുമണിക്കു പുറപ്പെടുന്ന ഒന്നു രണ്ടു നാഡികളുടെ തുടക്കം എന്ന ഡിപ്പോ മൂക്കിന്റെ ഉള്‍വശമാണ്.അണുബാധയേറ്റാല്..!!'
ഈയിടെയായി പാന്റിടാന്‍ മറന്നാലും ഇന്‍ഹേലറെടുക്കാന്‍ മറക്കുന്നുമില്ല.എന്തുജാതി മാരണമാണിത്!?
ഇവ്വിധം പലജാതി ചിന്തകളുടെ സ്വാധീനത്താല്‍ കൈവെള്ളയിലിരുന്ന അമൃതാഞ്ജനത്തിന്റെ ഇന്‍ഹേലര്‍ വലിച്ചൊരേറു കൊടുത്തു ഞാന്‍ വണ്ടിയിലേയ്ക്കു കയറി.കയറി ഇരുന്നതിനു ശേഷമാണ് ഏറിന്റെ ഫിസിക്സ് തെറ്റി ഇന്‍ഹേലര്‍ വെള്ളിനക്ഷത്രം പോലെ എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ വഴിയില്‍ തന്നെ വീണുകിടപ്പുണ്ടെന്ന നഗ്ന,ക്രൂരസത്യം ഞാന്‍ അറിയുന്നത്.ഒന്നിറങ്ങാനുള്ള മടി കൊണ്ട് ദുശീലത്തെ വഴിയില്‍ ഉപേക്ഷിച്ച് ഞാന്‍ വണ്ടിയുരുട്ടി നീങ്ങി.
"ഇതെന്നതാടീ ആ ചെറക്കന്‍ വലിച്ചെറിഞ്ഞേച്ച് പോയേക്കുന്നത്?"
"അതീ മൂക്കീ വലിക്കുന്ന സാധനമല്ലേ?അല്ലാ ഇതത്ര പഴഞ്ചനല്ലല്ലോ!പത്തമ്പതു രൂപയുടെ സാധനമൊക്കെ വെറുതെ വഴീലെറിഞ്ഞു കളയുമോ?അതിനെന്താ തലക്കു വല്ല ചൂടുമുള്ളതാണോ?"
"അവനെവിടുത്തെയാ?വണ്ടി നല്ല കണ്ടുപരിചയമുണ്ടല്ലോ?"
"അത് ..വീട്ടിലെ ഡാഷേട്ടന്റെ മോനല്ലേ!"
"ആ!അങ്ങിനെ വരട്ടെ.അങ്ങേരുടെ കല്ല്യാണം കഴിപ്പിക്കാത്ത ഒരു പെങ്ങക്കു തലക്കു നല്ല ഓളമല്ലാരുന്നോ!ഒരുപാടു കാലം ചികിത്സേലാരുന്നു.തളമൊക്കെ വെച്ച്!"
"എന്നാലുമീ ചെക്കനീ ചെറുപ്രായത്തിലേ!കണ്ടാ പറയത്തില്ലല്ലേ!?കഷ്ടം!എന്നിട്ടു വണ്ടീം കൊടുത്തു വിട്ടേക്കുന്നു!"
ശീലങ്ങളുപേക്ഷിക്കുമ്പോള്‍ ഒരുപാട് ശ്രദ്ധിക്കാനുണ്ട്!
ists and ers
അല്‍പ്പസ്വല്‍പ്പം പൊങ്ങച്ചമടിക്കാന്‍ താത്പര്യമുള്ളവരെന്ന് സമ്മതിച്ചു തരാനും മനസ്സുള്ളവരുടെ ഒരിംഗ്ളീഷ് മീഡിയമാണ് രംഗം.നവാഗതരുടെ പരിചയപ്പെടല്‍/പെടുത്തലാണ് നടക്കുന്നത്.
"വാട്ട്സ് യുവര്‍ ഫാദര്?"മിസ്സ് സ്റ്റൈലായിട്ട് ചോദിക്കുന്നു.
"കാര്‍ഡിയോളജിസ്റ്റ്"
"ഓങ്കോളജിസ്റ്റ്"
"നെഫ്രോളജിസ്റ്റ്"
"ഡെര്‍മറ്റോളജിസ്റ്റ്"
"തെറുപ്പിസ്റ്റ്"
"കം എഗിന്‍.എ തെറാപ്പിസ്റ്റ്?വാട്ട് തെറാപ്പിസ്റ്റ്?"മിസ്സിനു സംശയമടങ്ങുന്നില്ല.
"ഈ ബീഡിയൊക്കെ തെറുക്കുന്ന,തെറുപ്പിസ്റ്റ്"വിനയാന്വിതനായ വിദ്യാര്‍ത്ഥി.
"ഓഹ്!ഒക്കെ.ഗുഡ്.സിറ്റ് സിറ്റ്"മിസ്സിനു പുത്തരിയില്‍ ഒരല്‍പ്പം സ്റ്റോണ്‍ കടിച്ചു.
"വാട്ട് എബൗട്ട് യു ഗൈസ്?വാട്ട് ഈസ് യുവര്‍ ഫാദര്?"
"കോണ്‍ട്രാക്ടര്"
"ഒന്റപ്രേണര്"
"ആക്റ്റര്"
"സ്ളോട്ടറര്"
"ഓ മൈ ഗോഡ്!വാട്ട് ഡിഡ് യു സേ?വാട്ട് ഈസ് ഹീ?"
"ഈ റബ്ബറൊക്കെ സ്ളോട്ടെടുത്ത് വെട്ടുന്ന,സ്ളോട്ടറര്"അതിവിനയാന്വിതന്‍.
ഇനി ചോദിക്കാന്‍ ശക്തിയില്ല.
eau de toilette
വിഖ്യാതമായ സ്കൂള്‍ കാലം.ഗണിതോത്സവത്തിന്റെ രണ്ടു ദിവസത്തെ ക്യാമ്പില്‍ താമസസൗകര്യം കിട്ടിയത് യുക്തിവാദികളുടെ ഒരു മനയിലാണ്.പൂര്‍വ്വാശ്രമത്തില്‍ പൂണൂലിട്ടിരുന്നവര്‍ എന്നും പറയാം.
മുറ്റത്ത് സ്വന്തമായൊരു ക്ഷേത്രമുണ്ട്.ദൈവങ്ങളെ അവരുടെ വഴിക്ക് വിട്ടേക്കാമെന്ന കാഴ്ചപ്പാടുകാരായതിനാല്‍ പൊളിച്ചു മാറ്റാതെ;എന്നാല്‍ ഇടിഞ്ഞു പൊളിഞ്ഞ ചെറിയോരു ക്ഷേത്രം.
മത്തി എന്ന ചാള വറുത്തതുകൂട്ടി സുഭിക്ഷമായ അത്താഴം.
മനയ്ക്കകത്തെ സാധനസാമഗ്രികള്‍ അവരില്‍ പലരും "ഫോറിന്‍ കാര്‍' ആയിരുന്നുവെന്നത് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.നാട്ടിലെങ്ങും കണ്ടു പരിചയമില്ലാത്ത കമ്പനിയുടെ ടി.വി.യും വി.സി.ആറും.800 വാട്സിന്റെ സ്റ്റീരിയോയും മുതല്‍ സംസാരിക്കുന്ന പാവകളും മിനിയേച്ചര്‍ കളിപ്പാട്ടകാറുകളും അങ്ങനെ മുഴുവന്‍ ഫോറിന്‍ മയം.
ഞങ്ങള്‍ക്കുറങ്ങാന്‍ തന്ന മുറിയിലും ഒരു അടുക്കും ചിട്ടയുമില്ലാതെ പലവിധ ഫോറിന്‍ സാധനങ്ങള്‍ ചിതറി കിടപ്പുണ്ട്.
പരിചയമില്ലാത്ത വീടായതിനാല്‍ സാധനങ്ങളിലൊക്കെ കൈവെക്കണമെന്ന ആശയെ ബലം പിടിച്ച് അടക്കി കുറച്ചു നേരമിരുന്നു.
വിധിവൈഭവത്താല്‍ അവസാനം അസ്തമയസൂര്യന്റെ നിറമുള്ള ദ്രാവകം നിറഞ്ഞൊരു സെന്റു കുപ്പി ഞങ്ങളുടെ കണ്‍ട്രോളാകെ കളഞ്ഞു.സെന്റല്ല..സ് പ്രേയാണ്.
ആദ്യം സംഗതി കൈയ്യിലെടുത്ത് കുലുക്കിയും വാസനിച്ചുമൊക്കെ നോക്കി.ജിജ്ഞാസ കൂടി വരികയാണ്.
അവസാനം;ചില്ലു അടപ്പു വലിച്ചു തുറന്ന് രണ്ടും മൂന്നും കല്‍പ്പിച്ച് ഒരു വട്ടം ഉടുപ്പിനെ ലക്ഷ്യമാക്കി സ് പ്രേ കുപ്പിയുടെ കാഞ്ചി വലിച്ചു.ആകെയൊരു വെപ്രാളത്തോടെ ഒരുപിടി സുഗന്ധം ഉടുപ്പിലായി.
ടെന്‍ഷന്‍ കൂടി.പരിചയമില്ലാത്ത വീട്.അവരുടെ അനുവാദമില്ലാതെ സാധനം എടുത്തുപയോഗിച്ചു.തെളിവ് നശിപ്പിച്ച് ഉടുപ്പിലെ മണം മൂടിവെക്കാന്‍ സാധിക്കില്ലല്ലോ!
പെട്ടെന്നതാ.... വീട്ടിലാരുടെയോ കാലൊച്ച ഞങ്ങളുറങ്ങേണ്ട മുറിയെ ലക്ഷ്യമാക്കി!പിന്നെയും വെപ്രാളം.
വന്ന ആള്‍ക്കും ഞങ്ങളുടെ വെപ്രാളവും അതിന്റെ കാരണവും മനസ്സിലായതുപോലെ!
"ആരാണീടെ ടോയിലെറ്റിലടിക്കണ സ് പ്രേ തൊറന്നീനി?"മലബാര്‍ ബ്രാഹ്മണരുടെ സംസാരരീതി ഇങ്ങിനെയൊക്കെയാണ്.
അടുത്ത ചമ്മല്‍-ടോയിലറ്റിലടിക്കുന്ന സ് പ്രേയോ!കെട്ടും മട്ടും കണ്ടിട്ട് അങ്ങിനെ തോന്നുന്നില്ല താനും.ശ്ശെ!
"അത് അറിയാതെ ഞെങ്ങി പോയതാ!"സമാധാനം പറയണമല്ലോ!
"അതു പ്രശ്നീല്ലടോ!ന്നാലും ടോയിലറ്റിലടിക്കണതാണന്നോര്‍ക്കുമ്പോ!"
"ടോയിലറ്റിലടിക്കുന്നതോ!അതെന്താ?"
"ആടോ!അയിന്റെ ബോട്ടിലെടുത്തൂ?"
ബോട്ടില്‍ കണ്ടെടുത്തു.
"ദാ എഴുത്ത് വായ്ച്ചാണീ.eau de toilette.ച്ചാല്‍ ടോയിലെറ്റിലടിക്കണത്"
ഹോ.അതൊരു കീറാമുട്ടി സമസ്യയായി മനസ്സിന്റെ കോണുകളില്‍ നിന്നും കോണുകളിലേയ്ക്ക് കുറേക്കാലം സ് പ്രേ ചീറ്റി നടന്നു.